ജിംനിയുടെ അവസ്ഥ ഇനി എന്താകുമോ എന്തോ? ഥാര്‍ 5 ഡോര്‍ അവസാനഘട്ട പരീക്ഷണയോട്ടത്തില്‍
പുതുവത്സരം പിറക്കാന്‍ ഇനി ഏതാനും ദിവസങ്ങള്‍ കൂടി മാത്രമാണ് ബാക്കിയുള്ളത്. നിരവധി എസ്‌യുവികള്‍ അടക്കം ചില വമ്പന്‍ കാര്‍ ലോഞ്ചുകള്‍ക്കാണ് 2024 സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. അടുത്ത വര്‍ഷം വാഹന വിപണി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു കാര്‍ മോഡലാണ് മഹീന്ദ്ര ഥാര്‍ 5 ഡോര്‍.
ലൈഫ്‌സ്‌റ്റൈല്‍ എസ്‌യുവി നിരവധി തവണ ഇന്ത്യന്‍ നിരത്തുകളില്‍ പരീക്ഷണയോട്ടം നടത്തുന്നതിന്റെ ചിത്രങ്ങള്‍ ഇതിനോടകം പുറത്തുവന്നിരുന്നു. ഓഫ് റോഡര്‍ എസ്‌യുവിയെ കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്തുന്ന ഥാര്‍ 5 ഡോറിന്റെ (Mahindra Thar 5 Door) പ്രൊഡക്ഷന്‍ റെഡി പതിപ്പ് പരീക്ഷണം നടത്തുന്നതിനിടെ വീണ്ടും ക്യാമറക്കണ്ണില്‍ പതിഞ്ഞിരിക്കുകയാണ്.

മുമ്പത്തെ എല്ലാ സ്‌പൈ ഷോട്ടുകളും കണക്കിലെടുക്കുമ്പോള്‍ മോഡലിന്റെ എക്‌സ്റ്റീരിയറില്‍ പുതിയതും പരിഷ്‌കരിച്ചതുമായ ഫ്രണ്ട് ഗ്രില്‍, എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്ലാമ്പുകള്‍, ഫോഗ് ലാമ്പുകള്‍, പുതിയ ടെയില്‍ ലാമ്പുകള്‍ക്കൊപ്പം പുനര്‍രൂപകല്‍പ്പന ചെയ്ത റിയര്‍ പ്രൊഫൈല്‍, പുതിയ അലോയ് വീലുകള്‍, പില്ലര്‍ മൗണ്ടഡ് റിയര്‍ ഡോര്‍ ഹാന്‍ഡിലുകള്‍ എന്നിവ ലഭിക്കും. മുമ്പത്തെ സ്‌പൈ ചിത്രങ്ങളില്‍ കണ്ട പോലെ വൃത്താകൃതിയിലള്ള എല്‍ഇഡി ഡിആര്‍എല്ലുകളും ഇതില്‍ ഉണ്ടായിരുന്നു.
ഒരു അധിക ഡോറും നീളമേറിയ വീല്‍ബേസുമാണ് 5 ഡോറിന് വേണ്ടി വരുത്തിയ മറ്റ് പരിഷ്‌കാരങ്ങള്‍. 5 ഡോര്‍ ഥാറിന്റെ ക്യാബിനില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഒരുപക്ഷേ സ്‌കോര്‍പിയോ N-ല്‍ നിന്നുള്ള വലിയ 8 ഇഞ്ച് ടച്ച് സ്‌ക്രീനിനൊപ്പം പുതിയ ക്യാബിന്‍ തീമും ലഭിക്കാന്‍ സാധ്യതയുണ്ട്.

വരാനിരിക്കുന്ന ഓഫ്-റോഡര്‍ എസ്‌യുവിക്ക് ഇലക്ട്രിക്കലി അഡ്ജസ്റ്റബിള്‍ സിംഗിള്‍-പേന്‍ സണ്‍റൂഫ്, റൂഫ് മൗണ്ടഡ് സ്പീക്കറുകള്‍, ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, റിയര്‍ എസി വെന്റുകള്‍ എന്നിവ ലഭിക്കും. ലൈഫ്സ്റ്റൈല്‍ എസ്‌യുവിയുടെ 5 ഡോര്‍ പതിപ്പിന്റെ അകത്തളം കൂടുതല്‍ പ്രീമിയമാക്കാനും നൂതന സവിശേഷതകള്‍ അവതരിപ്പിക്കാനും മഹീന്ദ്ര ശ്രദ്ധിക്കും.
ക്രൂയിസ് കണ്‍ട്രോള്‍, കീലെസ് എന്‍ട്രി, പവര്‍ വിന്‍ഡോസ്, മള്‍ട്ടി ഇന്‍ഫോ ഡിസ്‌പേ്, സ്റ്റിയറിംഗ് മൗണ്ടഡ് ഓഡിയോ കണ്‍ട്രോള്‍ എന്നിവ തുടര്‍ന്നും ലഭിക്കും.ആറ് എയര്‍ബാഗുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ (ESC), റിവേഴ്സിംഗ് ക്യാമറ, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം (TPMS) എന്നീ സേഫ്റ്റി ഫീച്ചറുകളുമായായിരിക്കും ജനപ്രിയന്‍ വരിക.

മെക്കാനിക്കല്‍ വശങ്ങള്‍ പരിശോധിക്കുമ്പോള്‍ വരാനിരിക്കുന്ന 5 ഡോര്‍ മഹീന്ദ്ര ഥാര്‍ 3 ഡോര്‍ പതിപ്പിന്റെ അതേ പവര്‍ട്രെയിനുകള്‍ തന്നെ വാഗ്ദാനം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2.2 ലിറ്റര്‍ ഡീസലും 2.0 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ മോട്ടോറും ഇതില്‍ സജ്ജീകരിക്കും. എങ്കിലും ഇതിന്റെ പവര്‍ഔട്ട്പുട്ടുകള്‍ക്ക് മാറ്റമുണ്ടാകും. രണ്ട് യൂണിറ്റുകള്‍ക്കും മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. 5-ഡോര്‍ ഥാറിന് റിയര്‍-വീല്‍-ഡ്രൈവ് (RWD), 4-വീല്‍-ഡ്രൈവ് (4WD) ഓപ്ഷനുകളുമുണ്ട്.
5 ഡോര്‍ പതിപ്പിന് 10.98 ലക്ഷം രൂപ പ്രാരംഭ എക്‌സ്‌ഷോറൂം വിലയില്‍ ലഭ്യമാകുന്ന മഹീന്ദ്ര ഥാര്‍ 3 ഡോറിനേക്കാള്‍ കൂടുതല്‍ മുടക്കേണ്ടി വരും. മഹീന്ദ്ര ഥാര്‍ 5 ഡോറിന് ഏകദേശം 15 ലക്ഷം രൂപയാണ് പ്രാരംഭ എക്‌സ്‌ഷോറൂം വില പ്രതീക്ഷിക്കുന്നത്. മാരുതി ജിംനി 5 ഡോറിനൊപ്പം വരാനിരിക്കുന്ന ഫോര്‍ഴ്‌സ് ഗൂര്‍ഖ 5 ഡോറും ഥാര്‍ 5 ഡോറിന്റെ എതിരാളിയാകും.
അടുത്ത വര്‍ഷം ലോഞ്ച് ചെയ്യാന്‍ പോകുന്ന ഥാര്‍ 5 ഡോര്‍ 3 ഡോര്‍ പതിപ്പിനൊപ്പം വില്‍പ്പനക്കെത്തും. മഹീന്ദ്രയുമായി ബന്ധപ്പെട്ട മറ്റ് വാര്‍ത്തകള്‍ നോക്കുമ്പോള്‍ ഇന്ത്യയില്‍ വില്‍ക്കുന്ന തങ്ങളുടെ എസ്‌യുവികളുടെ വില വര്‍ധിപ്പിക്കാന്‍ ആഭ്യന്തര വാഹന നിര്‍മാതാക്കള്‍ ആലോചിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. വിലക്കയറ്റവും അവശ്യവസ്തുക്കളുടെ ഉയര്‍ന്ന വിലയും കാരണം മഹീന്ദ്ര പാസഞ്ചര്‍ വാഹനങ്ങളുടെ വില വര്‍ധിപ്പിക്കാന്‍ ഒരുങ്ങുന്നതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കി 2024 ജനുവരി മുതല്‍ മോഡല്‍ നിരയില്‍ വില വര്‍ധനവ് നടപ്പാക്കാന്‍ പോകുകയാണ്. ടാറ്റ കാറുകള്‍ക്കും അടുത്ത കൊല്ലം മുതല്‍ വില കൂട്ടുന്ന സാഹചര്യത്തില്‍ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയും അതേ പാത പിന്തുടരുകയാണ്. 2024 ജനുവരി മുതല്‍ മഹീന്ദ്ര കാറുകള്‍ക്കും വില വര്‍ധിക്കുമെന്നാണ് സൂചന. അതുകൊണ്ട് മഹീന്ദ്ര എസ്‌യുവി വാങ്ങാന്‍ പദ്ധതിയുള്ളവരാണ് നിങ്ങള്‍ എങ്കില്‍ വേഗം ഷോറൂമിലേക്ക് വിട്ടോളൂ.


Click it and Unblock the Notifications








