എസ്‌യുവികൾ മാനം കാത്തു; മഹീന്ദ്രയ്ക്ക് ഇത്തവണയും വമ്പൻ വിൽപ്പന
മഹീന്ദ്ര എല്ലാ തവണത്തേയും പോലെ മികച്ച വിൽപ്പനയാണ് ഏപ്രിൽ മാസവും കാഴ്ച്ചവച്ചിരിക്കുന്നത്. ഏപ്രിൽ മാസം മുഴുവനായി 62,294 യൂണിറ്റുകളാണ് വിറ്റത്. കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്താൽ 36 ശതമാനത്തിൻ്റെ വളർച്ചയാണ് ഉണ്ടായിരിക്കുന്നത്. എസ്‌യുവികളിൽ നിന്നാണ് മഹീന്ദ്ര ഏറ്റവും കൂടുതൽ വിൽപ്പന നേടുന്നത്.
സെമി കണ്ടക്ടറുകളുടെ ലഭ്യത കുറവും അത് പോലെ തന്നെ ക്രാഷ് സെൻസറുകൾ, എയർബാഗിൻ്റെ ഇസിയുവിലുണ്ടായ വിതരണ തടസം എല്ലാം ഉണ്ടായിട്ടും മൊത്തം വിൽപ്പനയിൽ 34,694 യൂണിറ്റുകൾ എസ്‌യുവി സെഗ്മെൻ്റുകളിൽ നിന്നാണ്. കയറ്റി അയച്ച വാഹനങ്ങളുടെ കണക്ക് നോക്കുകയാണെങ്കിൽ അത് 1,813 യൂണിറ്റുകളാണ്. കയറ്റുമതിയിൽ മാത്രം 33 ശതമാനത്തിൻ്റെ ഇടിവ് വന്നിട്ടുണ്ട്.

മഹീന്ദ്ര എന്നാൽ പാസഞ്ചർ വാഹനങ്ങൾ മാത്രമല്ല കൊമേഴ്സ്യൽ വാഹനങ്ങളുമുണ്ടല്ലോ. ഏപ്രിൽ മാസം 20,231 യൂണിറ്റുകളാണ് മഹീന്ദ്ര വിറ്റത്. കൊമേഴ്സ്യൽ വാഹനങ്ങളിൽ പുതിയ ബെലേറോ മാക്സ് പിക്അപ്പ് അവതരിപ്പിച്ചത് ഒരു മികച്ച നേട്ടമായി കമ്പനി കാണുന്നുണ്ട്. പുത്തൻ ഥാറും, XUV700 എസ്‌യുവിയുമെല്ലാം ഉണ്ടാക്കിയെടുത്ത ഓളം വേറെ ലെവലിലെത്തിക്കാനും സ്കോർപിയോ N പതിപ്പിലൂടെ മഹീന്ദ്ര ആൻഡ് മഹീന്ദ്രയ്ക്കായി.
ഒന്നാംതലമുറ ആവർത്തനവുമായി ഒരു സാമ്യതയുമില്ലാതെ ഉടച്ചുവാർത്തെത്തിയ ഈ വാഹനം ഇന്ന് ജനഹൃദയങ്ങൾ കീഴടക്കി മുന്നേറുകയാണ്. അടുത്തിടെ കമ്പനി പുറത്തുവിട്ട വിവരം അനുസരിച്ച് 1.19 ലക്ഷം യൂണിറ്റുകളാണ് ബ്രാൻഡ് ഇനിയും വിതരണം ചെയ്യാനുള്ളത്. അതിനിടയ്ക്ക് വിദേശ വിപണികളിലേക്കുള്ള സ്കോർപിയോയുടെ കയറ്റുമതിയും മഹീന്ദ്ര തുടങ്ങിയിരുന്നു. മഹീന്ദ്ര അടുത്തിടെ ഓസ്‌ട്രേലിയൻ വിപണിയിൽ സ്‌കോർപിയോ N അവതരിപ്പിക്കുകയുണ്ടായി.

അവിടെ ഇതിനകം തന്നെ സ്‌കോർപിയോ ക്ലാസിക് അടിസ്ഥാനമാക്കിയുള്ള പിക്കപ്പ് ട്രക്ക് വൻജനപ്രീതിയുമായി അരങ്ങുതകർക്കുന്നതിനിടെയാണ് N മോഡലിന്റെ വരവ് തന്നെ. എസ്‌യുവി ഇന്ത്യയിൽ നിർമ്മിക്കുകയും ഡീസൽ-ഓട്ടോമാറ്റിക് രൂപത്തിലാണ് ഓസ്‌ട്രേലിയൻ വിപണിയിലേക്ക് കയറ്റുമതി ചെയ്യുകയും ചെയ്യുന്നത്.
ഓസ്‌ട്രേലിയൻ സുരക്ഷാ ചട്ടങ്ങൾ അനുസരിച്ച് ഓരോ കാറിലും ലെയ്ൻ-കീപ്പ് അസിസ്റ്റ്, ലെയ്ൻ ഡിപ്പാർച്ചർ വാർണിംഗ്, ബ്ലൈൻഡ് സ്പോട്ട് മോണിറ്ററിംഗ്, റിയർ-ക്രോസ് ട്രാഫിക് അലേർട്ട് എന്നിവ ഉൾപ്പെടുത്തേണ്ടത് നിർബന്ധമാണ്. 2023 ഏപ്രിൽ മുതൽ വിൽപ്പനയ്‌ക്ക് സാക്ഷ്യപ്പെടുത്തുന്ന എല്ലാ കാറുകൾക്കും ഈ നിയമം പ്രാബല്യത്തിൽ വന്നിട്ടുണ്ടെന്നാണ് അറിയാൻ കഴിയുന്നത്. എന്നാൽ മാർച്ചിൽ സ്‌കോർപിയോ N രജിസ്റ്റർ ചെയ്‌ത് ഈ നിയമത്തെ മറികടക്കാൻ മഹീന്ദ്രയ്ക്ക് കഴിഞ്ഞു.
നിലവിൽ ആറ് എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, ഹിൽ ഹോൾഡ് അസിസ്റ്റ്, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം എന്നീ സുരക്ഷാ ഫീച്ചറുകളുമായാണ് സ്കോർപിയോ N വാഗ്ദാനം ചെയ്യുന്നത്. 2025 ഏപ്രിൽ മുതൽ കൂടുതൽ കർശനമായ ഓസ്‌ട്രേലിയൻ ഡെഡ്‌ലൈനുകൾ പാലിക്കുന്നതിനായി മഹീന്ദ്രയ്ക്ക് ഈ അഡ്വാൻസ്‌ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം (ADAS) ഉപയോഗിച്ച് സ്‌കോർപിയോ N പതിപ്പിനെ പുനരവതരിപ്പിക്കേണ്ടി വരും.
ADAS ഫീച്ചർ കൂടിയെത്തുന്നതോടെ സ്കോർപിയോ N വേറെ ലെവലാവും. കമ്പനിയുടെ എല്ലാ മോഡലുകള്‍ക്കും പുതുതലമുറ ഭാവം കൈവന്നതോടെ ഈ വാഹനങ്ങള്‍ സ്വന്തമാക്കാന്‍ ആളുകള്‍ മത്സരിച്ച് എത്തുകയാണിപ്പോൾ. ഇതിൽ ഏറ്റവും കൂടുതൽ ഡിമാന്റുള്ളതാവട്ടെ സ്കോർപിയോ എസ്‌യുവികൾക്കാണ് താനും. കിടിലൻ എഞ്ചിൻ, ഗിയർബോക്‌സ് ഓപ്ഷനുകൾ, സേഫ്റ്റി, കണക്റ്റിവിറ്റി ഫീച്ചറുകൾ പോലുള്ള എല്ലാ സൌകര്യങ്ങളും വാഹനത്തിലുണ്ട്. 13.05 ലക്ഷം രൂപ മുതൽ 24.51 ലക്ഷം വരെയാണ് എസ്‌യുവിക്കായി മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില.


Click it and Unblock the Notifications