മെയ്ഡ് ഇന്‍ ഇന്ത്യ ഡാ... ലാറ്റിനമേരിക്കന്‍ ഇടിക്കൂട്ടിലും 5 സ്റ്റാര്‍ നേടി ഫോക്‌സ്‌വാഗണ്‍ എസ്‌യുവി
ജര്‍മന്‍ വാഹന നിര്‍മാതാക്കളായ ഫോക്‌സ്‌വാഗണ്‍ നിലവില്‍ ഇന്ത്യയില്‍ വില്‍ക്കുന്ന ഹിറ്റ് മോഡലുകളില്‍ ഒന്നാണ് മിഡ്‌സൈസ് എസ്‌യുവിയായ ടൈഗൂണ്‍. ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പിന്റെ ഇന്ത്യ 2.0 പദ്ധതികളുടെ ഭാഗമായി വെര്‍ട്ടിസ്, സ്‌കോഡ കുഷാഖ്, സ്‌കോഡ സ്ലാവിയ എന്നീ മോഡലുകള്‍ക്കൊപ്പമാണ് ഈ എസ്‌യുവി ഇന്ത്യയില്‍ എത്തിയത്. സേഫ്റ്റിയാണ് ഈ കാറുകളുടെ മുഖമുദ്ര.
ടൈഗൂണ്‍ അടക്കമുള്ള കാറുകള്‍ ഫോക്‌സ്‌വാഗണ്‍ ഇന്ത്യയില്‍ നിര്‍മിച്ച് കയറ്റുമതി ചെയ്യുന്നുണ്ട്. ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ റേറ്റിംഗുകള്‍ നേടിയ ടൈഗൂണ്‍ ഇപ്പോള്‍ ലാറ്റിന്‍ NCAP ക്രാഷ് ടെസ്റ്റിലും 'ഫുള്‍ മാര്‍ക്ക്' വാങ്ങി. മെയിഡ് ഇന്‍ ഇന്ത്യ കാറുകളാണ് ഇടിക്കൂട്ടില്‍ തിളങ്ങിയത്. ലാറ്റിന്‍ NCAP പരീക്ഷിച്ച ടൈഗൂണില്‍ 6 എയര്‍ബാഗുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, ഓട്ടോണമസ് എമര്‍ജന്‍സി ബ്രേക്കിംഗ് എന്നിവ സജ്ജീകരിച്ചിരിക്കുന്നു.

എന്നാല്‍ ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റില്‍ പരീക്ഷിച്ച ടൈഗൂണ്‍ രണ്ട് എയര്‍ബാഗുകള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഏറ്റവും പുതിയ ക്രാഷ് ടെസ്റ്റില്‍ മുതിര്‍ന്നവരുടെ സംരക്ഷണത്തില്‍ 92 ശതമാനവും കുട്ടികളുടെ സംരക്ഷണത്തില്‍ 92 ശതമാനവും കാല്‍ നടയാത്രക്കാരുടെയും, ദുര്‍ബലരായ റോഡ് ഉപഭോക്താക്കളുടെ സംരക്ഷണത്തില്‍ 55 ശതമാനവും സേഫ്റ്റി അസിസ്റ്റ് സിസ്റ്റത്തില്‍ 83 ശതമാനവുമാണ് എസ്‌യുവി സ്‌കോര്‍ ചെയ്തത്.
ലാറ്റിന്‍ NCAP ക്രാഷ് ടെസ്റ്റിന്റെ കണ്ടെത്തലുകളില്‍ ഭൂരിഭാഗവും ഗ്ലോബല്‍ NCAP ടെസ്റ്റ് ഫലങ്ങളുമായി സാമ്യമുള്ളതാണ്. എന്നിരുന്നാലും ഗ്ലോബല്‍ NCAP ടെസ്റ്റില്‍ ഡ്രൈവറുടെ നെഞ്ചിന് മതിയായ പരിരക്ഷ നല്‍കുന്നുവെന്ന് റേറ്റ് ചെയ്തപ്പോള്‍ ഇവിടെ റേറ്റിംഗ് നാമമാത്രമായി. നേരെമറിച്ച് സൈഡ് ക്രാഷ് പ്രൊട്ടക്ഷന്‍ ടെസ്റ്റില്‍ ഗ്ലോബല്‍ NCAP ടെസ്റ്റുകള്‍ക്ക് കീഴിലുള്ള മാര്‍ജിനല്‍ പ്രൊട്ടക്ഷനുമായി താരതമ്യപ്പെടുത്തുമ്പോള്‍ ചെസ്റ്റിന്റെ സംരക്ഷണം മികച്ചതായി വിലയിരുത്തപ്പെട്ടു.

സൈഡ് പോള്‍ ഇംപാക്ട് ടെസ്റ്റില്‍ ഉദര മേഖലക്കുള്ള സംരക്ഷണം നേരിയ തോതില്‍ മെച്ചപ്പെട്ടതായി കാണിക്കുന്നു. കുട്ടികളുടെ സംരക്ഷണത്തിന്റെ കാര്യത്തില്‍ മെയിഡ് ഇന്‍ ഇന്ത്യ ടൈഗണ്‍ 45 പോയിന്റ് നേടി. ഇവിടെയും കണ്ടെത്തലുകള്‍ ഗ്ലോബല്‍ NCAP ടെസ്റ്റുകളുമായി വളരെ സാമ്യമുള്ളതാണ്. ISOFIX ആങ്കറേജുകള്‍ വഴി സുരക്ഷിതമാക്കിയിരിക്കുന്ന ചൈല്‍ഡ് സീറ്റുകളില്‍ ഒന്നര വയസും 3 വയസും പ്രായമുള്ള കുട്ടികള്‍ക്ക് പൂര്‍ണ സംരക്ഷണം നല്‍കുന്നു.
ലാറ്റിനമേരിക്കൻ ഇടിക്കൂട്ടില്‍ പരീക്ഷിച്ച ഫോക്‌സ്‌വാഗൺ ടൈഗൂണ്‍ ഇന്ത്യയില്‍ നിര്‍മ്മിച്ചതാണെങ്കിലും നമ്മുടെ രാജ്യത്ത് വില്‍ക്കുന്ന എസ്‌യുവിയില്‍ ഓട്ടോണമസ് എമര്‍ജന്‍സി ബ്രേക്കിംഗ് സംവിധാനം ലഭിക്കുന്നില്ല. മിഡ്‌സൈസ് എസ്‌യുവിയുടെ ഉയര്‍ന്ന വേരിയന്റുകളില്‍ ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, ഫ്രണ്ട് എയര്‍ബാഗുകള്‍, കര്‍ട്ടന്‍ എയര്‍ബാഗുകള്‍ എന്നീ ഫീച്ചറുകളും ലഭിക്കും.

ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ഇലക്ട്രോണിക് ബ്രേക്ക് ഡിസ്ട്രിബ്യൂഷനോട് കൂടിയ ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം (ABS), മള്‍ട്ടി കൊളീഷന്‍ ബ്രേക്കുകള്‍, ബ്രേക്ക് ഡിസ്‌ക് വൈപ്പിംഗ്, ബ്രേക്ക് അസിസ്റ്റ്, ആന്റ് സ്ലിപ്പ് റെഗുലേഷന്‍, ഇലക്ട്രോണിക് ഡിഫറന്‍ഷ്യല്‍ ലോക്ക് സിസ്റ്റം, ടയര്‍ പ്രഷര്‍ ഡീഫ്‌ലേഷന്‍ വാണിംഗ്, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, ഫ്രണ്ട് ഡ്യുവല്‍ എയര്‍ബാഗ് എന്നിവയാണ് ഇന്ത്യ സ്‌പെക്ക് ടൈഗൂണില്‍ ഫോക്‌സ്‌വാഗണ്‍ വാഗ്ദാനം ചെയ്യുന്നത്.
MQB A0-IN പ്ലാറ്റ്‌ഫോമിൽ നിർമ്മിച്ച വാഹനങ്ങളുടെ സേഫ്റ്റി ട്രാക്ക് റെക്കോർഡിൽ ഞങ്ങൾ അഭിമാനിക്കുന്നുവെന്നാണ് സ്‌കോഡ ഓട്ടോ ഫോക്‌സ്‌വാഗൺ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ പിയൂഷ് അറോറ പറഞ്ഞത്. തങ്ങളുടെ ഉപഭോക്താക്കൾക്ക് ലോകോത്തര സുരക്ഷ വാഗ്ദാനം ചെയ്യുന്നതിൽ കമ്പനിയുടെ പ്രതിബദ്ധത എടുത്തുകാണിക്കുന്ന തെളിവാണിത്. ഇന്ത്യയ്‌ക്ക് വേണ്ടി നിർമ്മിച്ചതും എന്നാൽ ലോകമെമ്പാടും കയറ്റുമതി ചെയ്യപ്പെടുന്നതുമായ ഫോക്സ്‌വാഗൺ ടൈഗൂൺ മെയ്ക്ക് ഇൻ ഇന്ത്യ കാമ്പെയ്നിൻ്റെ മികച്ച ഉദാഹരണമാണ്. ആഗോള വിപണിയിൽ ലഭ്യമായിരിക്കുന്ന ഏറ്റവും ഉയർന്ന ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങൾ ഇന്ത്യൻ ഉപഭോക്താക്കൾക്ക് ലഭ്യമാക്കാൻ കമ്പനി എപ്പോഴും പ്രതിജ്ഞാബദ്ധരാണ് എന്നും പിയൂഷ് അറോറ കൂട്ടിച്ചേർത്തു.
ഡൈനാമിക്, പെര്‍ഫോമന്‍സ് എന്നിങ്ങനെ രണ്ട് ട്രിം ലെവലുകളിലാണ് ടൈഗൂണ്‍ വാഗ്ദാനം ചെയ്യുന്നത്. കംഫര്‍ട്ട്ലൈന്‍, ഹൈലൈന്‍, ടോപ്ലൈന്‍ എന്നിവയാണ് ഡൈനാമിക് ലൈനിലെ വേരിയന്റുകള്‍. പെര്‍ഫോമന്‍സ് ലൈനിന് GT, GT പ്ലസ് എന്നിങ്ങനെ രണ്ട് വേരിയന്റുകള്‍ ലഭിക്കുന്നു. 113 bhp പരമാവധി കരുത്തും 178 Nm ടോര്‍ക്കും സൃഷ്ടിക്കുന്ന 1.0 ലിറ്റര്‍, 3 സിലിണ്ടര്‍ TSI പെട്രോള്‍ എഞ്ചിനാണ് ഡൈനാമിക് ലൈനിന് കരുത്തേകുന്നത്.
6 സ്പീഡ് മാനുവല്‍, 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുകളുമായി എഞ്ചിന്‍ ജോടിയാക്കുന്നു. മറുവശത്ത് 148 bhp പവറും 250 Nm ടോര്‍ക്കും പുറപ്പെടുവിക്കുന്ന 1.5 ലിറ്റര്‍ EVO TSI പെട്രോള്‍ എഞ്ചിനാണ് പെര്‍ഫോമന്‍സ് ലൈനിന് തുടിപ്പേകുന്നത്. 6 സ്പീഡ് മാനുവല്‍, 7 സ്പീഡ് DSG ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളില്‍ വാങ്ങാം. ഇന്ത്യയില്‍ 11.62 ലക്ഷം മുതല്‍ 19.46 ലക്ഷം രൂപ വരെയാണ് ടൈഗൂണ്‍ എസ്‌യുവിയുടെ എക്‌സ്‌ഷോറൂം വില.


Click it and Unblock the Notifications








