കാൽ ലക്ഷത്തിനടുത്ത് ബുക്കിംഗ്; ജനഹൃദയങ്ങൾ കീഴടക്കി മാരുതി ജിംനി
2023 ഓട്ടോ എക്‌സ്‌പോയിൽ മാരുതി സുസുക്കി തങ്ങളുടെ ന്യൂ ജെൻ എസ്‌യുവികളെ അവതരിപ്പിച്ചിരുന്നു. നിർമ്മാതാക്കൾ എക്സ്പോ വേദിയിൽ വെളിപ്പെടുത്തിയ ഫൈവ് ഡോർ ജിംനി ലൈഫ്‌സ്‌റ്റൈൽ എസ്‌യുവിയും ഫ്രോങ്ക്സ് ക്രോസ്ഓവറും അന്ന് തന്നെ ജനങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
കൂടാതെ 2023 ഓട്ടോ എക്സ്പോയുടെ രണ്ടാം ദിനമായ ജനുവരി 12-ന് തന്നെ പുതിയ എസ്‌യുവികൾക്കായുള്ള ബുക്കിംഗും നിർമ്മാതാക്കൾ ആരംഭിച്ചു. ഇരു എസ്‌യുവികളും ഇന്തോ ജാപ്പനീസ് ബ്രാൻഡിന്റെ പ്രീമിയം നെക്‌സ ഡീലർഷിപ്പുകൾ വഴിയാണ് വിൽപ്പനയ്ക്ക് എത്തുന്നത്. ഫ്രോങ്ക്സ് ക്രോസ്ഓവർ, ജിംനി എസ്‌യുവി എന്നിവ യഥാക്രമം 11,000 രൂപയും 25,000 രൂപയും നൽകി ഓൺലൈനിലോ അംഗീകൃത ഡീലർഷിപ്പുകളിലോ ബുക്ക് ചെയ്യാനാവും.

ഫൈവ് ഡോർ ജിംനി ലൈഫ്‌സ്‌റ്റൈൽ എസ്‌യുവിക്ക് 23,500 -ലധികം ബുക്കിംഗുകൾ ലഭിച്ചതായി മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന്റെ മാർക്കറ്റിംഗ് & സെയിൽസ് സീനിയർ എക്‌സിക്യൂട്ടീവ് ഓഫീസർ ശശാങ്ക് ശ്രീവാസ്തവ മാധ്യമങ്ങളോട് പറഞ്ഞു. മറുവശത്ത്, മാരുതി സുസുക്കി ഫ്രോങ്കസ് ഏകദേശം 15,500 ബുക്കിംഗുകൾ കൈവരിച്ചു. ഫ്രോങ്ക്സ് ക്രോസ്ഓവർ 2023 ഏപ്രിൽ ആദ്യ പകുതിയിൽ വിൽപ്പനയ്‌ക്കെത്തും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്, ജിംനി ലൈഫ്‌സ്‌റ്റൈൽ എസ്‌യുവി 2023 മെയ് അല്ലെങ്കിൽ ജൂൺ മാസത്തോടെ വിൽപ്പനയ്‌ക്കെത്തിയേക്കാം.
മാരുതി ജിംനി
വളരെ റഗ്ഗഡായ ലാഡർ-ഓൺ-ഫ്രെയിം ഷാസിയിൽ ഒരുക്കിയിരിക്കുന്ന, ഫൈവ് ഡോർ ജിംനി ലൈഫ്‌സ്‌റ്റൈൽ എസ്‌യുവി വിപണിയിൽ മഹീന്ദ്ര ഥാറിനും ഫോഴ്‌സ് ഗൂർഖയ്ക്കും എതിരായി മത്സരിക്കും. ഐഡിൾ സ്റ്റാർട്ട്/ സ്റ്റോപ്പ് സംവിധാനമുള്ള 1.5 ലിറ്റർ K15B നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാണ് വാഹനത്തിന് കരുത്തേകുന്നത്.

ഈ പവർട്രെയിൻ 105 PS മാക്സ് പവറും 137 Nm പീക്ക് torque ഉം ഉത്പാദിപ്പിക്കുന്നു. എഞ്ചിൻ യൂണിറ്റ് അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ നാല് സ്പീഡ് torque കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്സുമായി കണക്ട് ചെയ്തിരിക്കുന്നു. മാനുവൽ ട്രാൻസ്ഫർ കെയിസും ലോ റേഞ്ച് ഗിയർബോക്‌സും സ്റ്റാൻഡേർഡായി വാഗ്ദാനം ചെയ്യുന്ന സുസുക്കിയുടെ ഓൾഗ്രിപ്പ് പ്രോ 4WD സിസ്റ്റം എസ്‌യുവിയിലുണ്ട്. ജിംനിക്ക് 36 ഡിഗ്രീ അപ്രോച്ച് ആംഗിളും 50 ഡിഗ്രീ ഡിപ്പാർച്ചർ ആംഗിളും 24 ഡിഗ്രീ ബ്രേക്ക് ഓവർ ആംഗിളും ലഭിക്കുന്നു.
എസ്‌യുവിക്ക് 210 mm ഗ്രൗണ്ട് ക്ലിയറൻസുണ്ട് അതോടൊപ്പം 208 ലിറ്റർ ബൂട്ട് സ്പേസും വാഗ്ദാനം ചെയ്യുന്നു. എസ്‌യുവി സീറ്റ, ആൽഫ എന്നിങ്ങനെ രണ്ട് വേരിയന്റുകളിൽ ലഭ്യമാകും. സേഫ്റ്റിയ്ക്കും സെക്ക്യൂരിറ്റിക്കും വേണ്ടി, പുതിയ ഫൈവ് ഡോർ സുസുക്കി ജിംനിയിൽ ആറ് എയർബാഗുകൾ, ABS + EBD, ഹിൽ ഹോൾഡ് അസിസ്റ്റ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP), ബ്രേക്ക് അസിസ്റ്റ്, റിയർവ്യൂ ക്യാമറ എന്നിവ സ്റ്റാൻഡേർഡായി ലഭിക്കുന്നു.

സുസുക്കി ഫ്രോങ്ക്സ്
അടിസ്ഥാനപരമായി ബലേനോ ഹാച്ച്ബാക്കിന്റെ ക്രോസ്ഓവർ പതിപ്പാണ് പുതിയ ഫ്രോങ്ക്സ് ക്രോസ്ഓവർ എന്ന് പറയാം. 1.0 ലിറ്റർ ത്രീ സിലിണ്ടർ ടർബോ പെട്രോൾ, 1.2 ലിറ്റർ ഫോർ സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് (NA) പെട്രോൾ എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകളോടെയാണ് വാഹനം വിൽപ്പനയ്ക്ക് എത്തുന്നത്.
1.0 ലിറ്റർ യൂണിറ്റ് 100 bhp മാക്സ് പവറും 147.6 Nm പീക്ക് torque ഉം പുറപ്പെടുവിക്കുമ്പോൾ, 1.2 ലിറ്റർ NA എൻജിൻ 90 bhp പവറും 113 Nm torque ഉം ഉത്പാദിപ്പിക്കുന്നു. ട്രാൻസ്മിഷൻ ചോയിസുകളിൽ സ്റ്റാൻഡേർഡായി അഞ്ച് സ്പീഡ് മാനുവൽ യൂണിറ്റ് ഉൾപ്പെടുന്നു, നാച്ചുറലി ആസ്പിറേറ്റഡ് (NA) യൂണിറ്റുള്ള അഞ്ച് സ്പീഡ് AMT, ടർബോ പെട്രോൾ എഞ്ചിനൊപ്പം ആറ് സ്പീഡ് torque കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്സ് മാരുതി വാഗ്ദാനം ചെയ്യുന്നു.
എസ്‌യുവിക്ക് ആറ് എയർബാഗുകൾ, വെഹിക്കിൾ സ്റ്റെബിലിറ്റി കൺട്രോൾ (VSC), ABS+EBD, 360 ഡിഗ്രി ക്യാമറ, റിയർ പാർക്കിംഗ് സെൻസറുകൾ എന്നിവ സേഫ്റ്റി ഫീച്ചറുകളിലുണ്ട്. ഫീച്ചറുകളുടെ കാര്യത്തിൽ, ക്രോസ്ഓവർ എസ്‌യുവി വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ സംവിധാനമുള്ള 9.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സ്‌ക്രീൻ, ആർക്മെയ്സ് സൗണ്ട് സിസ്റ്റം, വയർലെസ് ഫോൺ ചാർജർ, ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേ അല്ലെങ്കിൽ HUD, കണക്റ്റഡ് കാർ ടെക്, കീലെസ് എൻട്രി, ഓട്ടോമാറ്റിക് എസി, റിയർ എസി വെന്റുകൾ, പുഷ്-ബട്ടൺ സ്റ്റാർട്ട്, ക്രൂയിസ് കൺട്രോൾ എന്നിവയുമായി വരുന്നു.


Click it and Unblock the Notifications








