ടാറ്റ നന്നായി ഒരുങ്ങിക്കോ... പുതിയ മഹീന്ദ്ര ഇലക്ട്രിക് എസ്‌യുവിയുടെ ഇന്റീരിയര്‍ ചിത്രങ്ങള്‍ പുറത്ത്
ഇന്ത്യന്‍ വിപണിയില്‍ ടാറ്റയുടെ കുത്തക അവസാനിപ്പിക്കാന്‍ കച്ചകെട്ടി ഇറങ്ങുന്ന മഹീന്ദ്രയുടെ ഇലക്ട്രിക് വാഹന നിരയില്‍ വാഹനപ്രേമികള്‍ക്ക് പ്രതീക്ഷകള്‍ ഏറെയാണ്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് മഹീന്ദ്രയുടെ പുത്തന്‍ ഇലക്ട്രിക് എസ്‌യുവിയുടെ ചെന്നൈയില്‍ നിന്നുള്ള സ്‌പൈ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇപ്പോള്‍ ഇവിയുടെ ഇന്റീരിയറിനെ കുറിച്ച് വെളിച്ചം വീശുന്ന ചില ചിത്രങ്ങള്‍ കൂടി പുറത്തുവന്നിരിക്കുകയാണ്.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ അരങ്ങേറ്റം കുറിച്ചതിന് ശേഷം അടുത്തിടെയാണ് മഹീന്ദ്ര BE.05 ഇലക്ട്രിക് എസ്‌യുവി കൂപ്പെ ചാരക്കണ്ണുകളില്‍ പതിഞ്ഞത്. മഹീന്ദ്രയുടെ ബോണ്‍ ഇലക്ട്രിക് INGLO പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനപ്പെടുത്തിയാണ് ഇവി ഒരുക്കുന്നത്. ടെസ്റ്റ് മ്യൂളിന്റെ മുന്‍ഭാഗത്തെ ക്യാബിനിന്റെ ഇന്റീരിയര്‍ ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. മഹീന്ദ്രയുടെ എക്സിക്യൂട്ടീവ് ഡയറക്ടറും സിഇഒയുമായ (ഓട്ടോ ആന്‍ഡ് ഫാം സെക്ടര്‍) രാജേഷ് ജെജുരിക്കര്‍ കാറിന്റെ ഇന്റീരിയറിന്റെ ചിത്രം മൈക്രോ ബ്ലോഗിംഗ് സൈറ്റായ ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്.

ചെന്നൈയില്‍ നിന്നെടുത്ത സ്‌പൈ ചിത്രങ്ങള്‍ വഴി കഴിഞ്ഞ വര്‍ഷം വെളിപ്പെടുത്തിയ കണ്‍സെപ്റ്റ് കാറിന്റെ രൂപകല്‍പ്പനയുമായി ടെസ്റ്റ് മ്യൂളിനെ താരതമ്യം ചെയ്യുമ്പോള്‍ അത് കൂടുതല്‍ പ്രായോഗിക ലുക്കിലേക്ക് രൂപാന്തരപ്പെട്ടിരുന്നു. രാജേഷ് ജെജുരിക്കര്‍ ട്വീറ്റ് ചെയ്ത ചിത്രം മഹീന്ദ്ര BE.05 ഇലക്ട്രിക് എസ്‌യുവിയുടെ ക്യാബിനിന്റെ ആദ്യ കാഴ്ച നല്‍കുന്നു.
ചെന്നൈയില്‍ വെച്ച് മഹീന്ദ്ര ഓട്ടോമോട്ടീവ് ലീഡര്‍ഷിപ്പ് ടീം പുത്തന്‍ ഇവി ഓടിക്കുമ്പോള്‍ പകര്‍ത്തിയതാണ് ചിത്രം. ഇന്‍ീറരിയറിന്റെ വിശദാംശങ്ങളിലേക്ക് കടന്നാല്‍ ഇലക്ട്രിക് എസ്‌യുവിയുടെ മുന്‍വശത്ത് സ്പ്ലിറ്റ് ക്യാബിന്‍ സജ്ജീകരണം നിലനിര്‍ത്തിയതായി കാണാം. ഡ്രൈവറെ ചുറ്റിയാണ് ഡാഷ്ബോര്‍ഡ് പൂര്‍ത്തിയാക്കിയിരിക്കുന്നത്. സ്ലിം എസി വെന്റുകളും ഇലക്ട്രിക് എസ്‌യുവി കൂപ്പെയുടെ ഡാഷ്‌ബോര്‍ഡിലാണ് നല്‍കിയിരിക്കുന്നത്.

കണ്‍സെപ്റ്റ് ഇവിയില്‍ നിന്ന് വേറിട്ട് നിര്‍ത്തുന്ന ചില മാറ്റങ്ങളും പുറത്തുവന്നിരിക്കുന്ന ചിത്രത്തില്‍ നിന്ന് വ്യക്തമാണ്. കണ്‍സെപ്റ്റില്‍ സ്റ്റിയറിംഗ് വീലിന് വിറകില്‍ എക്‌സ്റ്റന്‍ഡഡ് സ്‌ക്രീന്‍ ആയിരുന്നു കാണപ്പെട്ടിരുന്നത്. എന്നാല്‍ ടെസ്റ്റ് മ്യൂളില്‍ ഒരു സാധാരണ വലുപ്പത്തിലുള്ള ഡിസ്പ്ലേ മാത്രമാണ് സജ്ജീകരിച്ചിരിക്കുന്നത്. 2025-ല്‍ ആയിരിക്കും മഹീന്ദ്ര BE.05 വിപണിയില്‍ എത്തുക. ആ സമയം ആകുമ്പേഴേക്കും ഈ രൂപത്തില്‍ നിന്നും ഒരുപാട് മാറ്റങ്ങള്‍ നമുക്ക് പ്രതീക്ഷിക്കാം.
സ്റ്റിയറിംഗ് വീലിലും ചില മാറ്റങ്ങള്‍ പ്രകടമാണ്. കണ്‍സെപ്റ്റില്‍ ഡിസ്പ്ലേയുള്ള സ്‌ക്വയര്‍ ടു സ്പോക്ക് വീല്‍ ആയിരുന്നു നല്‍കിയത്. എന്നാല്‍ ഒരു പരമ്പരാഗത രീതിയിലുള്ള റൗണ്ട് യൂണിറ്റാണ് പുതിയ ചിത്രങ്ങളില്‍ കാണാനാകുക. എന്നിരുന്നാലും ഇത് പ്രോട്ടോടൈപ്പ് ആണെന്ന കാര്യം നമുക്ക് മറക്കാതിരിക്കാം. പുതിയ മഹീന്ദ്ര BE.05 കണ്‍സെപ്റ്റില്‍ ഉള്ളതിന് സമാനമായ ഒരു സ്റ്റിയറിംഗ് വീല്‍ തന്നെ പ്രൊഡക്ഷന്‍ സ്‌പെക്കില്‍ നമുക്ക് പ്രതീക്ഷിക്കാം.

മഹീന്ദ്ര BE.05 ഇലക്ട്രിക് എസ്‌യുവി കൂപ്പെയുടെ പുതിയ ചിത്രത്തില്‍ ഡാഷിന്റെ മുകളില്‍ ഒരു വലിയ ലിവറും കാണപ്പെടുന്നു. മിക്ക പ്രോട്ടോടൈപ്പുകളിലും ഘടിപ്പിച്ചിരിക്കുന്ന എമര്‍ജന്‍സി കില്‍ സ്വിച്ചായിരിക്കാം ഇത്. മാന്വലി അഡ്ജസ്റ്റബിള്‍ ഫ്രണ്ട് പാസഞ്ചര്‍ സീറ്റും ഡാഷിന്റെ വിപുലീകരണമായി തോന്നുന്ന ഡോറിലെ ആംറെസ്റ്റും മറ്റും ചിത്രത്തില്‍ ദൃശ്യമാണ്. ഇത് കണ്‍സെപ്റ്റ് കാറില്‍ കണ്ടതിന് സമാനമാണ്.
മഹീന്ദ്രയുടെ വരാന്‍ പോകുന്ന വമ്പന്‍ ഇവി നിരയില്‍ ആദ്യം എത്താന്‍ പോകുന്ന മോഡലുകളില്‍ ഒന്നായിരിക്കും മഹീന്ദ്ര BE.05. പുതിയ ചിത്രങ്ങളില്‍ നിന്ന് നമുക്ക് മനസ്സിലാക്കാന്‍ കഴിയുന്ന കാര്യം എന്തെന്നാല്‍ കണ്‍സെപ്റ്റ് മോഡലില്‍ നിന്നുള്ള മിക്ക ഡിസൈന്‍ സൂചകങ്ങളും നിലനിര്‍ത്തിയാണ് മഹീന്ദ്ര ഇവി നിര്‍മിച്ച് കൊണ്ടിരിക്കുന്നത്. അതിനാല്‍ തന്നെ മഹീന്ദ്രയോട് മുട്ടി നില്‍ക്കാന്‍ ടാറ്റ പുതിയ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കേണ്ടി വരും.


Click it and Unblock the Notifications








