വില 15 ലക്ഷം രൂപയില്‍ താഴെ; ആഢംബര ക്യാബിനില്‍ സുഖിച്ച് പോകാവുന്ന എസ്‌യുവികള്‍ ഇതാ
സ്‌പോര്‍ട് യൂടിലിറ്റി വെഹിക്കിളുകള്‍ക്ക് (എസ്‌യുവി) ഇന്ത്യയടക്കം മൊത്തം ലോക രാജ്യങ്ങളില്‍ ലഭിച്ച് കൊണ്ടിരിക്കുന്ന സ്വീകാര്യതക്ക് പ്രത്യേക വിവരണം ആവശ്യമില്ല. ഇന്ന് പെര്‍ഫോമന്‍സ് കാറുകളേക്കാള്‍ ഉപരി ഫീച്ചര്‍ റിച്ച് കാറുകള്‍ക്ക് പിന്നാലെയാണ് ജനങ്ങള്‍. മുടക്കുന്ന പണത്തിനൊത്ത മൂല്യവും അതിനൊത്ത ആഢംബരവുമാണ് ഏവരും കാര്‍ വാങ്ങുമ്പോള്‍ ആഗ്രഹിക്കുന്നത്.
തങ്ങള്‍ ഏറ്റവും കൂടുതല്‍ സമയം ചെലവഴിക്കുന്ന ക്യാബിനില്‍ പ്രത്യേകിച്ചും വേണ്ടുവോളം സുഖസൗകര്യങ്ങള്‍ വേണമെന്ന് ആഗ്രഹിക്കുന്നതില്‍ തെറ്റില്ലെല്ലോ. ഇന്ന് നമ്മുടെ വിപണി നോക്കിയാല്‍ ആഢംബരം തുളുമ്പുന്ന ക്യാബിനുമായി എത്തുന്ന നിരവധി എസ്‌യുവികള്‍ നമുക്ക് കാണാം. ആഢംബര ക്യാബിനും പണത്തിനൊത്ത മൂല്യവുമുള്ള 15 ലക്ഷം രൂപയില്‍ താഴെ വിലയുമുള്ള എസ്‌യുവികളെ കുറിച്ചാണ് ഇനി നമ്മള്‍ പറയാന്‍ പോകുന്നത്.

ടാറ്റ പഞ്ച്: 5.99 ലക്ഷം രൂപ മുതല്‍ 9.53 ലക്ഷം രൂപ വരെ (എക്‌സ്‌ഷോറൂം) വിലയിലാണ് ടാറ്റ ഈ സബ് കോംപാക്ട് എസ്‌യുവി വാഗ്ദാനം ചെയ്യുന്നത്. NCAP ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ റേറ്റിംഗ് സ്വന്തമാക്കിയ അതിന്റെ സെഗ്മെന്റിലെ ഒരേയൊരു വാഹനമാണ് ടാറ്റ പഞ്ച്. നിരവധി പ്രീമിയം ഫീച്ചറുകളാണ് ടാറ്റ പഞ്ചിന്റെ ക്യാബിനില്‍ ടാറ്റ ഒരുക്കിയിരിക്കുന്നത്.
ലെതര്‍ സ്റ്റിയറിംഗ് വീലും ഗിയര്‍ നോബും, കൂള്‍ഡ് ഗ്ലോവ് ബോക്സ്, ആപ്പിള്‍ കാര്‍പ്ലേയും ആന്‍ഡോയിഡ് ഓട്ടോയും പിന്തുണയ്ക്കുന്ന 17.78 സെന്റിമീറ്റര്‍ ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍, 7 ഇഞ്ച് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, കാഷ് അലര്‍ട്ടുകള്‍, ഡയഗ്നോസ്റ്റിക് റിപ്പോര്‍ട്ടുകള്‍, ഇന്‍ട്രൂഷന്‍ അലര്‍ട്ടുകള്‍ എന്നിവ നല്‍കുന്ന കണക്റ്റഡ് കാര്‍ ഫീച്ചറുകള്‍ തുടങ്ങിയവ ടാറ്റ പഞ്ചില്‍ സജ്ജീകരിച്ചിരിക്കുന്നു.

മഹീന്ദ്ര XUV300: 9.60 ലക്ഷം രൂപ മുതല്‍ 13.20 ലക്ഷം രൂപ വരെയാണ് മഹീന്ദ്ര XUV300 എസ്‌യുവിയുടെ എക്‌സ്‌ഷോറൂം വില. ആഢംബര ക്യാബിനുമായി ബജറ്റ് വിലയില്‍ കിട്ടുന്ന മറ്റൊരു എസ്‌യുവിയാണ് മഹീന്ദ്ര XUV300.
ഡ്യുവല്‍-സോണ്‍ ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ആന്റി-പിഞ്ച് സാങ്കേതികവിദ്യയുള്ള ഇലക്ട്രിക് സണ്‍റൂഫ്, ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍, ഡൈനാമിക് അസിസ്റ്റുള്ള റിയര്‍ പാര്‍ക്കിംഗ് ക്യാമറ, സ്റ്റിയറിംഗ് മൗണ്ടഡ് കണ്‍ട്രോളുകള്‍, ഓട്ടോ-ഡിമ്മിംഗ് ഐആര്‍വിഎം, സെഗ്മെന്റ് ഫസ്റ്റ് ഫീച്ചറായ ടയര്‍ പൊസിഷന്‍ ഡിസ്‌പ്ലേ എന്നീ ഫീച്ചറുകള്‍ മഹീന്ദ്ര XUV300 എസ്‌യുവിയുടെ ക്യാബിന്‍ അതി ഗംഭീരമാക്കുന്നു.
ഹ്യുണ്ടായി ക്രെറ്റ: 11.89 ലക്ഷം മുതല്‍ 18.34 ലക്ഷം വരെയാണ് ഹ്യുണ്ടായി ക്രെറ്റയുടെ എക്സ്‌ഷോറൂം, വില. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മിഡ്‌സൈസ് എസ്‌യുവിയാണ് ഹ്യുണ്ടായി ക്രെറ്റ. വാഹനത്തില്‍ നിരവധി ഫീച്ചറുകള്‍ ഉള്‍ക്കൊള്ളിച്ച് തന്നെയാണ് ഹ്യുണ്ടായി ക്രെറ്റ ഇത്രയും വിപുലമായ ഒരു ഫാന്‍ബേസ് സൃഷ്ടിച്ചെടുത്തത്.
വെന്റിലേറ്റഡ് മുന്‍ സീറ്റുകള്‍, കൂള്‍ഡ് ഗ്ലോവ്ബോക്സ്, പിന്‍സീറ്റിലെ യാത്രക്കാര്‍ക്കായി കപ്പ് ഹോള്‍ഡറുകളുള്ള സെന്റര്‍ ആംറെസ്റ്റ്, ഓണ്‍ബോര്‍ഡ് എയര്‍ ഫില്‍ട്ടറേഷന്‍ സിസ്റ്റം എന്നിവ ക്രെറ്റയുടെ പ്രീമിയം ക്യാബിനിലെ ചില ഹൈലൈറ്റുകള്‍ മാത്രമാണ്. എസ്‌യുവിയുടെ ഉയര്‍ന്ന വേരിയന്റുകളിലേക്ക് പോയാല്‍ വോയ്സ് എനാബ്ള്‍ഡ് പനോരമിക് സണ്‍റൂഫ്, വയര്‍ലെസ് ചാര്‍ജര്‍, ആംബിയന്റ് ലൈറ്റിംഗ് എന്നിവയും കൊറിയന്‍ കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.
സ്‌കോഡ കുഷാഖ്: 11.59 ലക്ഷം രൂപ മുതല്‍ 19.69 ലക്ഷം രൂപ (എക്‌സ്-ഷോറൂം) വരെയാണ് സ്‌കോഡ കുഷാഖിന്റെ വില നീളുന്നത്. ഫോക്സ്വാഗന്റെ MQB AO IN പ്ലാറ്റ്ഫോമില്‍ അരങ്ങേറ്റം കുറിച്ച ആദ്യത്തെ ഉല്‍പ്പന്നമാണ് സ്‌കോഡ കുഷാഖ്. അകത്തളത്തിലെ സൗകര്യങ്ങള്‍ക്കും സേഫ്റ്റിയിലും വിട്ടുവീഴ്ച ചെയ്യാതെ നിരവധി ബോഡി ശൈലിയിലുള്ള വാഹനങ്ങള്‍ ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പ് ഈ പ്ലാറ്റ്‌ഫോമില്‍ വികസിപ്പിച്ചിട്ടുണ്ട്.
വണ്ടിയുടെ റേഞ്ച് തന്നെ ഉയര്‍ത്തുന്നത് അതിന്റെ ആഢംബരം തുളുമ്പുന്ന ക്യാബിനാണ്. സ്‌കോഡയുടെ വിഖ്യാതമായ ലെതറില്‍ പൊതിഞ്ഞ ടു-സ്പോക്ക് സ്റ്റിയറിംഗ് വീല്‍ മുതല്‍ ടച്ച് കണ്‍ട്രോള്‍ പാനലിലും വെന്റിലേറ്റഡ് മുന്‍ സീറ്റുകളിലടക്കം ഇത് കാണാം. ഓട്ടോ-ഡിമ്മിംഗ് റിയര്‍വ്യൂ മിറര്‍, പനോരമിക് സണ്‍റൂഫ്, 10 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍ തുടങ്ങിയവ സ്‌കോഡ് കുഷാഖിന്റെ ഇന്റീരിയറിന്റെ മറ്റ് പ്രധാന സവിശേഷതകളാണ്.

മഹീന്ദ്ര XUV700: 13.95 ലക്ഷം രൂപ മുതല്‍ 23.59 ലക്ഷം രൂപ വരെയാണ് എസ്‌യുവികളിലെ പുത്തന്‍ സെന്‍സേഷനായ മഹീന്ദ്ര 700-യുടെ എക്‌സ്-ഷോറൂം വില. അള്‍ടുറാസ് G4 വിടവാങ്ങിയതോടെ മഹീന്ദ്രയുടെ എസ്‌യുവി നിരയിലെ ഫ്‌ലാഗ്ഷിപ്പ് മോഡലാണ് മഹീന്ദ്ര XUV700. അതിനാല്‍ തന്നെ ഒരു പ്രീമിയം ക്യാബിന്‍ തന്നെയാണ് XUV700-യുടെ ഓഫര്‍. ഒരു വലിയ പനോരമിക് സണ്‍റൂഫ് മുതല്‍ ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീനും ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും ഉള്‍ക്കൊള്ളുന്ന ഡ്യുവല്‍ HD സൂപ്പര്‍സ്‌ക്രീന്‍ വരെ ഇതിന്റെ പ്രധാന ഹൈലൈറ്റുകളാണ്.
AdrenoX കണക്റ്റിവിറ്റി ഫീച്ചറുകളുടെ ബലത്തില്‍ നിങ്ങളുടെ വാഹനം തത്സമയം ട്രാക്ക് ചെയ്യാനും വിദൂരത്ത് നിന്ന് വണ്ടി ലോക്ക് ചെയ്യാനും അണ്‍ലോക്ക് ചെയ്യാനും നിങ്ങള്‍ക്ക് പറ്റും. ക്യാബിന്‍ ഒരുക്കാന്‍ ഉപയോഗിച്ചിരിക്കുന്ന സോഫ്റ്റ്-ടച്ച് മെറ്റീരിയലുകള്‍ പ്രീമിയം ഫീല്‍ ഉയര്‍ത്തുന്നു. വെന്റിലേറ്റഡ് സീറ്റുകള്‍ ഇല്ലെന്നതാണ് ഒരു കുറവായി തോന്നുന്നത്. 15 ലക്ഷം രൂപയില്‍ താഴെ ബജറ്റുമായി കിടിലന്‍ യാത്ര സുഖവും പ്രീമിയം ക്യാബിന്‍ ഫീലും വാഗ്ദാനം ചെയ്യുന്ന ചില കാറുകളാണ് മുകളില്‍ പരിചയപ്പെടുത്തിയത്. നിങ്ങള്‍ ഇതില്‍ ഏത് കാറാകും തെരഞ്ഞെടുക്കുക. കമന്റ് ബോക്‌സില്‍ രേഖപ്പെടുത്തുമല്ലോ.


Click it and Unblock the Notifications