ഓസ്‌ട്രേലിയയില്‍ ഇനി മെയിഡ് ഇന്‍ ഇന്ത്യ ജിംനിയുടെ ഭരണം! കടല്‍കടന്നപ്പോള്‍ വേറെ റേഞ്ചായി!
2023 ഓട്ടോ എക്‌സ്‌പോയില്‍ ആഗോള അരങ്ങേറ്റം കുറിച്ചതിന് പിന്നാലെ മാരുതി സുസുക്കി ജിംനി 5 ഡോര്‍ മോഡല്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിച്ചിരുന്നു. മഹീന്ദ്ര ഥാര്‍ ഇന്ത്യയില്‍ മികവുറ്റ വിജയം സ്വന്തമാക്കുന്ന സാഹചര്യത്തിലായിരുന്നു ലൈഫ്‌സ്‌റ്റൈല്‍ എസ്‌യുവി സെഗ്‌മെന്റിലേക്കുള്ള മാരുതിയുടെ റീഎന്‍ട്രി. ഇപ്പോള്‍ ജിംനി 5 ഡോര്‍ പതിപ്പ് കൂടുതല്‍ വിദേശ വിപണികളിലെത്തിക്കുന്ന തിരക്കിലാണ് നിര്‍മാതാക്കള്‍.
ഏതാനും ദിവസം മുമ്പായിരുന്നു 5 ഡോര്‍ ജിംനി ദക്ഷിണാഫ്രിക്കന്‍ വിപണിയില്‍ എത്തിയത്. ഇപ്പോള്‍ സുസുക്കി ജിംനി XL എന്ന പേരിലാണ് ഇന്ത്യന്‍ നിര്‍മ്മിത ഓഫ്‌റോഡര്‍ എസ്‌യുവി ഓസ്‌ട്രേലിയയില്‍ അരങ്ങേറ്റം കുറിച്ചത്. 34,990 ഓസ്‌ട്രേലിയന്‍ ഡോളറിനാണ് സുസുക്കി ജിംനി XL ഓസ്‌ട്രേലിയന്‍ വിപണിയില്‍ എത്തിയത്. ഇത് ഇന്ത്യന്‍ രൂപയിലേക്ക് മാറ്റുമ്പോള്‍ ഏകദേശം 18.60 ലക്ഷം രൂപ വരും.

3-ഡോര്‍ ജിംനി ഇന്ത്യയിലും ജപ്പാനിലും നിര്‍മ്മിക്കുന്നുണ്ട്. അതേസമയം 5-ഡോര്‍ മോഡല്‍ ഇന്ത്യയില്‍ മാത്രമാണ് നിര്‍മ്മിക്കുന്നത്. ദക്ഷിണാഫ്രിക്കക്ക് ശേഷം മാരുതി സുസുക്കി 5 ഡോര്‍ ജിംനി എസ്യുവി ലഭിക്കുന്ന രണ്ടാമത്തെ പ്രധാന വിദേശ വിപണിയാണ് ഓസ്ട്രേലിയ. 3.73 ലക്ഷം റാന്‍ഡിനാണ് (ഏകദേശം 17 ലക്ഷം രൂപ) നവംബറില്‍ ജിംനി 5 ഡോര്‍ ദക്ഷിണാഫ്രിക്കയിലെത്തിയത്.
സീറ്റ, ആല്‍ഫ, ആല്‍ഫ AT എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലാണ് ജിംനിയുടെ ഇന്ത്യ-സ്‌പെക്ക് പതിപ്പ് ദക്ഷിണാഫ്രിക്കയിലെത്തിയത്. അതേസമയം ജിംനി ലൈറ്റ്, ജിംനി, ജിംനി XL എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലാണ് സുസുക്കി എസ്‌യുവി ഓസ്‌ട്രേലിയയില്‍ വില്‍ക്കുന്നത്. ഇതില്‍ XL മാത്രമാണ് 5-ഡോര്‍ മോഡല്‍. ജിംനിയുടെ ഓസ്‌ട്രേലിയയിലെ വില വിശദമായി നോക്കുമ്പോള്‍ ജിംനി ലൈറ്റ് എംടിക്ക് 30,490 ഓസ്‌ട്രേലിയന്‍ ഡോളറാണ് വില (ഏകദേശം 16.7 ലക്ഷം രൂപ).

സ്റ്റാന്‍ഡേര്‍ഡ് ജിംനി എംടിക്ക് 31,990 ഓസ്‌ട്രേലിയന്‍ ഡോളര്‍ (17.5 ലക്ഷം രൂപ) ആണ് മുടക്കേണ്ടത്. ജിംനി എടിക്ക് 33,490 ഓസ്‌ട്രേലിയന്‍ ഡോളറാണ് (18.3 ലക്ഷം രൂപ) വിലവരുന്നത്. 12.74 ലക്ഷം രൂപ എക്‌സ് ഷോറൂം വിലയില്‍ ഈ വര്‍ഷം ജൂണിലായിരുന്നു എസ്യുവി ഇന്ത്യയില്‍ അവതരിപ്പിച്ചത്. എന്നാല്‍ ഈ മാസം 10.74 ലക്ഷം രൂപ പ്രാരംഭ വിലയില്‍ ജിംനി തണ്ടര്‍ എഡിഷന്‍ കമ്പനി പുറത്തിറക്കിയതോടെ കൂടുതല്‍ ഉപഭോക്താക്കള്‍ക്ക് പ്രാപ്യമായി.
സീറ്റ, ആല്‍ഫ വേരിയന്റുകളിലാണ് തണ്ടര്‍ എഡിഷന്‍ വാങ്ങാന്‍ സാധിക്കുക. ഇതോടെ എതിരാളിയായ ഥാറുമായുള്ള പ്രാരംഭ വിലയിലെ അന്തരം കുറയ്ക്കാനും ജിംനിക്ക് സാധിച്ചു. ഏകദേശം ഒരു വര്‍ഷം മുമ്പ് സുസുക്കി ജിംനി 5-ഡോര്‍ ഓസ്‌ട്രേലിയയില്‍ അവതരിപ്പിച്ചിരുന്നു. അന്ന് മുതല്‍ 2,000-ത്തിലധികം ഓര്‍ഡറുകളാണ് എസ്‌യുവി വാരിക്കൂട്ടിയത്. ജിംനി XL ബുക്ക് ചെയ്യുന്നവര്‍ക്ക് 9 മാസം കഴിഞ്ഞ് മാത്രമാണ് വണ്ടി കൈയ്യില്‍ കിട്ടുക.

ഇന്ത്യ-ദക്ഷിണാഫ്രിക്ക സ്‌പെക്ക് ജിംനികളില്‍ നിന്നും ഓസ്ട്രേലിയ സ്‌പെക്കിനെ വേര്‍തിരിക്കുന്ന പ്രധാന മാറ്റം ADAS പോലുള്ള അധിക ഫീച്ചറുകളോടെ സാന്നിധ്യമാണ്. ഓട്ടോ എമര്‍ജന്‍സി ബ്രേക്കിംഗ്, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, ആന്റി കൊളിഷന്‍ വാണിംഗ്, ഡ്യുവല്‍ ക്യാമറ ബ്രേക്ക് സപ്പോര്‍ട്ട് എന്നിവയാണ് മറ്റ് ഫീച്ചറുകള്‍. കൈനറ്റിക് യെല്ലോ ഉള്‍പ്പെടെ ഏഴ് എക്‌സ്റ്റീരിയര്‍ ഷെയ്ഡുകളില്‍ ജിംനി XL ഓഫര്‍ ചെയ്യുന്നു.
3-ഡോര്‍ ജിംനിയില്‍ നിന്ന് വ്യത്യസ്തമായി ഇന്ത്യന്‍ നിര്‍മ്മിത സുസുക്കി ജിംനി XL-ന്റെ ഫീച്ചര്‍ ലിസ്റ്റ് അല്‍പ്പം മികച്ചതാണ്. കാറിന്റെ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റത്തില്‍ അത് പ്രകടമാണ്. ജിംനി ലൈറ്റിലും ജിംനിയിലും ലഭിക്കുന്ന 7 ഇഞ്ച് യൂണിറ്റില്‍ നിന്ന് വ്യത്യസ്തമായി വലിയ 9 ഇഞ്ച് ഫ്രീ-സ്റ്റാന്‍ഡിംഗ് സിസ്റ്റമാണ് ജിംനി XL-ല്‍ വരുന്നത്.
100 bhp പവറും 130 Nm പീക്ക് ടോര്‍ക്കും പുറപ്പെടുവിക്കാന്‍ ശേഷിയുള്ള 1.5 ലിറ്റര്‍ 4 സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് ജിംനി XL-ന് തുടിപ്പേകുന്നത്. ഈ എഞ്ചിന്‍ 5 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 4 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമായി ജോടിയാക്കുന്നു. എല്ലാ വേരിയന്റുകളും സുസുക്കിയുടെ ഫോര്‍ വീല്‍ ഡ്രൈവ് സിസ്റ്റം ഓള്‍ഗ്രിപ്പ് പ്രോ സ്റ്റാന്‍ഡേര്‍ഡായി വാഗ്ദാനം ചെയ്യുന്നു. ഥാര്‍ അടക്കമുള്ള ഓഫ്‌റോഡര്‍ എസ്‌യുവികളാണ് ജിംനി 5 ഡോറിന്റെ ഓസ്‌ട്രേലിയയിലെ എതിരാളികള്‍.


Click it and Unblock the Notifications








