ടാറ്റ നെക്‌സോണിന് ചെക്ക് വെക്കാന്‍ കിയ; സോനെറ്റിന്റെ സ്‌പെഷ്യല്‍ എഡിഷന്‍ വിപണിയില്‍
ഇക്കഴിഞ്ഞ ഏപ്രിലില്‍ കിയ ഇന്ത്യ (Kia India) മികച്ച വില്‍പ്പനയാണ് നേടിയത്. കഴിഞ്ഞ മാസം കിയ 23,216 യൂണിറ്റുകള്‍ വിറ്റഴിച്ചപ്പോള്‍ മുന്നില്‍ നിന്ന് പടനയിച്ചത് സബ് 4 മീറ്റര്‍ എസ്‌യുവിയായ സോനെറ്റ് ആണ്. 2023 ഏപ്രിലില്‍ 9744 യൂണിറ്റ് സോനെറ്റുകളാണ് കിയ ഇന്ത്യക്ക് വില്‍ക്കാനായത്.
ബെസ്റ്റ് സെല്ലിംഗ് മിഡ്‌സൈസ് എസ്‌യുവിയായ സെല്‍റ്റോസിനെ പിന്തള്ളി ദക്ഷിണ കൊറിയന്‍ കാര്‍ നിര്‍മാതാക്കള്‍ക്ക് വില്‍പ്പനയില്‍ കൂടുതല്‍ ഓഹരി സമ്മാനിക്കാന്‍ സോനെറ്റിനായി. ഇപ്പോള്‍ സെഗ്‌മെന്റ് പിടിച്ചടക്കാനായി കിയ സോനെറ്റിന്റെ പുത്തന്‍ പതിപ്പ് പുറത്തിറക്കിയിരിക്കുകയാണ് കിയ. 11.85 ലക്ഷം രൂപ എക്‌സ്-ഷോറൂം വിലയിലാണ് കിയ സോനെറ്റ് ഓറോക്‌സ് എഡിഷന്‍ (Kia Sonet Aurochs Edition ) വിപണിയില്‍ എത്തിയത്. HTX വേരിയന്റിനെ അടിസ്ഥാനമാക്കി ഒരുക്കിയ കിയ സോനെറ്റ് ഓറോക്‌സ് എഡിഷന് കമ്പനി ചില കോസ്‌മെറ്റിക് പരിഷ്‌കാരങ്ങള്‍ വരുത്തിയിട്ടുണ്ട്.

മുമ്പ് വാഗ്ദാനം ചെയ്തിരുന്ന ആനിവേഴ്സറി പതിപ്പിന് സമാനമായി സോനെറ്റ് ഓറോക്‌സ് പതിപ്പിന്റെ മുന്നിലും പിന്നിലും സ്‌കിഡ് പ്ലേറ്റുകള്‍, സെന്റര്‍ വീല്‍ ക്യാപ്സ്, ഗ്രില്‍, ഡോര്‍ ഗാര്‍ണിഷ്, സൈഡ് സ്‌കിഡ് പ്ലേറ്റുകള്‍ എന്നിവയില്‍ ടാംഗറിന്‍ ആക്സന്റുകള്‍ ലഭിക്കുന്നു. ഓറോക്സ് എഡിഷന്‍ എംബ്ലത്തോട് കൂടിയ ബ്ലാക്ക്ഡ് ഔട്ട് ഗ്രില്‍, 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകള്‍, എല്‍ഇഡി ഹെഡ്ലാമ്പുകള്‍, എല്‍ഇഡി ടെയില്‍ ലൈറ്റുകള്‍ എന്നിവയും എക്‌സ്റ്റീരിയര്‍ പരിശോധിക്കുമ്പോള്‍ കാണാനാകും.
ഇലക്ട്രിക് സണ്‍റൂഫ്, ഫ്‌ലാറ്റ്-ബോട്ടം സ്റ്റിയറിംഗ് വീല്‍, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്, റിമോട്ട് എഞ്ചിന്‍ സ്റ്റാര്‍ട്ട് ഫംഗ്ഷന്‍, പുഷ്-ബട്ടണ്‍ സ്റ്റാര്‍ട്ടോടുകൂടിയ സ്മാര്‍ട്ട് കീ, ക്രൂയിസ് കണ്‍ട്രോള്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ എന്നിങ്ങനെയുള്ള ഫീച്ചറുകളാണ് കിയ സോനെറ്റ് ഓറോക്‌സ് എഡിഷന്റെ അകത്തളത്തില്‍ സജ്ജീകരിച്ചിരിക്കുന്ന ഫീച്ചറുകളില്‍ ചിലത്.

റിയര്‍ എസി വെന്റുകള്‍, എട്ട് ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി, ഡ്രൈവ്, ട്രാക്ഷന്‍ മോഡുകള്‍, നാല് എയര്‍ബാഗുകള്‍ എന്നിവയാണ് മറ്റ് ഫീച്ചറുകള്‍. പവര്‍ട്രെയിനിലേക്ക് വന്നാല്‍ 1.0 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനുകളാണ് കിയ സോനെറ്റിന്റെ ഓറോക്‌സ് എഡിഷന് തുടിപ്പേകുന്നത്.
iMT ഗിയര്‍ബോക്‌സാണ് സ്റ്റാന്‍ഡേര്‍ഡ് ആയി വരുന്നത്. 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക്, 7 സ്പീഡ് DCT യൂണിറ്റ് എന്നിവ ഓപ്ഷനലായി നല്‍കുന്നു. 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ 118 bhp പവറും 172 Nm ടോര്‍ക്കും സൃഷ്ടിക്കാന്‍ ശേഷിയുള്ളതാണ്. അതേ സമയം 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ 114 bhp പവറും 250 Nm ടോര്‍ക്കും പുറപ്പെടുവിക്കാന്‍ ശേഷിയുണ്ട്.

ഗ്രാവിറ്റി ഗ്രേ, അറോറ ബ്ലാക്ക് പേള്‍, സ്പാര്‍ക്ലിംഗ് സില്‍വര്‍, ഗ്ലേസിയര്‍ വൈറ്റ് പേള്‍ എന്നിങ്ങനെ നാല് കളര്‍ ഓപ്ഷനുകളിലാണ് കിയ സോനെറ്റ് ഓറോക്‌സ് എഡിഷന്‍ സ്വന്തമാക്കാന്‍ സാധിക്കുക. സെഗ്‌മെന്റില്‍ ടാറ്റ നെക്‌സോണ്‍ (Tata Nexon) ആണ് കിയ സോനെറ്റിന്റെ എതിരാളി. സ്‌പെഷ്യല്‍ എഡിഷന്‍ കാറുകള്‍ വിപണിയില്‍ ട്രെന്‍ഡിംഗാക്കുന്ന ടാറ്റക്ക് പ്രത്യേക പതിപ്പിലൂടെ തന്നെ ചെക്ക് വെക്കുകയാണ് കിയ.
iMt ട്രാന്‍സ്മിഷനുമായി ജോടിയാക്കിയ സോനെറ്റ് ഓറോക്‌സ് എഡിഷന്റെ പെട്രോള്‍ വേരിയന്റിന് 11.85 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില. ഇത് DCT ഗിയര്‍ബോക്‌സുമായാണ് വേണ്ടതെങ്കില്‍ 12.39 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയായി നല്‍കണം. iMT ഗിയര്‍ബോകസുമായി സ്‌പെഷ്യല്‍ എഡിഷന്റെ ഡീസല്‍ പതിപ്പ് സ്വന്തമാക്കാന്‍ 12.65 ലക്ഷം രൂപ മുടക്കണം. ഓട്ടോമറ്റിക് ഗിയര്‍ബോക്‌സുള്ള സോനെറ്റ് ഓറോക്‌സ് എഡിഷന് 13.45 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില.

ഏപ്രിലില്‍ കിയ ശക്തമായ പ്രകടനമാണ് വില്‍പ്പന ചാര്‍ട്ടുകളില്‍ പ്രകടിപ്പിച്ചത്. കഴിഞ്ഞ മാസം 23,216 യൂണിറ്റ് കാറുകള്‍ വിറ്റ കിയ മുന്‍ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ 21.3 ശതമാനം വളര്‍ച്ചനേടി. 2022 ഏപ്രിലില്‍ 19,019 യൂണിറ്റ് കാറുകള്‍ മാത്രമാണ് കിയക്ക് വില്‍ക്കാന്‍ സാധിച്ചിരുന്നത്. മുന്‍ മാസവുമായി താരതമ്യപ്പെടുത്തുമ്പോഴും വളര്‍ച്ചയാണ്.
2023 മാര്‍ച്ചില്‍ 21,501 യൂണിറ്റുകള്‍ കിയ വിറ്റഴിച്ചത്. വളര്‍ച്ച 7.2 ശതമാനം. സോനെറ്റിനെ മാറ്റി നിര്‍ത്തിയാല്‍ വില്‍പ്പന കണക്കുകളില്‍ കിയ സെല്‍റ്റോസ് എസ്‌യുവി രണ്ടാമതെത്തി. കഴിഞ്ഞ മാസം 7,213 യൂണിറ്റ് സെല്‍റ്റോസാണ് വിറ്റഴിച്ചത്. ഒപ്പം തന്നെ കിയ കാരെന്‍സ് എംപിവിയുടെ വില്‍പ്പനയിലും കമ്പനി സ്ഥിരത പുലര്‍ത്തുന്നു. ഏപ്രിലില്‍ 6,107 യൂണിറ്റ് കാരെന്‍സ് എംപിവിയാണ് കിയ വിറ്റത്.


Click it and Unblock the Notifications








