ബലേനോ സേഫ്റ്റി കൂട്ടി അപ്‌ഡേറ്റ് ചെയ്ത് മാരുതി; അധികം മുടക്കേണ്ടതില്ല
താങ്ങാവുന്ന വിലയില്‍ കാറുകള്‍ പുറത്തിറക്കി ജനങ്ങളുടെ മനസ്സിലേക്ക് ഓടിക്കയറിയ കാര്‍ ബ്രാന്‍ഡാണ് മാരുതി സുസുക്കി (Maruti Suzuki). മാസ്സ്മാര്‍ക്കറ്റ് കാറുകള്‍ തന്നെയാണ് ഇന്നും മാരുതിയുടെ ബലം. എന്നാല്‍ ഒരു പ്രീമിയം കാര്‍ വാങ്ങാന്‍ താല്‍പര്യപ്പെടുന്നവരെ കാത്ത് മാരുതിയുടെ നെക്‌സ ഡീലര്‍ഷിപ്പ് നില്‍പ്പുണ്ട്. അടുത്തിടെയാണ് മാരുതിയുടെ പ്രീമിയം ഡീലര്‍ഷിപ്പ് ശൃംഖലയായ നെക്‌സ 2 ദശലക്ഷം യൂണിറ്റ് വില്‍പ്പന നാഴികക്കല്ല് പിന്നിട്ടത്.
ഏറ്റവും അവസാനം പുറത്തിറങ്ങിയ നെക്‌സ മോഡലാണ് മാരുതി ഫ്രോങ്കസ്. അതിന് മുമ്പ് എത്തിയ മാരുതി ഗ്രാന്‍ഡ് വിറ്റാരയും വന്‍ വിജയമായിരുന്നു. ടൊയോട്ടയുമായുള്ള പങ്കാളിത്തത്തിന്റെ ഭാഗമായി ഇന്നോവ ഹൈക്രോസിന്റെ റീബാഡ്ജ്ഡ് പതിപ്പും മാരുതി അടുത്ത മാസങ്ങളില്‍ വിപണിയില്‍ എത്തിക്കും. ചുരുക്കിപ്പറഞ്ഞാല്‍ മാസ് മാര്‍ക്കറ്റ്, പ്രീമിയം സെഗ്‌മെന്റ് ഒരുമിച്ച് ആധിപത്യം ഉറപ്പിക്കുകയാണ് മാരുതിയിപ്പോള്‍.

ഇന്ന് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ടോപ് 5 കാറുകളുടെ പട്ടികയിലെ സ്ഥിരം സാന്നിധ്യമാണ് മാരുതിയുടെ ബലേനോ (Maruti Baleno). ഏറ്റവും മികച്ച വില്‍പ്പനയുള്ള നെക്‌സ മോഡലുകളില്‍ ഒന്നും കൂടിയാണ് ബലേനോ. സ്വിഫ്റ്റ്, ആള്‍ട്ടോ, വാഗണ്‍ആര്‍, ഡിസയര്‍ തുടങ്ങിയ ജനപ്രിയന്‍മാരെ വരെ പിന്തള്ളി കാര്‍ വില്‍പ്പനയില്‍ ചില മാസങ്ങളില്‍ ബലേനോ മുന്നിലെത്തിയിരുന്നു. കൃത്യമായ ഇടവേളകളില്‍ അപ്‌ഡേറ്റുകള്‍ ലഭിക്കുന്നത് കാറിന് ഗുണകരമാകുന്നു.
ഇപ്പോഴിതാ സെഗ്‌മെന്റ് ഫസ്റ്റ് സേഫ്റ്റി ഫീച്ചര്‍ (Safety Feature) ഉള്‍ക്കൊള്ളിച്ച് ബലേനോയെ കുറച്ച് കൂടി സുരക്ഷിതമാക്കിയിരിക്കുകയാണ് ഇന്തോ-ജാപ്പനീസ് കാര്‍ നിര്‍മാതാക്കള്‍. 2023 ബലേനോയുടെ പിറകിലെ മിഡില്‍സീറ്റ് യാത്രക്കാര്‍ക്ക് 3 പോയിന്റ് സീറ്റ് ബെല്‍റ്റിന്റെ സുരക്ഷ ഇനി ലഭിക്കും. നെഞ്ചിലും പെല്‍വിസിലും തോളിലും ഉടനീളം ഇംപാക്ട് എനര്‍ജി തുല്യമായി വിതരണം ചെയ്യുന്നതിലൂടെ 3 പോയിന്റ് സീറ്റ്‌ബെല്‍റ്റ് മെച്ചപ്പെട്ട സുരക്ഷ വാഗ്ദാനം ചെയ്യുന്നു.

3 പോയിന്റ് സീറ്റ് ബെല്‍റ്റിന് പുറമേ പിന്നില്‍ മൂന്ന് ഹെഡ്റെസ്റ്റും ലഭിക്കുന്നു. ഇവ രണ്ടും സെഗ്‌മെന്റില്‍ ആദ്യമായി വരുന്ന ഫീച്ചറാണ്. ബലേനോയുടെ ടൊയോട്ട റീബാഡ്ജ്ഡ് പതിപ്പായ ഗ്ലാന്‍സയിലും വൈകാതെ തന്നെ ഈ അപ്‌ഡേറ്റുകള്‍ ലഭിക്കും. ബിസിനസ്മാനായ സൈറസ് മിസ്ത്രിയുടെ അപകടമരണത്തെ തുടര്‍ന്ന് സര്‍ക്കാര്‍ പിന്‍സീറ്റ് യാത്രക്കാര്‍ സീറ്റബെല്‍റ്റ് ധരിക്കണമെന്ന ചട്ടം കര്‍ശനമായി നടപ്പാക്കാന്‍ തുടങ്ങിയിരുന്നു.
വരാനിരിക്കുന്ന കര്‍ശനമായ സുരക്ഷാ ചട്ടങ്ങള്‍ മുന്‍നിര്‍ത്തിയാണ് പിറകില്‍ 3 പോയിന്റ് സീറ്റ് ബെല്‍റ്റ് സ്ഥാപിക്കാനുള്ള നീക്കം മാരുതി നടത്തുന്നത്. റോഡപകടങ്ങളും അത് മൂലമായുണ്ടാകുന്ന മരണങ്ങളും രാജ്യത്ത് ഉയര്‍ന്നനിരക്കിലായതിനാല്‍ അധികാരികള്‍ റോഡ്‌സുരക്ഷ ചട്ടങ്ങള്‍ ഇടക്കിടെ പരിഷ്‌കരിക്കാറുണ്ട്. പിന്നിലെ യാത്രക്കാര്‍ക്ക് സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കണമെന്ന് കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. ഇതിന്റെ ഭാഗമായി സീറ്റ്‌ബെല്‍റ്റുകളും എയര്‍ബാഗുകളും സംബന്ധിച്ച് പുതിയ ചട്ടങ്ങള്‍ സമീപഭാവിയില്‍ വന്നേക്കും.
അതിന് മുന്നോടിയായാണ് മാരുതി ബലേനോയുടെ പിന്‍സീറ്റില്‍ 3 പോയിന്റ് സീറ്റ്‌ബെല്‍റ്റ് നല്‍കിയിരിക്കുന്നത്. മാരുതിയുടെ പ്രീമിയം കാറുകളില്‍ ഉടനെ ഈ അപ്‌ഡേറ്റ് ഉണ്ടായേക്കും. 2023 ഒക്‌ടോബര്‍ മുതല്‍ 8 യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള കാറുകളില്‍ 6 സീറ്റ്‌ബെല്‍റ്റുകള്‍ സ്റ്റാന്‍ഡേര്‍ഡാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശമുണ്ട്. മാരുതി ബലേനോയിലെ മറ്റ് ഫീച്ചറുകള്‍ക്ക് മാറ്റമൊന്നുമില്ല.
360 ഡിഗ്രി ക്യാമറ, ഹില്‍ ഹോള്‍ഡുള്ള ESP, ഡ്രൈവര്‍ക്കും കോ-ഡ്രൈവര്‍ക്കും എയര്‍ബാഗുകള്‍, സൈഡ് ആന്‍ഡ് കര്‍ട്ടന്‍ എയര്‍ബാഗുകള്‍, റിയര്‍ വ്യൂ ക്യാമറ, റിവേഴ്‌സ് പാര്‍ക്കിംഗ് സെന്‍സറുകള്‍, ഹൈ സ്പീഡ് അലേര്‍ട്ട് സിസ്റ്റം, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, ബ്രേക്ക് അസിസ്റ്റ്, സീറ്റ് ബെല്‍റ്റ് പ്രീ ടെന്‍ഷനര്‍ / ഫോഴ്‌സ് ലിമിറ്റര്‍, ISOFIX ആങ്കറേജുകള്‍ എന്നീ സേഫ്റ്റി ഫീച്ചറുകള്‍ ബലേനോയില്‍ സജ്ജീകരിച്ചിരിക്കുന്നു.

എമര്‍ജന്‍സി അലേര്‍ട്ടുകള്‍, ബ്രേക്ക്ഡൗണ്‍ നോട്ടിഫിക്കേഷന്‍, ജിയോ ഫെന്‍സ്, ടൈം ഫെന്‍സ്, വാലറ്റ് അലര്‍ട്ട്, സ്‌റ്റോളന്‍ വെഹിക്കിള്‍ നോട്ടിഫിക്കേഷന്‍ ആന്‍ഡ് ട്രാക്കിംഗ് തുടങ്ങിയവയാണ് മറ്റ് സുരക്ഷ സവിശേഷതകള്‍. സുരക്ഷ സവിശേഷതകള്‍ നിരവധിയുണ്ടെങ്കിലും ഈ കാര്‍ ഇതുവരെ ഗ്ലേബല്‍ NCAP ക്രാഷ് ടെസ്റ്റില്‍ പരീക്ഷപ്പെട്ടിട്ടില്ല. എന്നാല്‍ 2021-ല്‍ ലാറ്റിന്‍ NCAP ടെസ്റ്റില്‍ 0 സ്റ്റാര്‍ മാത്രമാണ് സ്‌കോര്‍ ചെയ്യാന്‍ സാധിച്ചത്.
രണ്ട് വര്‍ഷത്തിന് ശേഷം സേഫ്റ്റിയുടെ കാര്യത്തില്‍ കാര്യമായ നവീകരണങ്ങള്‍ നടത്തിയതിനാല്‍ ബലേനോ മെച്ചപ്പെട്ട റിസല്‍ട്ട് സ്വന്തമാക്കുമെന്നാണ് പ്രതീക്ഷ. ഏതായാലും മാരുതി കാറുകള്‍ക്ക് സേഫ്റ്റിയില്ലെന്ന് പരാതിപ്പെടുന്നവരുടെ വായടിപ്പിക്കാനാണ് മാരുതിയുടെ നീക്കമെന്ന് തോന്നുന്നു. സിഗ്മ, ഡെല്‍റ്റ, സീറ്റ, ആല്‍ഫ എന്നിങ്ങനെ നാല് വേരിയന്റുകളില്‍ ബലേനോ വാങ്ങാം. 6.61 ലക്ഷം മുതല്‍ 9.88 ലക്ഷം രൂപ വരെയാണ് ബലേനോയുടെ എക്‌സ്‌ഷോറൂം വില. ഹ്യുണ്ടായി i20, ഗ്ലാന്‍സ, ടാറ്റ ആള്‍ട്രോസ്, സിട്രണ്‍ C3 എന്നിവയാണ് എതിരാളികള്‍.


Click it and Unblock the Notifications








