Maruti Jimny പരസ്യ ചിത്രീകരണത്തിനെതിരെ വിമര്‍ശനവുമായി ബിജെപി എംപി; ചേരിതിരിഞ്ഞ് സോഷ്യല്‍ മീഡിയ
ഒരു ബ്രാന്‍ഡിനെയായാലും വാഹന മോഡലിനെയായാലും ജനങ്ങളുടെ മനസ്സിലേക്ക് കൂടുതല്‍ അടുപ്പിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്ന ഒന്നാണ് ടെലിവിഷന്‍ പരസ്യങ്ങള്‍. ഇന്നും ജനങ്ങള്‍ മറക്കാത്ത ഒരുപിടി പരസ്യങ്ങള്‍ നമുക്ക് ഓര്‍ത്തെടുക്കാനാകും. എന്നാല്‍ ചില പരസ്യങ്ങള്‍ വിവാദങ്ങളില്‍ ഇടംപിടിക്കാറുണ്ട്. മാരുതിയുടെ ഏറ്റവും പുതിയ ലൈഫ്‌സ്റ്റൈല്‍ എസ്‌യുവിയായ ജിംനി 5 ഡോറിന് വേണ്ടി രാജ്യത്തെ വാഹന പ്രേമികള്‍ കണ്ണില്‍ എണ്ണയെഴിച്ച് കാത്തിരിക്കാന്‍ തുടങ്ങിയിട്ട് ഏറെ നാളായി.
ഇപ്പോള്‍ മേല്‍പ്പറഞ്ഞ പോലെ വിവാദമായിരിക്കുകയാണ് ജിംനിയുടെ പരസ്യ ചിത്രീകരണം. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ജിംനി 5 ഡോര്‍ എസ്യുവി അടുത്ത മാസം പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ് മാരുതി സുസുക്കി. ലോഞ്ചിന് മുമ്പ് തന്നെ വാര്‍ത്തകളിലെ താരമായ ജിംനി പരസ്യ ചിത്രീകരണം വിവാദമായതോടെയാണ് ഇപ്പോള്‍ വീണ്ടും തലക്കെട്ടുകള്‍ സൃഷ്ടിക്കുന്നത്. 'ദുര്‍ബലമായ ആവാസവ്യവസ്ഥ'യില്‍ പരസ്യം ചിത്രീകരിച്ചതിന് ലഡാക്ക് എംപിയില്‍ നിന്നാണ് ഇന്തോ-ജാപ്പനീസ് വാഹന നിര്‍മാതാക്കള്‍ക്ക് കടുത്ത വിമര്‍ശനം നേരിടേണ്ടി വന്നത്.

കഴിഞ്ഞ ദിവസങ്ങളില്‍ ജിംനിയുടെ പരസ്യ ചിത്രീകരണത്തിന്റെ പുറത്ത് നിന്നെടുത്ത 15 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ലഡാക്കിലെ പ്രശസ്തമായ പാംഗോങ്ങ് തടാകത്തിലൂടെ ജിംനി ഓടിക്കുന്നതായിരുന്നു വീഡിയോയിലുള്ളത്. ആമീര്‍ ഖാന്‍ നായകനായ 'ത്രീ ഇഡിയറ്റ്‌സ്' എന്ന മെഗാഹിറ്റ് സിനിമയുടെ ക്ലൈമാക്‌സ് രംഗം ചിത്രീകരിച്ചത് ഇവിടെയായിരുന്നു. ഇന്ത്യയിലും ചൈനയിലുമായി കിടക്കുന്ന തടാകമാണ് പാന്‍ഗോങ് തടാകം.
തടാകത്തിന്റെ 45 കിലോമീറ്റര്‍ ഇന്ത്യയിലും 90 കിലോമീറ്റര്‍ ചൈനയിലുമായിട്ടാണ് പരന്ന് കിടക്കുന്നത്. അതിനാല്‍ തന്നെ ഈ പ്രദേശത്തിന് വലിയ രാഷ്ട്രീയ പ്രാധാന്യം കൂടിയുണ്ട്. ലഡാക്കിനെ ലോക്സഭയില്‍ പ്രതിനിധീകരിക്കുന്ന ഭാരതീയ ജനതാ പാര്‍ട്ടിയുടെ (ബിജെപി) അംഗം ജംയാങ് സെറിംഗ് നംഗ്യാല്‍ ആണ് ട്വിറ്ററിലൂടെ വിമര്‍ശനം ഉന്നയിച്ചത്. ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളുടെ പരസ്യ ചിത്രീകരണത്തെ നിരുത്തരവാദപരമെന്നാണ് ലഡാക്ക് എംപി വിശേഷിപ്പിച്ചത്.

'മാരുതിയുടെ നിരുത്തരവാദപരമായ പരസ്യ ചിത്രകരണ നടപടിയെ ഞാന്‍ അപലപിക്കുന്നു. വാണിജ്യ ലാഭത്തിനുവേണ്ടി ദുര്‍ബലമായ ആവാസവ്യവസ്ഥയെ നശിപ്പിക്കരുത്. ഷൂട്ടിംഗ് നിര്‍ത്തിവയ്ക്കാനും ആവശ്യമായ നിയമനടപടി സ്വീകരിക്കാനും ഞാന്‍ ഭരണകൂടത്തോട് അഭ്യര്‍ഥിക്കുന്നു. ഭാവി തലമുറക്കായി ലഡാക്കിന്റെ അതുല്യമായ സൗന്ദര്യം സംരക്ഷിക്കാം' നംഗ്യാല്‍ ട്വിറ്ററില്‍ എഴുതി. തന്റെ ട്വിറ്റര്‍ പ്രൊഫൈലില്‍ വീഡിയോ പങ്കുവെക്കുകയും ചെയ്തു. മഞ്ഞ നിറത്തിലുള്ള ജിംനി തടാകത്തിലൂടെ ഓടിക്കുന്നതാണ് പരസ്യത്തിലുള്ളത്.
പാഗോങ്ങ് തടാകത്തില്‍ ചിത്രീകരിച്ച ജിംനിയുടെ ടിവി പരസ്യ വീഡിയോ ഇന്റര്‍നെറ്റില്‍ വൈറലായെങ്കിലും നെറ്റിസണ്‍സില്‍ നിന്ന് സമ്മിശ്ര പ്രതികരണമാണ് നേടിയത്. വെല്ലുവിളികള്‍ നിറഞ്ഞ പ്രതലങ്ങളില്‍ മാരുതി ജിംനിയുടെ പെര്‍ഫോമന്‍സ് കാണിക്കാനാണ് പരസ്യ ചിത്രത്തിലൂടെ ഉദ്ദേശിച്ചത്. ഈ വീഡിയോക്ക് നിരവധി കാഴ്ചക്കാരെ ലഭിച്ചു. ചിലര്‍ പരസ്യചിത്രത്തില്‍ തെറ്റുകള്‍ ഒന്നുമില്ലെന്ന് അഭിപ്രായപ്പെട്ടപ്പോള്‍ നെറ്റിസണ്‍സില്‍ ചിലര്‍ ബിജെപി എംപിയുടെ അതേ വാദക്കാരായിരുന്നു.
കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ഇതുപോലെ ലഡാക്കിലെ പാംഗോങ് തടാകത്തിലൂടെ ഒരു കൂട്ടം വിനോദസഞ്ചാരികള്‍ എസ്‌യുവി ഓടിക്കുന്ന വീഡിയോ ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. സണ്‍റൂഫിന് വെളിയില്‍ രണ്ടുപേര്‍ നില്‍ക്കുന്നതും ഒരാള്‍ വിക്ടറി ചിഹ്നം കാണിച്ച് തടാകത്തിലൂടെ കാര്‍ ഓടിക്കുന്നതുമാണ് വീഡിയോയില്‍ കാണാന്‍ സാധിക്കുന്നത്. വെള്ളത്തില്‍ ഒരു ചെറിയ മേശയില്‍ ഭക്ഷണവും മദ്യവും ഒരുക്കി വെച്ചിരിക്കുന്നതും കാണാമായിരുന്നു.
ഈ വര്‍ഷം ജനുവരിയില്‍ നടന്ന 2023 ഓട്ടോ എക്‌സ്‌പോയില്‍ വെച്ചാണ് മാരുതി സുസുക്കി ജിംനി 5 ഡോര്‍ അവതരിപ്പിച്ചത്. ഫ്രോങ്ക്‌സ് ക്രോസ്ഓവര്‍ എസ്‌യുവിക്ക് ഒപ്പമായിരുന്നു ലൈഫ്‌സ്‌റ്റൈല്‍ എസ്‌യുവിയുടെ അവതരണം. ജിംനിയുടെ അവതരിക്കപ്പെട്ടതിന് തൊട്ടുപിന്നാലെ തന്നെ ബുക്കിംഗും ഔപചാരികമായി ആരംഭിച്ചിരുന്നു. ഓണ്‍ലൈനായോ മാരുതിയുടെ നെക്‌സ ഡീലര്‍ഷിപ്പ് വഴിയോ 25000 രൂപ ടോക്കണ്‍ തുക നല്‍കി ജിംനി ഇപ്പോള്‍ ബുക്ക് ചെയ്യാവുന്നതാണ്.
103 bhp കരുത്തും 134 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിനാണ് മാരുതി സുസുക്കി ജിംനി 5-ഡോറിന് കരുത്തേകുന്നത്. 5-സ്പീഡ് മാനുവല്‍, 4-സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുകളുമായിട്ടാണ് എഞ്ചിന്‍ ജോടിയാക്കിയിരിക്കുന്നത്. മികച്ച ഓഫ്-റോഡ് കഴിവുകള്‍ക്കായി മാരുതിയുടെ ഓള്‍ഗ്രിപ്പ് പ്രോ 4X4 സിസ്റ്റവും ഇതില്‍ സജ്ജീകരിച്ചിരിക്കുന്നു.
ഫീച്ചറുകളാല്‍ സമ്പന്നമായ ജിംനി മാരുതിയുടെ ജിപ്‌സിയുടെ പകരക്കാരനെ തേടുന്നവര്‍ക്ക് അനുയോജ്യമായ ചോയ്‌സ് ആയിരിക്കും. അടുത്ത മാസം രണ്ടാം വാരത്തില്‍ മാരുതി ജിംനി 5 ഡോര്‍ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 9 ലക്ഷം മുതല്‍ 15 ലക്ഷം രൂപ വരെയാണ് മാരുതി ജിംനിക്ക് വില പ്രതീക്ഷിക്കുന്നത്.


Click it and Unblock the Notifications