സ്‌കോര്‍പിയോ 'പപ്പട'മാണെന്ന് ഓസ്‌ട്രേലിയക്കാര്‍! ഇന്ത്യയിലെ 5 സ്റ്റാര്‍ എസ്‌യുവി അക്കരെയെങ്ങനെ പൂജ്യമായി?
ഇന്ത്യന്‍ വിപണിയിലെ ഏറ്റവും സുരക്ഷിതമായ സ്‌പോര്‍ട് യൂടിലിറ്റി വെഹിക്കിളുകളില്‍ (എസ്‌യുവി) ഒന്നാണ് മഹീന്ദ്ര സ്‌കോര്‍പിയോ N. ഗ്ലോബല്‍ NCAP നടത്തിയ ക്രാഷ് ടെസ്റ്റില്‍ മഹീന്ദ്ര സ്‌കോര്‍പ്പിയോ N 5 സ്റ്റാര്‍ റേറ്റിംഗാണ് സ്വന്തമാക്കിയത്. എന്നിരുന്നാലും എസ്‌യുവിക്ക് ഓസ്ട്രേലിയന്‍ ന്യൂ കാര്‍ അസസ്‌മെന്റ് പ്രോഗ്രാമിന് (ANCAP) കീഴില്‍ പരീക്ഷിച്ചപ്പോള്‍ ഈ പ്രകടനം പുറത്തെടുക്കാനായില്ലെന്ന് മാത്രമല്ല സീറോ സ്റ്റാര്‍ സേഫ്റ്റി റേറ്റിംഗ് മാത്രമാണ് സ്‌കോര്‍ ചെയ്യാനായത്.
ഇതിന്റെ കാരണം നമുക്ക് നോക്കാം. ഈ വര്‍ഷം ഏപ്രിലിലാണ് ഇന്ത്യന്‍ വിപണിയിലെ സമീപകാലത്തെ ഏറ്റവും വലിയ ഹിറ്റ് കാറുകളില്‍ ഒന്നായ സ്‌കോര്‍പിയോ N മഹീന്ദ്ര ഓസ്ട്രേലിയന്‍ വിപണിയില്‍ അവതരിപ്പിച്ചത്. തുടര്‍ന്ന് ഓഗസ്റ്റില്‍ അയല്‍രാജ്യമായ ന്യൂസിലാന്‍ഡിലും അരങ്ങേറി. ഈ രണ്ട് രാജ്യങ്ങളിലും വില്‍ക്കുന്ന ചെയ്യുന്ന എസ്‌യുവിയുടെ എല്ലാ വേരിയന്റുകള്‍ക്കും ANCAP റേറ്റിംഗ് ബാധകമാണ്.

ഓസ്‌ട്രേലിയയില്‍ ലഭ്യമായ 6 സീറ്റര്‍ വേരിയന്റുകളെ അടിസ്ഥാനമാക്കിയാണ് കാര്‍ ANCAP വിലയിരുത്തിയത്. ബെഞ്ച്-ടൈപ്പ് രണ്ടാം വരിയുള്ള 7 സീറ്റര്‍ കാറാണ് ന്യൂസിലന്‍ഡില്‍ കിട്ടുന്നത്. ഓസ്‌ട്രേലിയയില്‍ സ്‌കോര്‍പിയോക്ക് മോശം റേറ്റിംഗ് ലഭിക്കാനുണ്ടായ കാരണം പരിശോധിക്കുമ്പോള്‍ ADAS-ന്റെ അസാന്നിധ്യത്തിലേക്കാണ് വിരല്‍ചൂണ്ടപ്പെടുന്നത്. ADAS എന്ന് ചുരുക്കിവിളിക്കുന്ന അഡ്വാന്‍സ്ഡ് ഡ്രൈവര്‍ എയ്ഡ്‌സ് സിസ്റ്റം ഇല്ലാത്ത എല്ലാ വാഹനങ്ങള്‍ക്കും ANCAP സീറോ സ്റ്റാര്‍ റേറ്റിംഗാണ് നല്‍കുന്നത്.
പ്ലാറ്റ്‌ഫോമിന്റെ കാഠിന്യമോ മറ്റേതെങ്കിലും ഘടകമോ പരിഗണിക്കാതെ വാഹനത്തില്‍ ADAS സജ്ജീകരിച്ചിട്ടില്ലെങ്കില്‍ സേഫ്റ്റി റേറ്റിംഗ് 0 സ്റ്റാര്‍ നല്‍കുന്നതായിരിക്കും. ഓട്ടോണമസ് ബ്രേക്കിംഗ് (AEB) സിസ്റ്റം അല്ലെങ്കില്‍ ഒരു ലെയ്ന്‍ സപ്പോര്‍ട്ട് സിസ്റ്റം (LSS) പോലുള്ള ADAS ഫീച്ചറുകള്‍ ഓസ്ട്രേലിയന്‍ സ്‌പെക്ക് സ്‌കോര്‍പ്പിയോ N നഷ്ടപ്പെടുത്തിയതായി ANCAP ചൂണ്ടിക്കാണിച്ചു.

കൂടാതെ, ഡ്രൈവര്‍ മോണിറ്ററിംഗ് സിസ്റ്റം (DMS), സ്പീഡ് ലിമിറ്റ് ഇന്‍ഫര്‍മേഷന്‍ ഫംഗ്ഷന്‍ (SLIS), ചൈല്‍ഡ് പ്രസന്‍സ് ഡിറ്റക്ഷന്‍ (CPD), രണ്ടാമത്തെയും മൂന്നാമത്തെയും വരി സീറ്റുകള്‍ക്കുള്ള സീറ്റ് ബെല്‍റ്റ് റിമൈന്‍ഡറുകള്‍ എന്നിവയും ഇതിലില്ല. ഓസ്‌ട്രേലിയ സ്‌പെക്ക് മഹീന്ദ്ര സ്‌കോര്‍പ്പിയോ മുതിര്‍ന്നവരുടെ സംരക്ഷണത്തില്‍ 40-ല്‍ 17.67 പോയിന്റ് പോയിന്റ് നേടി. അതേസമയം തന്നെ കുട്ടികളുടെ സംരക്ഷണയില്‍ 49-ല്‍ 39.27 പോയിന്റ് കരസ്ഥമാക്കി.
ദുര്‍ബലരായ റോഡ് ഉപയോക്താക്കളുടെ സംരക്ഷണത്തിന് 63-ല്‍ 14.94 പോയിന്റ് മാത്രമാണ് ലഭിച്ചത്. ആക്ടീവ് കൊളീഷന്‍ അവോയ്ഡന്‍സ് ഫീച്ചറുകള്‍ ഒന്നും സജ്ജീകരിച്ചിട്ടില്ലാത്തതിനാല്‍ സേഫ്റ്റി അസിസ്റ്റന്‍സിന്റെ കാര്യത്തില്‍ 18-ല്‍ പൂജ്യമാണ് സ്‌കോര്‍. ഓസ്‌ട്രേലിയയിലെയും ന്യൂസിലന്‍ഡിലെയും സ്വകാര്യ, വാണിജ്യ ആവശ്യങ്ങള്‍ക്ക് വാഹനം വാങ്ങുന്നവര്‍ സുരക്ഷക്ക് വലിയ പ്രാധാന്യം നല്‍കുന്നതായും സ്‌കോര്‍പിയോയും സേഫ്റ്റി ഓഫറുകളുടെ കാര്യത്തില്‍ തലമുറകള്‍ പിന്നിലാണെന്നുമാണ് ANCAP വിശദീകരിക്കുന്നത്.

AEB, ADAS എന്നിവയടക്കമുള്ളവയുടെ അഭാവം കാരണം ANCAP-ല്‍ നിന്ന് സ്‌കോര്‍പിയോയ്ക്ക് കുറഞ്ഞ റേറ്റിംഗ് ലഭിക്കുമെന്ന് തങ്ങള്‍ പ്രതീക്ഷിച്ചതായി മഹീന്ദ്ര പ്രതികരിച്ചു. ഡൗണ്‍ അണ്ടറില്‍ സ്‌കോര്‍പിയോ ഹോമോലോഗ് ചെയ്യുന്ന സമയത്ത് ഓസ്ട്രേലിയന്‍ ഡിസൈന്‍ റെഗുലേഷന്‍ അനുസരിച്ച് ഈ ഫീച്ചറുകള്‍ നിര്‍ബന്ധമല്ലായിരുന്നുവെന്നും മഹീന്ദ്ര ചൂണ്ടിക്കാണിക്കുന്നു. നല്ല സ്‌കോര്‍ നേടാന്‍ AEB പോലുള്ള ഫീച്ചറുകളുടെ ആവശ്യകത നിര്‍ബന്ധമാക്കുന്ന പുതിയ പ്രോട്ടാക്കോള്‍ ANCAP ഈ വര്‍ഷമാണ് നടപ്പിലാക്കിയത്.
2023-ല്‍ ANCAP-ന്റെ ഏറ്റവും പുതിയതും കൂടുതല്‍ കര്‍ശനമായ പ്രോട്ടോക്കോളുകള്‍ക്ക് കീഴില്‍ പരീക്ഷിച്ച ആദ്യ വാഹനങ്ങളില്‍ ഒന്നാണ് സ്‌കോര്‍പിയോ എന്നും മഹീന്ദ്ര ഓര്‍മിപ്പിച്ചു. എസ്‌യുവിയുടെ 'മിഡ്-ലൈഫ് അപ്ഡേറ്റില്‍' ADAS ഫീച്ചറുകള്‍ ഉള്‍പ്പെടുത്തുമെന്നും കമ്പനി അറിയിച്ചു. പരിഷ്‌കരിക്കുന്ന മോഡലുകള്‍ ഏറ്റവും പുതിയ ANCAP സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
സ്‌കോര്‍പിയോ N കൂടാതെ XUV700, സ്‌കോര്‍പിയോ ക്ലാസിക്കിന്റെ പിക്കപ്പ് ട്രക്ക് പതിപ്പ് എന്നിവയും മഹീന്ദ്ര ഓസ്‌ട്രേലിയയില്‍ വില്‍ക്കുന്നുണ്ട്. പിക്കപ്പ് S11 ഡ്യുവല്‍ ക്യാബ് എന്നാണ് ഇതിന്റെ പേര്. സ്‌കോര്‍പിയോ ഗെറ്റ്അവേ മുമ്പ് വിപണിയില്‍ ഉണ്ടായിരുന്നെങ്കിലും നിലവില്‍ ഇന്ത്യയില്‍ മഹീന്ദ്ര ഒരു പിക്കപ്പ് മോഡല്‍ വില്‍ക്കുന്നില്ല. സ്‌കോര്‍പിയോ N എസ്‌യുവിയെ അടിസ്ഥാനപ്പെടുത്തിയുള്ള പിക്കപ്പ് സമീപഭാവിയില്‍ അരങ്ങേറ്റം കുറിക്കാന്‍ പോകുന്നതായാണ് വിവരം.


Click it and Unblock the Notifications








