എസ്‌യുവി സമം മഹീന്ദ്ര; മാര്‍ച്ചില്‍ റെക്കോഡ് വില്‍പ്പനയുമായി കമ്പനി
ഇന്ത്യയില്‍ സ്‌പോര്‍ട് യൂടിലിറ്റി വെഹിക്കിള്‍ (എസ്‌യുവി) സെഗ്‌മെന്റിലെ നിര്‍ണായക ശക്തിയാണ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര. സമീപകാലത്ത് തൊട്ടതെല്ലാം പൊന്നാക്കിയ മഹീന്ദ്ര സെഗ്‌മെന്റിലെ മുന്‍നിരയില്‍ വിലസുകയാണിപ്പോള്‍. 2023 മാര്‍ച്ച് മാസത്തെ വില്‍പ്പന കണക്കുകള്‍ പുറത്തുവന്നപ്പോള്‍ 36,000 യൂണിറ്റിനടുത്ത് വില്‍പ്പനയുമായി മിന്നിത്തിളങ്ങുകയാണ് മഹീന്ദ്ര. പോയ മാസം തങ്ങള്‍ ആഭ്യന്തര വിപണിയില്‍
35,976 യൂണിറ്റ് എസ്‌യുവികള്‍ വില്‍പ്പന നടത്തിയതായി മഹീന്ദ്ര തിങ്കളാഴ്ച അറിയിച്ചു. സെഗ്‌മെന്റിലെ മഹീന്ദ്രയുടെ ഏറ്റവും ഉയര്‍ന്ന പ്രതിമാസ വില്‍പ്പന കണക്കുകളാണിത്. 31 ശതമാനമാണ് വളര്‍ച്ച. 2022 മാര്‍ച്ചില്‍ 27,603 യൂണിറ്റുകളായിരുന്നു മഹീന്ദ്രയുടെ എ്‌സ്‌യുവി വില്‍പ്പന. മൊത്തത്തില്‍, 21 ശതമാനം വളര്‍ച്ചയോടെ 66,091 യൂണിറ്റ് വാഹന വില്‍പ്പനയാണ് കമ്പനി രേഖപ്പെടുത്തിയത്. വാര്‍ഷിക അടിസ്ഥാനത്തില്‍ മഹീന്ദ്രയുടെ ഏറ്റവും ഉയര്‍ന്ന എസ്‌യുവി വില്‍പ്പനക്ക് കൂടിയാണ് സാക്ഷ്യം വഹിച്ചത്.

3,56,961 യൂണിറ്റ് എസ്‌യുവികളാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം വിറ്റത്. 60 ശതമാനമാണ് വളര്‍ച്ച. മഹീന്ദ്ര എസ്‌യുവികള്‍ക്ക് മാസങ്ങളുടെ കാത്തിരിപ്പ് കാലയളവുള്ള വേളയിലാണ് ഈ നേട്ടമെന്നോര്‍ക്കണം. 2020-ല്‍ രണ്ടാം തലമുറ ഥാര്‍ വിപണിയില്‍ എത്തിച്ച ശേഷം മഹീന്ദ്രയുടെ ശുക്രന്‍ ഉദിച്ചുവെന്ന് നമുക്ക് പറയാം. പിന്നീട് കമ്പനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. ഥാറിനെ പിന്തുടര്‍ന്നെത്തിയ XUV700, ബൊലേറോ നിയോ, സ്‌കോര്‍പിയോ N എന്നീ മോഡലുകളും ബമ്പര്‍ ഹിറ്റായി.
XUV700 2021-ല്‍ വിപണിയില്‍ എത്തിയപ്പോള്‍ ഫ്‌ലാഗ്ഷിപ്പ് എസ്‌യുവിയായ മഹീന്ദ്ര XUV700 2022-ല്‍ ലോഞ്ചായി. ഒപ്പം XUV300, XUV400 ഇലക്ട്രിക് എസ്‌യുവി എന്നിവ കൂടി മോഡല്‍ ലൈനപ്പിലുണ്ട്. ഈ മോഡലുകളുടെ വിജയം മഹീന്ദ്രയെ ഒരു എസ്‌യുവി കേന്ദ്രീകൃത കമ്പനിയായി ഉയര്‍ത്തി. മഹീന്ദ്രയുടെ സമീപകാലത്തെ ഹിറ്റ് മോഡുകള്‍ക്ക് വിരലില്ലെണ്ണാവുന്ന മാസങ്ങള്‍ മുതല്‍ ഒന്നര വര്‍ഷം വരെ കാത്തിരിപ്പ് കാലയളവുണ്ട്.

എസ്‌യുവികള്‍ക്കുള്ള ഡിമാന്‍ഡിന് അനുസരിച്ച് ഡെലിവെറി ചെയ്യാന്‍ സാധിക്കുന്നില്ലെന്നതാണ് മഹീന്ദ്രയുടെ മുന്നിലുള്ള വെല്ലുവിളി. മഹീന്ദ്ര സ്‌കോര്‍പിയോ N എസ്‌യുവിയുടെ ടോപ് സ്‌പെക് വേരിയന്റിന്റെ ഡെലിവറിക്കാണ് കമ്പനി പ്രാമുഖ്യം കൊടുക്കുന്നതെന്ന് കാണിച്ച് ഒരു കസ്റ്റമര്‍ നിയമസഹായം തേടുന്ന ലെവലിലേക്ക് കാര്യങ്ങള്‍ നീങ്ങിയിരുന്നു. എസ്‌യുവികള്‍ക്കുള്ള ഉയര്‍ന്ന ഡിമാന്‍ഡിനെ തുടര്‍ന്ന് ഉല്‍പ്പാദന ശേഷി വര്‍ധിപ്പിക്കുന്നതിനും പ്ലാന്റുകളില്‍ കൂടുതല്‍ ഷിഫ്റ്റുകള്‍ ഷിഫ്റ്റ് കൂട്ടിച്ചേര്‍ക്കാനും കമ്പനി നിര്‍ബന്ധിതരായി.
കഴിഞ്ഞ മാസം മഹീന്ദ്രയുടെ വാണിജ്യ വാഹന വിഭാഗവും വില്‍പ്പനയുടെ കാര്യത്തില്‍ വളര്‍ച്ച രേഖപ്പെടുത്തി. കഴിഞ്ഞ മാര്‍ച്ചില്‍ മഹീന്ദ്ര 22,282 വാണിജ്യ വാഹനങ്ങളാണ് വിറ്റത്. 12 ശതമാനമാണ് വളര്‍ച്ച. വാര്‍ഷിക വില്‍പ്പന 248576 യൂണിറ്റാണ്. വളര്‍ച്ച 40 ശതമാനം. പാസഞ്ചര്‍ വാഹനങ്ങളും വാണിജ്യ വാഹനങ്ങളും കൂടി ചേരുന്നതോടെ ഇന്ത്യയിലെ മുന്‍നിര ഓട്ടോമൊബൈല്‍ കമ്പനികളില്‍ ഒന്നായ മഹീന്ദ്ര തങ്ങളുടെ സ്ഥാനം ഊട്ടിയുറപ്പിച്ചു.

'ഞങ്ങളുടെ എസ്‌യുവി ബിസിനസ് എക്കാലത്തെയും ഉയര്‍ന്ന വില്‍പ്പന രേഖപ്പെടുത്തി. പോര്‍ട്ട്ഫോളിയോയിലുടനീളമുള്ള നല്ല ഡിമാന്‍ഡിന്റെ പശ്ചാത്തലത്തില്‍ 2023 മാര്‍ച്ചില്‍ 31% വളര്‍ച്ചയോടെ 2023 സാമ്പത്തിക വര്‍ഷം മൊത്തത്തില്‍ 60% വളര്‍ച്ച രേഖപ്പെടുത്തി. ഇത് ശ്രദ്ധേയമായ ഒരു വര്‍ഷമാക്കി മാറ്റിയ ഞങ്ങളുടെ സഹകാരികള്‍, ഡീലര്‍മാര്‍, പങ്കാളികള്‍, വിതരണക്കാര്‍, ഉപഭോക്താക്കള്‍ എന്നിവര്‍ക്ക് നന്ദി അറിയിക്കുന്നു' മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഓട്ടോമോട്ടീവ് ഡിവിഷന്‍ പ്രസിഡന്റ് വീജയ് നക്ര പറഞ്ഞു.
മാര്‍ച്ചില്‍ മഹീന്ദ്ര 2,115 വാഹനങ്ങള്‍ കടല്‍കടത്തി. ഒപ്പം തന്നെ 5697 മുച്ചക്ര വാഹനങ്ങളും മഹീന്ദ്ര പോയ മാസം വില്‍പ്പന നടത്തി. വില്‍പ്പന കണക്കുകള്‍ക്കൊപ്പം തന്നെ പോര്‍ട്‌ഫോളിയോയിലെ വാഹനങ്ങള്‍ക്ക് മികച്ച ഡിമാന്‍ഡ് അനുഭവപ്പെടുന്നുണ്ടെന്നും അവ പ്രശംസനീയമാണെന്നും കമ്പനി പ്രസ്താവനയില്‍ പറഞ്ഞു. ഇന്ത്യയിലെ ഇലക്ട്രിക് പാസഞ്ചര്‍ കാര്‍ വിപണി ഇപ്പോള്‍ അടക്കിഭരിക്കുന്നത് ടാറ്റ മോട്ടോര്‍സാണ്. ഈ സെഗ്‌മെന്റില്‍ പാദമുദ്ര പതിപ്പിക്കാനാണിപ്പോള്‍ മഹീന്ദ്രയുടെ ശ്രമം.
ഈ വര്‍ഷം തുടക്കത്തിലാണ് മഹീന്ദ്ര മഹീന്ദ്ര XUV400 ഇലക്ട്രിക് എസ്‌യുവി പുറത്തിറക്കിയത്. 16 ലക്ഷം ആമുഖ എക്സ്-ഷോറൂം വിലയിലാണ് പുറത്തിറക്കിയത്. മൂന്ന് വേരിയന്റുകളില്‍ ഇവി ലഭ്യമാണ്. 3.3 kW ചാര്‍ജിംഗ് വേഗതയുള്ള EC, 7.2 kW ചാര്‍ജിംഗ് വേഗതയുള്ള EC, 7.2 kW ചാര്‍ജിംഗ് വേഗതയുള്ള EL എന്നിവയാണ് വേരിയന്റുകള്‍.
ഏറ്റവും ഉയര്‍ന്ന EL വേരിയന്റിന് 19 ലക്ഷം രൂപയാണ് എക്‌സ്-ഷോറൂം വില. ഫുള്‍ ചാര്‍ജില്‍ ഇവി 456 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. മഹീന്ദ്രയും ടാറ്റയും തമ്മില്‍ ഇലക്ട്രിക് വാഹന സെഗ്‌മെന്റിലെ പോരാട്ടത്തിനും വീറും വാശിയും സമീപഭാവിയില്‍ കൂടുതല്‍ ദൃശ്യമാകും. ഒരുപിടി പുതുപുത്തന്‍ ഇവികളാണ് മഹീന്ദ്ര ആവനാഴിയില്‍ ഒരുക്കിവെച്ചിരിക്കുന്നത്.


Click it and Unblock the Notifications








