Maruti Jimny അപരൻ! ചൈനീസ് കോപ്പിയടിയുടെ പുതിയ ഇരയായി ലൈഫ്‌സ്റ്റൈൽ 4x4 എസ്‌യുവി
വാഹന ലോകത്ത് കൊപ്പിയടിക്ക് കുപ്രസിദ്ധരാണ് ചൈനീസ് വിപണി എന്നത് നമുക്ക് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. പല ഐക്കൊണിക് വമ്പൻ മോഡലുകൾ തുടങ്ങി ജനപ്രിയ ചെറു കാറുകളുടെ വരെ അതേ രൂപസാദൃശ്യത്തിൽ മോഡലുകൾ പുറത്തിറക്കുന്നതിൽ ഇവർ മുൻപന്തിയിലാണ്.
നാളിതുവരെ ചൈനീസ് നിർമ്മാതാക്കൾ വിദേശ വിപണികളിലെ നിരവധി കാർ, മോട്ടോർസൈക്കിൾ ഡിസൈനുകളിൽ നിന്ന് ശക്തമായ പ്രചോദനം ഉൾക്കൊണ്ട് ഒട്ടനവധി മോഡലുകൾ പുറത്തിറക്കിയിരുന്നു. അടുത്തതായി ഈ നിരയിൽ സ്ഥാനം പിടിക്കുന്നത് ഇന്ത്യൻ വിപണിയിലേക്ക് ചുവടു വെയ്ക്കാൻ ഒരുങ്ങിയിരിക്കുന്ന മാരുതി സുസുക്കി ജിംനിയാണ്. ഫെബ്രുവരിയിൽ, ഒരു ചൈനീസ് ഓട്ടോമൊബൈൽ നിർമ്മാതാക്കൾ സുസുക്കി ജിംനിയുടെ രൂപകൽപ്പന എങ്ങനെ പകർത്തി എന്നതിനെക്കുറിച്ച് റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു.

ഇപ്പോൾ കാർ അതിന്റെ ഔദ്യോഗിക അരങ്ങേറ്റം 2023 ഷാങ്ഹായ് ഓട്ടോ ഷോ നടത്തും എന്നതു വ്യക്തമാണ്. അടുത്തിടെ ഡൽഹിയിൽ നടന്ന 2023 ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിച്ചുന്ന ജിംനിയുടെ അടിയിൽ വരെ കയറി ചിത്രങ്ങൾ പകർത്താൻ ശ്രമിച്ച ഒരു വിദേശിയെ ഈ അവസരത്തിൽ ഞാൻ ഓർത്തു പോവുകയാണ്. അദ്ദേഹത്തിന് ഇതുമായി പങ്കുണ്ടോ എന്നൊന്നും എനിക്ക് വ്യക്തമല്ല, എന്നാലും എവിടെയോ ഒരു ഇത്.
അതെല്ലാം പോട്ടെ, ഔദ്യോഗിക അൺവേലിംഗിന് മുന്നോടിയായി, വരാനിരിക്കുന്ന കാറിന്റെ ചിത്രങ്ങൾ വെബ്ബിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. ഇതിനകം തന്നെ അന്താരാഷ്ട്ര വിപണിയിൽ വിൽപ്പനയിലുള്ള സുസുക്കി ജിംനി ത്രീ-ഡോറിന്റെയും ഫോർഡ് ബ്രോങ്കോയുടെയും രൂപകൽപ്പനയോട് വാഹനത്തിനുള്ള സാമ്യം ഇവ വ്യക്തമാക്കുന്നു. കോപ്പിക്യാറ്റിനെ കുറിച്ച് റിപ്പോർട്ടുകളും മറ്റും പുറത്തു വന്നിരുന്നെങ്കിലും ഇതാദ്യമായാണ് കാർ യാതൊരു മറയുമില്ലാതെ ക്യാമറയിൽ പെടുന്നത്.

SIAC -ന്റെ ഉടമസ്ഥതയിലുള്ള ബോജൂണാണ്, വൻതോതിൽ ജിംനിയോടു സാമ്യമുള്ള ബോജൂൺ യെപ്പ് എന്ന ഈ വാഹനം നിർമ്മിച്ചിരിക്കുന്നത്. എന്നിരുന്നാലും, ജിംനിയുമായി താരതമ്യപ്പെടുത്തുമ്പോൾ പവർട്രെയിനിന്റെ കാര്യത്തിൽ കാര്യമായ വ്യത്യാസമുണ്ട്. ഇന്റേണൽ കംബസ്‌ഷൻ എഞ്ചിൻ (ICE) ഇല്ലാത്ത ഒരു ഓൾ-ഇലക്‌ട്രിക് വാഹനമാണ് ബോജൂൺ യെപ് എന്നത് ശ്രദ്ധേയമാണ്.
ഫുൾ ചാർജിൽ 303 കിലോമീറ്റർ ഡ്രൈവിംഗ് റേഞ്ചാണ് വാഹനം അവകാശപ്പെടുന്നത്, എന്നാൽ കാറിന്റെ സാങ്കേതിക സവിശേഷതകൾ ഇതുവരെ വെബ്‌സൈറ്റുകളിൽ പോലും ലഭ്യമാക്കിയിട്ടില്ല. ബോജൂൺ യെപ്പിന് 3,381 mm നീളവും 1,685 mm വീതിയും 1,721 mm ഉയരവും മാത്രമാണുള്ളത്. അതോടൊപ്പം 2,110 mm വീൽബേസും 1,006 കിലോഗ്രാം ഭാരവുമുണ്ട്.

പിന്നിൽ ഘടിപ്പിച്ചിരിക്കുന്ന ഒരൊറ്റ ഇലക്ട്രിക് മോട്ടോറിൽ നിന്ന് ഇവി പരമാവധി 68 PS പവറും 140 Nm പീക്ക് torque ഉം പുറപ്പെടുവിക്കും. ലിഥിയം അയൺ ഫോസ്ഫേറ്റ് ബാറ്ററിയാണ് കാറിൽ നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നത്. SAIC, ജനറൽ മോട്ടോർസ്, വൂളിംഗ് എന്നീ നിർമ്മാതാക്കൾ ചേർന്നാണ് വാഹനം വികസിപ്പിച്ചിരിക്കുന്നത് എന്നതാണ് മറ്റൊരു ശ്രദ്ധേയമായ ഘടകം.
ഹെക്ടർ, ഗ്ലോസ്റ്റർ, ആസ്റ്റർ, ZS ഇവി തുടങ്ങിയ കാറുകൾ വിൽക്കുന്ന എംജി മോട്ടോർസിന്റെ മാതൃ കമ്പനിയാണ് SAIC. കോമറ്റ് എന്ന പേരിൽ അറിയപ്പെടുന്ന പുതിയ കുഞ്ഞൻ ഇലക്ട്രിക് കാർ ഇന്ത്യൻ വിപണിയിൽ കൊണ്ടുവരാനും എംജി ഇന്ത്യ പദ്ധതിയിടുന്നുണ്ട്. എന്നാൽ ഇതിന്റെ അവതരണം എപ്പോൾ ഉണ്ടാവും എന്നതിനെക്കുറിച്ച് ഔദ്യോഗിക വിശദ്ധീകരണങ്ങളൊന്നും എംജി ഇന്ത്യ നൽകിയിട്ടില്ല.
രാജ്യത്തിന്റെ നിയമപരമായ അതിരുകൾക്കുള്ളിൽ ജനപ്രിയ കാറുകളുടെ കോപ്പിയടിച്ച പതിപ്പുകൾ അവതരിപ്പിക്കുന്നതിൽ ചൈനീസ് നിർമ്മാതാക്കൾ കുപ്രസിദ്ധരാണ്, ഇവ മിക്കവാറും ആഭ്യന്തര വിപണിയിൽ മാത്രമാണ് വിൽക്കുന്നതും. എന്നാൽ ചില നിർമ്മാതാക്കൾ ഇത്തരം കോപ്പികളുടെ പേരിൽ കോടതിയിൽ കേസുകൾ ഫയൽ ചെയ്തിട്ടുണ്ടെങ്കിലും, ചൈന ഓട്ടോമൊബൈൽ വിപണിയിൽ ആധിപത്യം തുടരുന്നു.


Click it and Unblock the Notifications