ക്ലച്ചിനോട് ബൈ ബൈ പറയാം! പോക്കറ്റ് കീറാതെ 8 ലക്ഷം ബജറ്റിൽ വരുന്ന ഓട്ടോമാറ്റിക് കാറുകൾ
ഇക്കാലത്തെ സിറ്റി ട്രാഫിക്കിലും മറ്റും ഒരു മാനുവൽ മോഡൽ ഓടിക്കുക എന്നത് ഇടത് കാൽ മുട്ടിന്റെ കാര്യത്തിൽ തീരുമാനമാക്കുന്നതിന് തുല്യമാണ്. മാനുവലിനോട് ഒട്ടും താൽപര്യം കുറഞ്ഞിട്ടല്ല, ഇപ്പോഴത്തെ റോഡിലെ തിക്കും തിരക്കും ദൈനം ദിനം കൈകാര്യം ചെയ്യ്ത് മടുത്തിട്ടാവും ഒരു 50 ശതമാനം പേർ എങ്കിലും ഇന്ന് ഓട്ടോമാറ്റിക് വാഹനങ്ങൾക്ക് പിന്നാലെ പോവുന്നത്.
ഇത് എന്റെ അഭിപ്രായമാണ്, ഞാൻ പറയുന്നതിനോട് എതിരഭിപ്രായമുള്ളവർക്ക് അവരുടെ അഭിപ്രായങ്ങൾ കമന്റിൽ രേഖപ്പെടുത്താം. എന്നിരുന്നാലും സൗകര്യവും കംഫർട്ടും കാരണമാണ് ഇന്ന് ഓട്ടോമാറ്റിക് ഗിയർബോക്സുമായി വരുന്ന മോഡലുകൾക്ക് ഒരു പരിധിവരെ പ്രചാരം ഏറി വരുന്നത്. പിന്നെ മുമ്പത്തേക്കാൾ പെർഫോമെൻസിന്റെയും മൈലേജിന്റെയും കാര്യത്തിൽ ഇവ മേൽകൈ കൈവരിച്ചിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്.

പിൽക്കാലങ്ങളിൽ തീരെ കുറവ് മൈലേജ് നൽകിയിരുന്ന ഓട്ടോമാറ്റിക് മോഡലുകളുമായി താരതമ്യപ്പെടുത്തുമ്പോൾ, പുത്തൻ മോഡലുകൾ പുലികളാണ്. അതിനാൽ തന്നെ ദൈനംദിന സിറ്റി യാത്രകൾക്ക് ഇന്ന് പലർക്കും ഇഷ്ടം ഓട്ടോമാറ്റിക് കാറുകളാണ് എന്ന് നിസംശയം പറയാം. അതിനാൽ തന്നെ സാധാരണക്കാരനും ഇന്ന് ഒരു ഓട്ടോമാറ്റിക് പതിപ്പ് സ്വന്തമാക്കണം എന്ന് വളരെയധികം ആഗ്രഹിക്കുന്നു.
അതിനാൽ തന്നെ ഇന്ന് പല പ്രമുഖ വാഹന നിർമ്മാതാക്കളും പ്രീമിയം മോഡലുകളിൽ നിന്ന് ഓട്ടോമാറ്റിക് ഓപ്ഷൻ താങ്ങാനാവുന്ന കാറുകളിലേക്കും എത്തിച്ചിരിക്കുകയാണ്. മുമ്പ് ഇന്ത്യൻ വിപണിയിൽ 10 ലക്ഷം ബജറ്റിൽ വരുന്ന ഓട്ടോമാറ്റിക് കാറുകൾ ഞങ്ങൾ ലിസ്റ്റ് ചെയ്തിരുന്നു, എന്നാൽ ഈ ലേഖനത്തിൽ അതിലും കുറഞ്ഞ ബജറ്റിൽ വരുന്ന മോഡലുകളെ ഞങ്ങൾ പരിചയപ്പെടുത്താം.

1. മാരുതി സുസുക്കി ആൾട്ടോ K10: 5.61 ലക്ഷം മുതൽ 5.90 ലക്ഷം രൂപ വരെ എക്സ്-ഷോറൂം വിലയ്ക്ക് എത്തുന്ന മാരുതി സുസുക്കിയുടെ ഏറ്റവും ചെറിയ മോഡലായ ആൾട്ടോ ഓട്ടോമാറ്റിക് ഗിയർബോക്സുള്ള ഏറ്റവും താങ്ങാനാവുന്ന കാർ കൂടിയാണ് എന്ന് നിസംശയം പറയാം. ആൾട്ടോ K10 ന് അഞ്ച് സ്പീഡ് AMT ട്രാൻസ്മിഷൻ ലഭിക്കുന്നത് ടോപ്പ്-സ്പെക്ക് VXi, VXi+ വേരിയന്റുകളിൽ മാത്രമാണ്.
മാനുവൽ ഗിയർബോക്‌സുമായി താരതമ്യപ്പെടുത്തുമ്പോൾ AMT -യ്ക്ക് അല്പം അലസത അനുഭവപ്പെടുന്നു എന്നത് വാസ്തവമാണ്, പക്ഷേ ഇത് ട്രാഫിക്കിൽ വളരെ കംഫർട്ടബിളായും ഈസിയായും പ്രവർത്തിക്കുന്നു. സ്പെയ്സും താങ്ങാനാവുന്ന വിലയും പോലെ നിരവധി വിട്ടുവീഴ്ചകൾ ഉണ്ടായിരുന്നിട്ടും, വാഹനത്തിന്റെ അടിസ്ഥാന മൂല്യങ്ങൾ കേടുപാടില്ലാതെ അതേപടി നിലനിൽക്കുന്നു.

2. മാരുതി സുസുക്കി എസ് പ്രെസ്സോ: ആൾട്ടോ K10 -ന് സമാനമായി, എസ്-പ്രെസ്സോയ്ക്ക് VXi (O), VXi+ (O) എന്നീ രണ്ട് വകഭേദങ്ങളിൽ അഞ്ച് സ്പീഡ് AMT യൂണിറ്റ് ലഭിക്കും. ഇതിലുള്ള ഓട്ടോമാറ്റിക് ഗിയർബോക്‌സ് ത്രോട്ടിൽ ഇൻപുട്ടുകളോട് വളരെ നന്നായി പ്രതികരിക്കുന്നു.
എന്നാൽ പെട്ടെന്നുള്ള ഓവർടേക്കുകൾക്ക് ആക്സിലറേറ്റർ ചവിട്ടി പിടിച്ചാലേ പറ്റൂ. ഇത് ഒരു വൻ ലുക്കുള്ള മോഡൽ ആയിരിക്കില്ലെങ്കിലും, താരതമ്യേന സ്പെയ്സുള്ളതും നന്നായി സജ്ജീകരിച്ചിരിക്കുന്നതുമായ ക്യാബിൻ, ഈസി ഡ്രൈവ് എന്നിവ ഇത് വാഗ്ദാനം ചെയ്യുന്നുണ്ട്. 5.77 ലക്ഷം മുതൽ 6.06 ലക്ഷം രൂപ വരെയാണ് ഇതിന്റെ എക്സ്-ഷോറൂം വില.

3. റെനോ ക്വിഡ്: ടോപ്പ് സ്പെക്ക് RXT, ക്ലൈംബർ ട്രിമ്മുകളിൽ റെനോ ക്വിഡിന് AMT ഓപ്ഷൻ ലഭിക്കുന്നു. AMT -യുടെ സാധാരണമായ 'ഹെഡ് നോഡ്' വളരെ സൗമ്യമാണ്, ഒരിക്കൽ നീങ്ങി കഴിഞ്ഞാൽ, ഷിഫ്റ്റുകൾ വളരെ സുഗമമാണ്. പാർട്ട്-ത്രോട്ടിൽ ഇൻപുട്ടുകളും പ്രവചനാതീതമായ ഷിഫ്റ്റുകളും ഉപയോഗിച്ച് ഡ്രൈവ് ചെയ്യുമ്പോൾ ക്വിഡിന്റെ AMT മികച്ച രീതിയിൽ പ്രവർത്തിക്കുന്നു.
എന്നിരുന്നാലും, ത്രോട്ടിൽ ഇൻപുട്ടിലെ പെട്ടെന്നുള്ള മാറ്റങ്ങളോട് ഇത് അത്ര നന്നായി പ്രതികരിക്കുന്നില്ല എന്നതാണ് സത്യം. 1.0 ലിറ്റർ എഞ്ചിന്റെ പ്രകടനം സിറ്റി ഉപയോഗത്തിന് വളരെ നല്ലതാണ്, കൂടാതെ നഗരത്തിന് പുറത്തുള്ള ദീർഘദൂര ഡ്രൈവുകൾക്കും സ്വീകാര്യമാണ്. 6.13 ലക്ഷം മുതൽ 6.33 ലക്ഷം രൂപ വരെ എക്സ്-ഷോറൂം വിലയ്ക്കാണ് മോഡൽ വിൽപ്പനയ്ക്ക് എത്തുന്നത്.

4. മാരുതി സുസുക്കി സെലേറിയോ: 6.39 ലക്ഷം രൂപ മുതൽ 7.15 ലക്ഷം രൂപ വരെ എക്സ്-ഷോറൂം വിലയ്ക്ക് എത്തുന്ന സെലേറിയോയിൽ VXi, ZXi, ZXi+ വേരിയന്റുകളിൽ അഞ്ച് സ്പീഡ് AMT -യാണ് മാരുതി സുസുക്കി വാഗ്ദാനം ചെയ്യുന്നത്. ഈ AMT-യുടെ ഗിയർഷിഫ്റ്റുകൾ, ഭൂരിഭാഗവും, സമയബന്ധിതമാണ്.
കൂടാതെ ഷിഫ്റ്റുകൾക്കിടയിലുള്ള ലാഗ് നന്നായി അടങ്ങിയിരിക്കുന്നു. ഗിയർ ലിവർ വഴി മാനുവലായി ഗിയർ ചേഞ്ച് ചെയ്യാനുള്ള ഓപ്ഷനും ഇത് നൽകുന്നു. സെലേറിയോ ഓടിക്കാൻ വളരെ എളുപ്പവും കംഫർട്ടബിളുമാണ്, കൂടാതെ മുൻ തലമുറ മോഡലിനെപ്പോലെ, ഒരു സിറ്റി കാറിന് വളരെ മികച്ച ചോയിസായി തുടരുന്നു.

5. മാരുതി സുസുക്കി വാഗൺആർ: 1.0 ലിറ്റർ പെട്രോൾ, 1.2 ലിറ്റർ പെട്രോൾ എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്ന ഈ ലിസ്റ്റിലെ ആദ്യത്തെ കാറാണ് വാഗൺആർ. 6.55 ലക്ഷം മുതൽ 7.31 ലക്ഷം രൂപ വരെ എക്സ്-ഷോറൂം വിലയ്ക്ക് എത്തുന്ന വാഹനത്തിന്റെ VXi, ZXi, ZXi+ വേരിയന്റുകളിൽ ഓട്ടോമാറ്റിക് ഗിയർബോക്‌സ് കമ്പനി വാഗ്ദാനം ചെയ്യുന്നു.
അർബൻ ഉപഭോക്താക്കൾ ഈ AMT -യെ ഇരു കൈയ്യും നീട്ടി സ്വീകരിക്കുന്നു. അവിശ്വസനീയമാംവിധം പ്രവർത്തനക്ഷമമായ ബജറ്റ് കാറിന്റെ പഴക്കമുള്ള ഫോർമുല വാഗൺആർ യാതൊരു മാറ്റവും കൂടാതെ നിലനിർത്തുന്നു, അതോടൊപ്പം വിശാലതയ്ക്കും പ്രായോഗികതയ്ക്കും ഇന്നും മാരുതിയുടെ ഈ ടോൾ ബോയ് ഹാച്ച്ബാക്ക് പേരുകേട്ടതാവുന്നു.


Click it and Unblock the Notifications








