ചൈനീസ് ഇവിയാണേല്‍ സബ്‌സിഡി തരൂലെന്ന് ഈ രാജ്യം! ഞെട്ടിക്കുന്ന തീരുമാനത്തിന് പിന്നിലെ കാരണം ഇതാണ്
ആഗോളതാപനത്തിന്റെ ഫലമായി ലോക രാജ്യങ്ങളെല്ലാം ഹരിത ഇന്ധനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ്. വൈദ്യുതിയാണ് ഭാവിയുടെ ഇന്ധനമെന്ന നിലയില്‍ ഇലക്ട്രിക് വാഹനങ്ങളെ (Electric Vehicles) പ്രോത്സാഹിപ്പിക്കാന്‍ പ്രതിജ്ഞയെടുത്തിരിക്കുകയാണ് ലോക രാഷ്ട്രങ്ങള്‍. ജനങ്ങളെ ഇവികളിലേക്ക് അടുപ്പിക്കുന്നതിനായി സര്‍ക്കാറുകള്‍ ജനങ്ങള്‍ക്ക് സബ്‌സിഡിയും ഇന്‍സെന്റീവുകളും നല്‍കി വരുന്നുണ്ട്.
ലോകത്തെ പല രാജ്യങ്ങളും സബ്‌സിഡികള്‍ക്ക് ചില മാനദണ്ഡങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. ഇപ്പോള്‍ സബ്സിഡിക്ക് അര്‍ഹതയുള്ള ഇവികളുടെ ഒരു പട്ടിക തയാറാക്കിയിരിക്കുകയാണ് യൂറോപ്യന്‍ രാജ്യമായ ഫ്രാന്‍സ്. 7000 യൂറോ അതായത് ഏകദേശം 6.34 ലക്ഷം രൂപ സബ്‌സിഡിക്ക് അര്‍ഹമായ വാഹനങ്ങള്‍ ഏതൊക്കെയാണെന്ന ഫ്രഞ്ച് സര്‍ക്കാറിന്റെ പ്രഖ്യാപനത്തില്‍ ഞെട്ടിയിരിക്കുകയാണ് ചില വണ്ടിക്കമ്പനികള്‍. കാരണം ചൈനയില്‍ നിര്‍മിച്ച ഇവികള്‍ സബ്‌സിഡി പരിധിയില്‍ നിന്ന് ഒഴിവാക്കിയിരിക്കുകയാണ് ഫ്രഞ്ച് സര്‍ക്കാര്‍.

47,000 യൂറോയില്‍ താഴെ വിലയുള്ള കാറുകള്‍ക്ക് ഗാര്‍ഹിക വരുമാനത്തെ അടിസ്ഥാനമാക്കിയാണ് ഫ്രാന്‍സ് വേരിയബിള്‍ റിബേറ്റ് വാഗ്ദാനം ചെയ്യുന്നത്. 'കൂടുതല്‍ കാര്‍ബണ്‍ഡൈ ഓക്‌സൈഡ് പുറന്തള്ളുന്ന വാഹനങ്ങള്‍ക്ക് ഞങ്ങള്‍ ഇനി സബ്സിഡി നല്‍കില്ല. ബോണസ് ലഭ്യമാകാന്‍ കാര്‍ നിര്‍മ്മാതാക്കള്‍ അവരുടെ ഉല്‍പ്പാദന പ്രക്രിയകള്‍ ഡീകാര്‍ബണൈസ് ചെയ്യയ്യുന്നത് പ്രോത്സാഹിപ്പിക്കും' ഫ്രാന്‍സിലെ ധനമന്ത്രി ബ്രൂണോ ലെ മെയര്‍ പറഞ്ഞു.
ചൈനീസ് ഇവി വ്യവസായത്തിന് അന്യായമായി സബ്സിഡികള്‍ നല്‍കുന്നുവെന്ന് അടുത്തകാലത്തായി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. യൂറോപ്യന്‍ യൂണിയന്‍ ഇത് അന്വേഷിക്കുന്ന സാഹചര്യത്തിലാണ് ഫ്രഞ്ച് സര്‍ക്കാറിന്റെ നടപടി. ഒപ്പം സീറോ എമിഷന്‍ വാഹനങ്ങളുടെയും അവയുടെ ഘടകങ്ങളുടെയും പ്രാദേശിക ഉല്‍പ്പാദനം വര്‍ധിപ്പിക്കാനുള്ള ശ്രമം കൂടി ഈ തീരുമാനത്തിന് പിന്നിലുണ്ട്.

ചൈനയില്‍ നിര്‍മിക്കുന്ന ഇവികള്‍ യൂറോപ്പിലെത്തിക്കുന്നതിനായി കല്‍ക്കരിയെയും ലോജിസ്റ്റിക്‌സിനെയും ആശ്രയിക്കുന്നതിനാല്‍ കാര്‍ബണ്‍ ഫൂട്പ്രിന്റുകള്‍ അധികമാണെന്നാണ് ഫ്രാന്‍സിന്റെ കാഴ്ചപ്പാട്. പരിസ്ഥിതി സംരക്ഷണമെന്ന നിലയില്‍ ന്യായീകരിക്കപ്പെടുന്നതിനാല്‍ ലോക വ്യാപാര സംഘടനയുടെ പുതിയ നിയമങ്ങള്‍ക്കനുസൃതമാണ് തങ്ങളുടെ തീരുമാനമെന്ന് ഇവി സബ്‌സിഡിക്ക് യോഗ്യമായ ഇവികളുടെ പട്ടിക പ്രസിദ്ധീകരിക്കുന്നതിന് സര്‍ക്കാര്‍ ഉപദേഷ്ടാവ് പറഞ്ഞു.
പുത്തന്‍ തീരുമാനം ആഗോള ഭീമന്‍മാരായ ടെസ്‌ലയടക്കമുള്ള കമ്പനികള്‍ക്ക് തിരിച്ചടിയാണ്. ടെസ്‌ലയുടെ ഒരു ജിഗാ ഫാക്ടറി ചൈനയിലെ ഷാങ്ഹായ്‌യിലാണുള്ളത്. അതേസമയം ജര്‍മനിയിലെ ടെസ്‌ല പ്ലാന്റില്‍ നിര്‍മിക്കുന്ന മോഡല്‍ Y ഇവിക്ക് സബ്‌സിഡി കിട്ടും. റെനോയുടെ ഡാസിയ സ്പ്രിംഗ്, SIAC മോട്ടോര്‍ കോര്‍പ്പറേഷന്റെ എംജി4 , ബിഎംഡബ്ല്യു iX3 എന്നീ കാറുകള്‍ സബ്‌സിഡി പട്ടികയില്‍ നിന്ന് പുറത്തായി.

എന്നാല്‍ ചില കാറുകള്‍ സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് ലീസിംഗ് സ്‌കീമിന് യോഗ്യരായിരിക്കും. കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങള്‍ക്ക് താങ്ങായി പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ കൊണ്ടുവന്ന പദ്ധതിയാണിത്. താഴ്ന്ന വരുമാനമുള്ള കുടുംബങ്ങള്‍ക്ക് പ്രതിമാസം 150 യൂറോക്ക് കാര്‍ ലീസിന് നല്‍കുന്നതാണ് പദ്ധതി. സാമ്പത്തികം വളരെ കുറഞ്ഞ കുടുംബങ്ങള്‍ക്ക് ഡൗണ്‍ പേയ്മെന്റില്ലാതെ പ്രതിമാസം 100 യൂറോയ്ക്ക് ഇലക്ട്രിക് കാറുകള്‍ വാടകയ്ക്കെടുക്കാന്‍ കഴിയുമെന്നും, സീറോ-എമിഷന്‍ കാറുകള്‍ കൂടുതല്‍ താങ്ങാനാകുന്നതാക്കുമെന്നും മാക്രോണിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു.
ലീസിങ്ങിന് ലഭ്യമായ ഇവികളുടെ പട്ടികയില്‍ പൂഷോ e2008, ഫിയറ്റ് 500e, റെനോ മെഗാനെ e-ടെക് എന്നിവ ഉള്‍പ്പെടുന്നതായാണ് സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ കാണുന്നത്. ഏതായാലും ഫ്രഞ്ച് സര്‍ക്കാറിന്റെ തീരുമാനം ചൈനീസ് ഇവി വിപണിക്ക് വലിയ തിരിച്ചടിയായിരിക്കും. ഫ്രാന്‍സിനെ പിന്തുടര്‍ന്ന് മറ്റ് രാജ്യങ്ങളും ഇതേനയം സ്വീകരിച്ചാല്‍ കമ്പനികള്‍ ചൈനയില്‍ ഇവികള്‍ നിര്‍മിച്ച് മറ്റ് വിപണികളിലേക്ക് കയറ്റി അയക്കുന്ന പരിപാടി അവസാനിപ്പിക്കേണ്ടി വരും.
ജര്‍മനിയില്‍ വമ്പന്‍ പ്ലാന്റുള്ളതിനാല്‍ ടെസ്‌ലക്ക് ഈ പ്രതിസന്ധി മറികടക്കാന്‍ സാധിക്കും. ഇന്ത്യന്‍ വിപണിയിലേക്ക് പ്രവേശനം ആഗ്രഹിക്കുന്ന ടെസ്‌ലയോട് രാജ്യത്ത് ഷോറൂം തുറന്ന് ചൈനയില്‍ നിന്ന് വണ്ടി ഇറക്കുമതി ചെയ്യുന്ന പരിപാടി നടക്കില്ലെന്ന് തുറന്ന് പറഞ്ഞതാണ്. ഏതായാലും ഇന്ത്യയില്‍ പ്ലാന്റ് സ്ഥാപിക്കാനും രാജ്യത്തെ പ്രധാന കയറ്റുമതി ഹബ് ആക്കി മാറ്റാനും ടെസ്‌ലക്ക് പ്ലാനുണ്ട്.
കേന്ദ്ര സർക്കാരും ടെസ്‌ലയും തമ്മിൽ ഏറെ നാളായി നടക്കുന്ന ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലെത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ടെസ്‌ലക്കായി ഇറക്കുമതി തീരുവയില്‍ ഇളവ് നല്‍കാന്‍ പോകുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം കേന്ദ്രം തള്ളിയിരുന്നു. ഏതായാലും ഏറെ നാളായി കാത്തിരിക്കുന്ന ടെസ്‌ലയുടെ ഇന്ത്യന്‍ എന്‍ട്രി അധികം വൈകില്ലെന്ന് പ്രതീക്ഷിക്കാം.


Click it and Unblock the Notifications








