ഇതിലുണ്ട്, അതിലില്ല; ക്രെറ്റയേക്കാള്‍ പുത്തന്‍ സെല്‍റ്റോസിനെ യമണ്ടനാക്കുന്ന ഫീച്ചറുകള്‍
പുത്തന്‍ അവതാരത്തില്‍ കിടിലന്‍ ഫീച്ചറുകള്‍ ഉള്‍ക്കൊള്ളിച്ച് കിയ സെല്‍റ്റോസ് ഫെയ്‌സ്‌ലിഫ്റ്റ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് അവതരിപ്പിച്ചത്. 2023 സെല്‍റ്റോസിന് (Kia Seltos Facelift) മിഡ്-സൈക്കിള്‍ ഫെയ്സ്ലിഫ്റ്റിന്റെ ഭാഗമായി നിരവധി അപ്ഡേറ്റുകള്‍ ലഭിച്ചു. വെള്ളിയാഴ്ച (ജൂലൈ 21) പുത്തന്‍ കാറിന്റെ വില പ്രഖ്യാപിച്ചിരിക്കുകയാണ് ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കള്‍.
10.89 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയിലാണ് മിഡ്‌സൈസ് എസ്‌യുവി വിപണിയില്‍ എത്തിച്ചിരിക്കുന്നത്. സെഗ്‌മെന്റ് ചാമ്പ്യന്‍മാരായ ഹ്യുണ്ടായി ക്രെറ്റയുമായിട്ടാണ് കിയ സെല്‍റ്റോസിന്റെ പ്രധാന പോരാട്ടം. ഇതിനകം തന്നെ ഫീച്ചര്‍ റിച്ചായ സെല്‍റ്റോസിന് അപ്‌ഡേറ്റിന്റെ ഭാഗമായി ചില പുത്തന്‍ സവിശേഷതകള്‍ കൂടി ലഭിച്ചതോടെ ഹ്യുണ്ടായി ക്രെറ്റയുമായി (Hyundai Creta) താരതമ്യപ്പെടുത്തുമ്പോള്‍ ഇത് കൂടുതല്‍ ആകര്‍ഷകമായ ഓപ്ഷനായി മാറുന്നു. ഇന്ന് നമുക്ക് ക്രെറ്റയില്‍ ഇല്ലാത്ത എന്നാല്‍ സെല്‍റ്റോസ് ഫെയ്‌സലിഫ്റ്റില്‍ ഉള്ള ചില ഫീച്ചറുകള്‍ നോക്കാം.

എസ്‌യുവി തെരഞ്ഞെടുക്കുമ്പോള്‍ ക്യാബിനിലെ സുഖസൗകര്യങ്ങള്‍ ഉപഭോക്താക്കള്‍ പരിഗണിക്കുന്നുണ്ട്് ലക്ഷങ്ങള്‍ മുടക്കുമ്പോള്‍ അതിനൊത്ത ഫീച്ചറുകളും കിട്ടണമല്ലോ. കിയ സെല്‍റ്റോസ് ഫെയ്‌സ്‌ലിഫ്റ്റില്‍ ഉള്ള അത്തരമൊരു ഫീച്ചറാണ് ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍. എന്നാല്‍ ഹ്യുണ്ടായി ക്രെറ്റയില്‍ ഒരു സിംഗിള്‍ സോണ്‍ യൂണിറ്റ് മാത്രമാണ് നമുക്ക് കാണാനാകുക. സെല്‍റ്റോസിന്റെ അകത്തളം കൂടുതല്‍ കുളിര്‍മയുള്ളതാകാന്‍ ഇതുവഴി സാധിക്കും.
അടുത്ത ഫീച്ചര്‍ 8 ഇഞ്ച് ഹെഡ് അപ്പ് ഡിസ്പ്ലേ (HUD) ആണ്. ജനപ്രിയ എസ്‌യുവിയുടെ മുഖംമിനുക്കിയ പതിപ്പില്‍ കിയ 8 ഇഞ്ച് ഹെഡ് അപ്പ് ഡിസ്പ്ലേ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. വണ്ടി ഓടിച്ച് കൊണ്ടിരിക്കുമ്പോള്‍ ഡ്രൈവറുടെ മുന്നില്‍ പ്രധാനപ്പെട്ട വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന HUD വളരെ ഉപകാരപ്രദമായ ഫീച്ചറാണ്. എന്നാല്‍ ക്രെറ്റയില്‍ 8 ഇഞ്ച് HUD ലഭിക്കുന്നില്ല.

ഇന്ന് കാര്‍ വിപണിയിലെ ഏറ്റവും ട്രെന്‍ഡിംഗ് ഫീച്ചറുകള്‍ ചോദിച്ചാല്‍ അതിലെ സുപ്രധാനപ്പെട്ട ഒന്നാണ് അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റം (ADAS). ഫോര്‍വേഡ് കെളീഷന്‍ വാണിംഗ്, ലെയ്ന്‍ ഡിപ്പാര്‍ച്ചര്‍, ലെയ്ന്‍ കീപ്പ് അസിസ്റ്റ്, ബ്ലൈന്‍ഡ് സ്‌പോട്ട് ഡിറ്റക്ഷന്‍ എന്നിവയുള്‍പ്പെടെ 17 ഓട്ടോണോമസ് സേഫ്റ്റി ഫീച്ചറുകളുള്ള ലെവല്‍ 2 ADAS കിയ സെല്‍റ്റോസിനെ ക്രെറ്റയില്‍ നിന്ന് വേറിട്ട് നിര്‍ത്തുന്നു.
ക്രെറ്റയും സെല്‍റ്റോസ് ഫെയ്‌സ്‌ലിഫ്റ്റും തമ്മിലുള്ള മറ്റൊരു മാറ്റം വീലുകളിലാണ്. പുതിയ സെല്‍റ്റോസ് ഫെയ്‌സ്‌ലിഫ്റ്റിന് 18 ഇഞ്ച് അലോയ് വീലുകള്‍ തെരഞ്ഞെടുക്കാനുള്ള ഓപ്ഷനുള്ളപ്പോള്‍ ക്രെറ്റയ്ക്ക് 17 ഇഞ്ച് യൂണിറ്റുകള്‍ മാത്രമാണ് കിട്ടുക. വാഹനത്തിന്റെ റൈഡ് നിലവാരം ഉയര്‍ത്തുന്നതിനാല്‍ വീലകള്‍ക്കും വലിയ പ്രാധാന്യമുണ്ടെന്ന് മറക്കരുത്.

സീക്വന്‍ഷ്യല്‍ ടേണ്‍ ഇന്‍ഡിക്കേറ്ററുകളാണ് മറ്റൊരു ഫീച്ചർ. 2023 കിയ സെല്‍റ്റോസിന് ഹെഡ്ലാമ്പ് ക്ലസ്റ്ററില്‍ സീക്വന്‍ഷ്യല്‍ എല്‍ഇഡി ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍ ലഭിക്കുന്നു. എന്നാല്‍ അതിന്റെ കൊറിയന്‍ കസിനായ ഹ്യുണ്ടായി ക്രെറ്റയില്‍ ആ ഫീച്ചര്‍ ഇല്ല. സെല്‍റ്റോസിനെ കുറച്ച് കൂടി പ്രീമിയമാക്കാന്‍ ഇതുവഴി സാധിക്കുന്നു.
പട്ടികയില്‍ അവസാനമായി വരുന്നത് ടര്‍ബോ പെട്രോള്‍ എഞ്ചിന്റെ സാന്നിധ്യമാണ്. 2023 കിയ സെല്‍റ്റോസിന് കൂടുതല്‍ ശക്തമായ 1.5 ലിറ്റര്‍ GDI ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിന്‍ ലഭിക്കുന്നു. ഈ എഞ്ചിന്‍ 158 bhp പവറും 253 Nm ടോര്‍ക്കും വികസിപ്പിക്കുന്നു. നേരത്തെ ക്രെറ്റയിലും സെല്‍റ്റോസിലും വാഗ്ദാനം ചെയ്തിരുന്ന 1.4 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ യൂണിറ്റ് നിര്‍ത്തലാക്കിയതിനാല്‍ ഹ്യുണ്ടായി മോഡലില്‍ നിലവില്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ ഓപ്ഷന്‍ ഇല്ല.
ഈ കുറവ് നികത്തിയായിരിക്കും ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റ് ഈ വര്‍ഷം അവസാനം എത്തുക. ഫീച്ചറുകള്‍ താരതമ്യം ചെയ്യുമ്പോള്‍ എടുത്തു പറയാന്‍ ഒത്തിരിയുണ്ടെങ്കിലും മുകളില്‍ പറഞ്ഞ പല ഫീച്ചറുകളും ഉള്‍ക്കൊള്ളിച്ച് ക്രെറ്റ എത്തിയാല്‍ അത് മത്സരം കൂടുതല്‍ മുറുക്കും. ഈ ഉത്സവ സീസണില്‍ എലിവേറ്റ് എസ്‌യുവിയിലൂടെ ഹോണ്ടയും അങ്കത്തിനിറങ്ങുന്നുണ്ട്. അതിനാല്‍ തന്നെ പഴുതടച്ച രീതിയിലായിരിക്കും ഹ്യുണ്ടായി ക്രെറ്റയെ മുഖംമിനുക്കി കൊണ്ടുവരിക.


Click it and Unblock the Notifications








