ഇന്ധന വിലയെ തോല്‍പ്പിക്കാം... 2023-ല്‍ എത്തുന്ന ടോപ് 10 സിഎന്‍ജി കാറുകള്‍

ആഗോള വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില ഇടിഞ്ഞാലും അതിന്റെ ഗുണം അനുഭവിക്കാന്‍ വിധി ഇല്ലാത്തവരാണ് ഇന്ത്യക്കാര്‍. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇന്ത്യയിലെ പൊതുമേഖല എണ്ണ കമ്പനികള്‍ നേരിട്ട നഷ്ടം നികത്തുന്നതിനായി അവര്‍ വില കുറക്കാതിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ജനങ്ങള്‍ CNG അടക്കമുള്ള ബദല്‍ മാര്‍ഗങ്ങള്‍ തേടാന്‍ കാരണം.

ഈ വര്‍ഷം ഓട്ടോ എക്‌സ്‌പോയില്‍ ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കിയും ടാറ്റ മോട്ടോര്‍സും തങ്ങളുടെ CNG പോര്‍ട്ട്‌ഫോളിയോ വിപുലീകരിച്ചിരുന്നു. ഈ വര്‍ഷം ഇന്ധന വിലയെ തോല്‍പ്പിക്കാന്‍ എത്തുന്ന മികച്ച ചില CNG കാറുകളെ പരിചയപ്പെടാം.

ഇന്ധന വിലയെ തോല്‍പ്പിക്കാം... 2023-ല്‍ എത്തുന്ന ടോപ് 10 സിഎന്‍ജി കാറുകള്‍

മാരുതി സുസുക്കി ബ്രെസ CNG

മാരുതി സുസുക്കി ബ്രെസയാണ് നമ്മുടെ പട്ടികയിലെ ആദ്യത്തെ കാര്‍. ബ്രെസ കോംപാക്ട് എസ്‌യുവിയുടെ CNG പതിപ്പ് 2023 ഓട്ടോ എക്‌സ്‌പോയില്‍ മാരുതി പ്രദര്‍ശിപ്പിച്ചിരുന്നു. ഇതിനകം തന്നെ മാരുതി മോഡൽ നിരയില്‍ 14 CNG മോഡലുകളുണ്ട്. മാരുതി സുസുക്കി ബ്രെസ CNG-യുടെ വില ഏകദേശം പെട്രോള്‍ വേരിയന്റിനേക്കാള്‍ 70,000 രൂപ കൂടുമെന്നാണ് പ്രതീക്ഷിക്കുന്നത്. പെട്രോള്‍ മോഡില്‍ 100 bhp കരുത്തും 136 Nm ടോര്‍ക്കും CNG മോഡില്‍ 87 bhp പവറും 122 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റര്‍ NA പെട്രോള്‍ എഞ്ചിനാണ് ബ്രെസ CNG-ക്ക് കരുത്തേകുക. ഇതിന് 5 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ മാത്രമാണ് ഓഫര്‍ ചെയ്യുന്നത്. കൂടാതെ കിലോഗ്രാമിന് ഏകദേശം 30 കിലോമീറ്റര്‍ ഇന്ധനക്ഷമത അവകാശപ്പെടാം.

ഹ്യുണ്ടായി ക്രെറ്റ CNG

പട്ടികയിലെ രണ്ടാമത്തെ കാര്‍ ഹ്യൂണ്ടായി ക്രെറ്റ CNG ആണ്. 6-സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനുമായി ജോടിയാക്കിയ 1.4-ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിനിനൊപ്പം ക്രെറ്റ CNG വാഗ്ദാനം ചെയ്യുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. ഈ എഞ്ചിന്‍ 138 bhp കരുത്തും 242 Nm ടോര്‍ക്കും ഉത്പാദിപ്പിക്കും. എങ്കിലും മൊത്തത്തിലുള്ള പവര്‍ ഔട്ട്പുട്ട് CNG മോഡില്‍ കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ടാറ്റ പഞ്ച് CNG

2023 ഓട്ടോ എക്സ്പോയില്‍ ടാറ്റ മോട്ടോര്‍സിന്റെ സ്റ്റാളില്‍ പഞ്ചിന്റെ സിഎന്‍ജി വേരിയന്റ് പ്രദര്‍ശിപ്പിച്ചിരുന്നു. 86 bhp കരുത്തും 113 Nm ടോര്‍ക്കും പുറപ്പെടുവിക്കുന്ന അതേ 1.2-ലിറ്റര്‍, 3-സിലിണ്ടര്‍, NA പെട്രോള്‍ എഞ്ചിന്‍ തന്നെയാകും പഞ്ച് CNG-ക്ക് കരുത്തേകുക. അതേസമയം CNG മോഡില്‍ പവര്‍ 72 bhp യും ടോര്‍ക്ക് 95 Nm ആയും കുറയും. 5 സ്പീഡ് മാനുവല്‍ ഗിയര്‍ ബോക്‌സായിരിക്കും മൈക്രോ എസ്‌യുവിയുടെ ട്രാന്‍സ്മിഷന്‍ ഓപ്ഷന്‍.

ടാറ്റ ആള്‍ട്രോസ് CNG

പഞ്ച് CNG-ക്കൊപ്പം ടാറ്റ മോട്ടോര്‍സ് ആള്‍ട്രോസ് CNG-യും ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. നിലവില്‍ 86 bhp കരുത്തും 113 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 1.2 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് 3-സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനുമായി CNG കിറ്റ് പ്രവര്‍ത്തിക്കും. എന്നിരുന്നാലും, CNG മോഡില്‍ പവറും ടോര്‍ക്കും 72 bhp ആയും ടോര്‍ക്ക് 95 Nm ആയും കുറയും.

കിയ സോനെറ്റ് CNG

പട്ടികയിലെ അടുത്ത കാര്‍ കിയ സോനെറ്റ് CNG ആണ്. കിയ സോനെറ്റിന്റെ CNG പതിപ്പ് ഇന്ത്യന്‍ റോഡുകളില്‍ പരീക്ഷണയോട്ടം നടത്തുന്നത് പലതവണ ശ്രദ്ധയില്‍ പെട്ടിരുന്നു. 1.0 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിനാണ് സോനെറ്റ് CNG-ക്ക് കരുത്തേകുന്നത്. പെട്രോള്‍ മോഡില്‍ കിയ സോനെറ്റിന്റെ 1.0 ലിറ്റര്‍, 3 സിലിണ്ടര്‍, ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ മോട്ടോര്‍ 118 bhp കരുത്തും 172 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. എന്നിരുന്നാലും, CNG മോഡില്‍ ഇത് കുറഞ്ഞ പവറും ടോര്‍ക്ക് കണക്കുകളും തരാനാണ് സാധ്യത.

ടൊയോട്ട അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡര്‍ CNG

മാരുതി അടുത്തിടെ ഗ്രാന്‍ഡ് വിറ്റാര CNG പതിപ്പ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചിരുന്നു. ഇതോടെ കസിനായ ടൊയോട്ട അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡറും ഉടന്‍ തന്നെ CNG കുപ്പായം അണിഞ്ഞെത്തുമെന്ന് ഉറപ്പിക്കാം. 102 bhp പവറും 137 Nm ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന 1.5 ലിറ്റര്‍ K15C പെട്രോള്‍ എഞ്ചിനാണ് ടൊയോട്ട ഹൈറൈഡര്‍ CNG-ക്ക് കരുത്തേകുന്നത്. CNG-യില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഹൈറൈഡര്‍ പവര്‍ 87 bhp ആയും ടോര്‍ക്ക് 121 Nm ആയും കുറയും.

കിയ കാരെന്‍സ് CNG

കിയ കാരെന്‍സ് CNG ഇന്ത്യന്‍ റോഡുകളില്‍ പരീക്ഷണയോട്ടം നടത്തുന്നതിന്റെ ചാരച്ചിത്രങ്ങളും പുറത്ത് വന്നിരുന്നു. ലോഞ്ച് ചെയ്യുമ്പോള്‍ നിലവിലുള്ള പെട്രോള്‍, ഡീസല്‍ പവര്‍ട്രെയിനുകള്‍ക്കൊപ്പം മോഡലിന്റെ ശ്രേണിയില്‍ മൂന്നാമത്തെ ഇന്ധന ഓപ്ഷനും കാരെന്‍സിന് ഉണ്ടായിരിക്കും. കിയ കാരെന്‍സിന്റെ വരാനിരിക്കുന്ന CNG പതിപ്പ് 6-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സുമായി ജോടിയാക്കിയ 1.4-ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനിലാകും വാഗ്ദാനം ചെയ്യുക.

ഹ്യുണ്ടായി i20 CNG

കൊറിയന്‍ വാഹന ഭീമന്‍മാര്‍ ഇന്ത്യയിലെ അവരുടെ CNG മോഡല്‍നിര ശക്തിപ്പെടുത്താനാണ് പദ്ധതിയിടുന്നത്. നിലവില്‍ ഹ്യുണ്ടായി ഓറ, ഗ്രാന്‍ഡ് i10 നിയോസ് എന്നിവയാണ് ഹ്യുണ്ടായി CNG-യില്‍ ഓഫര്‍ ചെയ്യുന്നത്. 5-സ്പീഡ് ട്രാന്‍സ്മിഷനുമായി ജോടിയാക്കിയ 82 bhp കരുത്തും 115 Nm ടോര്‍ക്ക് നല്‍കുന്ന 1.2-ലിറ്റര്‍ NA പെട്രോള്‍ എഞ്ചിനാണ് ഹ്യുണ്ടയി i20 CNG-ക്ക് കരുത്ത് പകരുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നിരുന്നാലും CNG മോഡില്‍ ഹ്യുണ്ടായി i20-യുടെ പവര്‍ ഔട്ട്പുട്ടില്‍ കുറവ് നേരിടാന്‍ സാധ്യത കാണുന്നു.

ടാറ്റ നെക്‌സോണ്‍ CNG

പട്ടികയില്‍ ഇടംപിടിച്ച മറ്റൊരു ടാറ്റ വാഹനമാണ് ടാറ്റ നെക്‌സോണ്‍ CNG. ടാറ്റ മോട്ടോര്‍സ് ഈ വര്‍ഷം അവസാനത്തോടെ നെക്സോണിന്റെ CNG വകഭേദം പുറത്തിറക്കുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. 1.2 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനുമായാകും ഇത് എത്തുക.

സിട്രണ്‍ C3 CNG

സിട്രണ്‍ അടുത്തിടെ സിട്രണ്‍ eC3 ഇലക്ട്രിക് കാര്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചിരുന്നു. ഫ്രഞ്ച് കമ്പനി ഉടന്‍ തന്നെ സിട്രണ്‍ C3 യുടെ CNG പതിപ്പ് പുറത്തിറക്കിയേക്കും. CNG-യില്‍ എത്തുന്ന 1.2 ലിറ്റര്‍, നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിന്‍ നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Most Read Articles

Malayalam
English summary
List of 10 upcoming cng cars to debut in india this year in malayalam
Story first published: Tuesday, January 24, 2023, 12:04 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X