ഒന്നും രണ്ടുമല്ല, വരാന്‍ പോകുന്നത് 5 എസ്‌യുവികള്‍; മഹീന്ദ്ര അഴിച്ചുവിടാന്‍ പോകുന്ന പുതിയ പടക്കുതിരകള്‍ ഇതാ
ആഭ്യന്തര വാഹന നിര്‍മാതാക്കളായ മഹീന്ദ്ര കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി സ്ഥിരമായി മികച്ച ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ എത്തിച്ച് പേരെടുത്തു. സ്‌പോര്‍ട്‌സ് യൂടിലിറ്റി വെഹിക്കിള്‍ (എസ്‌യുവി) വിഭാഗത്തിലാണ് മഹീന്ദ്ര തുടര്‍ ഹിറ്റുകളുമായി ജൈത്രയാത്ര തുടരുന്നത്. സമീപകാലത്ത് മഹീന്ദ്ര പുറത്തിറക്കിയ ഥാര്‍, XUV700, സ്‌കോര്‍പിയോ N, XUV400 എന്നീ എസ്‌യുവികളെല്ലാം തരംഗമായിരുന്നു.
മഹീന്ദ്ര സ്‌കോര്‍പിയോ N ആണെങ്കില്‍ ബുക്കിംഗ് റെക്കോഡുകള്‍ പഴങ്കഥയാക്കിയത് നാം നോക്കിക്കണ്ടു. ബ്രാന്‍ഡിന്റെ എസ്‌യുവി ലൈനപ്പ് ഇനിയും വിപുലീകരിക്കുകയാണ് മഹീന്ദ്ര. ഒന്നും രണ്ടുമല്ല 5 എസ്‌യുവികളാണ് മഹീന്ദ്രയില്‍ നിന്ന് വരാനിരിക്കുന്നത്. മഹീന്ദ്രയുടെ വരാന്‍ പോകുന്ന ചുണക്കുട്ടന്‍മാരെ കുറിച്ചാണ് ഇനി പറയാന്‍ പോകുന്നത്.

മഹീന്ദ്ര ബൊലേറോ നിയോ പ്ലസ്: അടിസ്ഥാനപരമായി പഴയ TUV 300 പ്ലസിന്റെ അപ്ഡേറ്റ് ചെയ്ത പതിപ്പാണ് ബൊലേറോ നിയോ പ്ലസ്. ബൊലേറോ നിയോയെക്കാള്‍ കുറച്ച് കൂടി കോസ്‌മെറ്റിക് അപ്‌ഡേറ്റുകള്‍ വരുത്തിയ ശേഷമായിരിക്കും ഇത് കൊണ്ടുവരിക. നിയോ പ്ലസിന്റെ 9 സീറ്റര്‍ പതിപ്പില്‍ മുന്നില്‍ 2 സീറ്റുകളും മധ്യത്തില്‍ 3 പേര്‍ക്ക് ഇരിക്കാന്‍ കഴിയുന്ന ഒരു ബെഞ്ചും പിന്നില്‍ 2 പേര്‍ക്ക് വീതം ഇരിക്കാവുന്ന 2 സൈഡ് ഫേസിംഗ് സീറ്റുകളും ഉണ്ടായിരിക്കും.
വരാനിരിക്കുന്ന ബൊലേറോ നിയോ പ്ലസിന്റെ അകത്തളത്തില്‍ മഹീന്ദ്ര കുറച്ച് കൂടി അധികം ഫീച്ചറുകള്‍ ഉള്‍ക്കൊള്ളിക്കും. 1.5 ലിറ്റര്‍ എഞ്ചിനായിരിക്കും തുടര്‍ന്നും ഈ മോഡലിന് തുടിപ്പേകുകയെന്നാണ് സൂചന. അതേസമയം തന്നെ 2.2 ലിറ്റര്‍ എംഹോക് എഞ്ചിന്‍ ലഭിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഈ എസ്‌യുവി രണ്ട് മാസത്തിനുള്ളില്‍ വിപണിയില്‍ എത്തിയേക്കും.
മഹീന്ദ്ര ഥാര്‍ 5-ഡോര്‍: 2020-ല്‍ ലോഞ്ചായ രണ്ടാം തലമുറ മഹീന്ദ്ര ഥാര്‍ ഇന്ത്യയിലെ ഏറ്റവും ജനപ്രിയ ഓഫ്‌റോഡര്‍ എസ്‌യുവിയാണ്. മാരുതി സുസുക്കി ജിംനി 5 ഡോര്‍ പോലുള്ള എതിരാളികള്‍ വരുന്ന സാഹചര്യത്തില്‍ മഹീന്ദ്ര ഥാര്‍ 5-ഡോര്‍ അവതരിപ്പിക്കാന്‍ പോകുകയാണ് കമ്പനി. ഥാറിന്റെ പ്രധാന പോരായ്മയായി ചുണ്ടിക്കാട്ടിയിരുന്നത് അകത്ത് സ്‌പെയ്‌സ് ഇല്ലെന്നതാണ്.
വീല്‍ബേസിന്റെ നീളം കൂട്ടി ഈ പ്രശ്‌നം പരിഹരിച്ച് പ്രായോഗികതക്ക് കൂടി പ്രാധാന്യം കൊടുത്താണ് പുതിയ മോഡല്‍ എത്തുക. മാനുവല്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനോട് കൂടി പെട്രോള്‍/ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ മഹീന്ദ്ര ഥാര്‍ 5 ഡോര്‍ ലഭ്യമാകും. മഹീന്ദ്രയുടെ പുതിയ ലൈഫ്‌സ്്‌റ്റൈല്‍ എസ്‌യുവി ഈ വര്‍ഷം അവതരിപ്പിക്കുമെങ്കിലും അടുത്ത വര്‍ഷമാകും വിപണിയില്‍ എത്തുക.

പുതുതലമുറ ബൊലേറോ: സ്ഥിരമായി ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മഹീന്ദ്ര മോഡലാണ് ബൊലേറോ. കമ്പനിയുടെ ബെസ്റ്റ് സെല്ലറിന് ഒരു അപ്‌ഡേറ്റ് അനിവാര്യമായി വന്നിട്ടുണ്ട്. കുറച്ച് കൂടി വലിയ ഒരളവിലുള്ള ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ പോന്ന തരത്തില്‍ അകത്തും പുറത്തും രൂപകല്‍പ്പനയില്‍ മാറ്റങ്ങള്‍ വേണമെന്നാണ് ഫാന്‍സ് അഭിപ്രായപ്പെടുന്നത്. പുതുതലമുറ ബൊലേറോ അടുത്ത വര്‍ഷം എപ്പോഴെങ്കിലും മഹീന്ദ്ര കൊണ്ടുവരുമെന്നാണ് പ്രതീക്ഷ.
പുതിയ XUV500: Z601 മോഡലിന് XUV500 മോണിക്കര്‍ എന്ന് പേരിടുന്നതിന് പകരം XUV700 എന്ന് ബ്രാന്‍ഡ് ചെയ്യാന്‍ മഹീന്ദ്ര തീരുമാനിച്ചത് നിങ്ങള്‍ക്ക് ഓര്‍മയുണ്ടാകും. ഇത് ഒരു ചുവടുവെപ്പും വാഗ്ദാനം ചെയ്യുന്ന ഉല്‍പ്പന്നത്തിന്റെ ഗുണനിലവാരത്തെയുമായിരുന്നു സൂചിപ്പിച്ചത്. എന്നാല്‍ ഇപ്പോള്‍ ഏറെ വിശ്വാസ്യതയും മൂല്യവുമുള്ള XUV500 എന്ന ബാഡ്ജ് മഹീന്ദ്ര വീണ്ടും ഉപയോഗിക്കാന്‍ പോകുകയാണ്.
എസ്‌യുവി സെഗ്‌മെന്റിലെ ജനപ്രിയ മോഡലുകളായ ഹ്യുണ്ടായി ക്രെറ്റ, കിയ സെല്‍റ്റോസ് എന്നിവയുമായി നേരിട്ട് ഏറ്റുമുട്ടാനാണ് പുത്തന്‍ പോരാളിയെ മഹീന്ദ്ര ഒരുക്കുന്നത്. പുതിയ ഡിസൈനിനൊപ്പം ഒരുപിടി കിടിലന്‍ ഫീച്ചറുകളും ഉള്‍ക്കൊള്ളിച്ചാകും കാര്‍ എത്തുക. വില നിര്‍ണയത്തിന്റെ കാര്യത്തിലും ചില ട്വിസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു.
മഹീന്ദ്ര XUV700 ഇലക്ട്രിക്: തങ്ങളുടെ മുന്‍നിര എസ്‌യുവി ഉടന്‍ തന്നെ വൈദ്യുതീകരിക്കുമെന്ന് മഹീന്ദ്ര നേരത്തെ വ്യക്തമാക്കിയിരുന്നു. 2024-ൽ XUV700 ഇലക്ട്രിക്കിന്റെ ലോഞ്ച് പ്രതീക്ഷിക്കുന്നു. മഹീന്ദ്ര നേരത്തെ അവതരിപ്പിച്ച XUV.e8 കണ്‍സെപ്റ്റിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും ഇലക്ട്രിക് എസ്‌യുവി. ഈ കാറിനെക്കുറിച്ച് കൂടുതല്‍ അറിവികള്‍ ലഭ്യമല്ല. എന്നാല്‍ ഇതിന് പുത്തന്‍ രൂപകല്‍പ്പനയും വിപുലമായ ഫീച്ചര്‍ ലിസ്റ്റും ഓഫര്‍ ചെയ്യും. കുറഞ്ഞത് 350 bhp പവര്‍ വാഗ്ദാനം ചെയ്യുന്ന 70 kWh ബാറ്ററി പായ്ക്കായിരിക്കും ലഭിച്ചേക്കുക.
ഫുള്‍ ചാര്‍ജില്‍ ഇവി 500 കിലോമീറ്റര്‍ സഞ്ചരിക്കുമെന്നാണ് സൂചന. 20 മുതല്‍ 25 ലക്ഷം വരെയാണ് വില പ്രതീക്ഷിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കിയടക്കം പ്രമുഖ നിര്‍മാതാക്കളെല്ലാം ഇന്ന് എസ്‌യുവികളിലാണ് ശ്രദ്ധ പതിപ്പിക്കുന്നത്. ഏതോ ഒരു സിനിമ ഡയലോഗ് പോലെ സക്‌സസ്ഫുള്‍ ആകാന്‍ എളുപ്പമാണ് അത് നിലനിര്‍ത്തി പോരാനാണ് പാട്. ഇവിടെ തുടര്‍വിജയങ്ങളുമായി മിന്നിത്തിളങ്ങി നില്‍ക്കുന്ന മഹീന്ദ്ര ആ ഹിറ്റ് ഫോര്‍മുല വരാനിരിക്കുന്ന മോഡലിലും പാലിക്കുമെന്ന് പ്രതീക്ഷിക്കാം.


Click it and Unblock the Notifications








