കാത്തിരിപ്പുകള്‍ക്കൊടുവില്‍ XUV400-യുടെ വില പ്രഖ്യാപിച്ച് മഹീന്ദ്ര; വില, ബുക്കിംഗ്, ഡെലിവറി വിവരങ്ങള്‍ അറിയാം
ഏറെ കാത്തിരുന്ന XUV400 ഇലക്ട്രിക് എസ്‌യുവിയുടെ വിലകള്‍ പ്രഖ്യാപിച്ച് നിര്‍മാതാക്കളായ മഹീന്ദ്ര. 15.99 ലക്ഷം രൂപ പ്രാരംഭ എക്‌സ്‌ഷോറൂം വിലയ്ക്കാണ് മഹീന്ദ്ര XUV400 പുറത്തിറക്കിയിരിക്കുന്നത്. ഓരോ വേരിയന്റിനും ആദ്യ 5,000 യൂണിറ്റുകള്‍ക്ക് മാത്രമാകും ഈ പ്രാരംഭ വിലകള്‍ ബാധകമാകുകയെന്ന് കമ്പനി വ്യക്തമാക്കുകയും ചെയ്തു.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ മാസത്തിലാണ് മോഡലിനെ കമ്പനി അവതരിപ്പിക്കുന്നത്. എന്നാല്‍ വില പ്രഖ്യാപനം പിന്നീടത്തേയ്ക്ക് മാറ്റിവെയ്ക്കുകയായിരുന്നു. ബ്രാന്‍ഡില്‍ നിന്നുള്ള ആദ്യത്തെ ഇലക്ട്രിക് ഉല്‍പ്പന്നമാണിതെന്നതും മറ്റൊരു ഹൈലൈറ്റാണ്. ജനുവരി 26 ന് മഹീന്ദ്ര ബുക്കിംഗ് ആരംഭിക്കുമെന്നും, മാര്‍ച്ച് മുതല്‍ ഡെലിവറികള്‍ തുടങ്ങുമെന്നാണ് വില പ്രഖ്യാപനത്തിനൊപ്പം കമ്പനി അറിയിച്ചിരിക്കുന്നത്. മഹീന്ദ്രയുടെ പുതിയ XUV400 ഇലക്ട്രിക് എസ്യുവി EC, EL എന്നീ രണ്ട് വേരിയന്റുകളില്‍ ലഭിക്കും.

ഇതില്‍ EC വേരിയന്റിന് 34.5 kWh ബാറ്ററി പാക്കും 375 കിലോമീറ്റര്‍ റേഞ്ചും അവകാശപ്പെടാം, EL വേരിയന്റിന് 456 കിലോമീറ്റര്‍ റേഞ്ച് അവകാശപ്പെടുന്ന 39.4 kWh ബാറ്ററി പായ്ക്ക് ലഭിക്കുന്നു. ആര്‍ട്ടിക് ബ്ലൂ, എവറസ്റ്റ് വൈറ്റ്, ഇന്‍ഫിനിറ്റി ബ്ലൂ, നാപോളി ബ്ലാക്ക്, ഗാലക്സി ഗ്രേ എന്നീ അഞ്ച് കളര്‍ ഓപ്ഷനുകളിലാണ് XU400 ഇലക്ട്രിക് എസ്‌യുവി അവതരിപ്പിക്കുന്നത്, അതേസമയം ലൈനിന്റെ മുകളിലെ EL വേരിയന്റ് ഡ്യുവല്‍-ടോണ്‍ കളര്‍ ഓപ്ഷനിലും വാഗ്ദാനം ചെയ്യും. വിലയെക്കുറിച്ച് പറയുകയാണെങ്കില്‍, 3.3 kW ചാര്‍ജറുള്ള മഹീന്ദ്ര XUV400 ഇലക്ട്രിക് ഇസി വേരിയന്റിന് 15.99 ലക്ഷം രൂപ മുതലാണ് വില ആരംഭിക്കുന്നത്.
7.2 കിലോവാട്ട് ചാര്‍ജറുള്ള അതേ വേരിയന്റിന് 16.49 ലക്ഷം രൂപയാണ് എക്‌സ്‌ഷോറും വില. XUV400 EL വേരിയന്റിന്റെ ഏറ്റവും ഉയര്‍ന്ന എക്‌സ്‌ഷോറൂം വില 18.99 ലക്ഷം രൂപയാണ്, ഇത് 7.2 kW ചാര്‍ജറിനൊപ്പം സ്റ്റാന്‍ഡേര്‍ഡായി വാഗ്ദാനം ചെയ്യുന്നു. ആദ്യ 5,000 ബുക്കിംഗുകള്‍ക്ക് മാത്രമാകും ഈ ആമുഖ എക്‌സ്‌ഷോറൂം വിലയില്‍ വാഹനം ലഭിക്കുക. XUV300-നെ അടിസ്ഥാനമാക്കിയാക്കിയാണ് വാഹനം നിര്‍മ്മിച്ചിരിക്കുന്നത്. അതേസമയം പുതിയ XUV400, ദൈര്‍ഘ്യത്തിലും വീല്‍ബേസിലും വര്‍ദ്ധന ലഭിക്കുന്നുണ്ടെങ്കിലും, XUV300-യില്‍ നിന്നുള്ള ചില സവിശേഷതകള്‍ കടമെടുക്കുന്നുവെന്ന് വേണം പറയാന്‍. 2,600 എംഎം വീല്‍ബേസുള്ള 4.3 മീറ്ററാണ് നീളം, ബൂട്ട് സ്‌പേസ് 368 ലിറ്ററാണ്.

ആദ്യ വര്‍ഷം തന്നെ വാഹനത്തിന്റെ 20,000 യൂണിറ്റുകള്‍ നിരത്തില്‍ എത്തിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് അറിയിച്ചു. മഹീന്ദ്ര XUV400-ന് സ്റ്റാന്‍ഡേര്‍ഡ് 3 വര്‍ഷം/അണ്‍ലിമിറ്റഡ് കിലോമീറ്റര്‍ വാറന്റിയും ബാറ്ററിക്കും മോട്ടോറിനും 8 വര്‍ഷം അല്ലെങ്കില്‍ 1,60,000 കിലോമീറ്റര്‍ അധിക വാറന്റിയും നല്‍കുന്നു. ''XUV400-ന്റെ ലോഞ്ച് മഹീന്ദ്രയുടെ ഇലക്ട്രിക് എസ്‌യുവി യാത്രയിലെ ഒരു സുപ്രധാന അവസരമാണെന്നാണ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ലിമിറ്റഡിന്റെ ഓട്ടോമോട്ടീവ് സെക്ടര്‍ പ്രസിഡന്റ് വീജയ് നക്ര പറഞ്ഞത്. ഇന്ത്യയ്ക്കായി സുസ്ഥിര മൊബിലിറ്റി സൊല്യൂഷനുകള്‍ വികസിപ്പിക്കുന്നതിനുള്ള തങ്ങളുടെ പ്രതിബദ്ധതയെ ഇത് കൂടുതല്‍ ശക്തിപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മഹീന്ദ്ര XUV400 ഇലക്ട്രിക് എസ്‌യുവി ബ്രാന്‍ഡ് ലൈനപ്പിലെ XUV300 കോംപാക്ട് എസ്‌യുവിയെ അടിസ്ഥാനമാക്കിയുള്ളതാണെങ്കിലും, രണ്ടാമത്തേതില്‍ നിന്ന് അതിനെ നന്നായി വേര്‍തിരിക്കുന്ന നിരവധി ഹൈലൈറ്റുകള്‍ ഉണ്ടെന്ന് വേണം പറയാന്‍. XUV300-നേക്കാള്‍ നീളവും വീല്‍ബേസും വര്‍ദ്ധിക്കുന്നതിനൊപ്പം, പുതിയ മഹീന്ദ്ര XUV400-ന് കോണ്‍ട്രാസ്റ്റിംഗ് കോപ്പര്‍ ഹൈലൈറ്റുകളും ക്ലോസ്ഡ് ഗ്രില്ലും ലഭിക്കുന്നു, അത് മുന്‍വശത്ത് അതിന്റേതായ സവിശേഷമായ ഐഡന്റിറ്റി നല്‍കുന്നു.

ടെയില്‍ ലാമ്പുകള്‍ക്കായി പുതിയ എല്‍ഇഡി ഇന്‍സെര്‍ട്ടുകള്‍, ഫ്രണ്ട്, റിയര്‍ ബമ്പറുകള്‍ക്ക് പുതിയ ഡിസൈന്‍, റിയര്‍ ഡോര്‍ പാനലുകള്‍ക്കപ്പുറം പിന്‍ ഫെന്‍ഡറുകള്‍ക്ക് വ്യത്യസ്തമായ ഡിസൈന്‍ എന്നിവയും ലഭിക്കുന്നു. ഇന്റീരിയറിലേക്ക് വന്നാല്‍, പുതിയ മഹീന്ദ്ര XUV400 മോഡലിന്, XUV300-ന്റെ ക്യാബിന്‍ ലേഔട്ട് നിലനിര്‍ത്തുന്നു, പക്ഷേ വ്യത്യസ്തമായ ഒരു ബ്ലാക്ക് തീം ലഭിക്കുന്നു. 7.0 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഡ്യുവല്‍ സോണ്‍ ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, സിംഗിള്‍-പേന്‍ സണ്‍റൂഫ്, കണക്റ്റഡ് കാര്‍ ടെക്, പുഷ് സ്റ്റാര്‍ട്ട്-സ്റ്റോപ്പ് ബട്ടണ്‍, ആറ് എയര്‍ബാഗുകള്‍ എന്നിവയും ഇതില്‍ സജ്ജീകരിച്ചിരിക്കുന്നു.
EC (3.3kW), EC (7.2kW), EL (7.2kW) എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലായാണ് മഹീന്ദ്ര XUV400 വാഗ്ദാനം ചെയ്യുന്നത്. മഹീന്ദ്രയുടെ അഡ്രിനോക്സ് സോഫ്റ്റ്‌വെയറുള്ള 7.0 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഓവര്‍-ദി-എയര്‍ (OTA) അപ്ഡേറ്റുകളുള്ള കണക്റ്റഡ് കാര്‍ സാങ്കേതികവിദ്യ തുടങ്ങിയ സവിശേഷതകള്‍ ടോപ്പ്-സ്‌പെക്ക് പതിപ്പിന് ലഭിക്കുന്നു. നാല് വീലുകള്‍ക്കും ഡിസ്‌ക് ബ്രേക്കുകള്‍, ബാറ്ററി പാക്കിനുള്ള IP67 റേറ്റിംഗ്, ISOFIX ആങ്കറേജുകള്‍ എന്നിവ ഇതിന്റെ മറ്റ് സവിശേഷതകളാണ്. 34.5kWh ബാറ്ററിയും 39.4kWh ബാറ്ററി പാക്ക് എന്നിങ്ങനെ രണ്ട് ബാറ്ററി പായ്ക്കുകളും വാഹനത്തിന് ലഭിക്കുന്നു.
150 bhp കരുത്തും 310 Nm torque ഉം ഉത്പാദിപ്പിക്കുന്ന ഫ്രണ്ട് ആക്‌സില്‍-മൗണ്ടഡ് ഇലക്ട്രിക് മോട്ടോറിന് കരുത്ത് പകരുന്നു. XUV400-ന് 8.3 സെക്കന്‍ഡിനുള്ളില്‍ 0-100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ കഴിയുമെന്നും 150 കിലോമീറ്ററാണ് വാഹനത്തിന്റെ പരമാവധി വേഗതയെന്നും കമ്പനി അവകാശപ്പെടുന്നു. XUV400-ല്‍ മൂന്ന് ഡ്രൈവിംഗ് മോഡുകളും ഉണ്ട് - ഫണ്‍, ഫാസ്റ്റ്, ഫിയര്‍ലെസ് - അത് റീജനറേറ്റീവ് ബ്രേക്കിംഗിന്റെ നിലവാരത്തിനൊപ്പം സ്റ്റിയറിംഗും ത്രോട്ടില്‍ പ്രതികരണവും ക്രമീകരിക്കുന്നു.
34.5kWh ബാറ്ററിയുള്ള XUV400-ന് 375km എന്ന റേഞ്ച് അവകാശവാദമുണ്ട്, അതേസമയം 394kWh ബാറ്ററിക്ക് ഇന്ത്യന്‍ ഡ്രൈവിംഗ് സൈക്കിള്‍ (MIDC) പ്രകാരം ഒറ്റ ചാര്‍ജില്‍ 456 കിലോമീറ്റര്‍ റേഞ്ച് ഉണ്ട്. 50kW DC ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് 50 മിനിറ്റിനുള്ളില്‍ 0-80 ശതമാനം വരെ ചാര്‍ജ് ചെയ്യാം. കൂടാതെ, ഇലക്ട്രിക് എസ്‌യുവി യഥാക്രമം 6 മണിക്കൂര്‍ 30 മിനിറ്റിലും 13 മണിക്കൂറിലും 7.2kW അല്ലെങ്കില്‍ 3.3kW എസി ചാര്‍ജര്‍ ഉപയോഗിച്ച് 0-100 ശതമാനം മുതല്‍ ചാര്‍ജ് ചെയ്യാം. 18.34 ലക്ഷം മുതല്‍ 19.84 ലക്ഷം രൂപ വരെ (എക്സ്‌ഷോറൂം, ഇന്ത്യ) വിലയുള്ള ടാറ്റ നെക്സോണ്‍ ഇവി മാക്സുമായി XUV400 മത്സരിക്കുന്നു. എംജി ZS ഇവിയുമായി ഇത് മത്സരിക്കും, ഇതിന്റെ വില 22.98 ലക്ഷം മുതല്‍ 26.90 ലക്ഷം രൂപ വരെയാണ് (എക്‌സ്‌ഷോറൂം, ഇന്ത്യ). വില വിവരങ്ങള്‍ പരിശോധിക്കുമ്പോള്‍ സെഗ്മെന്റില്‍ XUV400-നെ ഇപ്പോള്‍ ഏറ്റവും വില കുറഞ്ഞതാക്കി മോഡലാക്കി മാറ്റുന്നുവെന്ന് വേണം പറയാന്‍.


Click it and Unblock the Notifications








