വിൽപ്പനയിൽ എപ്പോഴും ഒന്നാമൻ; അതാണ് മഹീന്ദ്രയുടെ ഹൈലൈറ്റ്
മഹീന്ദ്രയുടെ മെയ് മാസത്തിലെ വിൽപ്പന വലിയ മുന്നേറ്റമാണ് കാഴ്ച്ച വച്ചിരിക്കുന്നത്. 2023 മെയ് മാസത്തിൽ മൊത്തം വാഹന വിൽപ്പന 61,415 വാഹനങ്ങളാണ് വിറ്റത്. 32,883 വാഹനങ്ങളാണ് യൂട്ടിലിറ്റി സെഗ്മെൻ്റിൽ മഹീന്ദ്ര വിറ്റിരിക്കുന്നത്. ചെറുകിട വാണിജ്യ വാഹനങ്ങളുടെ വിൽപ്പന നോക്കിയാൽ 19,053 യൂണിറ്റുകളാണ്.എസ്‌യുവികളുടെ വളർച്ച മഹീന്ദ്രയെ വലിയ രീതിയിൽ തന്നെ സഹായിച്ചിട്ടുണ്ട്.
സെഡാനുകൾ വിട്ട് ജനങ്ങൾ എസ്‌യുവികളുടെ പിന്നാലെ പോകാൻ തുടങ്ങിയിട്ട് കുറച്ച് കാലമേ ആയുളളു എങ്കിലും, അത് ഗുണം ചെയ്തത് മഹീന്ദ്ര, ടാറ്റ എന്നീ കമ്പനികൾക്കാണ്. മഹീന്ദ്രയെ സംബന്ധിച്ചിടത്തോളം വാണിജ്യ മേഖല മാറ്റി വച്ചാൽ പാസഞ്ചർ വാഹന സെഗ്മെൻ്റിൽ ഇനി വലിയ പോരാട്ടമായിരിക്കും നടക്കുക, പ്രത്യേകിച്ച് ജിംനിയുമായിട്ടുളള മത്സരം.

അത് പോലെ തന്നെ മഹീന്ദ്ര ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന ഒരു മേഖലയാണ് ഇവി. വെറും നാല് മാസത്തിനുള്ളിൽ, ഇവിക്ക് 23,000-ത്തിലധികം ബുക്കിംഗുകളാണ് ലഭിച്ചിരിക്കുന്നത്, അതിൽ ഇതിനകം 4,000 യൂണിറ്റുകളുടെ ഡെലിവറികൾ കാർ നിർമ്മാതാക്കൾ ചെയ്തുകഴിഞ്ഞു. ഉപഭോക്താക്കളോടുള്ള പ്രതിബദ്ധതയും അർപ്പണബോധം പ്രകടമാക്കുന്ന കമ്പനിയുടെ ഈ നേട്ടം പ്രശംസനീയം തന്നെയാണ്. 34.5 kWh, 39.4 kWh എന്നീ രണ്ട് ബാറ്ററി പായ്ക്കുകൾക്കൊപ്പമാണ് XUV400 ഇലക്ട്രിക് ലഭ്യമാവുന്നത്.
150 bhp മാക്സ് പവറും 310 Nm പീക്ക് torque ഉം ഉത്പാദിപ്പിക്കുന്ന ഫ്രണ്ട് ആക്‌സിലിൽ സെറ്റ് ചെയ്തിരിക്കുന്ന ഒരു ഇലക്ട്രിക് മോട്ടോറിനെ ഇവ പവർ ചെയ്യുന്നു. ചെറിയ 34.5 kWh ബാറ്ററി പാക്കിന് സിംഗിൾ ചാർജിൽ 375 കിലോമീറ്റർ റേഞ്ച് മഹീന്ദ്ര അവകാശപ്പെട്ടിരുന്നു. അതേസമയം വലിയ 39.4 kWh ബാറ്ററി പായ്ക്കിന് ഒറ്റ ചാർജിൽ 456 കിലോമീറ്റർ റേഞ്ച് ലഭിക്കും എന്നാണ് കമ്പനി പറയുന്നത്. ഒരു 50 kW DC ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് XUV400 50 മിനിറ്റിനുള്ളിൽ പൂജ്യത്തിൽ നിന്ന് 80 ശതമാനം വരെ ചാർജ് ചെയ്യാനാവും.

3.3 kW എസി ചാർജർ 7.2 kW എസി ചാർജർ എന്നിങ്ങനെ രണ്ട് സ്റ്റാൻഡേർഡ് ചാർജിംഗ് ഓപ്ഷനുകളും മഹീന്ദ്ര നൽകുന്നു. ബേസ് മോഡൽ EC, ടോപ്പ് എൻഡ് EL എന്നിങ്ങനെ XUV400 രണ്ട് വേരിയന്റുകളിൽ ലഭ്യമാണ്. 34.5 kWh ബാറ്ററി പായ്ക്ക് 3.3 kW അല്ലെങ്കിൽ 7.2 kW എസി ചാർജറിനൊപ്പമാണ് EC വേരിയന്റ് വാഗ്ദാനം ചെയ്യുന്നത്. EL വേരിയന്റിന് 7.2 kW എസി ചാർജറിനൊപ്പം 39.5 kWh ബാറ്ററി പാക്ക് ലഭിക്കുന്നു. ഈ ഇലക്ട്രിക് എസ്‌യുവിക്ക് നിലവിൽ 15.99 ലക്ഷം മുതൽ 18.99 ലക്ഷം രൂപ വരെയാണ് എക്സ്-ഷോറൂം വില.
എന്നിരുന്നാലും, ഈ വിലകൾ ഇൻണ്ട്രൊടക്ടറി പ്രൈസുകൾ മാത്രമാണെന്നു ഓരോ വേരിയന്റിന്റെയും ആദ്യ 5,000 ബുക്കിംഗുകൾക്ക് മാത്രമേ ഇവ ബാധകമാകൂ എന്നതും ശ്രദ്ധിക്കേണ്ടതാണ്. പുതിയ മഹീന്ദ്ര XUV400 ഇലക്ട്രിക്കിന് മഹീന്ദ്രയുടെ AdrenoX സോഫ്‌റ്റ്‌വെയർ സംവിധാനമുള്ള 7.0 ഇഞ്ച് ഇൻഫോടെയിൻമെന്റ് സിസ്റ്റം, സിംഗിൾ പേൻ സൺറൂഫ്, ഓവർ ദി എയർ (OTA) അപ്‌ഡേറ്റുകളുള്ള കണക്‌റ്റഡ് കാർ സാങ്കേതികവിദ്യ തുടങ്ങിയ സവിശേഷതകൾ വാഹനത്തിനുണ്ട്.
ഹൈറ്റ് അഡ്ജസ്റ്റബിൾ ഡ്രൈവർ സീറ്റ്, ഡെമിസ്റ്ററോട് കൂടിയ റിയർ വൈപ്പറും വാഷറും, സ്റ്റോറേജ് സംവിധാനമുള്ള ഫ്രണ്ട് ആൻഡ് റിയർ ആംറെസ്റ്റുകൾ, പുഷ് ബട്ടൺ സ്റ്റാർട്ടോടുകൂടിയ കീലെസ് എൻട്രി, ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പ് & വൈപ്പർ, സ്മാർട്ട് വാച്ച് കണക്റ്റിവിറ്റി, DRL ഉള്ള പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ തുടങ്ങിയവയാണ് മറ്റ് സവിശേഷതകൾ.


Click it and Unblock the Notifications








