വില്‍പ്പന കൂട്ടണം; സ്‌കോര്‍പിയോക്കൊപ്പം കട്ടക്ക് നിക്കാന്‍ പുത്തന്‍ മഹീന്ദ്ര എസ്‌യുവി അടുത്ത മാസം
രാജ്യത്തെ വാഹന നിര്‍മാതാക്കളില്‍ അധികവും തങ്ങളുടെ ഉല്‍പ്പന്നങ്ങളുടെ ലോഞ്ചുകള്‍ ഉത്സവ സീസണ്‍ മുന്നില്‍ക്കണ്ടാണ് നിശ്ചയിക്കാറ്. കാരണം ഇന്ത്യയില്‍ ഓട്ടോമൊബൈല്‍ രംഗത്തായാലും ഗൃഹോപകരണ രംഗത്തായാലും വില്‍പ്പന പൊടിപൊടിക്കുന്ന സമയമാണ് ഉത്സവ സീസണ്‍. രാജ്യത്തെ ഗ്രാമീണ ജനതയ്ക്ക് പ്രിയങ്കരമായ ഒരു എസ്‌യുവിയാണ് മഹീന്ദ്ര ബൊലേറോ.
ഉത്സവ സീസണില്‍ വില്‍പ്പന വര്‍ധിപ്പിക്കുന്നതിനായി പുതിയ ബൊലേറോ നിയോ പ്ലസ് എസ്‌യുവി (Mahindra Bolero Neo Plus) മഹീന്ദ്ര അടുത്ത മാസം (സെപ്റ്റംബര്‍) പുറത്തിറക്കാനാണ് സാധ്യത. മഹീന്ദ്ര മോഡല്‍ നിരയില്‍ സ്‌കോര്‍പിയോ ക്ലാസിക്കിന് താഴെ ആയിരിക്കും ബൊലേറോ നിയോ പ്ലസിന്റെ സ്ഥാനം. ബൊലേറോ നിയോ പ്ലസ് സ്‌കോര്‍പിയോ ക്ലാസിക്കിനെക്കാള്‍ കുറഞ്ഞ വിലയില്‍ ലഭ്യമാകാന്‍ സാധ്യതയുണ്ട്. ബൊലേറോ നിയോ പ്ലസിന് ക്ലാസിക്കിന്റെ വേരിയന്റുകള്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

പ്രധാനമായും ടയര്‍ 2 നഗരങ്ങളെയും ഗ്രാമീണ മേഖലയെയും ലക്ഷ്യമിട്ടാണ് മഹീന്ദ്ര ബൊലേറോ നിയോ പ്ലസ് കൊണ്ടുവരുന്നത്. താങ്ങാവുന്ന വിലയില്‍ വരുന്ന ഈ മൂന്ന് വരി എസ്‌യുവിയെ ജനങ്ങളിലേക്ക് അടുപ്പിക്കാന്‍ ബൊലേറോ നെയിംപ്ലേറ്റിന് സാധിക്കുമെന്നാണ് കമ്പനി കരുതുന്നത്. ഗ്രാമീണ ജനതക്ക് ഏറെ ഇഷ്ടമായതിനാല്‍ പുതിയ ബൊലേറോ നിയോ പ്ലസ് എസ്‌യുവി യില്‍ 3 വരി സീറ്റിംഗ് കോണ്‍ഫിഗറേഷന്‍ മഹീന്ദ്ര നല്‍കിയേക്കും.
മഹീന്ദ്ര ബൊലേറോ നിയോ പ്ലസ് എസ്‌യുവി ആഭ്യന്തര ഉപഭോക്താക്കള്‍ക്ക് 7 അല്ലെങ്കില്‍ 9 സീറ്റിംഗ് കോണ്‍ഫിഗറേഷനുകളില്‍ ലഭ്യമാകും. റിയര്‍ വീല്‍ ഡ്രൈവ് സംവിധാനവുമായിട്ടാകും കാര്‍ വരിക. സ്‌കോര്‍പിയോ ക്ലാസിക്കിന് കരുത്ത് പകരുന്ന 2.2 ലിറ്റര്‍ 4-സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിനായിരിക്കും മഹീന്ദ്ര ബൊലേറോ നിയോ പ്ലസിന് തുടിപ്പേകുക. എന്നാല്‍ പവര്‍ ഔട്ട്പുട്ട് സ്‌കോര്‍പിയോ ക്ലാസിക്കില്‍ നിന്ന് വ്യത്യസ്തമായിരിക്കും.

ഡീട്യൂണ്‍ ചെയ്യുന്ന എഞ്ചിന്‍ മഹീന്ദ്ര ബൊലേറോ നിയോ പ്ലസ് എസ്‌യുവിയില്‍ പരമാവധി 120 bhp പവറും 280 Nm പീക്ക് ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം ഈ എഞ്ചിന്‍ സ്‌കോര്‍പിയോ ക്ലാസിക്കില്‍ 130 bhp കരുത്തും 300 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. ബൊലേറോ നിയോ പ്ലസ് ഒരു ഗിയര്‍ ബോക്‌സ് ഓപ്ഷനില്‍ മാത്രമായിരിക്കും വരിക. 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സ് ഓപ്ഷന്‍ മാത്രമായിരിക്കും എസ്‌യുവിയില്‍ ലഭ്യമാകുക.
ഫീച്ചറുകള്‍ നോക്കിയാല്‍ മഹീന്ദ്ര ബൊലേറോ നിയോ പ്ലസ് എസ്‌യുവിക്ക് 6.8 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് യൂണിറ്റ്, സ്റ്റിയറിംഗ് മൗണ്ടഡ് കണ്‍ട്രോളുകള്‍, പവര്‍ വിന്‍ഡോ, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്, ഡ്യുവല്‍ എയര്‍ബാഗുകള്‍, എബിഎസ് (ആന്റിലോക്ക് ബ്രേക്കിംഗ് സിസ്റ്റം) ഇബിഡി (ഇലക്ട്രോണിക് ബ്രേക്ക്‌ഫോഴ്സ് ഡിസ്ട്രിബ്യൂഷന്‍) തുടങ്ങി ഡസന്‍ കണക്കിന് സവിശേഷതകള്‍ ലഭിക്കും.
9.63 ലക്ഷം മുതല്‍ 12.14 ലക്ഷം രൂപ വരെ എക്സ്ഷോറൂം വിലയിലാണ് നിലവില്‍ മഹീന്ദ്ര ബൊലേറോ നിയോ ഇന്ത്യന്‍ വിപണിയില്‍ വില്‍പ്പനക്കെത്തിക്കുന്നത്. 100 bhp പരമാവധി പവറും 260 Nm പീക്ക് ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുന്ന 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് ഇതിന് തുടിപ്പേകുന്നത്. 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമായിട്ടാണ് എഞ്ചിന്‍ ജോടിയാക്കിയിരിക്കുന്നത്.
N4, N8, N10, N10(O) എന്നിങ്ങനെ നാല് വേരിയന്റുകളിലും ഏഴ് കളര്‍ ഓപ്ഷനുകളിലും ബൊലേറോ നിയോ ലഭ്യമാണ്. ലിറ്ററിന് 17.29 കിലോമീറ്റര്‍ ആണ് മഹീന്ദ്ര ബൊലേറോ നിയോയുടെ ഇന്ധനക്ഷമത കണക്കുകള്‍. 7 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ക്രൂയിസ് കണ്‍ട്രോള്‍, കീലെസ് എന്‍ട്രി തുടങ്ങി നിരവധി ഫീച്ചറുകള്‍ കാറില്‍ സജ്ജീകരിച്ചിട്ടുണ്ട്. ഡ്യുവല്‍ എയര്‍ബാഗ് സുരക്ഷയേകുന്നു.
നിയോ പ്ലസിന്റെ മൂത്ത സഹോദരനായ മഹീന്ദ്ര ബൊലേറോയെ കുറിച്ച് പറയുകയാണെങ്കില്‍ 9.78 ലക്ഷം മുതല്‍ 10.79 ലക്ഷം രൂപ വരെ എക്സ്ഷോറൂം വിലയിലാണ് ഇത് വില്‍ക്കുന്നത്. 75 bhp പരമാവധി പവറും 210 Nm പീക്ക് ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് ബൊലേറോയുടെ കരുത്ത്. 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്മായിട്ടാണ് എഞ്ചിന്‍ ഇണചേര്‍ത്തിരിക്കുന്നത്. ലിറ്ററിന് 16.0 കിലോമീറ്ററാണ് മൈലേജ് വാഗ്ദാനം ചെയ്യുന്നത്.
ഈ ഉത്സവ സീസണില്‍ വില്‍പ്പന ഉയര്‍ത്താന്‍ ലക്ഷ്യമിടുന്ന മഹീന്ദ്ര 10 ലക്ഷം മുതല്‍ 12 ലക്ഷം രൂപ വരെ എക്‌സ്‌ഷോറൂം വിലയിലായിരിക്കും ബൊലേറോ നിയോ പ്ലസ് പുറത്തിറക്കാന്‍ സാധ്യത. ബൊലേറോയെ പോലെ തന്നെ പുത്തന്‍ വാഹനവും ഗ്രാമീണ ജനതക്കിടയില്‍ തരംഗം സൃഷ്ടിക്കാനാകുമെന്നാണ് ആഭ്യന്തര വാഹന നിര്‍മാതാക്കളുടെ പ്രതീക്ഷ. ബൊലേറോ എന്ന പേര് മാത്രം മതിയാകും അതിന്.


Click it and Unblock the Notifications








