ഷോറൂമുകള്‍ കാലിയാക്കുമോ ഈ തീരുമാനം? കിയ ഇങ്ങനെ ചെയ്യുമെന്ന് ആരും പ്രതീക്ഷിച്ചില്ല
ഇന്ത്യയടക്കം ലോക രാജ്യങ്ങളില്‍ സ്‌പോര്‍ട് യൂടിലിറ്റി വെഹിക്കിളുകളുടെ (SUV) കാലമാണ്. നമ്മുടെ വിപണിയില്‍ തന്നെ സമീപകാലത്തായി നിരവധി പുത്തന്‍ മോഡലുകളാണ് അരങ്ങേറ്റം കുറിച്ചത്. കിട മത്സരം നടക്കുന്ന മിഡ്‌സൈസ് എസ്‌യുവി സെഗ്‌മെന്റിന്റെ വലിപ്പം ഒരോ ദിവസവും വലുതായിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ സിട്രണ്‍ C3 എയര്‍ക്രോസ് എന്ന മോഡല്‍ ആരെയും ആകര്‍ഷിക്കുന്ന വിലയില്‍ പുറത്തിറക്കി.
എന്നാല്‍ ഇതിനിടെ തങ്ങളുടെ ജനപ്രിയ എസ്‌യുവിയായ സെല്‍റ്റോസിന്റെ വില ഉയര്‍ത്തി ഞെട്ടിച്ചിരിക്കുകയാണ് ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കളായ കിയ. ചുരുങ്ങിയ കാലം കൊണ്ട് നിരവധി ഇന്ത്യക്കാരുടെ പ്രിയപ്പെട്ട കാര്‍ ബ്രാന്‍ഡായി മാറാന്‍ കിയക്ക് സാധിച്ചിരുന്നു. അതിന്റെ ഏറ്റവും വലിയ കാരണമായിരുന്നു സെല്‍റ്റോസ് എന്ന ഈ ബെസ്റ്റ് സെല്ലര്‍ മോഡല്‍. സെല്‍റ്റോസിന്റെ ചിറകിലേറിയാണ് കിയ ഇന്ത്യയില്‍ പല വില്‍പ്പന നാഴികക്കല്ലും പിന്നിട്ടത്.

എന്നാല്‍ ഇപ്പോള്‍ എസ്‌യുവിക്ക് 30000 രൂപ വരെ വര്‍ധിപ്പിക്കാന്‍ നിര്‍മാതാക്കള്‍ നിര്‍ബന്ധിതരാകുകയായിരുന്നു. മൊത്തം 9 വ്യത്യസ്ത വേരിയന്റുകളിലായാണ് കിയ സെല്‍റ്റോസ് വിപണിയില്‍ എത്തുന്നത്. വേരിയന്റുകളില്‍ ഉടനീളം വില വര്‍ധിപ്പിച്ചുവെന്ന് ചിന്തിച്ച് തലപുണ്ണാക്കേണ്ട. സെല്‍റ്റോസിന്റെ വേരിയന്റ് ലിസ്റ്റില്‍ തെരഞ്ഞെടുത്തവയുടെ വില മാത്രമാണ് ഉയര്‍ത്തിയിരിക്കുന്നത്.
HTE, HTK, HTK പ്ലസ്, HTX, GTX, GTX പ്ലസ് , X ലൈന്‍ എന്നീ വേരിയന്റുകളില്‍ സെല്‍റ്റോസ് വാങ്ങാനാകും. ഇതില്‍ GTX പ്ലസ്, X-ലൈന്‍ ട്രിമ്മുകളുടെ മാനുവല്‍, ഓട്ടോമാറ്റിക് വേരിയന്റുകള്‍ക്ക് 20,000 രൂപ മുതല്‍ 30,000 രൂപ വരെയാണ് കൂട്ടിയത്. അടുത്തിടെയാണ് കിയ സെല്‍റ്റോസ് എസ്‌യുവി മുഖംമിനുക്കി വിപണിയില്‍ എത്തിച്ചത്.
സെഗ്‌മെന്റില്‍ ക്ടുത്ത മത്സരമായതിനാല്‍ വിലയുടെ കാര്യത്തില്‍ ചില നീക്കുപോക്കുകള്‍ ആവശ്യമായിരുന്നു. എന്നാല്‍ ഇന്‍പുട് കോസ്റ്റ് വര്‍ധിച്ചതിനാലാണ് ഇപ്പോള്‍ കമ്പനി വില വര്‍ധനവ് നടപ്പാക്കിയതെന്നാണ് സൂചന. എന്നാല്‍ ഈ വില വര്‍ധനയുടെ കാരണം കമ്പനി ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. മൂന്ന് എഞ്ചിന്‍ ഓപ്ഷനുകളിലാണ് കിയ സെല്‍റ്റോസ് രാജ്യത്ത് കിയ ഓഫര്‍ ചെയ്യുന്നത്.
1.5 ലിറ്റര്‍ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍, 1.5 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ സെല്‍റ്റോസ് സ്വന്തമാക്കാം. 6-സ്പീഡ് മാനുവല്‍, 6-സ്പീഡ് IMT, 6-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍, CVT, 7-സ്പീഡ് DCT എന്നിങ്ങനെ വൈവിധ്യമാര്‍ന്ന ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളിലും തെരഞ്ഞെടുക്കാം. നിലവില്‍ 10.90 ലക്ഷം മുതല്‍ 20.30 ലക്ഷം രൂപ വരെയാണ് സെല്‍റ്റോസിന്റെ എക്‌സ്‌ഷോറൂം വില.
ഇക്കഴിഞ്ഞ ദിവസം കിയ കാരെന്‍സ് എംപിവിയുടെ X-ലൈന്‍ വേരിയന്റ് പുറത്തിറക്കിയിരുന്നു. കാരെന്‍സിന്റെ തെരഞ്ഞെടുത്ത വേരിയന്റുകളിലും കിയ വില വര്‍ധനവ് നടപ്പാക്കിയിരുന്നു. 23 വേരിയന്റുകളിലായി ഈ 7 സീറ്റര്‍ എംപിവി വാങ്ങാന്‍ സാധിക്കും. 12.96 ലക്ഷം രൂപയാണ് ഇതിന്റെ ബേസ് സ്‌പെക്ക് വേരിയന്റിന്റെ ബാംഗ്ലൂരിലെ ഓണ്‍റോഡ് വില. ടോപ് സ്‌പെക്ക് വേരിയന്റ് നിരത്തിലെത്തിക്കാനായി 23.96 ലക്ഷം രൂപ മുടക്കണം.
നിലവില്‍ ഇന്ത്യന്‍ ഇലക്ട്രിക് വാഹന വിപണിയിലുള്ള ടാറ്റ മോട്ടോര്‍സിന്റെ കുത്തക അവസാനിപ്പിക്കാനും കിയക്ക് പ്ലാനുണ്ട്. നിലവില്‍ EV6 എന്ന ഒരൊറ്റ ഇലക്ട്രിക് കാര്‍ മോഡല്‍ മാത്രമാണ് കിയ ഇന്ത്യന്‍ വിപണിയിലെത്തിക്കുന്നത്. പുതുതായി കിയ 8 ഇലക്ട്രിക് വാഹന നാമങ്ങള്‍ ട്രേഡ് മാര്‍ക്ക് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവ ഒന്നിനുപുറകെ ഒന്നായി ഇന്ത്യയില്‍ അവതരിപ്പിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.
ഏതായാലും കിയ അടക്കമുള്ള ബ്രാന്‍ഡുകള്‍ കൂടുതല്‍ താങ്ങാനാകുന്ന വിലയില്‍ ഇലക്ട്രിക് കാറുകള്‍ കൊണ്ടുവന്നാല്‍ അത് സാധാരണക്കാര്‍ക്ക് കൂടുതല്‍ ഉപകാരപ്രദമായിരിക്കും. കിയ സെല്‍റ്റോസിന്റെ വില വര്‍ധനവിലേക്ക് മടങ്ങി വന്നാല്‍ ഉത്സവ സീസണിന് മുന്നോടിയായി കമ്പനി ഈ തീരുമാനം എടുക്കേണ്ടിയിരുന്നില്ലെന്ന് കരുതുന്നവരുണ്ട്. എന്നാല്‍ ചില വേരിയന്റുകളുടെ വില മാത്രമാണ് വര്‍ധിപ്പിച്ചതെന്നത് ആശ്വാസം പകരുന്നു. വരും ദിവസങ്ങളില്‍ ഉപഭാക്താക്കളെ ആകര്‍ഷിക്കാനായി ഇതേ മോഡലിന് കിയ ഓഫറുകള്‍ നല്‍കുമോ എന്ന കാര്യവും കണ്ടറിയാം.


Click it and Unblock the Notifications








