പ്രഥമ പരിഗണന ഇന്ത്യക്കാര്‍ക്ക് തന്നെയെന്ന് കിയ! വിഷമത്തോടെയെങ്കിലും ആ തീരുമാനവും എടുത്തു
2019-ല്‍ സെല്‍റ്റോസ് എന്ന മിഡ്‌സൈസ് എസ്‌യുവി മോഡലിലൂടെയാണ് ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കളായ കിയ ഇന്ത്യയിലെത്തിയത്. മാര്‍ക്കറ്റിന്റെ പള്‍സറിഞ്ഞ് എസ്‌യുവികളില്‍ ശ്രദ്ധകേന്ദ്രീകരിച്ച് ഓരോ ചുവടും വെച്ച കിയ ചുരുങ്ങിയ നാള്‍ കൊണ്ട് നേട്ടം കൊയ്തു. പ്രൈസ് സെന്‍സിറ്റീവായ ഇന്ത്യ പോലൊരു മാര്‍ക്കറ്റില്‍ താങ്ങാവുന്ന വിലയില്‍ ഉപഭോക്താക്കള്‍ ആഗ്രഹിക്കുന്ന സവിശേഷതകള്‍ ഉള്‍ക്കൊള്ളുന്ന വാഹനങ്ങളായിരുന്നു കിയയുടെ ഓഫര്‍.
നാലുവര്‍ഷം കൊണ്ട് രാജ്യത്തെ പാസഞ്ചര്‍ വാഹന രംഗത്തെ ഒരു പ്രധാന മത്സരാര്‍ത്ഥിയായി മാറാന്‍ കിയക്ക് സാധിച്ചു. സെല്‍റ്റോസിനെ കൂടാതെ, സോനെറ്റ്, കാരെന്‍സ് എംപിവി, EV6 എന്നീ മോഡലുകളാണ് നിലവില്‍ കിയ ഇന്ത്യയില്‍ വില്‍ക്കുന്നത്. ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് കിയ കോംപാക്റ്റ് എസ്‌യുവിയായ സോനെറ്റിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് അവതരിപ്പിച്ചത്. 2020-ല്‍ പുറത്തിറങ്ങിയ സോനെറ്റ് ഇതുവരെ 3.68 ലക്ഷം യൂണിറ്റ് വില്‍പ്പന നേടിയിട്ടുണ്ട്.

സോനെറ്റ് ഫെയ്‌സ്‌ലിഫ്റ്റായിരിക്കും 2024-ല്‍ കമ്പനിയില്‍ ആദ്യം പുറത്തിറക്കുന്ന മോഡല്‍. ശേഷം പുതുതലമുറ കാര്‍ണിവലും വര്‍ഷാവസാനം EV9 കാറും കൊണ്ടുവരും. ആന്ധ്രാപ്രദേശിലെ അനന്താപൂര്‍ പ്ലാന്റില്‍ നിന്നാണ് കിയയുടെ കാറുകള്‍ നിര്‍മിക്കുന്നത്. ഇവിടെ നിര്‍മിക്കുന്ന മോഡലുകളില്‍ ചിലത് മറ്റ് വിദേശ വിപണികളിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്. എന്നാല്‍ നിലവില്‍ ഇന്ത്യയില്‍ എസ്‌യുവികള്‍ക്കും മറ്റുമുള്ള ഡിമാന്‍ഡ് മുതലെടുക്കാനും കൂടുതല്‍ അഗ്രസീവായ വില്‍പ്പന സമീപനം സ്വീകരിക്കാനുമായി സുപ്രധാന തീരുമാനം കൈക്കൊണ്ടിരിക്കുകയാണ് കിയ.
രാജ്യത്തെ ആഭ്യന്തര വിപണിയിലേക്കുള്ള വിതരണ ശേഷി വര്‍ധിപ്പിക്കാനായി ആന്ധ്രാപ്രദേശിലെ പ്ലാന്റിലെ ഉല്‍പ്പാദന ശേഷി മെച്ചപ്പെടുത്തുന്നതിനായി ഊന്നല്‍ നല്‍കും. അതിനായി കയറ്റുമതിയുടെ അളവ് കുറയ്ക്കാനാണ് തീരുമാനം. അടുത്ത വര്‍ഷത്തേക്ക് തങ്ങള്‍ക്ക് ഒരു ആക്രമണാത്മക ബിസിനസ്സ് പ്ലാന്‍ ഉണ്ട്. 100 സെയില്‍സ് ഔട്ട്ലെറ്റുകള്‍ കൂടി കൂട്ടിച്ചേര്‍ക്കാനും സ്ഥാപിത ഉല്‍പ്പാദന ശേഷി 1 ലക്ഷം യൂണിറ്റ് വര്‍ധിപ്പിക്കാനും ആഗ്രഹിക്കുന്നതായി കിയ ഇന്ത്യ എംഡിയും സിഇഒയുമായ ടെ-ജിന്‍ പാര്‍ക്ക് വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു.

അടുത്ത വര്‍ഷത്തെ പുത്തന്‍ ലോഞ്ചുകള്‍ക്കൊപ്പം സെല്‍റ്റോസിന് തൊട്ടുമുകളില്‍ സ്ഥാനം പിടിക്കുന്ന ഒരു എസ്‌യുവി കൊണ്ടുവരാനും കിയക്ക് പദ്ധതികളുണ്ടെന്ന് പാര്‍ക്ക് സൂചിപ്പിച്ചു. പ്രതിവര്‍ഷം 3.4 ലക്ഷം യൂണിറ്റുകള്‍ നിര്‍മ്മിക്കാനുള്ള ശേഷിയാണ് കിയയുടെ ആന്ധ്ര പ്ലാന്റിനുള്ളത്. നിലവില്‍ ഇവിടെ നിര്‍മിക്കുന്ന എല്ലാ മോഡലുകളുടെയും 20 ശതമാനം വിദേശ വിപണികളിലേക്ക് കയറ്റി അയക്കുകയാണ് ചെയ്യുന്നത്.
എന്നാല്‍ ആഭ്യന്തര ഇന്ത്യന്‍ വിപണിയിലേക്കുള്ള വിതരണം മെച്ചപ്പെടുത്തുന്നതിന് ഇത് 10 ശതമാനമായി കുറയ്ക്കുമെന്നാണ് കമ്പനി ഇപ്പോള്‍ വ്യക്തമാക്കുന്നത്. ഇതിനൊപ്പം രാജ്യത്തുടനീളമുള്ള സാന്നിധ്യം വിപുലീകരിക്കാനും പ്ലാനുണ്ട്. നിലവില്‍ രാജ്യത്തുടനീളമായി കിയക്ക് 429 സെയില്‍സ് ഔട്ട്ലെറ്റുകള്‍ ആണുള്ളത്. ടയര്‍ III, ടയര്‍ IV പട്ടണങ്ങളില്‍ സാന്നിധ്യം വര്‍ധിപ്പിക്കുന്നതിനായി അവിടങ്ങളിലെ സെയില്‍സ് ഔട്ട്‌ലെറ്റുകളുടെ എണ്ണം കൂട്ടും.

2023 സാമ്പത്തിക വര്‍ഷത്തില്‍ 7.4 ശതമാനമായിരുന്നു കിയ ഇന്ത്യയുടെ വിപണി വിഹിതം. മത്രമല്ല ഇക്കഴിഞ്ഞ ഏപ്രില്‍ വരെയുള്ള കണക്കുകള്‍ പ്രകാരം 95 രാജ്യങ്ങളിലേക്കായി രണ്ട് ലക്ഷം വാഹനങ്ങളാണ് കിയ കപ്പല്‍ കയറ്റി അയച്ചത്. ഇന്ത്യയില്‍ പ്രവര്‍ത്തനമാരംഭിച്ച് 4 വര്‍ഷത്തിനുള്ളില്‍ തുടര്‍ച്ചയായി മൂന്നാം വര്‍ഷം എസ്‌യുവികളുടെയും എംപിവികളുടെയും കയറ്റുമതിയില്‍ മുന്‍നിരയിലെത്താന്‍ കമ്പനിക്ക് സാധിച്ചു.
മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക, സെന്‍ട്രല്‍ ആന്‍ഡ് സൗത്ത് അമേരിക്ക, മെക്‌സിക്കോ, ഏഷ്യാ പസഫിക് മേഖല തുടങ്ങിയ വിദേശ വിപണികളില്‍ സെല്‍റ്റോസ്, സോനെറ്റ്, കാരന്‍സ് എന്നിവക്ക് ഡിമാന്‍ഡ് വര്‍ധിച്ച് കൊണ്ടിരിക്കുകയാണ്. 95-ലധികം രാജ്യങ്ങളിലേക്ക് 1,35,885 യൂണിറ്റുകള്‍ അയച്ചുകൊണ്ട് കിയയുടെ കയറ്റുമതി നമ്പറുകളില്‍ സെല്‍റ്റോസ് മികച്ച സംഭാവന നല്‍കുന്നു. മൊത്തത്തിലുള്ള കയറ്റുമതിയില്‍ 68 ശതമാനവും ആഭ്യന്തര വില്‍പ്പനയില്‍ 53 ശതമാനവും സെല്‍റ്റോസാണ് സംഭാവന ചെയ്യുന്നത്.
ആഭ്യന്തര വില്‍പ്പനയുടെയും കയറ്റുമതിയുടെയും കാര്യത്തില്‍ സോനെറ്റും കാരെന്‍സും തൊട്ടുപിന്നിലുണ്ട്. ഏതായാലും കയറ്റുമതി കുറച്ച് ആഭ്യന്തര വിതരണത്തിന് പ്രാധാന്യം നല്‍കാനുള്ള തീരുമാനം കിയ കാറുകളുടെ ഡെലിവറി വേഗത്തിലാക്കും. അത് വില്‍പ്പനയിലും പ്രതിഫലിക്കും. വിപണിയില്‍ മത്സരം കടുക്കുന്ന സാഹചര്യത്തില്‍ ഇത്തരം തീരുമാനം കൈക്കൊള്ളുന്നത് നല്ലതാണ്.


Click it and Unblock the Notifications








