ഫെറാറിയും ലംബോർഗിനിയുമെല്ലാം സ്റ്റെപ്പ്ബാക്ക്; ജനീവ മോട്ടോർ ഷോയിൽ താരമാവാൻ താലിബാൻ മെയ്ഡ് സൂപ്പർകാർ
ലോകത്തിലെ ഏറ്റവും വലിയ ഓട്ടോമോട്ടീവ് ഷോയാണ് ജനീവ ഇന്റർനാഷണൽ മോട്ടോർ ഷോ. 1905 -ൽ ആരംഭിച്ച ഈ ഷോ, എക്കാലത്തെയും വലിയ കാർ ലോഞ്ചുകൾക്ക് സാക്ഷ്യം വഹിച്ചിട്ടുള്ള ഒന്നാണ്, ഈ വർഷം ഇത് ഖത്തറിലെ ദോഹയിലാണ് നടക്കുക. എല്ലാ വർഷവും നിരവധി ബ്രാൻഡുകളും പരമ്പരാഗത വാഹന നിർമ്മാതാക്കളും ഈ ഷോയിൽ പങ്കെടുക്കുന്നു.
എന്നിരുന്നാലും, ഈ വർഷം, പുതിയതും അതുല്യവുമായ ഒരു കാർ ബ്രാൻഡ് ഈ ഷോയിൽ തങ്ങളുടെ സൂപ്പർകാറിനെ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. അഫ്ഗാനിസ്ഥാനിൽ നിന്നുള്ള സൂപ്പർകാർ നിർമ്മാതാക്കളായ ENTOP ആണ് ഈ വലിയ ചുവടുവെയ്പ്പിനൊരുങ്ങുന്നത്. താലിബാൻ നിയന്ത്രണത്തിലുള്ള അഫ്ഗാനിസ്ഥാനിൽ കമ്പനി ഈയിടെ അതിന്റെ ആദ്യ പ്രോട്ടോടൈപ്പായ മാഡ 9 പ്രദർശിപ്പിച്ചു.

താലിബാന്റെ ഭരണത്തിന് കീഴിലെ അഫ്ഗാനിസ്ഥാനിൽ നിന്നുള്ള സൂപ്പർകാർ മാഡ 9 ഈ വർഷം ജനുവരിയിലാണ് ആദ്യമായി അവതരിപ്പിച്ചത്. അരങ്ങേറ്റത്തിന് ശേഷം ഇതുവരെ കാറിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിച്ചിരുന്നില്ല. എന്നാൽ, ഈ വർഷം ഖത്തറിലെ ദോഹയിൽ നടക്കുന്ന ജനീവ ഇന്റർനാഷണൽ മോട്ടോർ ഷോയിൽ ENTOP -ൽ നിന്നുള്ള ഈ പ്രോട്ടോടൈപ്പ് സൂപ്പർകാർ കമ്പനി പ്രദർശിപ്പിക്കുമെന്ന് ഇപ്പോൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ഒക്ടോബർ 5 മുതൽ 14 വരെയാണ് ഈ വർഷത്തെ ഷോയുടെ തീയതികൾ. അഫ്ഗാനിസ്ഥാനിലെ നിംറോസ് പ്രവിശ്യയിൽ നിന്ന് ഷിപ്പിംഗ് കണ്ടെയ്നറിൽ മാഡ 9 പുറപ്പെടുന്നതിന്റെ വീഡിയോ ENTOP എന്ന കമ്പനിയും അതിന്റെ സ്ഥാപകൻ മുഹമ്മദ് റെസ അഹമ്മദിയും സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചു.

ഇറാൻ അതിർത്തി കടന്ന സൂപ്പർകാറിന്റെ യാത്രയാണ് വീഡിയോ ഹൈലൈറ്റ് ചെയ്തത്. ഈ വാഹനം കയറ്റുമതി ചെയ്യുന്ന സമയത്ത് കമ്പനിയും അതിന്റെ സ്ഥാപകനും ചില ബ്യൂറോക്രാറ്റിക് പ്രശ്‌നങ്ങളിൽ അകപ്പെട്ടതായി റിപ്പോർട്ടുണ്ട്. അഫ്ഗാനിസ്ഥാനിൽ നിന്നുള്ള കാറുകൾ കയറ്റുമതി ചെയ്യുന്നത് തടയുന്ന ചില നിയമ നിയന്ത്രണങ്ങൾ ഉണ്ടെന്ന് പ്രസ്താവിച്ചായിരുന്നു ഈ തടസങ്ങൾ. എന്നിരുന്നാലും, ഈ പ്രശ്നം പിന്നീട് പരിഹരിക്കപ്പെട്ടു.
മൊഹമ്മദ് റെസ അഹമ്മദി മാഡ 9 -ന്റെ എക്സ്പോർട്ട് സമയത്ത് ചില സാമ്പത്തിക പ്രശ്‌നങ്ങൾ നേരിട്ടതായും റിപ്പോർട്ടുണ്ട്. ജനീവ ഇന്റർനാഷണൽ മോട്ടോർ ഷോയിൽ കാറിനെ എത്തിക്കാൻ തന്റെ പക്കൽ മതിയായ ഫണ്ട് ഇല്ലെന്ന് റെസ പ്രസ്താവിച്ചു; എന്നിരുന്നാലും, ചില അഭ്യുദയകാംക്ഷികൾ അദ്ദേഹത്തെ സപ്പോർട്ട് ചെയ്തു. പിന്തുണ പ്രഖ്യാപിച്ചവരിൽ നിന്ന് ഏകദേശം 100,000 ഡോളർ ലഭിച്ചതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു, ഇത് മോട്ടോർ ഷോയിലേക്കുള്ള യാത്ര തുടരാൻ അദ്ദേഹത്തെ സഹായിച്ചു.

ജനീവ ഇന്റർനാഷണൽ മോട്ടോർ ഷോയിൽ പങ്കെടുക്കുന്നത് കമ്പനിയെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട ഒരു ഘടകമാണ് എന്ന് മുഹമ്മദ് റെസ അഹമ്മദി വ്യക്തമാക്കി. കാർ നിലവിൽ അതിന്റെ പ്രോട്ടോടൈപ്പ് ഘട്ടത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു; എന്നിരുന്നാലും, ഇത് ഒരു യഥാർത്ഥ കാറാക്കി മാറ്റുന്നതിന്, കമ്പനിക്ക് ശക്തമായ സപ്പോർട്ടും സാമ്പത്തിക പിന്തുണയും ആവശ്യമാണ്.
ഈ ഷോയിൽ പങ്കെടുക്കുന്നത് അന്തിമ പ്രൊഡക്ഷൻ മോഡൽ സൃഷ്ടിക്കാൻ സഹായിക്കുന്ന ചില പെർമെനന്റ് ഇൻവെസ്റ്റർമാരെ കണ്ടെത്താൻ സഹായിക്കുമെന്നും റെസ സൂചിപ്പിച്ചു. അഫ്ഗാൻ ഓട്ടോമോട്ടീവ് മാനുഫാക്ചച്റിംഗിന്റെ ഭാവിയിൽ ഈ നടപടി വളരെ നിർണായകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിശ്ചയമായും ഈ ഒരു മൊമന്റ് കമ്പനിയ്ക്കും അഫ്ഗാൻ വാഹന വിപണിയിക്കും എക്കാലവും മറക്കാൻ പറ്റാത്ത ഒന്നായിരിക്കും എന്ന് ഞങ്ങളും വിശ്വസിക്കുന്നു.

ENTOP, കാബൂളിലെ അഫ്ഗാനിസ്ഥാൻ ടെക്നിക്കൽ വൊക്കേഷണൽ ഇൻസ്റ്റിറ്റ്യൂട്ട് (ATVI) എന്നിവിടങ്ങളിൽ നിന്നുള്ള എഞ്ചിനീയർമാരുടെ ഒരു സംഘം വികസിപ്പിച്ചെടുത്തതാണ് ഈ സൂപ്പർകാർ. ടൊയോട്ട കൊറോള എഞ്ചിനിലാണ് മാഡ 9 മോഡൽ നിലവിൽ എത്തുന്നത്. ഈ സൂപ്പർകാറിനായി എൻജിൻ വളരെ കാര്യമായ രീതിയിൽ പരിഷ്കരിച്ചിട്ടുണ്ട്.
ഉയർന്ന വേഗതയ്ക്ക് അനുയോജ്യമായ രീതിയിൽ എഞ്ചിൻ കസ്റ്റമൈസ് ചെയ്തിട്ടുണ്ട് എന്ന് അഫ്ഗാൻ മാധ്യമങ്ങളോട് സംസാരിച്ച ATVI മേധാവി ഗുലാം ഹൈദർ ഷഹാമത്ത് പറഞ്ഞു. കാർ വികസിപ്പിച്ച ENTOP എന്ന കമ്പനിക്ക് ഭാവിയിൽ കാറിൽ ഒരു ഇലക്ട്രിക് പവർട്രെയിൻ സെറ്റപ്പ് സ്ഥാപിക്കാൻ കൂടെ പദ്ധതിയുണ്ട് എന്നതും ശ്രദ്ധിക്കേണ്ടതാണ്.


Click it and Unblock the Notifications








