അകത്തളവും വേറെ ലെവൽ; 5-ഡോർ ഥാറിന്റെ ഡാഷ്ബോർഡ് ലെയൗട്ട് വെളിപ്പെടുത്തി പുത്തൻ സ്പൈ ചിത്രങ്ങൾ
2024 -ൽ, കാർ പ്രേമികൾ വളരെ ആകാംഷയോടെ കാത്തിരിക്കുന്ന മോഡലാണ് ഫൈവ് ഡോർ ഥാർ. വാഹനത്തിന്റെ ടെസ്‌റ്റ് മോഡലുകളെ കാര്യമായ നിലയിൽ പരീക്ഷണയോട്ടം നടത്തുന്നതായി കണ്ടെത്തിയിരുന്നു, അടുത്ത വർഷം ജൂണിൽ ഇതിന്റെ ലോഞ്ച് ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു. അതിനു മുന്നോടിയായി, ചെന്നൈയിലെ മഹീന്ദ്ര റിസർച്ച് വാലിയിൽ ഫൈവ് ഡോറുകളുള്ള ഥാറിന്റെ ഡാഷ്‌ബോർഡ് വിവിധ പരിശോധനകൾക്ക് വിധേയമാകുന്നതായി കണ്ടെത്തി.
ഡാഷ്‌ബോർഡും ലിങ്ക് ചെയ്‌ത ബോഡി പാർട്സുകളും വൈബ്രേഷൻ ടെസ്റ്റിന് ഇവിടെ വിധേയമാകുന്നുണ്ടെന്നാണ് തോന്നുന്നത്. വളരെ ശാന്തവും സുഖപ്രദവുമായ റൈഡുകൾ ഉറപ്പാക്കുന്നതിനുള്ള ഒരു നിർണായക ഘട്ടമാണിത്. ഡാഷ്‌ബോർഡ് അതിന്റെ സ്കെലിറ്റൽ രൂപത്തിൽ പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്, ഇത് ഫൈവ് ഡോർ മോഡലിൽ വരാനിരിക്കുന്ന എല്ലാ മാറ്റങ്ങളുടെയും വ്യക്തമായ ഒരു വ്യൂ നൽകുന്നു. വൃത്താകൃതിയിലുള്ള എസി വെന്റുകൾ, പരിചിതമായ സെന്റർ കൺസോൾ, ഫ്രണ്ട് പാസഞ്ചർക്കുള്ള ഗ്രാബ് ഹാൻഡിൽ, ലെഫ്റ്റ് എസി വെന്റിന് താഴെ ഒരു മെറ്റൽ ബാഡ്ജ് പ്ലേറ്റ് എന്നിവ പോലുള്ള സിഗ്നേച്ചർ സവിശേഷതകൾ ലഭിക്കുന്നതിനാൽ, ഥാറിന്റേതാണ് ഈ ഡാഷ്‌ബോർഡ് എന്ന് തിരിച്ചറിയുന്നത് വളരെ എളുപ്പമാണ്.

ഇതിൽ വരുന്ന പുതിയ ഫീച്ചറുകളെ കുറിച്ച് പറയുകയാണെങ്കിൽ, ഥാർ ഫൈവ് ഡോറിന്റെ ഡാഷ്‌ബോർഡിന് ഡ്യുവൽ ടോൺ ബ്രൗൺ & ബ്ലാക്ക് കളർ തീം ലഭിക്കുന്നു. സ്റ്റാൻഡേർഡ് ത്രീ ഡോർ ഥാറിന്റെ ഓൾ ബ്ലാക്ക് തീമിൽ നിന്ന് ഇത് വളരെ വ്യത്യസ്തമാണ്. സീറ്റ് അപ്ഹോൾസ്റ്ററി ഉൾപ്പെടെയുള്ള ക്യാബിനിലെ ബാക്കി ഭാഗങ്ങളിലും ഡ്യുവൽ-ടോൺ ബ്രൗൺ & ബ്ലാക്ക് കളർ തീം ഉണ്ടായിരിക്കാൻ സാധ്യതയുണ്ട്. ഒരു ഫാമിലി പർപ്പസ് കൂടെ ലക്ഷ്യമിടുന്ന ഫൈവ് ഡോർ ഥാർ കൂടുതൽ ഫാമിലി വൈബ് വാഗ്ദാനം ചെയ്യുന്ന ഇന്റീരിയറുകൾ ഒരുക്കുന്നതിന്റെ ഭാഗമാണിത്. ഫൈവ് ഡോർ ഥാറിന് ഒന്നിലധികം ഇന്റീരിയർ കളർ തീം ഓപ്ഷനുകൾ മഹീന്ദ്ര ലഭ്യമാക്കാനും സാധ്യതയുണ്ട്.
മറ്റ് പ്രധാന മാറ്റങ്ങളിൽ, ഇൻഫോടെയിൻമെന്റ് സ്ക്രീനിനുള്ള വേക്കൻഡ് സ്പെയ്സ് വലുതായി കാണപ്പെടുന്നു. ഇതിന് 10.25 ഇഞ്ച് ടച്ച് സ്‌ക്രീൻ ഉൾക്കൊള്ളാൻ കഴിയണം. നിലവിലുള്ള ത്രീ ഡോർ ഥാറിൽ 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീനാണ് സജ്ജീകരിച്ചിരിക്കുന്നത്. പുതിയ ടച്ച്‌സ്‌ക്രീനിന് മഹീന്ദ്രയുടെ ഏറ്റവും പുതിയ UI -യും ലഭിക്കും. ഫൈവ് ഡോർ ഥാറിന് ഒരു പുതിയ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ ലഭിക്കും എന്നതാണ് മറ്റൊരു സാധ്യത. സൺറൂഫും പുതിയ ഫ്രണ്ട് ആം റെസ്റ്റും ഫൈവ് ഡോർ ഥാറിന്റെ മറ്റ് സവിശേഷ വശങ്ങളിൽ പെടുന്നു. A, B പില്ലറുകൾക്ക് ഗ്രാബ് ഹാൻഡിലുകൾ ഇതിന് ലഭിക്കും.

5-ഡോർ ഥാറിന്റെ സ്റ്റൈലിംഗിൽ മഹീന്ദ്ര വലിയ മാറ്റങ്ങൾ ഒന്നും അവതരിപ്പിക്കാൻ സാധ്യതയില്ല. എന്നിരുന്നാലും, ടാർഗെറ്റ് പ്രേക്ഷകരുടെ ആവശ്യങ്ങൾക്കും പ്രതീക്ഷകൾക്കും അനുസൃതമായി ചില കോസ്മെറ്റിക് അപ്പ്ഡേറ്റുകളും ടച്ച് അപ്പുകളും ആവശ്യമായി വന്നേക്കാം. സ്റ്റാൻഡേർഡ് ഥാറുമായി താരതമ്യപ്പെടുത്തുമ്പോൾ ഫൈവ് ഡോർ പതിപ്പിന് ടോൺ ഡൗൺ രൂപമുണ്ടാകാം. ഫൈവ് ഡോർ ഥാറിനൊപ്പം 4×2, 4×4 ഓപ്ഷനുകൾ മഹീന്ദ്ര വാഗ്ദാനം ചെയ്യാനും സാധ്യതയുണ്ട്. നീളം കൂടിയ ബോഡിയും വീൽബേസും വാഹനത്തിന്റെ ചില ഓഫ് റോഡിംഗ് കഴിവുകളെ ബാധിക്കുമോ എന്നത് കണ്ടറിയണം.
എഞ്ചിൻ ഓപ്ഷനുകളും സ്റ്റാൻഡേർഡ് ഥാറിൽ നിന്ന് തന്നെ കടമെടുക്കും. 2.0 ലിറ്റർ പെട്രോൾ എഞ്ചിൻ പരമാവധി 150 PS പവറും 300 Nm പീക്ക് torque ഉം ഉത്പാദിപ്പിക്കുന്നു. 2.2 ലിറ്റർ ഡീസൽ യൂണിറ്റ് 130 PS മാക്സ് പവറും 300 Nm പീക്ക് torque ഉം പുറപ്പെടുവിക്കുന്നു. രണ്ട് എഞ്ചിനുകളിലും ആറ് സ്പീഡ് മാനുവൽ, ആറ് സ്പീഡ് torque കൺവെർട്ടർ ഓട്ടോമാറ്റിക് യൂണിറ്റ് എന്നിവ ട്രാൻസ്മിഷൻ ചോയിസുകളിൽ ഉണ്ട്.

16 ലക്ഷം മുതൽ 20 ലക്ഷം രൂപ വരെയാണ് മഹീന്ദ്ര ഫൈവ് ഡോർ പതിപ്പിന് വിപണിയിൽ പ്രതീക്ഷിക്കുന്ന വില. നിലവിലുള്ള ത്രീ ഡോർ ഥാർ 10.98 ലക്ഷം രൂപ (RWD) പ്രാരംഭ വിലയിൽ ലഭ്യമാണ്. ടോപ്പ് സ്പെക്ക് ഡീസൽ ഓട്ടോമാറ്റിക് 4WD വേരിയന്റിന് 16.94 ലക്ഷം രൂപയോളം ചെലവ് വരും.


Click it and Unblock the Notifications