ഇലക്ട്രിക് കാര്‍ 'ആദായ വിലയില്‍' വാങ്ങാം; അതിശയിപ്പിക്കുന്ന ഓഫറില്‍ മഹീന്ദ്ര എസ്‌യുവികള്‍
ഇന്ത്യയിലെ ഏറ്റവും വലിയ എസ്‌യുവി നിര്‍മാതാക്കളായ മഹീന്ദ്ര ഈ ഉത്സവകാലത്ത് വമ്പന്‍ നേട്ടങ്ങള്‍ കൊയ്യാനുള്ള ഒരുക്കത്തിലാണ്. തങ്ങളുടെ കാറുകള്‍ക്ക് ഒക്‌ടോബര്‍ മാസത്തില്‍ വമ്പന്‍ ഓഫറുകള്‍ നല്‍കിയാണ് കമ്പനി ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ ശ്രമിക്കുന്നത്. XUV400, XUV300, മറാസോ, ബൊലേറോ, ബൊലേറോ നിയോ എന്നീ മോഡലുകള്‍ക്ക് ഈ മാസം ബ്രാന്‍ഡ് 1.25 ലക്ഷം രൂപ വരെ ഡിസ്‌കൗണ്ടാണ് വാഗ്ദാനം ചെയ്യുന്നത്.
എക്സ്ചേഞ്ച് ബോണസ്, ക്യാഷ് ഡിസ്‌കൗണ്ടുകള്‍, ആക്സസറികള്‍ എന്നിവയുടെ രൂപത്തില്‍ കിഴിവുകള്‍ പ്രയോജനപ്പെടുത്താന്‍ ഉപഭോക്താക്കള്‍ക്ക് അവസരമുണ്ട്. അതേസമയം ജനപ്രിയ മോഡലുകളായ ഥാര്‍, XUV700, സ്‌കോര്‍പിയോ N, സ്‌കോര്‍പിയോ ക്ലാസിക് എന്നിവയ്ക്ക് കിഴിവുകളൊന്നുമില്ല. ഉത്സവ സീസണിനോടനുബന്ധിച്ച് ഒക്‌ടോബര്‍ മാസം ഏറ്റവും ഉയര്‍ന്ന ഓഫറില്‍ വാങ്ങാവുന്ന മഹീന്ദ്ര കാറുകള്‍ ഏതൊക്കെയെന്ന് നമുക്ക് നോക്കാം.

XUV400: ടാറ്റ നെക്‌സോണ്‍ ഇവിയുടെ എതിരാളിയായി മഹീന്ദ്ര കൊണ്ടുവന്ന ഇലക്ട്രിക് എസ്‌യുവിയാണ് XUV400. നിലവില്‍ മഹീന്ദ്രയുടെ പോര്‍ട്ട്ഫോളിയോയിലുള്ള ഒരേയൊരു ഇലക്ട്രിക് വാഹനം കൂടിയാണ് XUV400. ഈ മാസം XUV400 ഇലക്ട്രിക് എസ്‌യുവിക്ക് പരമാവധി 1.25 ലക്ഷം രൗൂപ ക്യാഷ് ഡിസ്‌കൗണ്ട് ലഭിക്കും.
തുടര്‍ച്ചയായ മൂന്നാം മാസമാണ് ഇവിക്ക് കമ്പനി 1.25 ലക്ഷം രൂപ ക്യാഷ് ഡിസ്‌കൗണ്ട് നല്‍കുന്നത്. ESC ഇല്ലാത്ത മോഡലുകള്‍ക്കാണ് ഈ ആകര്‍ഷകമായ ഓഫര്‍ എന്ന് പ്രത്യേകം ശ്രദ്ധിക്കുക. ESC ഉള്ള മോഡലുകള്‍ക്ക് 50,000 രൂപ ക്യാഷ് ഡിസ്‌കൗണ്ട് ലഭിക്കും. എന്നാല്‍ XUV400 ഇവിക്ക് സൗജന്യ ആക്സസറികള്‍ നല്‍കില്ല.
EC, EL എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് മഹീന്ദ്ര XUV400 വാങ്ങാന്‍ സാധിക്കുക. 150 hp പവറും 310 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന പെര്‍മനെന്റ് മാഗ്‌നറ്റ് സിന്‍ക്രണസ് മോട്ടോറാണ് ഇതിന്റെ കരുത്ത്. EC വേരിയന്റില്‍ 34.5 kWh ബാറ്ററിയും EL-ന് 39.4 kWh ബാറ്ററി പായ്ക്കുമാണ് ലഭിക്കുന്നത്. ഇവ യഥാക്രമം 375 കിലോമീറ്ററും 456 കിലോമീറ്ററും റേഞ്ച് നല്‍കുമെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു.

XUV300: സബ് 4 മീറ്റര്‍ എസ്‌യുവി സെഗ്‌മെന്റിലെ മഹീന്ദ്രയുടെ പോരാളിയായ XUV300-ക്ക് ഈ മാസം 90,000 രൂപ വരെയാണ് ആനുകൂല്യങ്ങള്‍ ഉള്ളത്. എസ്‌യുവിയുടെ പെട്രോള്‍, ഡീസല്‍ വേരിയന്റുകളില്‍ ക്യാഷ് ഡിസ്‌കൗണ്ടും സൗജന്യ ആക്സസറികളും ഉള്‍പ്പെടെ ആനുകൂല്യങ്ങള്‍ നേടിയെടുക്കാം. 1.2 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിനും 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനുമാണ് മഹീന്ദ്ര XUV300-ന് കരുത്തേകുന്നത്. രണ്ട് എഞ്ചിനുകളും 6 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 6 സ്പീഡ് AMT-യുമായി ജോടിയാക്കിയിരിക്കുന്നു.
മറാസോ: കമ്പനി പുറത്തിറക്കുന്ന ഏക മള്‍ട്ടി പര്‍പ്പസ് വാഹനമാണ് മറാസോ. ഈ മാസം എംപിവിക്ക് എല്ലാ വേരിയന്റുകളിലുമായി 73,300 രൂപ വരെ കിഴിവ് ലഭിക്കുന്നു. 15,000 രൂപയുടെ സൗജന്യ ആക്സസറികള്‍ക്കൊപ്പം 73,300 രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ടും ലഭിക്കും. 123 bhp പവറും 300 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് ഇതിന് കരുത്തേകുന്നത്. എഞ്ചിന്‍ 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമായാണ് ജോടിയാക്കുന്നത്.

ബൊലേറോ: വേരിയന്റിനെ ആശ്രയിച്ച് 35,000 മുതല്‍ 70,000 രൂപ വരെ ഓഫറില്‍ ബൊലേറോ സ്വന്തമാക്കാം. മൂന്ന് വേരിയന്റുകള്‍ക്കും 20,000 രൂപയുടെ സൗജന്യ ആക്സസറികള്‍ ലഭിക്കുമ്പോള്‍, B4, B6, B6 (O) വേരിയന്റുകള്‍ക്ക് യഥാക്രമം 30000, 15000, 50,000 രൂപ വരെ ക്യാഷ് ഡിസ്‌കൗണ്ട് ലഭിക്കും. 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമായി ജോടിയാക്കിയ 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ 76 bhp പവറും 210 Nm ടോര്‍ക്കും പുറപ്പെടുവിക്കുന്നു.
ബൊലേറോ നിയോ: ലാഡര്‍ ഫ്രെയിം ഷാസിയില്‍ നിര്‍മിച്ച് റിയല്‍ വീല്‍ ഡ്രൈവുമായി എത്തുന്ന ഇന്ത്യയിലെ ഏക സബ് കോംപാക്ട് എസ്‌യുവിയാണ് ബൊലേറോ നിയോ. ഈ മഹീന്ദ്ര മോഡലിന് ഒക്‌ടോബറില്‍ 25,000 രൂപ മുതല്‍ 50,000 രൂപ വരെ ആനുകൂല്യങ്ങളാണ് വാഗ്ദാനം ചെയ്യുന്നത്. N4, N8, N10, N10 (O) എന്നീ നാല് വേരിയന്റുകളിലായാണ് ഇത് വാഗ്ദാനം ചെയ്യുന്നത്.

എല്ലാ വേരിയന്റുകളിലും 20,000 രൂപയുടെ സൗജന്യ ആക്സസറികള്‍ ലഭിക്കും. എന്നിരുന്നാലും ട്രിം അനുസരിച്ച് ക്യാഷ് ഡിസ്‌കൗണ്ടുകള്‍ വ്യത്യാസപ്പെടുന്നു. N4, N8 എന്നിവയ്ക്ക് യഥാക്രമം 5,000 രൂപയും 11,000 രൂപയും വരെ ക്യാഷ് ഡിസ്‌കൗണ്ട് ലഭിക്കും, N10, N10 (O) എന്നിവയ്ക്ക് 30,000 രൂപ വരെ ക്യാഷ് ഡിസ്‌കൗണ്ട് ലഭിക്കും. മഹീന്ദ്രയുടെ ഈ ഓഫര്‍ സ്ഥലങ്ങള്‍ക്കും സ്‌റ്റോക്കിന്റെ ലഭ്യതക്കും അനുസരിച്ച് വ്യത്യാസപ്പെടും. അതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ക്ക് അടുത്തുള്ള മഹീന്ദ്ര ഡീലര്‍ഷിപ്പ് സന്ദര്‍ശിക്കുക.


Click it and Unblock the Notifications