പുതുയുഗത്തിന് പുത്തൻ പവർട്രെയിനുകൾ; വരാനിരിക്കുന്ന മാരുതി ഹൈബ്രിഡ് മോഡലുകൾ
ഇന്ത്യൻ വിപണിയിൽ കൂടുതൽ കരുത്തുറ്റ ഹൈബ്രിഡ് കാറുകൾ അവതരിപ്പിക്കാൻ മാരുതി സുസുക്കിയും ടൊയോട്ടയും പല പദ്ധതികളും ആവിഷ്കരിക്കുന്നുണ്ട്. സ്ട്രോംഗ് ഹൈബ്രിഡ് പവർട്രെയിനുമായി ഗ്രാൻഡ് വിറ്റാരയെ മാരുതി സുസുക്കി വിൽപ്പനയ്ക്ക് എത്തിക്കുമ്പോൾ, ടൊയോട്ട ഹൈബ്രിഡ് പവർട്രെയിനുകളോട് കൂടിയ ഹൈറൈഡറും ഇന്നോവ ഹൈക്രോസും വാഗ്ദാനം ചെയ്യുന്നു.
എന്നാൽ അടുത്ത സാമ്പത്തിക വർഷാവസാനത്തിന് മുമ്പ് മോഡൽ നിരയിലേക്ക് മൂന്ന് പുതിയ സ്ട്രോംഗ് ഹൈബ്രിഡ് കാറുകൾ ചേർക്കാനാണ് മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് (MSIL) ഒരുങ്ങുന്നത്. അവ ഏതെന്ന് നമുക്ക് ഒന്ന് നോക്കാം.

പുതിയ സ്വിഫ്റ്റ് & ഡിസയർ
മാരുതി സുസുക്കി പുതുതലമുറ സ്വിഫ്റ്റ്, ഡിസയർ എന്നിവയ്ക്കായി പ്രവർത്തിക്കുകയാണ്, ഇവ അടുത്ത സാമ്പത്തിക വർഷാവസാനത്തിന് മുമ്പ് അല്ലെങ്കിൽ 2024 മാർച്ചോടെ പുറത്തിറക്കാനാണ് കമ്പനിയുടെ പദ്ധതി. വാസ്തവത്തിൽ, പുതിയ സുസുക്കി സ്വിഫ്റ്റിന്റെ ടെസ്റ്റിംഗ് അന്താരാഷ്ട്ര തലത്തിൽ ആരംഭിച്ചു കഴിഞ്ഞു. പുതിയ മോഡലുകൾക്ക് സ്റ്റൈലിംഗ്, ഫീച്ചറുകൾ, പവർട്രെയിൻ എന്നിവയിൽ കാര്യമായ മാറ്റങ്ങൾ ലഭിക്കും.
പുതിയ മോഡലുകൾക്ക് സ്ട്രോംഗ് ഹൈബ്രിഡ് സാങ്കേതികവിദ്യയും ലഭിക്കും, അവ പുതിയ ഗ്രാൻഡ് വിറ്റാരയിൽ വാഗ്ദാനം ചെയ്യുന്നതിന് സമാനമായിരിക്കും. ടൊയോട്ടയുടെ സ്ട്രോംഗ് ഹൈബ്രിഡ് സാങ്കേതികവിദ്യ ഉപയോഗിച്ച് ബൂസ്റ്റ് ചെയ്ത 1.2-ലിറ്റർ, ത്രീ സിലിണ്ടർ പെട്രോൾ എഞ്ചിനിലാണ് പുതിയ തലമുറ സ്വിഫ്റ്റും ഡിസയറും വാഗ്ദാനം ചെയ്യുന്നത്. റിപ്പോർട്ടുകൾ വിശ്വസിക്കാമെങ്കിൽ, രാജ്യത്തെ ഏറ്റവും ഇന്ധനക്ഷമതയുള്ള കാറുകളായിരിക്കും പുതിയ സ്വിഫ്റ്റ് ട്വിന്നുകൾ.
പുതിയ മോഡലുകൾ ലിറ്ററിന് 35-40 കിലോമീറ്റർ മൈലേജ് ലഭിക്കുമെന്നാണ് റിപ്പോർട്ട്. സ്വിഫ്റ്റിന്റെയും ഡിസയറിന്റെയും പുതിയ സ്ട്രോംഗ് ഹൈബ്രിഡ് പതിപ്പുകൾ വരാനിരിക്കുന്ന CAFE II (കോർപ്പറേറ്റ് ആവറേജ് ഫ്യുവൽ ഇക്കോണമി) മാനദണ്ഡങ്ങളും പാലിക്കും. മാനുവൽ, AMT എന്നിവയുള്ള 1.2 ലിറ്റർ ഡ്യുവൽജെറ്റ് പെട്രോൾ എഞ്ചിനിനൊപ്പം ലോ എൻഡ് വേരിയന്റുകൾ വാഗ്ദാനം ചെയ്യുന്നത് തുടരും.
ഇന്നോവ ഹൈക്രോസ് അധിഷ്ഠിത മാരുതി എംപിവി
ടൊയോട്ട-സുസുക്കി സഖ്യത്തിന്റെ ഭാഗമായി, ടൊയോട്ട തങ്ങളുടെ ജനപ്രിയ ഇന്നോവ ഹൈക്രോസ് മാരുതി സുസുക്കിയുമായി പങ്കിടും. ഇന്തോ ജാപ്പനീസ് ബ്രാൻഡ് തങ്ങളുടെ നെയിംപ്ലേറ്റിന് കീഴിൽ നമ്മുടെ വിപണിയിൽ അവതരിപ്പിക്കുന്നതിന് മുമ്പ് എംപിവിയിൽ ചില മാറ്റങ്ങൾ വരുത്തും. 2023 ഓഗസ്റ്റിൽ പുത്തൻ എംപിവിയെ രാജ്യത്ത് അവതരിപ്പിക്കുമെന്ന് റിപ്പോർട്ടുണ്ട്.
NEXA പ്രീമിയം ഡീലർഷിപ്പുകൾ വഴി വിൽപ്പനയ്ക്കെത്താൻ ഒരുങ്ങുന്ന പുതിയ ഇന്നോവ ഹൈക്രോസ് അടിസ്ഥാനമാക്കിയുള്ള മാരുതി മോഡൽ ബ്രാൻഡിന്റെ രാജ്യത്തെ ഏറ്റവും ചെലവേറിയ മോഡലായിരിക്കും. പുതിയ ത്രീ റോ എംപിവി ടൊയോട്ടയുടെ TNGA-C മോഡുലാർ പ്ലാറ്റ്‌ഫോമിൽ ഫ്രണ്ട് വീൽ ഡ്രൈവ് ലേയൗട്ട് അടിസ്ഥാനമാക്കിയുള്ളതാണ്. സ്ട്രോംഗ് ഹൈബ്രിഡ് പവർട്രെയിനോടൊപ്പം ആയിരിക്കും പുതിയ മോഡൽ മാരുതി വാഗ്ദാനം ചെയ്യുന്നത്.
ടൊയോട്ടയുടെ സ്ട്രോംഗ് ഹൈബ്രിഡ് സാങ്കേതികവിദ്യയുള്ള 2.0 ലിറ്റർ പെട്രോൾ എഞ്ചിനാണ് ഇതിന്റെ ഹൃദയം. ഇവയുടെ കംബയിൻഡ് പവർ 186 PS ഉം torque 206 Nm ഉം ആണ്. ഇത് ഒരു e-CVT ഓട്ടോമാറ്റിക് ഗിയർബോക്സ് യൂണിറ്റുമായി ഇണചേർന്നിരിക്കുന്നു. യൂണിറ്റ് ലിറ്ററിന് 21.1 കിലോമീറ്റർ മൈലേജ് വാഗ്ദാനം ചെയ്യുമെന്ന് അവകാശപ്പെടുന്നു. പെട്രോൾ പതിപ്പിന് 174 PS മാക്സ് പവറും 205 Nm പീക്ക് torque ഉം നൽകുന്ന, 2.0 ലിറ്റർ NA പെട്രോൾ എഞ്ചിൻ CVT ഓട്ടോമാറ്റിക് ഗിയർബോക്‌സിനൊപ്പം ലഭിക്കും.


Click it and Unblock the Notifications








