2026 വരെ പ്ലാൻ സെറ്റ്! ഇവി സെഗ്മെന്റ് പോക്കറ്റിലാക്കാൻ ICE മോഡലുകൾക്ക് ദക്ഷിണയും വെച്ച് കച്ചകെട്ടി മഹീന്ദ്ര
വാഹന ലോകത്തിന്റെ ഭാവി ഇപ്പോൾ ഇലക്ട്രിക്കിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. അതിനാൽ തന്നെ പല പ്രമുഖ വാഹന നിർമ്മാതാക്കളും ഇവികളിലേക്ക് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. പ്രാദേശിക വാഹന ഭീമനായ മഹീന്ദ്രയും ഇക്കാര്യത്തിൽ ഒട്ടും പിന്നിൽ അല്ല. ഗ്ലോബൽ പിക്ക് അപ്പ്, ഥാർ.e കൺസെപ്റ്റുകൾക്കോപ്പം, ദക്ഷിണാഫ്രിക്കയിലെ കേപ്ടൗണിൽ നടന്ന 'ഫ്യൂച്ചർസ്‌കേപ്പ്' ഇവന്റിൽ മഹീന്ദ്ര തങ്ങളുടെ വരാനിരിക്കുന്ന ഇലക്ട്രിക് എസ്‌യുവികളെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ വെളിപ്പെടുത്തിയിരിക്കുകയാണ്.
വരാനിരിക്കുന്ന നാല് ഇ-എസ്‌യുവികളുടെ ലോഞ്ച് ടൈംലൈനുകളും അവയുടെ പവർട്രെയിൻ വിശദാംശങ്ങളും നിർമ്മാതാക്കൾ വെളിപ്പെടുത്തിയ രേഖകകളിൽ ഉൾപ്പെടുന്നു. മഹീന്ദ്ര ഓട്ടോ തങ്ങളുടെ ലോഗോയുടെ ഒരു പുതിയ 'ഇൻഫിനിറ്റി' പതിപ്പും ഇതോടൊപ്പം വെളിപ്പെടുത്തി. ബ്രാൻഡിന്റെ മോഡൽ നിരയിലുള്ള ഇലക്ട്രിക് എസ്‌യുവികൾക്ക് പ്രത്യേകമായി ഈ ലോഗോ ഉപയോഗിക്കും.

കഴിഞ്ഞ വർഷം INGLO പ്ലാറ്റ്‌ഫോമിനെക്കുറിച്ചുള്ള വിവരങ്ങൾ വെളിപ്പെടുത്തിയപ്പോൾ, മഹീന്ദ്ര ഇപ്പോൾ ഇവയിൽ ഉപയോഗിക്കുന്ന ഇലക്ട്രിക് മോട്ടോറുകളുടെ സവിശേഷതകൾ വിശദീകരിച്ചിരിക്കുകയാണ്. കാലങ്ങൾ നീണ്ടുനിൽക്കുന്ന ഡെവലപ്മെന്റ് ലീഡ് സമയങ്ങൾ കാരണം മഹീന്ദ്ര, യഥാക്രമം BYD, വലിയോ എന്നിവയിൽ നിന്ന് ബാറ്ററികളും മോട്ടോറുകളും സോഴ്‌സ് ചെയ്യുമെന്ന് മുമ്പ് പുറത്തു വന്ന റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നു, അതിനു ശേഷം ഭാവി മോഡലുകൾ ഫോക്സ്‌വാഗണിൽ നിന്നും ഇവ സോഴ്‌സ് ചെയ്യും എന്നുമുണ്ടായിരുന്നു.
ഭാവി മോഡലുകൾക്ക് കരുത്ത് പകരുന്ന മൂന്ന് വ്യത്യസ്ത മോട്ടോറുകൾ ബ്രാൻഡ് വെളിപ്പെടുത്തിയതിനാൽ ഇക്കാര്യം സ്ഥിരീകരിക്കപ്പെട്ടിരിക്കുകയാണ്. ഏറ്റവും ആദ്യം എത്തുന്ന XUV.e മോഡലുകൾ റിയർ ആക്‌സിലിൽ മാത്രം ഘടിപ്പിച്ച വലിയോയിൽ നിന്നുള്ള മോട്ടോർ യൂണിറ്റ് ഉപയോഗിക്കും. XUV700 -ലെ ഫ്രണ്ട്-വീൽ-ഡ്രൈവ്, AWD കോൺഫിഗറേഷനുകളിൽ നിന്ന് വ്യത്യസ്തമായി, ഈ ഇലക്ട്രിക് മോഡലുകൾ റിയർ-വീൽ ഡ്രൈവ് മാത്രമായിരിക്കും എന്നാണ് ഇത് വ്യക്തമാക്കുന്നത്.
ഈ സിംഗിൾ മോട്ടോർ 170kW (231 bhp) പവറും 380 Nm torque ഉം പുറപ്പെടിവിക്കും, ഇത് മഹീന്ദ്രയുടെ നിലവിലെ ഇവി മോഡലായ XUV400 -യേക്കാൾ കൂടുതൽ പവർ ഔട്ട്പുട്ടുകൾ നൽകുന്നു. BE 05, BE 07 എന്നിവയിൽ ഉപയോഗിച്ചിരിക്കുന്ന മോട്ടോറുകളാണ് കൂടുതൽ ശക്തം. ഇവയുടെ ലോഞ്ച് പിന്നീടാണ് മഹീന്ദ്ര ഷെഡ്യൂൾ ചെയ്തിരിക്കുന്നത്.
210 kW (286 bhp) കരുത്തും 535 Nm പീക്ക് torque ഉം ഉത്പാദിപ്പിക്കുന്ന റിയർ മൗണ്ടഡ് മോട്ടോറാവും ഈ 2WD മോഡലുകളിൽ വരുന്നത്. ഫോക്‌സ്‌വാഗനിൽ നിന്നാണ് ഇവ സോഴ്സ് ചെയ്തിരിക്കുന്നത്. 4WD മോഡലുകൾക്ക് ഫ്രണ്ട് ആക്‌സിലിൽ 80 kW (109 bhp) പവറും, 135 Nm torque ഉം ഉത്പാദിപ്പിക്കുന്ന രണ്ടാമത്തെ മോട്ടോറും ലഭിക്കും.
ഇവയുടെ കംബൈൻഡ് സിസ്റ്റം ഔട്ട്‌പുട്ട് നിർമ്മാതാക്കൾ വെളിപ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും, ഒരു ഉറപ്പ് എന്ന നിലയിൽ, പവർട്രെയിനുകൾ ഇതിനകം തന്നെ ടൂൾ അപ്പ് ചെയ്തിട്ടുണ്ടെന്നും പരീക്ഷണയോട്ടം നടത്തി വരികയാണെന്നും മഹീന്ദ്ര വ്യക്തമാക്കി. ബാറ്ററി പാക്കിന്റെ കൂടുതൽ വിശദാംശങ്ങളും ബ്രാൻഡ് വെളിപ്പെടുത്തി. XUV400-ന്റെ NMC-കെമിസ്ട്രിയിൽ നിന്ന് വ്യത്യസ്തമായി 79 kWh വരെ ശേഷിയുള്ളതും LFP സെല്ലുകൾ ഉപയോഗിക്കുന്നതുമാണ് ഇവ.
നിലവിൽ വിപണിയിലുള്ള LFP ആപ്ലിക്കേഷനുകളേക്കാൾ ഇവയ്ക്ക് ഗുണങ്ങളുണ്ടെന്ന് പറയപ്പെടുന്നു. കൂടുതൽ എനർജി ഡെൻസിറ്റി, മന്ദഗതിയിലുള്ള ഡിസ്ചാർജ് റേറ്റ്, തെർമൽ പ്രൊപഗേഷൻ ഇല്ലായ്മ, 30 മിനിറ്റിനുള്ളിൽ പൂജ്യത്തിൽ നിന്ന് 80 ശതമാനം വരെ ചാർജിംഗ് സമയം എന്നിവ ഇതിൽ ഉൾപ്പെടുന്നുവെന്ന് കമ്പനി അവകാശപ്പെടുന്നു.
അതിലുപരിയായി മഹീന്ദ്ര തങ്ങളുടെ ഇലക്ട്രിക് എസ്‌യുവികളുടെ ശബ്ദങ്ങൾ രൂപകൽപ്പന ചെയ്യാൻ ഐതിഹാസിക സംഗീതസംവിധായകൻ എ ആർ റഹ്‌മാനെയാണ് ഏൽപ്പിച്ചിരിക്കുന്നത്. കൂടാതെ സോണിയിൽ നിന്നുള്ള ഓഡിയോ സിസ്റ്റം മാറ്റി ഹർമാൻ/കാർഡനിലേക്ക് മഹീന്ദ്ര അപ്‌ഗ്രേഡുചെയ്‌തിരിക്കുകയാണ്. 16 സ്പീക്കറുകളുള്ള സൗണ്ട് സിസ്റ്റത്തിൽ ഡോൾബി അറ്റ്‌മോസ്, 3D സറൗണ്ട് സൗണ്ട്, ആക്റ്റീവ് നോയ്‌സ് ക്യാൻസലേഷൻ എന്നിവ ഉൾപ്പെടുന്നു.
ഇൻഫോടെയിൻമെന്റ് ഹാർഡ്‌വെയറിനും ഒരു അപ്‌ഗ്രേഡ് ലഭിക്കുന്നുണ്ട്, മുമ്പ് കാണിച്ചതുപോലെ, വലിയ മോഡലുകൾക്ക് ഡാഷ്‌ബോർഡിന്റെ വീതിയിൽ വ്യാപിച്ചുകിടക്കുന്ന മൂന്ന് 12.3 ഇഞ്ച്, 720p സ്‌ക്രീനുകളുടെ ഒരു റേഞ്ച് നമുക്ക് ലഭിക്കും. ഇവി സ്പെക്ക് മെനുകളും ഡിസ്‌പ്ലേകളും ഉപയോഗിച്ച് ഈ സംവിധാനംഅഡ്രെനോ -X -ൽ നിന്ന് INGLO -യിലേക്ക് റീബ്രാൻഡ് ചെയ്യും.
കൂടാതെ, ഡ്രൈവിംഗ്, നാവിഗേഷൻ, ഫോൺ, മീഡിയ എന്നിവയ്ക്കായി വിൻഡ്‌സ്‌ക്രീനിൽ ഓഗ്‌മെന്റഡ് റിയാലിറ്റി (AR) ദൃശ്യങ്ങൾ കാണിക്കുന്ന ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേയും (HUD) ഇതിൽ ഉണ്ടായിരിക്കും. ഓൺബോർഡ് 5G കണക്റ്റിവിറ്റി, OTA അപ്‌ഡേറ്റുകൾ, വെഹിക്കിൾ-ടു-എക്സ് (V2X) കഴിവുകൾ എന്നിവയുള്ള കണക്റ്റഡ് കാർ ടെക്നോളജിയും മറ്റ് ഫീച്ചറുകളിൽ ഉൾപ്പെടുന്നു. ക്യാമറകളും റഡാറും അൾട്രാസോണിക് സെൻസറുകളും ഉപയോഗിക്കുന്ന ലെവൽ 2 ഓട്ടോണമസ് ഡ്രൈവിംഗും തീർച്ചയായും ADAS അസിസ്റ്റ് സിസ്റ്റവും ഇതിൽ ഉണ്ടാകും.
മഹീന്ദ്ര പുറത്തിറക്കുന്ന ആദ്യത്തെ പുതിയ ഇലക്ട്രിക് എസ്‌യുവിയായിരിക്കും XUV e8, ഇത് 2024 ഡിസംബറിൽ എത്തും. നിലവിലെ IC എഞ്ചിൻ XUV700 -നെ അടിസ്ഥാനമാക്കി വരുന്ന ഇവി മോഡൽ കാറിന്റെ അടിസ്ഥാന രൂപവും വലുപ്പവും ഏഴ് സീറ്റ് ലേയൗട്ടും നിലനിർത്തും. എന്നിരുന്നാലും, ഇത് INGLO സ്കേറ്റ്‌ബോർഡ് പ്ലാറ്റ്‌ഫോമിലാണ് നിർമ്മിച്ചിരിക്കുന്നത്, കൂടാതെ പുതിയ INGLO ഇലക്ട്രോണിക് ആർക്കിടെക്ചറും ഇതിനു ലഭിക്കും.
അടുത്തതായി മഹീന്ദ്ര XUV e9 ആയിരിക്കും വിപണിയിൽ എത്തുന്നത്, ഇത് 2025 ഏപ്രിലിൽ നിർമ്മാതാക്കൾ ലോഞ്ച് ചെയ്യും. രണ്ട് നിര സീറ്റുകളുള്ള XUV e8 -ന്റെ കൂപ്പെ സ്റ്റൈൽ എസ്‌യുവി പതിപ്പായിരിക്കും ഇത്. XUV e8 -ന് സമാനമായ മെക്കാനിക്കലുകളും ഇന്റീരിയറുകളും ഇത് പങ്കുവെയ്ക്കും.
XUV.e മോഡലുകൾ ഇന്നത്തെ ICE മോഡലുകളുമായി ചില ഘടകങ്ങൾ പങ്കിടുമ്പോൾ, BE എന്ന് വിളിക്കപ്പെടുന്ന ബോൺ-ഇലക്‌ട്രിക് എസ്‌യുവികളുടെ അടുത്ത ശ്രേണി പൂർണ്ണമായും പുതിയതായിരിക്കും. 2025 ഒക്ടോബറിൽ ലോഞ്ച് ചെയ്യുന്ന 4.4 മീറ്റർ നീളമുള്ള കൂപ്പെ എസ്‌യുവിയായ BE 05 -ൽ നിന്നാണ് ഇവയുടെ റേഞ്ച് ആരംഭിക്കുന്നത്, അതിനു പിന്നാലെ തന്നെ ഓഫ്-റോഡ് ഫോക്കസ്ഡ് ഡെറിവേറ്റീവായ BE Rall.e ഉം വരും.
4.6 മീറ്റർ നീളമുള്ള എസ്‌യുവിയായ മഹീന്ദ്ര BE 07, BE 05-നേക്കാൾ കൂടുതൽ ആഡംബരത്തെ കേന്ദ്രീകരിച്ച് ഉള്ളതായിരിക്കും. വാഹനത്തിന്റെ ലോഞ്ച് ടൈംലൈൻ 2026 ഒക്ടോബറാണെന്ന് നേരത്തെ വെളിപ്പെടുത്തിയിരുന്നെങ്കിലും, അത് 2026 ഏപ്രിലേക്ക് നിർമ്മാതാക്കൾ ഇപ്പോൾ മാറ്റിയിരിക്കുകയാണ്. എന്നിരുന്നാലും മുമ്പ് വെളിപ്പെടുത്തിയ ഏറ്റവും വലിയ എസ്‌യുവിയായ BE 09 ലോഞ്ച് ടൈംലൈനിൽ കമ്പനി പരാമർശിച്ചിട്ടില്ല.


Click it and Unblock the Notifications








