ആകെ ജോലി രണ്ട് വരയിടല്‍! 20 വര്‍ഷമായി ഇങ്ങേരെ റോള്‍സ് റോയ്‌സ് എങ്ങും വിടാത്തതിന്റെ കാരണമറിയണോ?
ആഡംബര കാര്‍ ബ്രാന്‍ഡുകള്‍ക്കിടയിലെ പകരംവെക്കാനില്ലാത്ത നാമമാണ് റോള്‍സ് റോയ്‌സ്. മറ്റ് കാറുകള്‍ പോലെ നിരത്തുകളിലെ സജീവ കാഴ്ചയല്ല റോള്‍സ് റോയ്‌സ് കാറുകള്‍ എന്ന് ഏവര്‍ക്കുമറിയാം. എങ്കിലും നിങ്ങള്‍ എപ്പോഴെങ്കിലും റോള്‍സ് റോയ്‌സ് കാറുകള്‍ കണ്ടിട്ടുണ്ടെങ്കില്‍ അതില്‍ മുന്‍വശത്തെ ഹെഡ്ലൈറ്റുകളില്‍ നിന്ന് പിന്നിലെ ടെയില്‍ലൈറ്റുകളിലേക്ക് നീളുന്ന പിന്‍സ്ട്രിപ്പ് കണ്ടിട്ടുണ്ടാകും.
കഴിഞ്ഞ 20 വര്‍ഷമായി റോള്‍സ് റോയ്‌സ് കാറുകളിലെ ഈ പിന്‍സ്ട്രിപ്പുകള്‍ ഒരു വ്യക്തി കൈ കൊണ്ട് വരക്കുകയാണെന്ന് പറഞ്ഞാല്‍ എത്ര പേര്‍ വിശ്വസിക്കും. എന്നാല്‍ സംഗതി സത്യമാണ്. മാര്‍ക്ക് കോർട്ട് എന്ന ജീവനക്കാരനാണ് 2003 മുതല്‍ റോള്‍സ് റോയ്‌സ് കാറുകളുടെ പിന്‍-സ്ട്രിപ്പുകള്‍ വരക്കുന്നത്. റോയല്‍ എന്‍ഫീല്‍ഡിന്റെ ബൈക്കുകളില്‍ സമാനമായ രീതിയില്‍ ടാങ്കിന് മുകളില്‍ പിന്‍ സ്ട്രിപ്പ് ബ്രഷ് കൊണ്ട് വരയ്ക്കുന്ന വ്യക്തികളെ നിങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായ വീഡിയോകളില്‍ കണ്ടിട്ടുണ്ടാകും.

എന്നാല്‍ ഇവിടെ ഒരു വ്യക്തി മാത്രമാണ് ഇത് വരക്കുന്നതെന്നതാണ് അതിശയകരം. റോള്‍സ് റോയ്സ് കാറുകളില്‍ മാത്രമല്ല, മെര്‍സിഡീസ്, ബിഎംഡബ്ല്യു കാറുകളിലും ഇത്തരം പിന്‍സ്ട്രിപ്പുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇന്ന് വിപണിയില്‍ വില്‍ക്കുന്ന ചില ബജറ്റ് കാറുകളില്‍ പോലും ഇവ കാണാം. എന്നാല്‍ അവയുടെ നിറവും ഗുണനിലവാരവും വ്യത്യാസപ്പെടുമെന്ന് വിശദീകരിക്കേണ്ട കാര്യമില്ലെല്ലോ.
ഈ പിന്‍സ്ട്രൈപ്പുകള്‍ നല്‍കാനായി പല വാഹന നിര്‍മാതാക്കളും മെഷീനുകളുടെ സഹായം തേടുന്നു. എന്നാല്‍ റോള്‍സ് റോയ്സ് ബ്രാന്‍ഡ് അതിന്റെ തുടക്കം മുതല്‍ മനുഷ്യ കരം കൊണ്ടാണ് ഇത് ചെയ്യുന്നത്. അതുകൊണ്ടാണ് 20 വര്‍ഷമായി മാര്‍ക്ക് കോര്‍ട്ട് ഈ ജോലി ചെയ്യുന്നത്. മനുഷ്യകരം കൊണ്ട് കോച്ച്‌ലൈനുകള്‍ നല്‍കുക വഴി ഗുണനിലവാരത്തിന്റെയും നിര്‍മാണ വൈദഗ്ധ്യത്തിന്റെയും കാര്യത്തില്‍ തങ്ങള്‍ യാതൊരു വിട്ടുവീഴ്ചയും കാണിക്കില്ലെന്ന് അടിവരയിടുകയാണ് ബ്രിട്ടീഷ് വാഹന നിര്‍മാതാക്കള്‍.

കൈകൊണ്ട് ഇത് ചെയ്യുന്നതിലൂടെ ഓരോ കാറിനും തങ്ങള്‍ നല്‍കുന്ന വ്യക്തിഗത ശ്രദ്ധ ഉപഭോക്താക്കളില്‍ പ്രതിധ്വനിക്കുന്നുണ്ടെന്ന് റോള്‍സ് റോയ്സ് വിശ്വസിക്കുന്നു. മെഷീന്‍ ഉപയോഗിച്ച് ഇത് എളുപ്പത്തില്‍ ചെയ്യാം. എന്നാല്‍ ഇത് മനുഷ്യന്റെ കൈകളാല്‍ നിര്‍മ്മിച്ചത് പോലെ സവിശേഷമായിരിക്കില്ലെന്ന് മാര്‍ക്ക് കോര്‍ട്ടും വിശ്വസിക്കുന്നു. റോള്‍സ് റോയ്‌സ് കാറുകളുടെ മുഖമുദ്രകളില്‍ ഒന്നാണ് ഈ പിന്‍-സ്ട്രിപ്പ്.
റോള്‍സ് റോയ്സ് കാര്‍ കണ്ടവര്‍ക്ക് അതിന്റെ നീളത്തെ കുറിച്ച് അത്യാവശ്യം ധാരണ കാണും. 6 അടിയിലധികം നീളമുള്ള ആഡംബര കാറുകള്‍ക്ക് കഴിഞ്ഞ 20 വര്‍ഷമായി ഈ മനുഷ്യന്‍ പിന്‍സ്ട്രൈപ്പുകള്‍ നല്‍കുന്നു. ഉത്പാദന പ്രക്രിയയിലെ അവസാന ഘട്ടമായതിനാല്‍ തന്നെ ഈ പിന്‍-സ്ട്രിപ്പ് നല്‍കുന്ന ജോലിക്ക് വലിയ പ്രാധാന്യമുണ്ട്. എല്ലാ റോള്‍സ് റോയ്സ് കാറുകളും നിര്‍മാണാവും പെയിന്റിങ്ങും കഴിഞ്ഞ ശേഷമാണ് മാര്‍ക്ക് കോര്‍ട്ടിന്റെ അടുക്കലേക്ക് വരുന്നത്.

ചെറിയ ഒരു പിഴവ് വന്നാല്‍ കാര്‍ മുഴുവനായി റീപെയിന്റ് ചെയ്യേണ്ടി വരും. വളരെ ചെറിയ ബ്രഷ് ഉപയോഗിച്ചാണ് മാര്‍ക്ക് കോര്‍ട്ട് വരക്കുന്നത്. പിന്‍-സ്ട്രിപ്പിന്റെ വലിപ്പത്തിന് അനുസരിച്ചുള്ള വീതിയില്‍ ബ്രഷ് മുറിക്കുകയും ജോയിന്റ് ലൈനുകള്‍ ഇല്ലെന്ന് ഉറപ്പാക്കുകയും ചെയ്യുന്നു. സക്വിറല്‍ ഹെയര്‍ ബ്രഷുകളാണ് പൊതുവേ ഉപയോഗിക്കാറുള്ളത്. ശരിയായ ആകൃതിയില്‍ മാര്‍ക്ക് കോര്‍ട്ട് ഇത് മുറിക്കും.
ഇത്തരത്തില്‍ ഓരോ കാറുകളും തന്റെ കൈകളിലൂടെ പോകാുമ്പോള്‍ വല്ലാത്ത നിര്‍വൃതിയാണ് തനിക്ക് അനുഭവപ്പെടുന്നതെന്നാണ് കോര്‍ട്ട് പറയുന്നത്. കസ്റ്റമറുടെ കൈകളിലെത്തുന്നതിന് മുമ്പ് കാര്‍ അവസാനമായി തൊടുന്നയാള്‍ താനാണെല്ലോ എന്നതാണ് അദ്ദേഹം കാരണം പറയുന്നത്. നീളത്തിലുള്ള രണ്ട് വരകള്‍ ഇടണം എന്നത് മാത്രമാണ് ശരിക്കും കോര്‍ട്ടിന്റെ ജോലി.
എന്നാല്‍ റോള്‍സ് റോയ്സ് കാര്‍ വാങ്ങുന്നവരില്‍ അധികവും സമ്പന്നര്‍ ആയിരിക്കുമല്ലോ. അവര്‍ കാറുകള്‍ തങ്ങളുടെ ഇച്ഛക്കനുസരിച്ച് കസ്റ്റമൈസ്് ചെയ്യുന്ന പതിവുണ്ട്. ചില കസ്റ്റമേഴ്‌സ് പ്രത്യേക ഡിസൈന്‍ വരയ്ക്കാന്‍ വേണ്ടി ആവശ്യപ്പെടാറുണ്ട്. ഓരോ വ്യക്തികള്‍ക്കും പ്രത്യേകം കഴിവുകള്‍ ഉണ്ടായിരിക്കും. തനിക്ക് മാത്രം ചെയ്യാന്‍ സാധിക്കുന്ന ജോലി ആയതിനാല്‍ കോര്‍ട്ട് 20 കൊല്ലമായി ഇത് സന്തോഷപൂര്‍വ്വം ചെയ്ത് കൊണ്ടിരിക്കുന്നു.
ഒരു തൊഴിലാളിക്ക് ജോലി ചെയ്യുമ്പോള്‍ വേണ്ടത് ആത്മസംതൃപ്തിയാണ് അത് വേണ്ടുവോളം ഉള്ളതിനാല്‍ ഇനിയും ഏറെ കാലം റോള്‍സ് റോയ്‌സ് കാറുകള്‍ക്ക് പിന്‍സ്ട്രിപ്പുകളിടാന്‍ കോര്‍ട്ട് ഉണ്ടാകുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. റോള്‍സ് റോയ്‌സ് കാറുകളുടെ ഈ ഒരു പ്രത്യേകത നിങ്ങള്‍ ആദ്യമായാണോ അറിയുന്നത്. എങ്കില്‍ ഇത് നിങ്ങളുടെ സുഹൃത്തുക്കളുമായും പങ്കുവെക്കൂ.


Click it and Unblock the Notifications








