ഇവയാണ് ഇന്ത്യൻ വാഹന വിപണിയെ ആവേശം കൊള്ളിച്ച കാറുകൾ; 2023 -ലെ ലോഞ്ചുകളിലേക്ക് ഒരു തിരിഞ്ഞുനോട്ടം
2023 കലണ്ടർ വർഷം, നിരവധി പുതിയ മോഡലുകളും ഫെയ്‌സ്‌ലിഫ്റ്റുകളും സ്പെഷ്യൽ എഡിഷനുകളും ഉൾക്കൊള്ളുന്ന ഒട്ടനവധി മോഡലുകളുടെ ലോഞ്ചിന് സാക്ഷ്യം വഹിച്ചു. എൻട്രി ലെവൽ മുതൽ അത്യാഡംബര മോഡലുകൾ വരെ നിരവധി കാറുകളാണ് വിപണിയിൽ എത്തിയത്. ഇവയിൽ ചില മോഡലുകൾ പല കാരണങ്ങളാൽ മറ്റുള്ളവയേക്കാൾ പ്രാധാന്യത്തോടെ നിലകൊള്ളുന്നു. ഈ വർഷം വിപണിയിൽ എത്തിയ ശ്രദ്ധേയമായ 11 പുതിയ കാറുകൾ ഏതെല്ലാമാണ് എന്ന് നമുക്ക് നോക്കാം.
മാരുതി ഫ്രോങ്ക്സ്, ജിംനി, ഇൻവിക്ടോ: ഇന്ത്യയിലെ ഏറ്റവും വലിയ പാസഞ്ചർ വാഹന നിർമ്മാതാക്കളായ മാരുതി സുസുക്കിയിൽ നിന്ന് നമുക്ക് ഈ ലിസ്റ്റ് ആരംഭിക്കാം. ഫ്രോങ്ക്സ് കോംപാക്ട് ക്രോസ്ഓവർ, ജിംനി ഓഫ് റോഡ് എസ്‌യുവി, ഇൻവിക്ടോ പ്രീമിയം ഹൈബ്രിഡ് എംപിവി എന്നിങ്ങനെ മൂന്ന് വലിയ പ്രൊഡക്ട് ലോഞ്ചുകളിലൂടെ ഇന്തോ-ജാപ്പനീസ് വാഹന നിർമ്മാതാക്കൾ എസ്‌യുവി സെഗ്‌മെന്റിൽ തങ്ങളുടെ സ്ഥാനം ശക്തിപ്പെടുത്തുന്നു.

2023 ഏപ്രിലിൽ ലോഞ്ച് ചെയ്ത മാരുതി സുസുക്കി ഫ്രോങ്ക്സ് കമ്പനിക്ക് മാന്യമായ വിൽപ്പന വാഗ്ദാനം ചെയ്യുന്നു. നിലവിൽ 7.46 ലക്ഷം മുതൽ 13.13 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്സ്-ഷോറൂം വില. സിഗ്മ, ഡെൽറ്റ, ഡെൽറ്റ+, സീറ്റ, ആൽഫ എന്നീ അഞ്ച് വകഭേദങ്ങളിലായി മോഡൽ ലൈനപ്പ് വ്യാപിച്ചു കിടക്കുന്നു.
100 bhp മാക്സ് പവറും 147 Nm പീക്ക് torque ഉം പുറപ്പെടുവിക്കുന്ന 1.0 ലിറ്റർ ബൂസ്റ്റർജെറ്റ് ടർബോ പെട്രോൾ അല്ലെങ്കിൽ 90 bhp പരമാവധി പവർ നൽകുന്ന 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ എന്നിവയിൽ ഇത് ലഭ്യമാകും.

12.74 ലക്ഷം മുതൽ 15.05 ലക്ഷം രൂപ വരെ എക്സ്-ഷോറൂം വിലയ്ക്കാണ് ജിംനി എത്തുന്നത്. സീറ്റ, ആൽഫ എന്നീ രണ്ട് വകഭേദങ്ങളിലാണ് മാരുതി ജിംനി ജൂണിൽ അവതരിപ്പിച്ചത്. എന്നിരുന്നാലും, ഓഫ്-റോഡ് എസ്‌യുവി ഇപ്പോൾ 2.3 ലക്ഷം രൂപ വരെ കിഴിവിലാണ് വിൽക്കുന്നത്. വാഹനത്ന്റെ എൻട്രി-ലെവൽ വേരിയന്റ് 10.74 ലക്ഷം രൂപയ്ക്ക് ഇപ്പോൾ ലഭ്യമാണ്.
അതിനാൽ ഹാർഡ് ടോപ്പ് വേരിയന്റുള്ള എൻട്രി-ലെവൽ ഥാർ പെട്രോൾ 4WD MT-യെക്കാൾ ഏകദേശം 4.0 ലക്ഷം രൂപ ഇതിന് കുറവാണ് എന്നത് ശ്രദ്ധിക്കണം. അഞ്ച്-സ്പീഡ് മാനുവൽ , നാല്-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകളുള്ള 105 bhp, 1.5 ലിറ്റർ, ഫോർ സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാണ് ജിംനിയുടെ ഹൃദയം.

ഇന്നോവ ഹൈക്രോസ് എംപിവിയെ അടിസ്ഥാനമാക്കിയുള്ള ഇന്തോ-ജാപ്പനീസ് വാഹന നിർമ്മാതാക്കളിൽ നിന്നുള്ള ആദ്യത്തെ റീ-ബാഡ്ജ് ചെയ്ത ടൊയോട്ട മോഡലാണ് മാരുതി സുസുക്കി ഇൻവിക്ടോ. വാഹനത്തിന്റെ വില ജൂലൈയിൽ കമ്പനി പ്രഖ്യാപിച്ചു, നിലവിൽ 24.82 ലക്ഷം മുതൽ 28.42 ലക്ഷം രൂപ വരെ എക്സ്-ഷോറൂം വിലയ്ക്ക് എംപിവി ലഭ്യമാണ്.
ടൊയോട്ടയുടെ TNGA-C 'ഹൈ' പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി വരുന്ന, പ്രീമിയം എംപിവി 2.0 ലിറ്റർ, ഫോർ -സിലണ്ടർ എഞ്ചിനും ഒരു ഇലക്ട്രിക് മോട്ടോറുമാണ് ഉപയോഗിക്കുന്നത്. ഇവയുടെ സംയുക്ത പവർ ഔട്ട്പുട്ട് 186 bhp -യാണ്. മാരുതി സുസുക്കിയിൽ നിന്നുള്ള ആദ്യത്തെ ഹൈബ്രിഡ്-ഒൺലി, ഓട്ടോമാറ്റിക്-ഒൺലി കാറാണ് ഇൻവിക്ടോ എന്നത് ശ്രദ്ധേയമാണ്.

ഹ്യുണ്ടായി അയോണിക് 5, വെർണ, എക്സ്റ്റർ: ഹ്യുണ്ടായി തങ്ങളുടെ ഗ്ലോബൽ അയോണിക് 5 ഇലക്ട്രിക് ക്രോസ്ഓവർ ഇന്ത്യയിൽ അവതരിപ്പിച്ചുകൊണ്ടാണ് ഈ വർഷം ആരംഭിച്ചത്. തുടക്കത്തിൽ 44.95 ലക്ഷം രൂപ പ്രാരംഭ വിലയിൽ ലഭ്യമായ മോഡലിന് ഇപ്പോൾ 45.95 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില വരുന്നത്. അയോണിക് 5 -ൽ 72.6 kWh ബാറ്ററി പായ്ക്കും ഇലക്ട്രിക് മോട്ടോറും വരുന്നു.
ഇവ 217 bhp പവറും 350 Nm torque ഉം പുറപ്പെടുവിക്കുന്നു. ഒറ്റത്തവണ ചാർജ് ചെയ്താൽ 631 കിലോമീറ്റർ റേഞ്ചാണ് ഇലക്ട്രിക് ക്രോസ്ഓവർ വാഗ്ദാനം ചെയ്യുന്നത്. സൂപ്പർഫാസ്റ്റ് 800V ചാർജർ ഉപയോഗിച്ച് 10 മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാൻ ഇതിന്റെ ബാറ്ററിയ്ക്ക് വെറും 18 മിനിറ്റ് മാത്രമേ എടുക്കൂ.

ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളിൽ നിന്നുള്ള ഈ വർഷത്തെ രണ്ടാമത്തെ പ്രധാന ലോഞ്ചായിരുന്നു പുതിയ തലമുറ ഹ്യുണ്ടായി വെർണ. EX, S, SX, SX (O) എന്നീ നാല് വകഭേദങ്ങളിലും ടൈറ്റൻ ഗ്രേ, ടൈഫൂൺ സിൽവർ, സ്റ്റാറി നൈറ്റ്, അറ്റ്ലസ് വൈറ്റ്, അബിസ് ബ്ലാക്ക്, ഫിയറി റെഡ്, ടെല്ലൂറിയൻ ബ്രൗൺ എന്നീ ഏഴ് കളർ ഓപ്ഷനുകളിലും സെഡാൻ ലൈനപ്പിനെ കമ്പനി ലഭ്യമാക്കിയിട്ടുണ്ട്.
മോഡലിൽ സമഗ്രമായ മാറ്റങ്ങൾ ഹ്യുണ്ടായി വരുത്തിയിട്ടുണ്ട് എന്ന് പറയാം. പുതിയ വെർണ നിലവിൽ 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ (115 bhp പവർ/144 Nm torque), 1.5 ലിറ്റർ ടർബോ പെട്രോൾ (160 bhp പവർ/253 Nm torque) എഞ്ചിനുകളിൽ ലഭ്യമാണ്.

പുതിയ എക്‌സ്‌റ്ററുമായി, ടാറ്റ പഞ്ചിനെ വെല്ലുവിളിക്കാൻ മൈക്രോ എസ്‌യുവി സെഗ്‌മെന്റിലേക്കുള്ള പ്രവേശനം ഹ്യുണ്ടായി അടയാളപ്പെടുത്തി. ദക്ഷിണ കൊറിയൻ വാഹന നിർമ്മാതാക്കളുടെ ഇന്ത്യയിലെ ഏറ്റവും ചെറുതും താങ്ങാനാവുന്നതുമായ എസ്‌യുവി മോഡലാണിത് എന്ന് നമുക്ക് ഏവർക്കും അറിയാം. ലോഞ്ച് ചെയ്തതു മുതൽ മാന്യമായ പ്രകടനമാണ് വാഹനം കാഴ്ച്ചവെയ്ക്കുന്നത്.
ഹ്യുണ്ടായി എക്‌സ്‌റ്ററിന് ഹുഡിന് അടിയിൽ കീഴിൽ, 83 bhp പവറും 114 Nm torque ഉം സൃഷ്ടിക്കുന്ന 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാണ് വരുന്നത്. സിഎൻജി ഫ്യുവൽ ഓപ്ഷനിലും ഇത് ലഭിക്കും. 6.0 ലക്ഷം മുതൽ 10.15 ലക്ഷം രൂപ വരെയാണ് മൈക്രോ എസ്‌യുവിയുടെ എക്സ്-ഷോറൂം വില.

മഹീന്ദ്ര XUV400 ഇവി: മഹീന്ദ്ര XUV400 ഇവി 2023 -ൽ പ്രാദേശിക വാഹന നിർമ്മാതാക്കളിൽ നിന്നുള്ള ആദ്യത്തെ പ്രധാന മോഡൽ ലോഞ്ച് ആയിരുന്നു. ഇലക്ട്രിക് എസ്‌യുവി ജനുവരിയിൽ 15.99 ലക്ഷം രൂപ മുതൽ 18.99 ലക്ഷം രൂപ വരെ എക്സ്-ഷോറൂം വിലയ്ക്ക് വിൽപ്പനയ്‌ക്ക് എത്തി.
എന്നാൽ നിലവിൽ വാഹനത്തിന്റെ ടോപ്പ് എൻഡ് വേരിയന്റിന്റെ വില 19.39 ലക്ഷം രൂപയാണ്. ഉപഭോക്താക്കൾക്ക് 34.5 kWh, 39.4 kWh എന്നിങ്ങനെ രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകൾ ഉണ്ട്. കൂടാതെ ഫ്രണ്ട് ആക്സിൽ ഘടിപ്പിച്ച ഇലക്ട്രിക് മോട്ടോർ 150 bhp പവറും 310 Nm torque ഉം നൽകുന്നു.
ഇത് 8.3 സെക്കൻഡിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കുമെന്നും 150 കിലോമീറ്റർ ടോപ്പ് സ്പീഡ് കൈവരിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു. വാഹനത്തിന്റെ ചെറിയ ബാറ്ററി പതിപ്പ് 375 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുന്നു, വലിയ ബാറ്ററി വേരിയന്റ് സിംഗിൾ ചാർജിൽ 456 കിലോമീറ്റർ ദൂരം ഓടും എന്ന് കമ്പനി പറയുന്നു.
സിട്രൺ eC3: 2023 ഫെബ്രുവരിയിൽ സമാരംഭിച്ച സിട്രൺ eC3 ഇന്ത്യൻ വിപണിയിൽ ഫ്രഞ്ച് വാഹന നിർമ്മാതാക്കളിൽ നിന്നുള്ള ആദ്യത്തെ മാസ്-മാർക്കറ്റ് ഇലക്ട്രിക് മോഡലായിരുന്നു. മോഡൽ ലൈനപ്പ് ലൈവ് ആൻഡ് ഫീൽ എന്ന രണ്ട് വേരിയന്റുകളിൽ വരുന്നു. ഇവയ്ക്ക് നിലവിൽ യഥാക്രമം 11.50 ലക്ഷം രൂപയും 12.68 ലക്ഷം രൂപയുമാണ് എക്സ്-ഷോറൂം വില വരുന്നത്.

ഇലക്ട്രിക് ഹാച്ച്ബാക്കിന് 29.2 kWh ബാറ്ററി പായ്ക്കുണ്ട്, കൂടാതെ ഫ്രണ്ട് ആക്സിൽ ഘടിപ്പിച്ച ഇലക്ട്രിക് മോട്ടോർ 57 bhp പവറും 143 Nm torque ഉം ഉത്പാദിപ്പിക്കുന്നു. 6.8 സെക്കൻഡിനുള്ളിൽ 0-60 kmph ആക്സിലറേഷൻ വാഹനം അവകാശപ്പെടുന്നു, കൂടാതെ 107 kmph ടോപ്പ് സ്പീഡുമുണ്ട്. സിംഗിൾ ചാർജിൽ 320 കിലോമീറ്റർ റേഞ്ചാണ് eC3 -ക്ക് ഉള്ളത്.
എംജി കോമെറ്റ് ഇവി: 2023 ഏപ്രിലിലാണ് കോമറ്റ് ടു-ഡോർ ഇവിയുമായി എംജി മോട്ടോർ ഇന്ത്യ മാസ്-മാർക്കറ്റ് ഇവി വിഭാഗത്തിലേക്ക് ചുവടു വെയ്ക്കുന്നത്. പേസ്, പ്ലേ, പ്ലഷ് എന്നീ മൂന്ന് വേരിയന്റുകൾക്ക് യഥാക്രമം 7.98 ലക്ഷം, 9.28 ലക്ഷം, 9.98 ലക്ഷം എന്നിങ്ങനെയാണ് ഈ കുഞ്ഞൻ ഇവയുടെ വില.

എംജി കോമെറ്റ് ഇവിയുടെ പവർട്രെയിൻ സജ്ജീകരണത്തിൽ 17.3 kWh ബാറ്ററിയും 42 bhp പവറും 110 Nm torque ഉം നൽകുന്ന സിംഗിൾ ഇലക്ട്രിക് മോട്ടോറും ഉൾപ്പെടുന്നു. സിംഗിൾ ചാർജിൽ 230 കിലോമീറ്റർ ദൂരപരിധി ARAI സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഏഴ് മണിക്കൂറിനുള്ളിൽ ബാറ്ററി ചാർജ് ചെയ്യുന്ന 3.3 kW ഓൺബോർഡ് ചാർജാണ് കമ്പനി ഇതോടൊപ്പം നൽകുന്നത്. ഓട്ടോമാറ്റിക് ഗിയർബോക്‌സ് വഴിയാണ് പിൻ വീലുകളിലേക്ക് പവർ എത്തിക്കുന്നത്.
ടൊയോട്ട റൂമിയോൺ: ടൊയോട്ട കിർലോസ്‌കർ മോട്ടോർ 2023 ഓഗസ്റ്റിൽ മാരുതി സുസുക്കി എർട്ടിഗ അടിസ്ഥാനമാക്കിയുള്ള റൂമിയോൺ എംപിവി ഇന്ത്യയിൽ അവതരിപ്പിച്ചു. എൻട്രി ലെവൽ 'S' വേരിയന്റിന് 10.29 ലക്ഷം രൂപ മുതൽ ടോപ് എൻഡ് 'V' ഓട്ടോമാറ്റിക് പതിപ്പിന് 13.68 ലക്ഷം രൂപ വരെ വില ഉയരുന്നു. ഡോണർ മോഡലിൽ നിന്ന് വ്യത്യസ്തമാക്കാൻ റൂമിയോണിൽ ചില സൗന്ദര്യവർധക മാറ്റങ്ങൾ കമ്പനി വരുത്തിയിട്ടുണ്ട്.

ക്യാബിനിലും ഹുഡിനടിയിലും മാറ്റങ്ങളൊന് തന്നെനും വരുത്തിയിട്ടില്ല. 103 bhp പവറും 137 Nm torque ഉം നൽകുന്ന അതേ 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാണ് എംപിവിയിലും വരുന്നത്. മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്സുകൾ മോഡലിൽ ലഭ്യമാണ്. ടൊയോട്ട റൂമിയോൺ CNG ഓപ്ഷനിലും വാഗ്ദാനം ചെയ്യുന്നുണ്ട്.
ഹോണ്ട എലിവേറ്റ്: 2023 സെപ്റ്റംബറിൽ എലിവേറ്റ് മിഡ്-സൈസ് എസ്‌യുവി പുറത്തിറക്കിയതോടെ ഹോണ്ട കാർസ് ഇന്ത്യ ഒരു വലിയ ചുവടുവെയ്പ്പാണ് നടത്തിയത്. SV, V, VX, ZX എന്നീ നാല് വകഭേദങ്ങളിൽ 11 ലക്ഷം രൂപ മുതൽ 16 രൂപ വരെ എക്സ്-ഷോറൂം വിലയ്ക്കാണ് വാഹനം വരുന്നത്.

121 bhp കരുത്തും 145 Nm torque ഉം ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റർ, ഫോർ സിലിണ്ടർ പെട്രോൾ എഞ്ചിനാണ് പുതിയ ഹോണ്ട എലിവേറ്റിന്റെ ഹൃദയം. ആറ് സ്പീഡ് മാനുവൽ, ഏഴ് സ്പീഡ് CVT ഓട്ടോമാറ്റിക് എന്നിങ്ങനെ രണ്ട് ഗിയർബോക്‌സ് ഓപ്ഷനുകളോടെയാണ് ഹോണ്ട എസ്‌യുവി വാഗ്ദാനം ചെയ്തിരിക്കുന്നത്. എലിവേറ്റ് എസ്‌യുവി ഹോണ്ടയുടെ ഗ്ലോബൽ സ്മോൾ കാർ പ്ലാറ്റ്‌ഫോമിലാണ് നിർമ്മിച്ചിരിക്കുന്നത്.


Click it and Unblock the Notifications








