ഇനി കാത്തിരിപ്പില്ല; എതിരാളികളുടെ നെഞ്ചില്‍ തീകോരിയിട്ട് കിയ സെല്‍റ്റോസ് ഫെയ്‌സ്‌ലിഫ്റ്റ് നിരത്തില്‍
ഇന്ത്യയിലെ ജനപ്രിയ മിഡ്‌സൈസ് എസ്‌യുവികളില്‍ ഒന്നാണ് കിയ സെല്‍റ്റോസ്. 2019 ഓഗസ്റ്റില്‍ കിയ സെല്‍റ്റോസും കൊണ്ടാണ് ദക്ഷിണ കൊറിയന്‍ വാഹന ഭീമന്‍മാര്‍ ഇന്ത്യന്‍ വിപണിയില്‍ പ്രവേശിച്ചത്. സെല്‍റ്റോസ് എന്ന ഒറ്റ മോഡലിന്റെ ബലത്തില്‍ രാജ്യത്തെ ടോപ് 5 കാര്‍ നിര്‍മാതാക്കളില്‍ ഒന്നായി മാറാന്‍ കിയക്കായി. കഴിഞ്ഞ ദിവസമാണ് സെല്‍റ്റോസ് എസ്‌യുവി മുഖംമിനുക്കി പുറത്തിറങ്ങിയത്.
ലോഞ്ച് ചെയ്ത് 24 മണിക്കൂറിനുള്ളില്‍ 13,424 ബുക്കിംഗുകള്‍ നേടി സെല്‍റ്റോസ് ഫെയ്‌സ്‌ലിഫ്റ്റ് (Kia Seltos Facelift) വമ്പന്‍ ഓളം തീര്‍ത്തിരിക്കുകയാണ്. 2023 കിയ സെല്‍റ്റോസ് മോഡല്‍ ബുക്ക് ചെയ്ത ഉപഭോക്താക്കളെ ആനന്ദത്തില്‍ ആറാടിച്ച് മോഡലിന്റെ ഡെലിവറി ആരംഭിച്ചിരിക്കുകയാണ് ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കള്‍. ഫീച്ചര്‍ പായ്ക്ക്ഡ് ആയി വരുന്ന സ്‌റ്റൈലിഷ് എസ്‌യുവിയുടെ ഡെലിവറി എടുക്കുന്ന ഒരു യുവാവിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചാരം നേടുകയാണിപ്പോള്‍.

10.89 ലക്ഷം മുതല്‍ 20 ലക്ഷം രൂപ വരെയാണ് മോഡലിന്റെ ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില. കിടിലന്‍ വില നിര്‍ണയത്തോടൊപ്പം നൂതന ഫീച്ചറുകളും കൂടി ഉള്‍ക്കൊള്ളിച്ചതിനാല്‍ ഈ ഉത്സവ സീസണ്‍ തങ്ങളുടേതാക്കാമെന്ന പ്രതീക്ഷയാണ് കിയക്ക്. ഇനി കിയ സെല്‍റ്റോസ് ഫെയ്‌സ്‌ലിഫ്റ്റ് ബുക്ക് ചെയ്യാന്‍ സാധിച്ചിട്ടില്ലാത്തവര്‍ക്ക് 25,000 രൂപ മുടക്കി വാഹനം ഇനിയും റിസര്‍വ് ചെയ്യാം.
കാലാനുസൃതമായി തങ്ങളുടെ വാഹനം പരിഷ്‌കരിക്കുന്നതില്‍ മിടുക്കന്‍മാരായ കിയ സെല്‍റ്റോസില്‍ വരുത്തിയ പരിഷ്‌കാരങ്ങള്‍ കണ്ട് ഞെട്ടിയിരിക്കുകയാണ് മുഖ്യ എതിരാളികളായ ടൊയോട്ടയും മാരുതി സുസുക്കിയും. പനോരമിക് സണ്‍റൂഫ്, ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, 10.1 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ലെവല്‍-2 ADAS, കണക്റ്റഡ് കാര്‍ ടെക്നോളജി, 360-ഡിഗ്രി ക്യാമറ തുടങ്ങിയ കിടിലന്‍ ഫീച്ചറുകളുമായാണ് മുഖംമിനുക്കിയ കിയ സെല്‍റ്റോസ് ഇന്ത്യന്‍ വിപണി കീഴടക്കാന്‍ എത്തിയിരിക്കുന്നത്.
ആറ് സ്പീഡ് മാനുവലും iVT ഗിയര്‍ബോക്‌സുമായി ജോടിയാക്കിയ 1.5 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍, ആറ് സ്പീഡ് iMT, ആറ് സ്പീഡ് ഓട്ടോമാറ്റിക് എന്നിവയുമായി ജോടിയാക്കിയ 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനും അതേപടി നിലനിര്‍ത്തിയപ്പോള്‍ പുതിയ 1.5 ലിറ്റര്‍ T-GDi പെട്രോള്‍ എഞ്ചിന്റെ വരവാണ് സെല്‍റ്റോസിനെ വേറിട്ടു നിര്‍ത്തുന്ന ഘടകങ്ങളിലൊന്ന്.
കരുത്തുറ്റ ഈ എഞ്ചിന്‍ 158 bhp പവറും 253 Nm ടോര്‍ക്കും വരെ ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്. 6 സ്പീഡ് iMT അല്ലെങ്കില്‍ 7 സ്പീഡ് DCT ഗിയര്‍ബോക്‌സുമായി എഞ്ചിന്‍ ജോടിയാക്കുന്നു. എസ്‌യുവി എടുക്കുമ്പോള്‍ ആളുകള്‍ മൈലേജ് കാര്യമായി പരിഗണിക്കാറില്ലെങ്കിലും കഴിഞ്ഞ ദിവസം കിയ പുത്തന്‍ സെല്‍റ്റോസിന്റെ മൈലേജ് കണക്കുകളും പുറത്തുവിട്ടപ്പോള്‍ പലരും ഞെട്ടിയിരുന്നു.
കിയ സെല്‍റ്റോസിന്റെ HTE, HTK, HTK+, HTX എന്നീ വേരിയന്റുകളിലെ 1.5 ലിറ്റര്‍ പെട്രോള്‍ മോഡലുകള്‍ക്ക് മാനുവലില്‍ 17 കിലോമീറ്ററാണ് മൈലേജ് വാഗ്ദാനം ചെയ്യുന്നത്. 1.5 ലിറ്റര്‍ പെട്രോള്‍ CVT ഓട്ടോമാറ്റിക് വേരിയന്റുകള്‍ക്ക് ലിറ്ററിന് 17.7 കിലോമീറ്റര്‍ മൈലേജ് ലഭിക്കുമെന്നാണ് അവകാശവാദം.
രണ്ടാമത്തെ 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ ഓപ്ഷനിലേക്ക് വന്നാല്‍ 6 സ്പീഡ് iMT അല്ലെങ്കില്‍ 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഓപ്ഷനുകളില്‍ ലഭ്യമായ സെല്‍റ്റോസ് ഡീസലിന് ഇന്റലിജന്റ് മാനുവല്‍ ട്രാന്‍സ്മിഷന്‍ (iMT) ഉപയോഗിച്ച് 20.7 കിലോമീറ്റര്‍ ഇന്ധനക്ഷമതയും ഓട്ടോമാറ്റിക്കില്‍ 19.1 കിലോമീറ്റര്‍ മൈലേജും നല്‍കാനാവും.
സെല്‍റ്റോസ് ഫെയ്സ്ലിഫ്റ്റിന്റെ HTK, HTK+, HTX+, GTX+, X-Line എന്നീ വേരിയന്റുകളിലാണ് 1.5 ലിറ്റര്‍ GDi ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ ഓപ്ഷന്‍ വാഗ്ദാനം ചെയ്യുന്നത്. സെല്‍റ്റോസ് ടര്‍ബോ പെട്രോള്‍ iMT മോഡലുകള്‍ക്ക് 17.7 കിലോമീറ്റര്‍ മൈലേജ് ലഭിക്കുമെന്നാണ് കമ്പനി പറയുന്നത്. അതേസമയം DCT ഓട്ടോമാറ്റിക്കിന് 17.9 കിലോമീറ്റര്‍ ഇന്ധനക്ഷമത ലഭിക്കും. കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ഇന്ത്യയില്‍ ഏറ്റവും ഇന്ധനക്ഷമതയുള്ള എസ്‌യുവി മോഡലുകളില്‍ ഒന്നായി ഇതോടെ സെല്‍റ്റോസ് ഫെയ്‌സ്‌ലിഫ്റ്റ് മാറുന്നു.
മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റില്‍ ഹ്യുണ്ടായി ക്രെറ്റ, മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാര, ടൊയോട്ട അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡര്‍, എംജി ആസ്റ്റര്‍, സ്‌കോഡ കുഷാഖ്, ഫോക്‌സ്‌വാഗണ്‍ ടൈഗൂണ്‍, വരാനിരിക്കുന്ന ഹോണ്ട എലിവേറ്റ്, സിട്രണ്‍ C3 എയര്‍ക്രോസ് പോലുള്ള മോഡലുകളാണ് വിപണിയില്‍ സെല്‍റ്റോസിന്റെ എതിരാളികള്‍.


Click it and Unblock the Notifications








