'ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ്'; രണ്ട് വര്‍ഷം കൊണ്ട് ലക്ഷം യൂണിറ്റ് വില്‍പ്പനയുമായി മഹീന്ദ്ര XUV700
മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ ഫ്‌ലാഗ്ഷിപ്പ് എസ്‌യുവിയാണ് മഹീന്ദ്ര XUV700. ഇന്ത്യന്‍ വാഹന വിപണിയില്‍ ട്രെന്‍ഡ്‌സെറ്ററായി മാറിയ എസ്‌യുവി ഇപ്പോള്‍ ഒരു അതുല്യ നേട്ടം പിന്നിട്ടിരിക്കുകയാണ്. വെറും രണ്ട് വര്‍ഷം കൊണ്ട് ലക്ഷം യൂണിറ്റ് വില്‍പ്പനയെന്ന സ്വപ്‌ന തുല്യമായ നേട്ടമാണ് മഹീന്ദ്ര XUV700 സ്വന്തമാക്കിയത്. 100,000-ാമത്തെ യൂണിറ്റ് പൂണെക്ക് സമീപമുള്ള ചക്കനിലെ പ്ലാന്റില്‍ നിന്ന് പുറത്തിറക്കി.
XUV500-ന്റെ പിന്‍ഗാമിയായി 2021 ഓഗസ്റ്റ് 14-നാണ് മഹീന്ദ്ര XUV700 പുറത്തിറക്കിയത്. വിപണിയിലെത്തിയതിന് പിന്നാലെ എസ്‌യുവി ഉടനടി ജനങ്ങള്‍ക്ക് പ്രിയം നേടിയെടുത്തു. അതേവര്‍ഷം സെപ്റ്റംബറിലാണ് ഉത്പാദനം ആരംഭിച്ചത്. ഒക്‌ടോബറില്‍ ബുക്കിംഗ് ആരംഭിച്ച് എസ്‌യുവി ജനങ്ങളിലേക്ക് എത്തിത്തുടങ്ങി. 2022 ജൂണില്‍ വില്‍പ്പന 65,000 യൂണിറ്റ് പിന്നിട്ടു. 2023 മാര്‍ച്ചോടെ ഇന്ത്യയിലെ മൊത്തം വില്‍പ്പന 92,000 കടന്നിരുന്നു.

കയറ്റുമതിയും 2023 ഏപ്രിലിലെ ഉല്‍പ്പാദനവും ഉള്‍പ്പെടെ XUV700 മൊത്തം ഉല്‍പ്പാദനം 1 ലക്ഷം കവിഞ്ഞു. ഒരോ മാസവും ശരാശരി 4,881 യൂണിറ്റ് മഹീന്ദ്ര XUV700 ആണ് വിറ്റഴിക്കപ്പെടുന്നത്. ഗ്ലോബല്‍ NCAP ക്രാഷ്‌ടെസ്റ്റില്‍ 5 സ്റ്റാര്‍ റേറ്റിംഗോടെ ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ കാറുകളില്‍ ഒന്നായ മഹീന്ദ്ര XUV700 എസ്‌യുവിക്ക് വിപണിയില്‍ വമ്പന്‍ ഡിമാന്‍ഡാണ്. എസ്‌യുവിയുടെ ചില വേരിയന്റുകള്‍ ഡെലിവറിയാകാന്‍ 48 ആഴ്ചകള്‍ വരെ കാത്തിരിക്കണം.
11.99 ലക്ഷം രൂപ ആമുഖ വിലയിലായിരുന്നു എസ്‌യുവി അവതരിപ്പിച്ചത്. രണ്ട് വര്‍ഷത്തിനിടെ നിരവധി വിലവര്‍ധനവിന്റെ ഫലമായി മഹീന്ദ്ര XUV700 എസ്‌യുവിയുടെ വില 14.01 ലക്ഷം രൂപക്കും 26.18 ലക്ഷം രൂപക്കും ഇടയിലാണ്. 2023 ഏപ്രിലില്‍ XUV700-ന്റെ പെട്രോള്‍ വേരിയന്റുകള്‍ക്ക് 74,000 രൂപ വരെയും ഡീസല്‍ വേരിയന്റുകളുടെ വില 71,000 രൂപ വരെയും വര്‍ധിപ്പിച്ചിരുന്നു. വില കൂടിയെങ്കിലും എസ്‌യുവിയുടെ ഡിമാന്‍ഡിന് ഒട്ടും കുറവ് വന്നിട്ടില്ല.

വാഹനം പുറത്തിറങ്ങിയതിന് പിന്നാലെ XUV700-യുടെ വില്‍പ്പനയില്‍ സ്ഥിരം വളര്‍ച്ച രേഖപ്പെടുത്തിയിരുന്നു. 2021 സെപ്റ്റംബറില്‍ 1,370 യൂണിറ്റ് വില്‍പ്പനയുണ്ടായിരുന്നത് തൊട്ടടുത്ത മാസം 3,407 യൂണിറ്റായി വര്‍ധിച്ചു. 2022 ജനുവരിയില്‍ വില്‍പ്പന 4,119 യൂണിറ്റായി ഉയര്‍ന്നു. പിന്നാലെ ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ വില്‍പ്പന ഉയര്‍ന്ന് 6000 യൂണിറ്റുകള്‍ പിന്നിട്ടു. പിന്നാലെ വില്‍പ്പനയില്‍ നേരിയ ഇടിവ് നേരിടുകയുണ്ടായി.
സെമികണ്ടക്ടര്‍, മറ്റ് ഉപകരണങ്ങളുടെ ക്ഷാമം എന്നിവയാണ് ഉല്‍പാദനം തടസപ്പെടുത്തിയത്. എസ്‌യുവിയുടെ കാത്തിരിപ്പ് കാലയളവ് കുതിച്ചുയരാന്‍ ഇത് ഇടയാക്കി. 2023 ഫെബ്രുവരിയിലെ കണക്കുകള്‍ പ്രകാരം മഹീന്ദ്ര XUV700 എസ്‌യുവിയുടെ അടിസ്ഥാന വേരിയന്റായ MX കൈയ്യില്‍ കിട്ടാന്‍ 24 മുതല്‍ 26 ആഴ്ച വരെ കാത്തിരിക്കണം. ടോപ് എന്‍ഡ് വേരിയന്റുകളായ AX7, AX7L എന്നിവക്ക് 47-48 ആഴ്ച വരെയാണ് കാത്തിരിപ്പ് കാലയളവ് വരുന്നത്.

വാഹനത്തിനെ കുറിച്ചുള്ള മറ്റ് കാര്യങ്ങള്‍ സംസാരിച്ചാല്‍ 5, 7 സീറ്റര്‍ ഓപ്ഷനുകളിലായി മഹീന്ദ്ര XUV700 29 വേരിയന്റുകളില്‍ ഓഫര്‍ ചെയ്യുന്നുണ്ട്. പെട്രോള്‍, ഡീസല്‍ എഞ്ചിനുകളില്‍ വാങ്ങാമെന്നതാണ് മറ്റൊരു പ്ലസ്. ടാറ്റ ഹാരിയര്‍, സഫാരി, എംജി ഹെക്ടര്‍, ഹെക്ടര്‍ പ്ലസ് എന്നിവയുമായാണ് മത്സരം. 2.0 ലിറ്റര്‍ എംസ്റ്റാലിയണ്‍ പെട്രോള്‍ എഞ്ചിന്‍ 197 bhp പവറും 380 Nm ടോര്‍ക്കും നല്‍കുന്നു. 6 സ്പീഡ് മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായിട്ടാണ് എഞ്ചിന്‍ ജോടിയാക്കിയിരിക്കുന്നത്.
153 bhp പവറും 360 Nm ടോര്‍ക്കും സൃഷ്ടിക്കാന്‍ ശേഷിയുള്ള 2.2 ലിറ്റര്‍ എംഹോക് ഡീസല്‍ എഞ്ചിനാണ് രണ്ടാമത്തേത്. ഉയര്‍ന്ന വേരിയന്റുകളില്‍ ഇതേ എഞ്ചിന്‍ 182 bhp പവറും 420 Nm ടോര്‍ക്കും വാഗ്ദാനം ചെയ്യുന്നു. 4WD സംവിധാനമുള്ള 6 സ്പീഡ് മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും ലഭിക്കും. പെര്‍ഫോമന്‍സ് നോക്കിയാല്‍ വെറും അഞ്ച് സെക്കന്‍ഡിനുള്ളില്‍ എസ്‌യുവി പൂജ്യത്തില്‍ നിന്ന് 60 കിലോമീറ്റര്‍ വേഗത കൈവരിക്കുമെന്നാണ് മഹീന്ദ്ര അവകാശപ്പെടുന്നത്.
സിപ്പ്, സാപ്പ്, സൂം എന്നീ മൂന്ന് ഡ്രൈവ് മോഡുകളും ഇത് വാഗ്ദാനം ചെയ്യുന്നു. ADAS, 360 ഡിഗ്രി ക്യാമറ, ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ഇലക്ട്രിക്കലി അഡ്ജസ്റ്റബിള്‍ ഡ്രൈവര്‍ സീറ്റ്, 18 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകള്‍, വയര്‍ലെസ് ചാര്‍ജിംഗ്, പനോരമിക് സണ്‍റൂഫ്, ഡിജിറ്റല്‍ കണ്‍സോള്‍ ഇന്‍ഫോടെയിന്‍മെന്റ് എന്നിവക്കായി രണ്ട് 10.25 ഇഞ്ച് സ്‌ക്രീനുകള്‍ എന്നിങ്ങനെ നിരവധി ഫീച്ചറുകാള്‍ സമ്പന്നമാണ് XUV700.
എല്‍ഇഡി ഡിആര്‍എല്‍, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റിയുള്ള എല്‍ഇഡി ഹെഡ്ലാമ്പുകള്‍, ടിപിഎംഎസ്, ഏഴ് എയര്‍ബാഗുകള്‍, ലെതറെറ്റ് സീറ്റ് അപ്‌ഹോള്‍സ്റ്ററി, 12 സ്പീക്കറുകളുള്ള 3ഡി സൗണ്ട് സിസ്റ്റം, ഇഎസ്പി, ട്രാക്ഷന്‍ കണ്‍ട്രോള്‍, ഹില്‍ ഹോള്‍ഡ്, റോള്‍ സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ബ്രേക്ക് അസിസ്റ്റ് എന്നിവയും മഹീന്ദ്ര XUV700 എസ്‌യുവിയുടെ മറ്റ് ചില ഹൈലൈറ്റുകളാണ്.


Click it and Unblock the Notifications








