മഹീന്ദ്ര KUV100 NXT നിര്‍ത്തലാക്കി; എന്‍ട്രി ലെവല്‍ എസ്‌യുവി ഇനി ഈ ചുള്ളന്‍
നിരവധി കാറുകളാണ് അടുത്തകാലത്ത് വിപണിയില്‍ നിന്ന് അപ്രത്യക്ഷമായത്. പുതിയ എമിഷന്‍ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി വാഹന എഞ്ചിനുകള്‍ പരിഷ്‌കരിക്കുന്നത് ചെലവേറിയ കാര്യമായതിനാല്‍ നിരവധി കാറുകളാണ് ബ്രാന്‍ഡുകള്‍ വിപണിയില്‍ നിന്ന് പിന്‍വലിക്കുന്നത്. ഇപ്പോള്‍ മഹീന്ദ്ര തങ്ങളുടെ 6 സീറ്റര്‍ കാറായ KUV100 NXT നിര്‍ത്തലാക്കി.
ആഭ്യന്തര വാഹന നിര്‍മാതാക്കളുടെ എന്‍ട്രി ലെവല്‍ എസ്‌യുവി 2017 ഒക്‌ടോബറിലാണ് വിപണിയില്‍ എത്തിച്ചത്. മഹീന്ദ്ര KUV100 NXT ഹാച്ച്ബാക്കിന്റെ ബുക്കിംഗ് ഓണ്‍ലൈനായും ഓഫ്ലൈനായും ബുക്കിംഗ് സ്വീകരിക്കുന്നില്ലെന്നാണ് ഡീലര്‍ഷിപ്പുകളില്‍ നിന്ന് അറിയാന്‍ സാധിക്കുന്നത്. അതിനാല്‍ തന്നെ ഇനി ഉപഭോക്താക്കള്‍ക്ക് ഈ കാര്‍ സ്വന്തമാക്കാന്‍ സാധിക്കില്ല. ഇതോടെ ബ്രാന്‍ഡിന്റെ എന്‍ട്രി ലെവല്‍ എസ്‌യുവി XUV300 ആയി മാറി.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി മഹീന്ദ്ര KUV100 NXT-യുടെ വില്‍പ്പന കണക്കുകള്‍ അത്ര ശുഭകരമായിരുന്നില്ല. പോരാത്തതിന് ഈ മോഡല്‍ കാലഹരണപ്പെട്ടതായും അഭിപ്രായങ്ങള്‍ ഉയര്‍ന്നു. ഇതേ മോഡലിന്റെ എതിരാളികള്‍ ഫീച്ചര്‍ സമ്പന്നമായി ഇറങ്ങാന്‍ തുടങ്ങിയതും KUV100-ക്ക് വിനയായി. നിര്‍ത്തലാക്കുന്നതിന് മുമ്പായി ഏക പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനില്‍ 5 വേരിയന്റുകളിലായാണ് ഇത് വിപണിയില്‍ എത്തിയിരുന്നത്.
6 സീറ്റര്‍ ലേഔട്ടും ഡാഷ്‌ബോര്‍ഡ് മൗണ്ടഡ് ഗിയര്‍ ലിവറുമായിരുന്നു ഈ കാറിന്റെ യുഎസ്പി. 5 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനുമായി ജോടിയാക്കിയ 82 bhp പവറും 115 Nm ടോര്‍ക്കും നല്‍കുന്ന 1.2 ലിറ്റര്‍ എംഫാല്‍ക്കണ്‍ പെട്രോള്‍ എഞ്ചിനാണ് മഹീന്ദ്ര KUV100 NXT-ക്ക് തുടിപ്പേകുന്നത്. നേരത്തെ, മഹീന്ദ്ര KUV100 NXT-യില്‍ ഒരു ഡീസല്‍ എഞ്ചിനും വാഗ്ദാനം ചെയ്തിരുന്നു.
എന്നാല്‍ 2020-ല്‍ ബിഎസ് VI ഘട്ടം ഒന്ന് നടപ്പലാക്കിയപ്പോള്‍ തന്നെ ഡീസല്‍ എഞ്ചിന്‍ പിന്‍വലിച്ചു. മഹീന്ദ്ര KUV100 NXT-യുടെ സവിശേഷതകളിലേക്ക് കണ്ണോടിച്ചാല്‍ ഇതിന് 7 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഡിസ്പ്ലേ, 4 സ്പീക്കര്‍ സൗണ്ട് സിസ്റ്റം, സ്റ്റിയറിംഗ് മൗണ്ടഡ് കണ്‍ട്രോളുകള്‍, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്, ഇലക്ട്രിക്കലി ഫോള്‍ഡബിള്‍ ORVM-കള്‍, കൂള്‍ഡ് ഗ്ലോവ്ബോക്സ്, റിയര്‍ ഡീഫോഗര്‍ എന്നിവ ക്യാബിനിനകത്ത് സജ്ജീകരിച്ചതായി കാണാം.
ഡ്യുവല്‍ ഫ്രണ്ട് എയര്‍ബാഗുകള്‍, ഇബിഡിയുള്ള എബിഎസ്, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, സ്പീഡ് സെന്‍സിംഗ് ഓട്ടോമാറ്റിക് ഡോര്‍ ലോക്കുകള്‍, ISOFIX ചൈല്‍ഡ് സീറ്റ് മൗണ്ടുകള്‍ എന്നിവയാണ് സേഫ്റ്റി ഫീച്ചറുകളില്‍ ഉള്‍ക്കൊള്ളുന്നത്. 6.06 ലക്ഷം മുതല്‍ 7.72 ലക്ഷം രൂപ വരെയാണ് KUV100 NXT-യുടെ എക്‌സ്-ഷോറൂം വില. മാരുതി സ്വിഫ്റ്റ്, മാരുതി ഇഗ്‌നിസ്, ടാറ്റ പഞ്ച്, ഹ്യുണ്ടായി ഗ്രാന്‍ഡ് i10 നിയോസ് എന്നിവയായിരുന്നു വിപണിയില്‍ മോഡലിന്റെ എതിരാളികള്‍.
ഇന്ന് ഇന്ത്യന്‍ എസ്‌യുവി വിപണി ഭരിക്കുന്ന കമ്പനികളില്‍ ഒന്നാണ് മഹീന്ദ്ര. എന്നാല്‍ സമീപകാലത്തെ ബമ്പര്‍ ഹിറ്റ് മോഡലുകളായ XUV700, സ്‌കോര്‍പിയോ N, സ്‌കോര്‍പിയോ ക്ലാസിക് എന്നീ മോഡലുകളുടെ വില മഹീന്ദ്ര ഉയര്‍ത്തിയിരുന്നു. എന്നാല്‍ ഉപഭോക്താക്കള്‍ക്ക് ആശ്വാസം സമ്മാനിച്ച് മഹീന്ദ്രയുടെ എസ്‌യുവി നിരയില്‍ ഈ മാസം വമ്പന്‍ ഓഫറുകള്‍ പ്രഖ്യാപിച്ചു. തങ്ങളുടെ എസ്‌യുവി ലൈനപ്പില്‍ തെരഞ്ഞെടുത്ത മോഡലുകള്‍ക്ക് 72,000 രൂപ വരെയാണ് മഹീന്ദ്ര ഓഫറുകള്‍ നല്‍കുന്നത്.
മഹീന്ദ്ര ഥാര്‍ ലൈഫ്‌സ്‌റ്റൈല്‍ എസ്‌യുവി ഇപ്പോള്‍ 40,000 രൂപ വരെ ഡിസ്‌കൗണ്ടില്‍ സ്വന്തമാക്കാം. ഥാര്‍ 4WD പതിപ്പിന്റെ പെട്രോള്‍, ഡീസല്‍ വേരിയന്റുകള്‍ക്ക് 40,000 രൂപ വരെയാണ് കിഴിവ്. ഥാറിനൊപ്പം മറാസോ, ബൊലേറോ, ബൊലേറോ നിയോ, XUV300 എന്നീ മോഡലുകള്‍ക്കും ഡിസ്‌കൗണ്ടുണ്ട്. മറാസോ എംപിവിക്ക് ഈ മാസം 72,000 രൂപ വരെയാണ് ഡിസ്‌കൗണ്ട്. മഹീന്ദ്രയുടെ ബെസ്റ്റ് സെല്ലര്‍ മോഡലുകളില്‍ ഒന്നായ ബൊലേറോക്കും ഏപ്രിലില്‍ മികച്ച ഓഫറുകളുണ്ട്.
ബൊലേറോ എസ്‌യുവിക്ക് ഈ മാസം 66,000 രൂപ വരെയാണ് ഡിസ്‌കൗണ്ട് ലഭിക്കുക. മഹീന്ദ്ര XUV300 ഏപ്രിലില്‍ 52,000 രൂപ വരെ ആനുകൂല്യങ്ങളോടെയാണ് സ്വന്തമാക്കാന്‍ അവസരം. റീബാഡ്ജ്ഡ് TU300 ആയ ബൊലേറോ നിയോക്ക് ഈ മാസം 48,000 രൂപ വരെയാണ് ഡിസ്‌കൗണ്ട്. മഹീന്ദ്രയുടെ ഏപ്രില്‍ മാസത്തെ ഓഫര്‍ സ്ഥലങ്ങള്‍ക്കും സ്റ്റോക്കിന്റെ ലഭ്യത അനുസരിച്ചും മാറിയേക്കാം. അതിനാല്‍ തന്നെ ഡിസ്‌കൗണ്ട് ഓഫറുകളെ കുറിച്ച് കൂടുതല്‍ അറിയാന്‍ ഏറ്റവും അടുത്ത മഹീന്ദ്ര ഷോറൂം സന്ദര്‍ശിക്കുക.


Click it and Unblock the Notifications








