മഹീന്ദ്രക്കെതിരെ കേസ് കൊടുക്കാനൊരുങ്ങി സ്‌കോര്‍പിയോ N കസ്റ്റമര്‍; കാരണം എന്താണെന്നറിയാണോ?
വെറും അരമണിക്കൂറിനുള്ളില്‍ ഒരു ലക്ഷം ബുക്കിംഗുകള്‍ നേടി ചരിത്രം തിരുത്തിയ എസ്‌യുവിയാണ് മഹീന്ദ്ര സ്‌കോര്‍പിയോ N. വെറും ഒരു മിനിറ്റിനുള്ളില്‍ ആണ് 25,000 യൂണിറ്റുകള്‍ ബുക്കിംഗായത്. പല കാര്‍ ബ്രാന്‍ഡുകളും ഒരു മാസം വില്‍ക്കുന്ന കണക്കുകളാണ് ആ ഒരു മണിക്കൂറിനിടെയിലെ ഒരോ മിനിറ്റിലും മഹീന്ദ്ര സ്‌കോര്‍പിയോ N സ്വന്തമാക്കിയത്.
അതിനാല്‍ തന്നെ എസ്‌യുവി മഹീന്ദ്രയുടെ സമീപകാലത്തെ ഏറ്റവും വലിയ ഹിറ്റുകളുടെ പട്ടികയിലേക്ക് ചേര്‍ക്കപ്പെട്ടു. എന്നാല്‍ മഹീന്ദ്ര സ്‌കോര്‍പിയോ N കസ്റ്റമര്‍ ഇപ്പോള്‍ നിയമ സഹായം ആവശ്യപ്പെട്ടതായാണ് വാര്‍ത്തകള്‍ വരുന്നത്. എസ്‌യുവി നിരയിലുള്ള മിക്ക വാഹനങ്ങളും ഹിറ്റടിച്ചെങ്കിലും ഡെലിവറി വൈകുന്നതാണ് ഇപ്പോള്‍ മഹീന്ദ്രയുടെ മുന്നിലുള്ള പ്രതിസന്ധി. സ്‌കോര്‍പിയോ N-ന്റെ ടോപ് സ്‌പെക് Z8 L വേരിയന്റിന്റെ ഡെലിവറികള്‍ക്കാണ് മഹീന്ദ്ര മുന്‍ഗണന നല്‍കുന്നത് എന്ന കാര്യം അത്ര രഹസ്യമല്ല.

സ്‌കോര്‍പിയോ N Z8L മാനുവല്‍ ട്രാന്‍സ്മിഷന്‍ വേരിയന്റ് കൈയ്യില്‍ കിട്ടാന്‍ ഉപഭോക്താവ് 56 മുതല്‍ 58 ആഴ്ച വരെ കാത്തിരിക്കണം. അതേസമയം ഇതേ വേരിയന്റ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ചോയിസില്‍ ലഭിക്കാനുള്ള കാത്തിരിപ്പ് കാലയളവ് 24-26 ആഴ്ചയാണ്. 52 മുതല്‍ 54 ആഴ്ച വരെയാണ് മഹീന്ദ്ര സ്‌കോര്‍പിയോ N എസ്‌യുവിയുടെ എന്‍ട്രി ലെവല്‍ N Z2 വേരിയന്റിന്റെ കാത്തിരിപ്പ് കാലയളവ്.
മിഡ്-സ്‌പെക്ക് Z4 വേരിയന്റിന് 60 മുതല്‍ 65 ആഴ്ച വരെ കാത്തിരിപ്പ് കാലയളവുമുണ്ട്. ഒപ്പം തന്നെ സ്‌കോര്‍പിയോ N എസ്‌യുവിയുടെ Z6, Z8 വേരിയന്റുകള്‍ക്ക് 55 മുതല്‍ 60 ആഴ്ചകള്‍ വരെയാണ് കാത്തിരിക്കേണ്ടത്. കോവിഡ് മഹാമാരി മൂലം വില്‍പ്പന ശൃംഖലയില്‍ വലിയ വെല്ലുവിളികള്‍ നേരിട്ടിരുന്നു. എന്നാല്‍ സെമി കണ്ടക്ടര്‍ ക്ഷാമം കുറയുന്നതിന്റെ അടിസ്ഥാനത്തില്‍ വാഹന വ്യവസായം കരകയറിക്കൊണ്ടിരിക്കുന്നതിനാല്‍ കാത്തിരിപ്പ് കാലയളവും കുറഞ്ഞ് വരുന്നുണ്ട്.

എന്നിരുന്നാലും ജനപ്രിയ മോഡലുകളുടെ കാര്യത്തില്‍ ഇവ പ്രായോഗികമല്ല. ജനപ്രിയ മോഡലുകളുടെ ചില വേരിയന്റുകള്‍ക്ക് ഇപ്പോഴും ഉയര്‍ന്ന കാത്തിരിപ്പ് കാലയളവാണ് കമ്പനികള്‍ പറയുന്നത്. ഒരു പുതിയ കാര്‍ വാങ്ങാനായി ബുക്കിംഗ് ചെയ്ത് ഇത്രയും നാള്‍ കാത്തിരിക്കേണ്ടി വരുന്ന സാഹചര്യത്തില്‍ ചില ഉപഭോക്താക്കളെങ്കിലും ബുക്കിംഗ് ക്യാന്‍സല്‍ ചെയ്ത് വേറെ മോഡലുകള്‍ തേടി പോകും. ചിലര്‍ ഇഷ്ട വാഹനത്തിന്റെ താക്കോല്‍ ഏറ്റുവാങ്ങാനായി ക്ഷമയോടെ കാത്തിരിക്കും.
ഏതായാലും ഉയര്‍ന്ന കാത്തിരിപ്പ് കാലയളവ് മടുപ്പുളവാക്കുന്ന സംഗതിയാണെന്ന് തീര്‍ച്ച. എന്നാല്‍ പറഞ്ഞ സമയത്ത് സ്‌കോര്‍പിയോ N ഡെലിവറി ചെയ്തില്ലെന്ന് കാണിച്ചാണ് ഇപ്പോള്‍ ഒരു ഉപഭോക്താവ് നിയമ സഹായം തേടുന്നത്. 2023 ജനുവരി 30-നും മാര്‍ച്ച് 1-നും ഇടയില്‍ തന്റെ എസ്യുവി ഡെലിവര്‍ ചെയ്യുമെന്നാണ് ഇദ്ദേഹത്തെ കമ്പനി അറിയിച്ചത്. എന്നാല്‍ ഈ മഹീന്ദ്ര സ്‌കോര്‍പ്പിയോ N ഉപഭോക്താവിന് ഇതുവരെ കോളുകള്‍ ഒന്നും ലഭിച്ചിട്ടില്ല.

ഇതിപ്പോള്‍ മാര്‍ച്ച് മാസം അവസാനിക്കാന്‍ പോകുകയാണെല്ലോ. ഡെലിവറി ടൈംഫ്രെയിം പരിശോധിക്കാനുള്ള ഓണ്‍ലൈന്‍ ലിങ്കും പ്രവര്‍ത്തനക്ഷമമല്ലെന്നാണ് അദ്ദേഹം സോഷ്യല്‍ മീഡിയയിലൂടെ ആരോപിക്കുന്നത്. ഡെലിവറി സംബന്ധിച്ച് പുതിയ അപ്‌ഡേറ്റുകള്‍ ഒന്നും ലഭിക്കാത്ത സാഹചര്യത്തില്‍ മഹീന്ദ്ര കമ്പനിക്കെതിരെ ഉപഭോക്തൃ കോടതിയില്‍ പരാതി നല്‍കാന്‍ അഭിഭാഷകനെ തേടുകയാണ് ഇദ്ദേഹം.
ടോപ് എന്‍ഡ് വേരിയന്റിന് മുന്‍ഗണന നല്‍കിയതിനാല്‍ സെമി കണ്ടക്ടര്‍ ക്ഷാമം ചൂണ്ടിക്കാട്ടിയാണ് Z2, Z6 വേരിയന്റുകളുടെ ഡെലിവറികള്‍ വൈകുന്നത്. മറ്റ് വേരിയന്റുകളെ അപേക്ഷിച്ച് കമ്പനിക്ക് കൂടുതല്‍ ലാഭം നേടിക്കൊടുക്കുന്നത് ടോപ് സ്‌പെക് വേരിയന്റുകളാണ്. അതുകൊണ്ടാണ് അവര്‍ ആ വേരിയന്റിന്റെ ഡെലിവറിക്ക് പ്രാധാന്യം നല്‍കുന്നത്. കാത്തിരുന്ന് മടുക്കുന്ന ചില ഉപഭോക്താക്കള്‍ എങ്കിലും മനസ്സ് മാറി ടോപ് എന്‍ഡ് വേരിയന്റിലേക്ക് ചോയ്‌സ് മാറ്റും.
ഡെലിവറിയിലെ മുന്‍ഗണനയാണ് അവര്‍ പരിഗണിക്കുന്നത്. 6 അല്ലെങ്കില്‍ 7 സീറ്റര്‍ ഓപ്ഷനില്‍ വാങ്ങാവുന്ന സ്‌കോര്‍പിയോ N എസ്‌യുവിക്ക് 12.74 ലക്ഷം മുതല്‍ 24.05 ലക്ഷം രൂപ വരെ എക്‌സ്‌ഷോറൂം വിലവരുന്നത്. 200 bhp പവര്‍ ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനും 130 bhp കരുത്ത് നല്‍കുന്ന 2.2 ലിറ്റര്‍ ഡീസല്‍ എഞ്ചിനുമാണ് കാറിന് തുടിപ്പേകുന്നത്.
ഡീസല്‍ എഞ്ചിന് ചില വകഭേദങ്ങള്‍ പരമാവധി 172 bhp പവര്‍ ഔട്ട്പുട്ട് നല്‍കുന്നുണ്ട്. 8 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ക്രൂയിസ് കണ്‍ട്രോള്‍ എന്നീ ഫീച്ചറുകള്‍ക്കൊപ്പം ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, ഹില്‍ ഡിസന്റ് കണ്‍ട്രോള്‍ തുടങ്ങിയ സുരക്ഷാ ഫീച്ചറുകള്‍ ഓപ്ഷനുകളുമായാണ് സ്‌കോര്‍പിയോ N വരുന്നത്.


Click it and Unblock the Notifications








