Maruti Fronx ബേസ് സിഗ്മ വേരിയന്റ് എങ്ങനുണ്ട്? പൈസ മുതലാകുമോ?
തിങ്കളാഴ്ചയാണ് (24 ഏപ്രില്‍ 2023) മാരുതി സുസുക്കി ഫ്രോങ്ക്‌സ് (Maruti Suzuki Fronx) ക്രോസ്ഓവര്‍ എസ്‌യുവി വിപണിയില്‍ എത്തിച്ചത്. 2023 ഓട്ടോ എക്‌സ്‌പോയില്‍ ജിംനി 5 ഡോറിനൊപ്പം അവതരിപ്പിച്ച ശേഷം കാറിന്റെ വില പ്രഖ്യാപനത്തിനായി കാത്തിരിക്കുകയായിരുന്നു വാഹന ലോകം. സിഗ്മ, ഡെല്‍റ്റ, ഡെല്‍റ്റ+, സീറ്റ, ആല്‍ഫ എന്നീ അഞ്ച് വേരിയന്റുകളിലായാണ് ഫ്രോങ്ക്‌സ് അവതരിപ്പിച്ചത്.
ഓട്ടോ എക്‌സ്‌പോയുടെ സമയം തന്നെ ഫ്രോങ്ക്‌സിന്റെ ബുക്കിംഗ് ജാലകം മാരുതി തുറന്നിരുന്നു. ഇന്തോ-ജാപ്പനീസ് കാര്‍ നിര്‍മാതാക്കളുടെ പ്രീമിയം ഡീലര്‍ഷിപ്പ് ശൃംഖലയായ നെക്‌സ വഴിയാണ് ഇത് വില്‍ക്കപ്പെടുന്നത്.ഇതിനോടകം 15,000-ത്തിനടുത്ത് ബുക്കിംഗുകളാണ് നേടാനായത്. മോഹവിലയില്‍ എത്തുന്ന ഫ്രോങ്ക്‌സിന്റെ ബേസ് സിഗ്മ വേരിയന്റിനെ (Maruti Fronx Sigma Variant) അടുത്തറിയാന്‍ നമുക്ക് ശ്രമിക്കാം. ഫ്രോങ്ക്‌സ് സിഗ്മ ട്രിമ്മില്‍ എന്തൊക്കെയാണ് മാരുതി ഒരുക്കിവെച്ചിരിക്കുന്നതെന്നാണ് ചുവടെ വിവരിക്കാന്‍ പോകുന്നത്.

ആദ്യം വിലയില്‍ നിന്ന് തുടങ്ങാം. 7.46 ലക്ഷം രൂപയാണ് മാരുതി ഫ്രോങ്ക്‌സ് എസ്‌യുവിയുടെ സിഗ്മ വേരിയന്റിന്റെ എക്‌സ്‌ഷോറൂം വില. ഇത് നിരത്തിലെത്തുമ്പോള്‍ ഏകദേശം 9 ലക്ഷം രൂപയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എസ്‌യുവിയുടെ മറ്റ് വേരിയന്റുകളുടെ എക്‌സ്‌ഷോറൂം വില 8.32 ലക്ഷം മുതല്‍ 13.13 ലക്ഷം രൂപ വരെ പോകുന്നു.
ബ്ലു (സെലസ്റ്റിയല്‍), ഗ്രാന്‍ഡ്യുര്‍ ഗ്രേ, എര്‍ത്തന്‍ ബ്രൗണ്‍, എര്‍ത്തന്‍ ബ്രൗണ്‍, ബ്ലാക്ക് റൂഫോട് കൂടിയ എര്‍ത്തന്‍ ബ്രൗണ്‍, ഒപുലന്റ് റെഡ്, ബ്ലാക്ക് റൂഫോട് കൂടിയ ഒപുലന്റ് റെഡ്, സ്പ്ലെന്‍ഡിഡ് സില്‍വര്‍, ബ്ലാക്ക് റൂഫുള്ള സ്പ്ലെന്‍ഡിഡ് സില്‍വര്‍, ആര്‍ട്ടിക് വൈറ്റ് എന്നീ കളര്‍ഓപ്ഷനുകളില്‍ ബലേനോ അടിസ്ഥാനമാക്കിയുള്ള എസ്‌യുവി വാങ്ങാന്‍ സാധിക്കും.

ഈ കാറിന്റെ വലിപ്പം നോക്കിയാല്‍ 3,995 എംഎം ആണ് ഇതിന്റെ നീളം. 1,765 എംഎം വീതിയും 1,550 എംഎം ഉയരവും 2,520 എംഎം വീല്‍ബേസും 965 കിലോഗ്രാം ഭാരവുമുണ്ട്. മികച്ചതെന്ന് പറയാവുന്ന 190 എംഎം ഗ്രൗണ്ട്ക്ലിയറന്‍സ് ഇതിനുണ്ട്. പ്രീമിയം ഹാച്ച്ബാക്കായ ബലേനോയെ അടിസ്ഥാനമാക്കിയുള്ളതാണെങ്കിലും മിഡ്‌സൈസ് എസ്‌യുവി സെഗ്‌മെന്റില്‍കമ്പനിയുടെ തുറുപ്പുചീട്ടായ ഗ്രാന്‍ഡ് വിറ്റാരയില്‍ നിന്നാണ് ഈ മോഡലിന്റെ ഡിസൈന്‍ പ്രചോദനം. അകത്തളം ബലേനോയ്ക്ക് സമാനമാണ്.
ക്രോം ആക്സന്റുകളോട് കൂടിയ ബ്ലാക്ക് ഔട്ട് ഫ്രണ്ട് ഗ്രില്‍, ബ്ലാക്ക് ഔട്ട് ഡോര്‍ ഹാന്‍ഡിലുകള്‍, വിംഗ് മിററുകള്‍, ബി, സി പില്ലറുകള്‍ എന്നിവയാണ് എക്‌സ്റ്റീരിയര്‍ ഡിസൈന്‍ ഹൈലൈറ്റുകള്‍. ഫ്രോങ്ക്‌സ് സിഗ്മ വേരിയന്റിലേക്ക് നോക്കുമ്പോള്‍ പ്രൊജക്ടര്‍ ഹെഡ്ലാമ്പുകള്‍, സ്പ്ലിറ്റ് എല്‍ഇഡി ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍, മുന്നിലും പിന്നിലും സില്‍വര്‍ ഫിനിഷ്ഡ് സ്‌കിഡ് പ്ലേറ്റുകള്‍ എന്നിവയും വാഗ്ദാനം ചെയ്യുന്നു. ഫ്രോങ്കസ് സിഗ്മ വേരിയന്റിന് 16 ഇഞ്ച് സ്റ്റീല്‍ വീലുകളാണ് മാരുതി നല്‍കിയിരിക്കുന്നത്.
ഗുഡ്ഇയര്‍ ടയറുകളിലാണ് ഇത് ഓടുക. ഫ്രോങ്ക്‌സിന്റെ ഡെല്‍റ്റ വേരിയന്റുകളും ഇതേ വീലുകളിലാണ് വരുന്നത്. അതേസമയം ഡെല്‍റ്റ പ്ലസ് ട്രിം തൊട്ട് അലോയ് വീലുകള്‍ സജ്ജീകരിച്ചിരിക്കുന്നു. ഡ്യുവല്‍ ടോണ്‍ കളര്‍ സ്‌കീമിലാണ് ഇന്റീരിയര്‍ പൂര്‍ത്തിയാക്കിയിരിക്കുന്നത്. ബ്രൗണ്‍, ഡാര്‍ക്ക് ഗ്രേ ഫാബ്രിക്കിലാണ് സീറ്റുകള്‍ പൂര്‍ത്തിയാക്കിയിരിക്കുന്നത്. ഡാഷ്‌ബോര്‍ഡ് ത്രീ ടോണ്‍ ഫിനിഷിലാണ്.
പവര്‍ വിന്‍ഡോകള്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ക്രമീകരിക്കാവുന്ന ഹെഡ്റെസ്റ്റുകളുള്ള 60:40 സ്പ്ലിറ്റ് റിയര്‍ സീറ്റ് ബാക്ക്, ടില്‍റ്റ് അഡ്ജസ്റ്റ്മെന്റോടുകൂടിയ സ്റ്റിയറിംഗ് വീല്‍, കീലെസ് എന്‍ട്രി എന്നിവ ഫ്രോങ്ക്‌സ് സിഗ്മ വേരിയന്റില്‍ ലഭിക്കുന്നു. എന്നാല്‍ ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ്, സ്റ്റിയറിംഗ് മൗണ്ടഡ് കണ്‍ട്രോളുകള്‍ എന്നിവ വേണമെങ്കില്‍ ഉയര്‍ന്ന വേരിയന്റുകളിലേക്ക് പോകണം.

റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, റിയര്‍ ഡീഫോഗര്‍, റിമോട്ട് സെന്‍ട്രല്‍ ലോക്കിംഗ് സിസ്റ്റം, ഹില്‍ ഹോള്‍ഡ് അസിസ്റ്റ്, ഡ്യുവല്‍ എയര്‍ബാഗുകള്‍, ഇഎസ്പി എന്നിവയാണ് സിഗ്മ വേരിയന്റില്‍ ഉള്‍പ്പെടുന്ന സേഫ്റ്റി ഫീച്ചറുകള്‍. ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, 3 പോയിന്റ് സീറ്റ് ബെല്‍റ്റുകള്‍, ഡേ/നൈറ്റ് ഇന്‍സൈഡ് മിററോട് കൂടിയ ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ എന്നിവയും സിഗ്മയില്‍ ലഭ്യമാണ്.
കാറിന്റെ പവര്‍ട്രെയിന്‍ സജ്ജീകരണങ്ങളിലേക്ക് വന്നാല്‍ ഇത് രണ്ട് എഞ്ചിന്‍ ഓപ്ഷനുകളില്‍ വാങ്ങാനാകും. എന്നാല്‍ 1.2 ലിറ്റര്‍ K12C ഡ്യുവല്‍ജെറ്റ് പെട്രോള്‍ എഞ്ചിനാണ് സിഗ്മ വേരിയന്റില്‍ സജ്ജീകരിച്ചിരിക്കുന്നത്. 90 bhp പവറും 113 Nm ടോര്‍ക്കും വികസിപ്പിക്കുന്ന ഈ എഞ്ചിന്‍ 5 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനുമായി ജോടിയാക്കിയിരിക്കുന്നു.
നേരെ മറിച്ച് ഡെല്‍റ്റ, ഡെല്‍റ്റ പ്ലസ് ട്രിമ്മുകളില്‍ ഈ എഞ്ചിന്‍ ഓപ്ഷനൊപ്പം 5 സ്പീഡ് ഓട്ടോമാറ്റിക് ഓപ്ഷന്‍ ലഭ്യമാണ്. ഫ്രോങ്ക്‌സിന്റെ ഏറ്റവും വലിയ പ്രത്യേകതകളില്‍ ഒന്ന് ഈ മോഡലിലൂടെ മാരുതി ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ മടക്കിക്കൊണ്ടുവരുന്നു എന്നതാണ്. ഡെല്‍റ്റ പ്ലസ്, ആല്‍ഫ വേരിയന്റുകളിലാണ് 1.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിന്‍ തുടിപ്പേകുന്നത്. ഈ എഞ്ചിന്‍ 100 bhp പവറും 147 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു.
5 സ്പീഡ് മാനുവല്‍, 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുകളുമായി എഞ്ചിൻ ജോടിയാക്കിയിരിക്കുന്നു. ടാറ്റ നെക്‌സോണ്‍, ഹ്യുണ്ടായി വെന്യു, മഹീന്ദ്ര XUV300, കിയ സോനെറ്റ്, റെനോ കൈഗര്‍, നിസാന്‍ മാഗ്നൈറ്റ് എന്നിവക്കൊപ്പം മാരുതി ബ്രെസയുമായും ഫ്രോങ്ക്‌സ് വിപണിയില്‍ എതിരിടും. ഫ്രോങ്ക്‌സിനൊപ്പം അടുത്ത മാസം ജിംനി 5 ഡോര്‍ കൂടി എത്തുന്നതോടെ എസ്‌യുവി സെഗ്‌മെന്റില്‍ പിടിമുറുക്കാനാകുമെന്നാണ് മാരുതിയുടെ പ്രതീക്ഷ. ബലേനോയെ പോലെ തന്നെ ഫ്രോങ്ക്‌സും വില്‍പ്പനയില്‍ തങ്ങള്‍ക്ക് മുതല്‍ക്കൂട്ടാകുമെന്നാണ് വാഹന ഭീമന്‍മാരുടെ പ്രതീക്ഷ.


Click it and Unblock the Notifications








