Maruti Fronx മൈലേജിന് പുറമെ വിലയിലും ഞെട്ടിക്കും! ഫ്രോങ്ക്‌സ് ഈ മാസം അവതരിക്കും
ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന് (MSIL) ഈ ആഭ്യന്തര വിപണിയില്‍ ചില സുപ്രധാന ലോഞ്ചുകള്‍ ഉണ്ട്. അതില്‍ സുപ്രധാനമായ ഒന്നാണ് മാരുതി ഫ്രോങ്ക്‌സ് (Maruti Fronx) ക്രോസ്ഓവര്‍ എസ്‌യുവി. ബലേനോ ഹാച്ച്ബാക്കിനെ അടിസ്ഥാനപ്പെടുത്തി ഒരുക്കിയിരിക്കുന്ന കാര്‍ ഇതിനോടകം വിപണിയില്‍ വലിയ ഓളം സൃഷ്ടിച്ചിട്ടുണ്ട്.
കൂപ്പെ പോലുള്ള റൂഫ്‌ലൈനുള്ള ഈ എസ്‌യുവിയിലൂടെ മാരുതി മൂന്ന് വര്‍ഷത്തെ ഇടവേളക്ക് ശേഷം ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ തിരിച്ച് കൊണ്ടുവരികയാണ്. ഈ മാസം തന്നെ മാരുതി പുതിയ മോഡല്‍ വിപണിയില്‍ എത്തിക്കും. അടുത്ത ആഴ്‌ച കാർ വിപണിയിലെത്തുമെന്നാണ് റിപ്പോർട്ടുകൾ. ഫ്രോങ്ക്‌സിനൊപ്പം 2023 ഓട്ടോ എക്‌സ്‌പോയില്‍ അരങ്ങേറ്റം കുറിച്ച ലൈഫ്‌സ്‌റ്റെല്‍ എസ്‌യുവിയായ ജിംനി 5 ഡോര്‍ പിന്നാലെ എത്തും.

മെയ് മാസമായിരിക്കും ജിംനിയുടെ ലോഞ്ച്. കോംപാക്റ്റ് എസ്‌യുവി കൂപ്പെ ആയ ഫ്രോങ്ക്‌സ് മാരുതി സുസുക്കിയുടെ മോഡല്‍ നിരയില്‍ ബ്രെസ എസ്‌യുവിക്ക് തൊട്ടുതാഴെയായി സ്ഥാനം പിടിക്കും. ഇത് നെക്‌സ (Nexa) പ്രീമിയം ഡീലര്‍ഷിപ്പുകള്‍ വഴി മാത്രമായിരിക്കും വില്‍ക്കപ്പെടുക. കൂടാതെ സിഗ്മ, ഡെല്‍റ്റ, ഡെല്‍റ്റ+, സീറ്റ, ആല്‍ഫ എന്നീ വേരിയന്റുകളില്‍ ഈ വാഹനം തിരഞ്ഞെടുക്കാം. മാരുതി സുസുക്കി ഫ്രോങ്ക്‌സിന് രണ്ട് പവര്‍ട്രെയിനുകളും മൂന്ന് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളും ലഭിക്കും.
1.0 ലിറ്റര്‍ 3 സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിന്‍ തിരിച്ചുവരുമെന്ന് മുകളില്‍ സൂചിപ്പിച്ചുവല്ലോ. ഈ എഞ്ചിന്‍ 100 bhp പവറും 148 Nm ടോര്‍ക്കും വികസിപ്പിക്കും. ബലേനോ RS നിര്‍ത്തലാക്കയതോടെ ടര്‍ബോ എഞ്ചിന്റെ അഭാവം മാരുതി ആരാധകര്‍ക്ക് അനുഭവപ്പെട്ടിരുന്നു. ആ പരാതി ഏതായാലും ഫ്രോങ്ക്‌സിന്റെ വരവോടെ നില്‍ക്കും. ഈ ടര്‍ബോ എഞ്ചിന്‍ 5 സ്പീഡ് മാനുവല്‍, 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് യൂണിറ്റുമായോ ജോടിയാക്കും.

സാധാരണ 1.2 ലിറ്റര്‍ നാചുറലി ആസ്പിരേറ്റഡ് പെട്രോള്‍ എഞ്ചിന്‍ 5 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 5 സ്പീഡ് AMT ട്രാന്‍സ്മിഷനില്‍ ലഭ്യമാകും. NA പെട്രോള്‍ എഞ്ചിന്‍ 90 bhp പവറും 113 Nm പരമാവധി ടോര്‍ക്കും ഉത്പാദിപ്പിക്കും. ഈ എഞ്ചിന്‍ ഓപ്ഷന്‍ സിഗ്മ, ഡെല്‍റ്റ, ഡെല്‍റ്റ + വേരിയന്റുകളില്‍ ലഭ്യമാകും. അതേസമയം ടര്‍ബോ എഞ്ചിന്‍ ഡെല്‍റ്റ+, സീറ്റ, ആല്‍ഫ വേരിയന്റുകളിലായിരിക്കും ഓഫര്‍ ചെയ്യുക.
മാനുവല്‍ ട്രാന്‍സ്മിഷന്‍ മൂന്ന് വേരിയന്റുകളിലും സ്റ്റാന്‍ഡേര്‍ഡ് ആയിരിക്കും. എന്നാല്‍ ഡെല്‍റ്റയിലും ഡെല്‍റ്റ+ ട്രിമ്മുകളിലുമായിരിക്കും ഓട്ടോമാറ്റിക് ഓപ്ഷന്‍ വരിക. ഡെല്‍റ്റ+, സീറ്റ, ആല്‍ഫ വേരിയന്റുകളില്‍ ടര്‍ബോ മാനുവല്‍ ട്രാന്‍സ്മിഷന്‍ സ്റ്റാന്‍ഡേര്‍ഡ് ആയിരിക്കും. അതേസമയം ഓട്ടോമാറ്റിക് ടോപ്-എന്‍ഡ് വേരിയന്റുകളായ സീറ്റ, ആല്‍ഫ ട്രിമ്മുകളില്‍ മാത്രമായിരിക്കും കിട്ടുക. ഏവരും ആകാംക്ഷയോടെ കാത്തിരിക്കുന്നത് ഫ്രോങ്ക്‌സിന്റെ വില അറിയാനായിരിക്കും.
ബ്രെസ എസ്‌യുവി വിപണിയില്‍ ഉണ്ടാക്കിയ ഓളം നിലനിര്‍ത്താന്‍ ഫ്രോങ്ക്‌സിന്റെ വിലയിലും മാരുതി കാര്യമായ ട്വിസ്റ്റുകള്‍ ഒരുക്കിവെക്കുമെന്നാണ് വിപണി വിദഗ്ധര്‍ പ്രവചിക്കുന്നത്. 6.99 ലക്ഷം രൂപ മുതല്‍ 10.49 ലക്ഷം രൂപ വരെയാണ് ഫ്രോങ്ക്‌സിന്റെ എക്‌സ്‌ഷോറൂം വില പ്രതീക്ഷിക്കുന്നത്. ബെസ്റ്റ് സെല്ലറായ ബലേനോ പ്രീമിയം ഹാച്ച്ബാക്കുമായി ഫ്രോങ്ക്‌സിന് സമാനതകള്‍ ഏറെയാണ്. ഹാര്‍ട്ട്ടെക്റ്റ് പ്ലാറ്റ്ഫോമാണ് ഫ്രോങ്ക്‌സിനും അടിസ്ഥാനമായിട്ടുള്ളത്.
വീല്‍ബേസ് സമാനമാണെങ്കിലും ഫ്രോങ്ക്‌സിന് ബലേനോയേക്കാള്‍ 5 മില്ലിമീറ്റര്‍ നീളം, 20 മില്ലിമീറ്റര്‍ വീതി, 50 മില്ലിമീറ്റര്‍ ഉയരവും കൂടുതലുണ്ട്. ഗ്രാന്‍ഡ് വിറ്റാരയില്‍ നിന്നും ഡിസൈന്‍ ഘടകങ്ങള്‍ കടം കൊണ്ടിട്ടുണ്ട്. ഫ്രോങ്ക്‌സ് ബലേനോയെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് അകത്തളത്തിലേക്ക് കടന്നാല്‍ വ്യക്തമാകും. നിറങ്ങളിലും ടെക്സ്ചറുകളിലും ചെറിയ വ്യത്യാസങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍ രണ്ട് മോഡലുകളും ഒരേ പോലെയുള്ള ഡാഷ്ബോര്‍ഡ് ഡിസൈന്‍ പങ്കിടുന്നു. ബലേനോയില്‍ നിന്നുള്ള ഒട്ടുമിക്ക ഫീച്ചറുകളും ഉപകരണങ്ങളും ഫ്രോങ്ക്‌സില്‍ മാരുതി നല്‍കിയിട്ടുണ്ട്.
വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റിയുള്ള 9" സ്മാര്‍ട്ട്‌പ്ലേ പ്രോ+ ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 6 എയര്‍ബാഗുകള്‍, ഹെഡ്‌സ് അപ് ഡിസ്‌പ്ലേ, 360 ഡിഗ്രി ക്യാമറ സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ എന്നിവയടക്കം നീണ്ട ഫീച്ചര്‍ പട്ടികയുമുണ്ട്. അടുത്തിടെ ഫ്രോങ്ക്‌സിന്റെ മൈലേജ് കണക്കുകള്‍ വെളിപ്പെടുത്തിയിരുന്നു. മാനുവല്‍, AMT ഗിയര്‍ബോക്‌സുകള്‍ക്കൊപ്പം ജോടിയാക്കിയ 1.2 ലിറ്റര്‍ എഞ്ചിനുമായി വരുന്ന ഫ്രോങ്ക്‌സ് യഥാക്രമം 21.79 km/l, 22.89 km/l എന്നിങ്ങനെ മൈലേജ് നല്‍കും.
ടര്‍ബോ എഞ്ചിന്റെ മാനുവല്‍ ഗിയര്‍ബോക്‌സ് മോഡല്‍ ലിറ്ററിന് 21.5 കിലോമീറ്റര്‍ മൈലേജ് നല്‍കും. ഈ എഞ്ചിന്റെ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് മൈലേജ് ലിറ്ററിന് 20.01 കിലോമീറ്റര്‍ ആയിരിക്കും ഇന്ധനക്ഷമത നല്‍കുക. കോംപാക്റ്റ് സെഗ്മെന്റിലെ ഒരേയൊരു കൂപ്പെ-ക്രോസ്ഓവര്‍ എസ്‌യുവിയായ ഫ്രോങ്ക്‌സിന് നേരിട്ടുള്ള എതിരാളിയില്ല. റെനോ കൈഗര്‍, നിസാന്‍ മാഗ്നൈറ്റ്, ഹ്യുണ്ടായി വെന്യു, കിയ സോനെറ്റ് എന്നീ മോഡലുകള്‍ക്ക് ഫ്രോങ്ക്‌സ് വെല്ലുവിളിയാകും.


Click it and Unblock the Notifications