നെക്‌സോണ്‍ ഇവി ഇനി വിയര്‍ക്കും; XUV400 ഇലക്ട്രിക് എസ്‌യുവിയുടെ ആ കുറവും നികത്തുമെന്ന് മഹീന്ദ്രയുടെ ഉറപ്പ്
ഇന്ത്യന്‍ എസ്‌യുവി നിര്‍മാതാക്കളായ മഹീന്ദ്രക്ക് ഇപ്പോള്‍ നല്ലകാലമാണ്. സമീപകാലത്ത് വിപണിയിലെത്തിച്ച മോഡലുകളെല്ലാം ഹിറ്റടിച്ചതിനൊപ്പം ഓരോ മാസവും അരലക്ഷത്തിലേറെ ബുക്കിംഗുകളാണ് കമ്പനി വാരിക്കൂട്ടുന്നത്. എന്നാല്‍ ബുക്കിംഗുകള്‍ക്ക് അനുസരിച്ച് ഓര്‍ഡറുകള്‍ തീര്‍പ്പാക്കാന്‍ സാധിക്കുന്നില്ലെന്നതാണ് ഇപ്പോള്‍ നേരിടുന്ന ബുദ്ധിമുട്ട്. ഈ പ്രശ്‌നം പരിഹരിക്കുന്നതിനായി കമ്പനി വണ്ടികളുടെ ഉല്‍പാദനം കൂട്ടുകയാണ്.
കമ്പനിയുടെ ഇലക്ട്രിക് വാഹന നിരയിലെ ഏക മോഡലാണ് XUV400. മഹീന്ദ്ര ഈ വര്‍ഷം ആദ്യം 15.99 ലക്ഷം എക്‌സ്‌ഷോറൂം വിലയിലാണ് ഇലക്ട്രിക് എസ്‌യുവി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. വിപണി ഭരിക്കുന്ന ടാറ്റ നെക്‌സോണ്‍ ഇവിയുടെ എതിരാളിയായിട്ടാണ് മഹീന്ദ്ര ഈ മോഡല്‍ കൊണ്ടുവന്നത്. രണ്ട് വേരിയന്റുകളിലും ബാറ്ററി പായ്ക്ക് ഓപ്ഷനുകളിലുമായി പുറത്തിറങ്ങിയ ഓള്‍-ഇലക്ട്രിക് മഹീന്ദ്ര എസ്‌യുവിക്ക് പക്ഷേ ചില നിര്‍ണായക ഫീച്ചറുകള്‍ ഇല്ലായിരുന്നു.

ഇത് തിരിച്ചടിയായതോടെ കൂടുതല്‍ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തി ഇവി അപ്‌ഡേറ്റ് ചെയ്തു. ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം (TPMS), ക്രൂയിസ് കണ്‍ട്രോള്‍, ഓട്ടോ-ഡിമ്മിംഗ് IRVM എന്നിവയുള്‍പ്പെടെ എട്ട് പുതിയ സവിശേഷതകള്‍ ചേര്‍ത്താണ് മഹീന്ദ്ര ഓഗസ്റ്റില്‍ XUV400 അപ്‌ഡേറ്റ് ചെയ്തത്. അപ്പോഴും ചില പോരായ്മകള്‍ വാഹനത്തില്‍ നിഴലിക്കുന്നുണ്ടായിരുന്നു. എതിരാളിയായ നെക്‌സോണ്‍ ഇവിയുടെ ക്യാബിനുമായി താരതമ്യം ചെയ്യുമ്പോള്‍ XUV400-യുടെ ക്യാബിന്‍ കാലഹരണപ്പെട്ടതാണെന്നതായിരുന്നു പ്രധാന വിമര്‍ശനം.
നവീകരിച്ച ഇന്റീരിയറുകള്‍ അടക്കം ഇലക്ട്രിക് എസ്‌യുവിക്ക് വമ്പന്‍ അപ്‌ഡേറ്റ് നല്‍കാന്‍ പോകുന്നതായി കമ്പനി ഇപ്പോള്‍ സ്ഥിരീകരിച്ചു. ഇലക്ട്രിക് എസ്‌യുവിക്ക് അടിവരയിടുന്ന XUV300-യുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് ഉടന്‍ അരങ്ങേറ്റം കുറിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഫെയ്‌സ്‌ലിഫ്റ്റഡ് XUV300-യുടെ പുതിയ ഡാഷ്ബോര്‍ഡും ഇന്റീരിയര്‍ തീമും ലേഔട്ടും ഇലക്ട്രിക് എസ്‌യുവി കടംകൊള്ളും.

വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ കണക്റ്റിവിറ്റി, എയര്‍ പ്യൂരിഫയര്‍, വയര്‍ലെസ് ചാര്‍ജര്‍, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, പവര്‍ഡ് ഡ്രൈവര്‍ സീറ്റ്, 360 ഡിഗ്രി സറൗണ്ട് ക്യാമറ, ആംബിയന്റ് ലൈറ്റിംഗ്, പ്രീമിയം സൗണ്ട് സിസ്റ്റം എന്നീ ഫീച്ചറുകളും ഓഫര്‍ ചെയ്യുമെന്നാണ് സൂചന.
ഇലക്ട്രിക് എസ്‌യുവിക്ക് വലിയ ഫ്രീ-സ്റ്റാന്‍ഡിംഗ് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, പുനര്‍രൂപകല്‍പ്പന ചെയ്ത സെന്റര്‍ കണ്‍സോള്‍, പുതിയ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ട്വീക്ക് ചെയ്ത HVAC പാനല്‍, എയര്‍കോണ്‍ വെന്റുകള്‍ എന്നിവ ലഭിക്കുമെന്ന് പ്രതീക്ഷിക്കാം. 34.5 kWh, 39.4 kWh ബാറ്ററി പായ്ക്ക് ഓപ്ഷനുകളില്‍ ഇവി ഓഫര്‍ ചെയ്യുന്നു. ചെറിയ ബാറ്ററി പായ്ക്ക് ഒറ്റ ചാര്‍ജില്‍ 375 കിലോമീറ്റര്‍ ഓടുമെന്നാണ് കമ്പനി പറയുന്നത്.

വലിയ ബാറ്ററി പായ്ക്ക് ഫുള്‍ ചാര്‍ജില്‍ 456 കിലോമീറ്റര്‍ വരെ റേഞ്ച് വാഗ്ദാനം ചെയ്യുന്നു. ഈ ഉത്സവ സീസണില്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനായി XUV400 എസ്യുവിക്ക് 3.5 ലക്ഷം രൂപയുടെ ഓഫര്‍ കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. 2023 നവംബര്‍ 1 വരെ കമ്പനി 2.86 ലക്ഷം യൂണിറ്റ് ഓര്‍ഡറുകള്‍ തീര്‍പ്പാക്കാനുണ്ടെന്നാണ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഓട്ടോ ആന്‍ഡ് ഫാം ബിസിനസ് സിഇഒയായ രാജേഷ് ജെജുരീക്കര്‍ പറയുന്നത്.
കാത്തിരിപ്പ് കാലയളവ് കുറക്കാനായി കമ്പനി XUV700, സ്‌കോര്‍പിയോ, ഥാര്‍ എന്നീ സുപ്രധന മോഡലുകളുടെ ഉല്‍പാദനമായിരുന്നു കൂട്ടിയത്. മഹീന്ദ്രയുടെ തീര്‍പ്പാക്കാനുള്ള ഓര്‍ഡര്‍ ലിസ്റ്റ് പരിശോധിക്കുമ്പോള്‍ സ്‌കോര്‍പിയോക്കാണ് വമ്പന്‍ കാത്തിരിപ്പ്. സ്‌കോര്‍പിയോ N, ക്ലാസിക് എന്നീ മോഡലുകള്‍ ചേര്‍ത്ത് എസ്യുവിയുടെ 1.19 ലക്ഷം ഓര്‍ഡറുകളാണ് ഇനിയും തീര്‍പ്പാക്കാനുള്ളത്. ലൈഫ്‌സ്‌റ്റൈല്‍ എസ്‌യുവിയായ ഥാറിന്റെ 76,000 യൂണിറ്റുകളും ഫ്‌ലാഗ്ഷിപ്പ് എസ്‌യുവിയായ XUV700-യുടെ 70,000 യൂണിറ്റുകളും കൊടുത്തു തീര്‍ക്കാനുണ്ട്.

XUV300, XUV400 എന്നിവയുടെ 10,000 യൂണിറ്റ് വീതവും ബൊലേറോയുടെ 11,000 യൂണിറ്റും ഇനിയും ഡെലിവറി ചെയ്യാനുണ്ടെന്നാണ് കണക്കുകള്‍. നീണ്ട കാത്തിരിപ്പ് കുറക്കാനായി മഹീന്ദ്ര അതിന്റെ ഉല്‍പ്പാദന ശേഷി പ്രതിമാസം 39,000 യൂണിറ്റായാണ് ഉയ്ര്‍ത്തിയത്. 2023-2024 സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തോടെ ഉല്‍പ്പാദനം 49,000 യൂണിറ്റായി ഉയര്‍ത്താനാണ് കാര്‍ നിര്‍മ്മാതാക്കളുടെ പദ്ധതി.


Click it and Unblock the Notifications








