Mahindra-യുടെ ഉടമസ്ഥതയിലുണ്ടായിരുന്ന കൊറിയന്‍ കമ്പനി Ssangyong പേര് മാറ്റുന്നു; കാരണം ഇതാണ്
കൊറിയന്‍ കാര്‍ നിര്‍മ്മാതാക്കളായ സാങ്‌യോങ് എന്നത് ഇന്ത്യയില്‍ സുപരിചിതമായ പേരാണ്. പതിറ്റാണ്ട് കാലം മഹീന്ദ്രയായിരുന്നു അതിന്റെ ഉടമകള്‍ എന്നതാണ് അതിന്റെ കാരണം. ഇപ്പോള്‍ സാങ്‌യോങ് അതിന്റെ പേര് മാറ്റാന്‍ ഒരുങ്ങുന്നു. ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാവിന്റെ ഉടമസ്ഥതയില്‍ നിന്ന് 2022-ലാണ് മഹീന്ദ്ര പിന്‍വാങ്ങിയത്.

കൊറിയന്‍ കമ്പനിയായ കെജി ഗ്രൂപ്പാണ് സാങ്‌യോങ്ങിനെ വാങ്ങിയത്. കെജി മൊബിലിറ്റി എന്നായിരിക്കും ബ്രാന്‍ഡിനെ പുനര്‍നാമകരണം ചെയ്യുക. എന്നിരുന്നാലും, ഈ പുതിയ പേര് ഇതുവരെ നിക്ഷേപകര്‍ ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ല. 2023 മാര്‍ച്ചോടെ അന്തിമരൂപം നല്‍കും. 1986 മുതല്‍ മൂന്ന് പതിറ്റാണ്ടിലേറെയായി സാങ്‌യോങ് എന്ന പേര് കാര്‍ നിര്‍മ്മാതാവ് ഉപയോഗിച്ച് വരുന്നു.

'സാങ്യോങ് എന്ന പേരിന് നല്ല ഓര്‍മ്മകളുണ്ട്. പക്ഷേ അതിന് വേദനാജനകമായ ഒരു ചിത്രവുമുണ്ട്. ഇനി മുതല്‍ എല്ലാ സാങ്‌യോങ് കാറുകളും കെജി എന്ന പേരില്‍ ലോകമെമ്പാടും പുറത്തിറങ്ങും. പേര് മാറിയാലും, സാങ്‌യോങ് മോട്ടോറിന്റെ ചരിത്രം മാറില്ല, (അതിന്) സമാന വ്യവസ്ഥകള്‍ ഉണ്ടായിരിക്കും' സാങ്‌യോങ്ങിന്റെ ചെയര്‍മാനും സിഇഒയുമായ ജി-സണ്‍ ക്വാക്ക് പറഞ്ഞു. കടക്കെണിയും മഹീന്ദ്രയുമായി വേര്‍പിരിഞ്ഞതും നിക്ഷേപകരിലും ജനങ്ങള്‍ക്കിടയിയിലും അത് സൃഷ്ടിച്ച പ്രതിച്ഛായയുമാണ് അദ്ദേഹം വേദനാജനകമായ ചിത്രം എന്നത് കൊണ്ട് ഉദ്ദേശിച്ചത്.

2020-ല്‍ ബ്രാന്‍ഡ് കടക്കെണിയിലായതിനെത്തുടര്‍ന്ന് ബ്രാന്‍ഡിന്റെ പ്രധാന ഉടമയായ മഹീന്ദ്ര പിന്‍വാങ്ങിയത്. അന്ന് സാങ്‌യോങ് റിസീവര്‍ഷിപ്പിനായി പോലും ഫയല്‍ ചെയ്തിരുന്നു. ഇത് പ്രധാനമായും ദക്ഷിണ കൊറിയയിലെ പാപ്പരത്ത പ്രഖ്യാപനത്തിന്റെ ഒരു രൂപമാണ്. പിന്നാലെ പുതിയ ഉടമകളെ കണ്ടെത്താനുള്ള തിരച്ചില്‍ ആരംഭിച്ചു. കൊറിയ ആസ്ഥാനമായുള്ള ബസ് നിര്‍മ്മാതാക്കളായ എഡിസണ്‍ മോട്ടോഴ്‌സ് ഓഹരികള്‍ വാങ്ങാണ്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നുവെങ്കിലും ഒടുവില്‍ പിന്‍വാങ്ങി.

പിന്നാലെ കെജി ഗ്രൂപ്പ് ഇടപെട്ട് സാങ്‌യോങ്ങിനെ രക്ഷിക്കാന്‍ രംഗത്തിറങ്ങുകയും ഒടുവില്‍ കാര്‍ നിര്‍മ്മാതാവിന്റെ പുതിയ ഉടമയാകുകയായിരുന്നു. മഹീന്ദ്രയുമായി വഴിപിരിയുന്നതിന് മുമ്പ് വരെ സാങ്‌യോങ്ങിന്റെ നിരവധി വാഹനങ്ങള്‍ ലോഞ്ച് കാത്ത് നില്‍പ്പുണ്ടായിരുന്നു. നിലവില്‍, ടോറസ് എസ്‌യുവി വിദേശ വിപണിയില്‍ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് ബ്രാന്‍ഡ്. അതിനുശേഷം, 2024 ല്‍ ഒരു ഇലക്ട്രിക് എസ്‌യുവി അവതരിപ്പിക്കാനും പദ്ധതിയിടുന്നു.

കൂടാതെ, കെജി ഗ്രൂപ്പിന് സാങ്‌യോങ്ങിനായി വലിയ പദ്ധതികളുണ്ട്. ആത്യന്തികമായി, ഭാവിയില്‍, ഇത് ഒരു മൊബിലിറ്റി കമ്പനിയായി മാറുകയും കാറുകള്‍ക്കും എസ്‌യുവികള്‍ക്കും അപ്പുറം അതിന്റെ ഉല്‍പ്പന്ന പോര്‍ട്ട്‌ഫോളിയോ വിപുലീകരിക്കുകയും ചെയ്യും. മഹീന്ദ്ര അടുത്തിടെ നിര്‍ത്തലാക്കിയ അവരുടെ ഫ്ലാഗ്ഷിപ്പ് എസ്‌യുവി ആയിരുന്ന അള്‍ടുറാസ് G4 ഒരു സാങ് യോങ് മോഡല്‍ ആയിരുന്നു.

XUV 700 അരങ്ങേറ്റം കുറിച്ചതു മുതല്‍ മഹീന്ദ്രയുടെ എസ്‌യുവി നിരയില്‍ ഫ്ലാഗ്ഷിപ്പ് മോഡലായിരുന്നിട്ട് കൂടി ഒരു നിഴലായി ഒതുങ്ങിപ്പോയിരുന്നു അള്‍ടുറാസ് G4. മഹീന്ദ്ര എസ്‌യുവി ലൈനപ്പിലെ താരമെന്ന പട്ടവും XUV700 ഏറ്റെടുത്തു. ഫുള്‍സൈസ് എസ്‌യുവി സെഗ്മെന്റില്‍ തന്റെ നേരിട്ടുള്ള എതിരാളിയായ ടൊയോട്ട ഫോര്‍ച്യൂണറുമായി അള്‍ടുറാസ് മികച്ച പോരാട്ടം കാഴ്ചവെച്ചു. എങ്കിലും അത് വില്‍പ്പനയില്‍ പ്രതിഫലിച്ചില്ല.

2018 അവസാനത്തോടെയാണ് മഹീന്ദ്ര അള്‍ടുറാസ് G4 ഫുള്‍-സൈസ് എസ്‌യുവി ഇന്ത്യയില്‍ അവതരിപ്പിച്ചത്.
കൊറിയന്‍ ബ്രാന്‍ഡുമായി വേര്‍പിരിഞ്ഞതിനാല്‍ വാഹനത്തിന്റെ ഉത്പാദനം തുടരുന്നത് ബ്രാന്‍ഡിന് വെല്ലുവിളിയായിരുന്നു. സാങ്യോങ് റോക്സ്ടണിനെ അടിസ്ഥാനപ്പെടുത്തിയാണ് അള്‍ടുറാസ് നിര്‍മിച്ചത്. ദക്ഷിണ കൊറിയയിലെ സാങ്‌യോങ് പ്ലാന്റില്‍ നിന്ന് CKD കിറ്റുകളായി വാഹനം ഇന്ത്യയില്‍ എത്തിച്ചിരുന്നു.

ഈ സെഗ്മെന്റ് വാങ്ങാന്‍ ഉദ്ദേശിക്കുന്ന ഉപഭോക്താക്കള്‍ക്ക് ഫീച്ചര്‍ സമ്പന്നമായ ഒരു മോഡലായിരുന്നു മഹീന്ദ്ര അള്‍ടുറാസ് G4. രണ്ട് വേരിയന്റുകളിലായിരുന്നു വാഹനം ആദ്യം വിപണിയില്‍ എത്തിച്ചിരുന്നത്. എന്നാല്‍ വില്‍പ്പന ഇടിഞ്ഞതോടെ ബേസ് വേരിയന്റിന്റെ വില്‍പ്പന നേരത്തെ തന്നെ നിര്‍ത്തി. പിന്നാലെ ടോപ്പ്-എന്‍ഡ് വേരിയന്റിന് കമ്പനി വില ഉയര്‍ത്തിയത് തിരിച്ചടിയായി.

വില്‍പ്പന ഇടിഞ്ഞതോടെ ഈ വേരിയന്റും കമ്പനി വിപണിയില്‍ നിന്ന് പിന്‍വലിച്ചു. എസ്‌യുവി നിര്‍ത്തുന്നതിന് കുറച്ച് മുമ്പാണ് മഹീന്ദ്ര പൂര്‍ണ്ണമായും ലോഡുചെയ്ത റിയര്‍-വീല്‍-ഡ്രൈവ് ട്രിം പുറത്തിറക്കിയത്. 30.68 ലക്ഷം രൂപ പ്രാരംഭ വിലയിലാണ് (എക്‌സ്‌ഷോറൂം, ഡല്‍ഹി) മഹീന്ദ്ര അള്‍ടുറാസ് 2WD ഹൈ വേരിയന്റ് ഇന്ത്യയില്‍ അവതരിപ്പിച്ചത്. മഹീന്ദ്ര ഉടന്‍ തന്നെ അള്‍ടുറാസ് G4-ന് പകരക്കാരനെ ഇറക്കാന്‍ ഉദ്ദേശിക്കുന്നില്ല. അതിനാല്‍ XUV700 ആയിരിക്കും മഹീന്ദ്രയുടെ എസ്‌യുവി നിരയിലെ ഫ്ലാഗ്ഷിപ്പ് മോഡല്‍.


Click it and Unblock the Notifications








