കിയ ഷോറൂമുകളില്‍ ആളുകളുടെ തള്ളിക്കയറ്റം; സെല്‍റ്റോസ് ഫെയ്‌സ്‌ലിഫ്റ്റ് ബുക്കിംഗ് തുടങ്ങി മക്കളേ
കഴിഞ്ഞ ദിവസമാണ് കിയ ഇന്ത്യ 10 ലക്ഷം യൂണിറ്റ് കാറുകള്‍ പണിതിറക്കി വന്‍ നാഴികക്കല്ല് പിന്നിട്ടത്. ഈ 10 ലക്ഷത്തില്‍ 5 ലക്ഷവും മിഡ്‌സൈസ് എസ്‌യുവിയായ സെല്‍റ്റോസിന്റെ സംഭാവനയായിരുന്നു. ബെസ്റ്റ് സെല്ലറായ കാറിന്റെ മുഖംമിനുക്കിയ പതിപ്പ് ഉടന്‍ വിപണിയില്‍ എത്താന്‍ പോകുകയാണ്. 10 ലക്ഷം ഉത്പാദന നേട്ടം കൈവരിച്ചത് സെല്‍റ്റോസ് ഫെയ്‌സ്‌ലിഫ്റ്റ് പുറത്തിറക്കിയായിരുന്നു.
ഇപ്പോള്‍ സെല്‍റ്റോസ് ഫെയ്സ്ലിഫ്റ്റിന്റെ ബുക്കിംഗ് (Kia Seltos Facelift Booking) ഔദ്യോഗികമായി ആരംഭിച്ചിരിക്കുകയാണ് കിയ ഇന്ത്യ. താല്‍പര്യമുള്ള ഉപഭോക്താക്കള്‍ക്ക് 25,000 രൂപ ടോക്കണ്‍ തുക നല്‍കി ഇപ്പോള്‍ ബുക്ക് ചെയ്യാവുന്നതാണ്. ബ്രാന്‍ഡിന്റെ വെബ്‌സൈറ്റോ ആപ്പോ അല്ലെങ്കില്‍ അംഗീകൃത ഡീലര്‍ഷിപ്പോ സന്ദര്‍ശിച്ച് എസ്‌യുവി ബുക്ക് ചെയ്യാം. ഈ മാസം തുടക്കത്തിലാണ് കിയ സെല്‍റ്റോസ് ഫെയ്‌സ്‌ലിഫ്റ്റ് ഇന്ത്യന്‍ വിപണിയെ പരിചയപ്പെടുത്തിയത്.

ഉത്സവ സീസണില്‍ പരമാവധി വില്‍പ്പന നേടിയെടുക്കാന്‍ ഉദ്ദേശിക്കുന്ന കിയ വരും ആഴ്ചകളില്‍ മിഡ്‌സൈസ് എസ്‌യുവിയുടെ വില പ്രഖ്യാപിക്കും. കിയ സെല്‍റ്റോസ് എസ്‌യുവിയുടെ ഉയര്‍ന്ന ഡിമാന്‍ഡ് പരിഗണിച്ച് കാത്തിരിപ്പ് കാലയളവ് കൂടാന്‍ സാധ്യതയുണ്ട്. എന്നാല്‍ അധികം കാത്തിരിക്കാതെ വരിയില്‍ മുന്നിലെത്താനും ചില വഴികളുണ്ട്. ഇതിനായി കിയ സെല്‍റ്റോസ് ഫെയ്സ്ലിഫ്റ്റ് പ്രീ ബുക്കിംഗ് ചെയ്യുന്നതിന് മുമ്പ് താല്‍പ്പര്യമുള്ള ഉപഭോക്താക്കള്‍ 'കെ-കോഡ്' എന്ന കോഡ് സൃഷ്ടിക്കണം.
കെ-കോഡ് ഉപയോഗിച്ച് കിയ സെല്‍റ്റോസ് ഫെയ്‌സ്‌ലിഫ്റ്റ് മുന്‍കൂട്ടി ബുക്ക് ചെയ്താല്‍ വാഹനത്തിന്റെ ഡെലിവറി നേരത്തെയാക്കാമെന്നാണ് ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കള്‍ പറയുന്നത്. എന്നാല്‍ ഒരു കെ-കോഡ് സൃഷ്ടിക്കുന്നത് അത്ര എളുപ്പമല്ലെന്ന് പറയട്ടെ. നിലവിലുള്ള സെല്‍റ്റോസ് ഉടമയുമായി ബന്ധപ്പെട്ട് അവരോട് മൈ കിയ ആപ്പ് വഴി കെ-കോഡ് ജനറേറ്റ് ചെയ്യാന്‍ ആവശ്യപ്പെടുക എന്നതാണ് ആദ്യത്തെ വഴി. അതുമല്ലെങ്കില്‍ വെബ്സൈറ്റില്‍ നിലവിലുള്ള ഒരു സെല്‍റ്റോസിന്റെ VIN നമ്പര്‍ നല്‍കി കെ-കോഡ് സൃഷ്ടിക്കാന്‍ കഴിയും.

സെക്കന്‍ഡ് ഹാന്‍ഡ് കിയ സെല്‍റ്റോസ് ഉടമകള്‍ക്ക് പോലും കെ-കോഡിന്റെ ആനുകൂല്യങ്ങള്‍ ലഭിക്കുമെന്നാണ് ബ്രാന്‍ഡ് അറിയിച്ചിരിക്കുന്നത്. സെല്‍റ്റോസ് ഫെയ്‌സ്‌ലിഫ്റ്റിന്റെ കാത്തിരിപ്പ് കാലയളവ് നഗരങ്ങള്‍ അനുസരിച്ച് 3 മുതല്‍ 4 മാസം വരെ നീണ്ടുനില്‍ക്കും. കെ-കോഡ് ഉപയോഗപ്പെടുത്തിയാല്‍ നിലവില്‍ സെല്‍റ്റോസ് ഉടമകളായുള്ളവര്‍ക്ക് പുത്തന്‍ മോഡലിലേക്ക് വേഗത്തില്‍ അപ്ഗ്രേഡ് ചെയ്യാന്‍ സാധിക്കും. അല്ല എന്നുണ്ടെങ്കില്‍ ബന്ധുക്കളെയോ സുഹൃത്തുക്കളെയോ ഈ സൗകര്യം ഉപയോഗപ്പെടുത്താന്‍ അനുവദിക്കാം.
പുതിയ കിയ സെല്‍റ്റോസ് ഫെയ്‌സ്‌ലിഫ്റ്റിനെ കുറിച്ച് പറയുമ്പോള്‍ ഔട്ട്‌ഗോയിംഗ് മോഡലിനേക്കാള്‍ അല്‍പ്പം വലിയ ബമ്പര്‍ ഇതിന് ലഭിക്കുന്നു. പുനര്‍രൂപകല്‍പ്പന ചെയ്ത ഹെഡ്ലൈറ്റുകള്‍ക്കൊപ്പം ഗ്രില്ലിലേക്ക് നീളുന്ന പുതിയ ഡേടൈം റണ്ണിംഗ് ലാമ്പുകളും സെല്‍റ്റോസ് ഫെയ്‌സ്‌ലിഫ്റ്റിന്റെ മുന്‍വശത്ത് കാണാം. 18 ഇഞ്ച് അലോയ് വീലുകളിലാണ് ഇത് ഓടുക. ഇതല്ലാതെ മറ്റ് കാര്യമായ മാറ്റങ്ങളൊന്നും മുന്‍വശത്ത് കാണാന്‍ സാധിക്കില്ല. പിന്‍ഭാഗത്ത് 2023 സെല്‍റ്റോസിന് കണക്റ്റഡ് എല്‍ഇഡി ടെയില്‍ ലാമ്പുകളുടെ രൂപത്തിലാണ് അപ്‌ഡേഷന്‍ വരുന്നത്.

ലെവല്‍ 2 ADAS, പനോരമിക് സണ്‍റൂഫ് എന്നിവയാണ് ഫീച്ചര്‍ അപ്‌ഗ്രേഡുകളില്‍ എടുത്തുപറയേണ്ടത്. ലെവല്‍-2 ADAS സാങ്കേതിക വിദ്യയുള്‍പ്പെടെ 32 സേഫ്റ്റി ഫീച്ചറുകള്‍ ഉള്‍ക്കൊള്ളിച്ചാണ് കിയ സെല്‍റ്റോസ് ഫെയ്‌സ്‌ലിഫ്റ്റിന്റെ വരവ്. ലെവല്‍ 2 ADAS സജ്ജീകരിച്ച് വരുന്ന ഇന്ത്യയിലെ ചുരുക്കം ചില എസ്‌യുവികളില്‍ ഒന്നാണ് കിയ സെല്‍റ്റോസ് ഫെയ്സ്ലിഫ്റ്റ്.
അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, ഓട്ടോ എമര്‍ജന്‍സി ബ്രേക്കിംഗ്, റിയര്‍ ക്രോസ്-ട്രാഫിക് അലേര്‍ട്ട്, ലെയ്ന്‍-കീപ്പിംഗ് അസിസ്റ്റ്, ബ്ലൈന്‍ഡ്-സ്‌പോട്ട് മോണിറ്ററിംഗ് എന്നിവയടക്കമുള്ള ഫീച്ചറുകളാണ് ഇതില്‍ ഉള്‍ക്കൊള്ളുന്നത്. മൂന്ന് എഞ്ചിന്‍ ഓപ്ഷനുകളിലാണ് കിയ സെല്‍റ്റോസ് ഫെയ്‌സ്‌ലിഫ്്റ്റ് ഓഫര്‍ ചെയ്യുന്നത്. നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിന്‍, ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിന്‍ എന്നിവക്കൊപ്പം പുതിയ 1.5 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനും കൂടി ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.
1.4 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്റെ പകരമാണ് പുതിയ എഞ്ചിന്‍ ഓപ്ഷന്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. 157 bhp കരുത്തുള്ള 1.5 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്റെ വരവാണ് കിയ സെല്‍റ്റോസ് ഫെയ്സ്ലിഫ്റ്റിന്റെ മാറ്റുകൂട്ടും. ഇത് iMT അല്ലെങ്കില്‍ 7 സ്പീഡ് ഡ്യുവല്‍-ക്ലച്ച് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളില്‍ വാങ്ങാം.
മറ്റ് എഞ്ചിന്‍ ഓപ്ഷനുകളുടെ പവര്‍ ഔട്ട്പുട്ടുകള്‍ മുന്‍ മോഡലില്‍ നിന്ന് വ്യത്യാസമില്ല. പ്രീ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ അപേക്ഷിച്ച് വില അല്‍പ്പം കൂടാനാണ് സാധ്യത. എന്നിരുന്നാലും വില്‍പ്പനയെ ബാധിക്കാന്‍ ഇടയുള്ളതിനാല്‍ വലിയ രീതിയില്‍ വില ഉയര്‍ത്താന്‍ കമ്പനി തുനിഞ്ഞേക്കില്ല. എസ്‌യുവി ഷോറൂമിലേക്ക് ആളെക്കൂട്ടുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.


Click it and Unblock the Notifications








