മഹീന്ദ്ര ഇവിക്ക് 1.25 ലക്ഷം രൂപ ഡിസ്‌കൗണ്ട്! ഇനിയും നെക്‌സോണ്‍ ഇവിക്കായി കാത്തിരിക്കണോ?
ഇലക്ട്രിക് കാര്‍ വാങ്ങാന്‍ ഒരുങ്ങുന്ന വ്യക്തിയാണെങ്കില്‍ നിങ്ങളെങ്കില്‍ ഒരു സന്തോഷ വാര്‍ത്തയുണ്ട്. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ ഇലക്ട്രിക് എസ്‌യുവിയായ XUV400 (Mahindra XUV400) സെപ്റ്റംബറില്‍ വന്‍ വിലക്കിഴിവില്‍ വാങ്ങാം. 1.25 ലക്ഷം രൂപ വരെയാണ് ഇലക്ട്രിക് കാറിന് ഇപ്പോള്‍ കിഴിവ് ലഭിക്കുന്നത്.
അങ്ങനെ വരുമ്പോള്‍ മഹീന്ദ്ര XUV400 ഇലക്ട്രിക് എസ്‌യുവിക്ക് ഈ മാസം 15 ലക്ഷം രൂപയില്‍ താഴെ മാത്രം മുടക്കിയാല്‍ മതി. ഇന്ത്യയിലെ ഇലക്ട്രിക് കാര്‍ വിപണി പിടിച്ചടക്കാന്‍ വമ്പന്‍ പദ്ധതികളാണ് മഹീന്ദ്രക്കുള്ളത്. പുത്തന്‍ പ്ലാറ്റ്‌ഫോമില്‍ ഒരുങ്ങുന്ന ഒരുപിടി ഇലക്ട്രിക് കാറുകളാണ് അണിയറയില്‍ ഒരുങ്ങുന്നത്. എങ്കിലും നിലവില്‍ ഒരു ഇലക്ട്രിക് എസ്‌യുവിയാണ് മഹീന്ദ്രയുടെ പോര്‍ട്‌ഫോളിയോയില്‍ ഉള്ളത്.

ഈ വര്‍ഷം ജനുവരിയിലാണ് മഹീന്ദ്ര ഏറെ നാളായി രാജ്യം കാത്തിരുന്ന ഇലക്ട്രിക് കാര്‍ പുറത്തിറക്കിയത്. ഏറെ നാളായി ഇന്ത്യന്‍ ഇലക്ട്രിക് കാര്‍ വിപണി ഒറ്റക്ക് ഭരിക്കുന്ന ടാറ്റ നെക്‌സോണ്‍ ഇവിയുടെയും എംജി ZS ഇവിയുടെയുമെല്ലാം എതിരാളിയായിട്ടാണ് പുത്തന്‍ മോഡല്‍ കൊണ്ടു വന്നത്. ബെസ്റ്റ് സെല്ലറായ നെക്‌സോണിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് പുറത്തിറങ്ങുന്ന വേളയിലാണ് മഹീന്ദ്ര XUV400 ഇലക്ട്രിക് എസ്‌യുവിക്ക് ഇത്രയും ഭീമന്‍ ഡിസ്‌കൗണ്ട് വാഗ്ദാനം ചെയ്യുന്നതെന്നതാണ് ശ്രദ്ധേയം.
XUV400 ഇവിക്കും ഫെയ്സ്ലിഫ്റ്റ് പതിപ്പ് ഉടന്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കഴിഞ്ഞ രണ്ട് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് മഹീന്ദ്ര XUV400 ഇലക്ട്രിക് എസ്‌യുവിക്ക് വന്‍ കിഴിവ് വാഗ്ദാനം ചെയ്യുന്നത്. സൗജന്യ ആക്സസറികള്‍ പോലെയുള്ള മറ്റ് ആനുകൂല്യങ്ങളൊന്നും ഇല്ലാതെ ക്യാഷ് ഡിസ്‌കൗണ്ടിലൂടെ മാത്രമാണ് മഹീന്ദ്ര കിഴിവ് നല്‍കുന്നത്. ഈ മാസം അവസാനം വരെയാണ് ഈ കിടിലന്‍ ഓഫറില്‍ മഹീന്ദ്ര XUV400 ഇവി സ്വന്തമാക്കാനുള്ള അവസരം.

മാത്രമല്ല ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ (ESC) ഇല്ലാത്ത വേരിയന്റുകളിലാണ് ഈ ഓഫര്‍ ലഭ്യമാകുകയെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം. EC, EL എന്നിങ്ങനെ രണ്ട് വേരിയന്റുകളിലായാണ് മഹീന്ദ്ര XUV400 ഇലക്ട്രിക് എസ്‌യുവി വാഗ്ദാനം ചെയ്യുന്നത്. ഒരു 34.5 kWh ബാറ്ററി പായ്ക്കാണ് എന്‍ട്രി ലെവല്‍ EC വേരിയന്റില്‍ വരുന്നത്. ഒറ്റ ചാര്‍ജില്‍ 375 കിലോമീറ്റര്‍ റേഞ്ചാണ് ഇത് വാഗ്ദാനം ചെയ്യുന്നത്.
അതേസമയം 39.4 kWh ബാറ്ററി പായ്ക്കില്‍ നിന്നാണ് EL വേരിയന്റ് പവര്‍ സംഭരിക്കുന്നത്. ഫുള്‍ ചാര്‍ജില്‍ 456 കിലോമീറ്റര്‍ ആണ് റേഞ്ച് പറയുന്നത്. രണ്ട് വേരിയന്റുകളിലും 7.2 kW എസി ചാര്‍ജര്‍ കമ്പനി ഓഫര്‍ ചെയ്യുന്നു. എന്‍ട്രി ലെവല്‍ EC വേരിയന്റില്‍ 3.3 kW ചാര്‍ജറും ഉണ്ട്. മുന്‍വശത്തെ ആക്സിലില്‍ ഘടിപ്പിച്ചിരിക്കുന്ന ഇലക്ട്രിക് മോട്ടോറാണ് മഹീന്ദ്ര XUV400-ന് കരുത്ത് പകരുന്നത്.

ഇതിന് പരമാവധി 148 bhp കരുത്തും 310 Nm ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ കഴിയും. പെര്‍ഫോമന്‍സ് വശം നോക്കുമ്പോള്‍ ഈ ഇലക്ട്രിക് എസ്‌യുവിക്ക് 8.3 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗതയിലേക്ക് കുതിക്കാന്‍ സാധിക്കും. ഫീച്ചര്‍ പാക്ക്ഡ് ആയി എത്തുന്ന ഒരു ഇലക്ട്രിക് കാറാണ് മഹീന്ദ്ര XUV400.
അഡ്രിനോX UX ഉള്ള 7 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, കണക്റ്റഡ് കാര്‍ ടെക്നോളജി, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ കണക്റ്റിവിറ്റി, OTA അപ്ഡേറ്റുകള്‍ എന്നിവ കാറിന്റെ സവിശേഷതകളില്‍ ചിലതാണ്. ടാറ്റ മോട്ടോര്‍ ഇന്ത്യന്‍ ഇലക്ട്രിക് കാര്‍ വിപണിയുടെ സിംഹാസനം പിടിച്ചടക്കി ഒത്തിരി വൈകിയ ശേഷമായിരുന്ന മഹീന്ദ്രയുടെ ഈ വിഭാഗത്തിലേക്കുള്ള രംഗപ്രവേശനം.
നെക്‌സോണ്‍ ഇവിയെ മലര്‍ത്തിയടിക്കാന്‍ വേണ്ടി കൊണ്ടുവന്ന XUV400 ഇവിക്ക് പക്ഷേ വിചാരിച്ച രീതിയിലുള്ള പ്രകടനം നടത്താന്‍ സാധിച്ചില്ല. എന്നാല്‍ രംഗത്തെ മത്സരം കൊഴുപ്പിക്കാനായി നിലവിലുള്ള എസ്‌യുവികളെ ഇലക്ട്രിക് കുപ്പായമണിയിച്ചും പുത്തന്‍ മോഡലുകള്‍ കൊണ്ടുവരുന്നുണ്ട് മഹീന്ദ്ര. ഇതുസംബന്ധിച്ച ഓഗസ്റ്റ് 15-ന് ദക്ഷിണാഫ്രിക്കയില്‍ നടന്ന ഇവന്റില്‍ കമ്പനി പ്രഖ്യാപനം നടത്തിയിരുന്നു. ഥാര്‍ ലൈഫ്‌സ്‌റ്റൈല്‍ എസ്‌യുവിയുടെ ഇലക്ട്രിക് കണ്‍സെപ്റ്റ് പതിപ്പ് വേദിയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.
ബൊലേറോ അടക്കമുള്ള ബ്രാന്‍ഡിന്റെ ജനപ്രിയ മോഡലുകളും ഉടന്‍ ഇലക്ട്രിക് അവതാരത്തില്‍ പിറവിയെടുക്കും. ഇലക്ട്രിക് എസ്‌യുവികള്‍ക്കായുള്ള ബ്രാന്‍ഡിന്റെ ലോഗോയും ഇവന്റില്‍ വെച്ച് അനാവരണം ചെയ്തിരുന്നു. ഇതിന്റെയെല്ലാം തുടര്‍ച്ചയായി മൂന്ന് പുത്തന്‍ ഇലക്ട്രിക് വാഹനങ്ങള്‍ മഹീന്ദ്ര പരീക്ഷിക്കുന്നതിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ടാറ്റയുടെ ആധിപത്യത്തിന് തടയിടാന്‍ കൂടുതല്‍ മോഡലുകളുമായി മഹീന്ദ്ര ഉടന്‍ എത്തുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.


Click it and Unblock the Notifications