ഷോറൂമില്‍ കാലുകുത്താന്‍ ഇടമില്ല; സെല്‍റ്റോസിന്റെ ഡെലിവറി സ്പീഡാക്കാന്‍ കിയയുടെ പുത്തന്‍ തന്ത്രം
ഇന്ത്യയില്‍ അതിവേഗം വളര്‍ന്ന് കൊണ്ടിരിക്കുന്ന കാര്‍ ബ്രാന്‍ഡാണ് കിയ. ചുരുങ്ങിയ നാളുകള്‍ കൊണ്ട് മുന്‍നിര കാര്‍ ബ്രാന്‍ഡായി വളരാനും വില്‍പ്പനയില്‍ ആദ്യ 5 കമ്പനികളുടെ പട്ടികയില്‍ ഇടംപിടിക്കാനും അവര്‍ക്കായി. 2019-ല്‍ സെല്‍റ്റോസ് മിഡ്‌സൈസ് എസ്‌യുവിയുമായിട്ടാണ് കിയ ഇന്ത്യയില്‍ പ്രവേശിച്ചത്. ശേഷം അവര്‍ക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ലെന്ന് പറയാം.
ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ് കിയ സെല്‍റ്റോസ് ഫെയ്‌സ്‌ലിഫ്റ്റ് പുറത്തിറക്കിയത്. വെറും രണ്ട് മാസം സമയം കൊണ്ട് 50000 ബുക്കിംഗ് നേടി സെല്‍റ്റോസ് ഫെയ്‌സ്‌ലിഫ്റ്റും തരംഗം തീര്‍ക്കുകയാണ്. ഇതിനിടെ സെല്‍റ്റോസിലേക്ക് GTX+ (S), X-ലൈന്‍ (S) എന്നിങ്ങനെ രണ്ട് വേരിയന്റുകള്‍ കൂടി ചേര്‍ത്തിരിക്കുകയാണ് കിയ ഇപ്പോള്‍.

HTX+ വേരിയന്റിനും GTX+, X-ലൈന്‍ മോഡലുകള്‍ക്കും ഇടയിലാണ് പുത്തന്‍ വകഭേദങ്ങള്‍ സ്ഥാനം പിടിക്കുന്നത്. കാത്തിരിപ്പ് കാലയളവ് കുറയ്ക്കുന്നതിനാണ് പ്രധാനമായും പുതിയ വേരിയന്റുകള്‍ ഉള്‍പ്പെടുത്തുക വഴി കൊറിയന്‍ ബ്രാന്‍ഡ് ഉദ്ദേശിക്കുന്നത്. മിഡ്‌സൈസ് എസ്‌യുവിയുടെ കാത്തിരിപ്പ് കാലയളവ് 15-16 ആഴ്ചയില്‍ നിന്ന് 7-9 ആഴ്ചയായി കുറയ്ക്കാന്‍ പുതിയ വേരിയന്റുകള്‍ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഒപ്പം തന്നെ സെല്‍റ്റോസിന്റെ മൂല്യം വര്‍ധിപ്പിക്കുന്നതിനും പുതിയ വേരിയന്റുകളുടെ കൂട്ടിച്ചേര്‍ക്കല്‍ വഴി സാധിക്കുമെന്നും അവര്‍ കരുതുന്നു.
ഉത്സവ സീസണ്‍ അടുക്കുന്നതിനാല്‍ ദീപാവലിക്ക് മുമ്പ് കസ്റ്റമേഴ്‌സിന് വാഹനത്തിന്റെ ഡെലിവറി നല്‍കാനായിട്ടാണ് കാത്തിരിപ്പ് കാലയളവ് കുറക്കാന്‍ കിയ പുത്തന്‍ തന്ത്രം പ്രയോഗിച്ചത്. ഉത്സവ കാലത്ത് പുത്തന്‍ കാറിനായി ബുക്ക് ചെയ്ത് കാത്തിരിക്കാന്‍ അധികം ആളുകള്‍ തയാറാവുകയില്ല. കാരണം അടുത്ത കാലത്തായി നിരവധി പുത്തന്‍ എസ്‌യുവികളാണ് വിപണിയില്‍ എത്തിയത്. കാത്തിരിപ്പ് കാലയളവ് കൂടിയാല്‍ ഉപഭോക്താക്കള്‍ മറ്റ് മോഡലുകള്‍ തേടിപ്പോകുമോ എന്ന ഭയവും നിര്‍മാതാക്കള്‍ക്കുണ്ട്.

കിയ സെല്‍റ്റോസ് GTX+ (S) വേരിയന്റിന് 19.40 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില. അതേസമയം സെല്‍റ്റോസ് X-ലൈന്‍ (S) വേരിയന്റ് സ്വന്തമാക്കാന്‍ 19.60 ലക്ഷം രൂപയാണ് മുടക്കേണ്ടത്. 7-സ്പീഡ് DCT ട്രാന്‍സ്മിഷനോടുകൂടിയ സ്മാര്‍ട്‌സ്ട്രീം G1.5 T-GDi പെട്രോളും 6-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനോടുകൂടിയ 1.5l CRDi VGT ഡീസല്‍ എഞ്ചിനുമാണ് ഇവയില്‍ വരുന്നത്.
17 ഓട്ടോണോമസ് ഫംഗ്ഷനുകളുള്ള ലെവല്‍ 2 അഡ്വാന്‍സ്ഡ് ഡ്രൈവര്‍ എയ്ഡ്സ് സിസ്റ്റം (ADAS) സജ്ജീകരിച്ചാണ് സെല്‍റ്റോസിന്റെ പുത്തന്‍ വേരിയന്റുകള്‍ അരങ്ങേറിയിരിക്കുന്നത്. ഓട്ടോ ഹോള്‍ഡോടു കൂടിയ ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്കും ഓഫറിലുണ്ടാകും. ഗ്ലോസി ബ്ലാക്ക് കളറില്‍ ഫിനിഷ് ചെയ്ത 18 ഇഞ്ച് ക്രിസ്റ്റല്‍ കട്ട് അലോയ് വീലുകളും കിയ വാഗ്ദാനം ചെയ്യുന്നു.
റൂഫ് ബ്ലാക്ക് നിറത്തില്‍ വേണ്ടവര്‍ക്ക് അതിനും അവസരമുണ്ട്. എന്നാല്‍ അതിന് 20000 രൂപ അധികമായി നല്‍കണമെന്ന് മാത്രം. താങ്ങാവുന്ന വിലയില്‍ കാര്‍ ലഭ്യമാക്കുന്നതിനായി ചില ഫീച്ചറുകള്‍ വെട്ടിയിട്ടുണ്ട്. ബോസ് സൗണ്ട് സിസ്റ്റവും 360 ഡിഗ്രി ക്യാമറയും നഷ്ടമാകുമ്പോള്‍ 6 സ്പീക്കര്‍ ഓഡിയോ സിസ്റ്റവും റിയര്‍ ക്യാമറയും ലഭിക്കുന്നു.
സെഗ്‌മെന്റില്‍ നാല് വര്‍ഷത്തോളം രണ്ടാമനായി വിലസിയ സെല്‍റ്റോസിന്റെ ആധിപത്യത്തെ ചോദ്യം ചെയ്തുകൊണ്ട് മാരുതി ഗ്രാന്‍ഡ് വിറ്റാരയും ടൊയോട്ട അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡറും കഴിഞ്ഞ വര്‍ഷമെത്തിയിരുന്നു. ഹൈബ്രിഡ് എഞ്ചിനുമായി എത്തിയ ഈ മോഡലുകള്‍ സെല്‍റ്റോസിന് വലിയ തലവേദനയായി മാറിയിരുന്നു. പിന്നാലെ ഈ വര്‍ഷത്തെ ഉത്സവ സീസണ്‍ മനസ്സില്‍ കണ്ട് ഹോണ്ട എലിവേറ്റും സിട്രണ്‍ C3 എയര്‍ക്രോസും കൂടി കൊണ്ടുവന്നതോടെ സെഗ്‌മെന്റില്‍ പൊടിപാറുന്ന പുരമായി.
എന്നാല്‍ പുത്തന്‍ വെല്ലുവിളികള്‍ എല്ലാം മറികടക്കാനായി നല്ല കിടിലന്‍ ലുക്കും മാരക ഫീച്ചറുകളുമായി സെല്‍റ്റോസ് ഫെയ്‌സ്‌ലിഫ്്റ്റിനെ കിയ ഇറക്കിവിടുന്ന കാഴ്ചയാണ് നാം കണ്ടത്. പ്രീമിയം അപ്പീല്‍, അഡ്വാന്‍സ്ഡ് ടെക്‌നോളജി, ഡീസല്‍ വകഭേദങ്ങള്‍ എന്നിവയുടെ അസാധാരണമായ കോമ്പോയുടെ മികവിലാണ് രണ്ട് മാസം കൊണ്ട് അരലക്ഷം ബുക്കിംഗ് വാരിക്കൂട്ടാന്‍ എസ്‌യുവിക്കായത്.
ഓരോ ദിവസവും സെല്‍റ്റോസ് ഫെയ്സ്ലിഫ്റ്റിന് 806 പുതിയ ബുക്കിംഗ് ലഭിക്കുന്നുവെന്നാണ് കിയ പറയുന്നത്. മൊത്തം ബുക്കിംഗുകളുടെ 77 ശതമാനവും എസ്‌യുവിയുടെ മുന്‍നിര വേരിയന്റുകള്‍ക്കാണ്. കൂടുതല്‍ ആഡംബരവും ഫീച്ചര്‍ നിറഞ്ഞതുമായ കാറുകള്‍ക്കാണ് ഉപഭോക്താക്കള്‍ മുന്‍ഗണന നല്‍കുന്നതെന്നാണ് ഇതില്‍ നിന്ന് മനസ്സിലാകുന്നത്. മാത്രമല്ല ADAS ഫീച്ചറുള്‍ ഉള്‍ക്കൊള്ളിച്ച വേരിയന്റുകള്‍ക്കും വമ്പന്‍ ഡിമാന്‍ഡാണ് അനുഭവപ്പെടുന്നത്.


Click it and Unblock the Notifications








