കാത്തിരിപ്പിന് വിരാമമിട്ട് അവര്‍ എത്തുന്നു; ഓട്ടോ എക്സ്പോ 2023-ല്‍ അവതരിപ്പിക്കുന്ന 5 കിടിലന്‍ എസ്‌യുവികള്‍
ഇന്ത്യയിലെ ഏറ്റവും വലിയ ഓട്ടോമൊബൈല്‍ ഇവന്റുകളില്‍ ഒന്നായ ഓട്ടോ എക്സ്പോ 2023 ഇങ്ങെത്തി കഴിഞ്ഞു. ഇന്ത്യന്‍ വാഹന വിപണിയിലെ വമ്പന്‍മാരാണ് ഈ മേളക്ക് ആതിഥേയത്വം വഹിക്കുന്നത്. ഓട്ടോ എക്സ്പോ 2023-ല്‍ പങ്കെടുക്കുന്നവരെല്ലാം നല്ല പൊളി വാഹനങ്ങള്‍ കൊണ്ടുവന്ന് പൊതുജന ശ്രദ്ധ പിടിച്ചുപറ്റാന്‍ പരമാവധി ശ്രമിക്കും.

ഇന്ത്യയില്‍ ഇന്ന് ഹാച്ച്ബാക്ക്, സെഡാന്‍ എന്നിവയേക്കാള്‍ സ്‌പോര്‍ട് യൂടിലിറ്റി വെഹിക്കിളുകള്‍ക്ക് പ്രചാരമേറുന്ന കാഴ്ചയാണ്. വരാനിരിക്കുന്ന ഓട്ടോ എക്സ്പോ 2023-ല്‍ കൂടുതല്‍ ശ്രദ്ധ നേടുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു ചില മോഡലുകളെ പരിചയപ്പെടുത്തുകയാണ് ഈ ലേഖനത്തില്‍.

മാരുതി സുസുക്കി ജിംനി 5-ഡോര്‍
ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ കാത്തിരിക്കുന്ന എസ്‌യുവികളിലൊന്നാണ് മാരുതി സുസുക്കി ജിംനി. ഇന്‍ഡോ-ജാപ്പനീസ് വാഹന നിര്‍മ്മാതാവ് വരാനിരിക്കുന്ന ഓട്ടോ എക്സ്പോ 2023-ല്‍ അതിന്റെ പങ്കാളിത്തം സ്ഥിരീകരിച്ചതിനാല്‍, ചടങ്ങില്‍ മാരുതി സുസുക്കി ജിംനി 5-ഡോര്‍ എസ്‌യുവി കമ്പനി ഔദ്യോഗികമായി അവതരിപ്പിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. ഇതോടൊപ്പം ഇവന്റില്‍ മാരുതി സുസുക്കി മറ്റ് ചില ഉല്‍പ്പന്നങ്ങള്‍ കൂടി വെളിപ്പെടുത്തുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. അതില്‍ മാരുതി സുസുക്കിയുടെ ആദ്യ ഇലക്ട്രിക് കാറിന്റെ കണ്‍സെപ്റ്റ് പതിപ്പും ഉണ്ടാകാന്‍ സാധ്യതയുണ്ട്.

ടാറ്റ ഹാരിയര്‍ ഫെയ്സ്ലിഫ്റ്റ് / സഫാരി ഫെയ്സ്ലിഫ്റ്റ്
ടാറ്റ ഹാരിയര്‍, സഫാരി എസ്‌യുവികളുടെ വരാനിരിക്കുന്ന ഫെയ്സ്ലിഫ്റ്റ് പതിപ്പ് രാജ്യത്ത് ഏറ്റവുമധികം കാത്തിരിക്കുന്ന എസ്‌യുവികളില്‍ ഒന്നാണ്. കൂടാതെ രണ്ട് മോഡലുകളും രാജ്യത്തെ നിരത്തുകളില്‍ പരീക്ഷണയോട്ടം നടത്തുന്ന ചിത്രങ്ങള്‍ പുറത്ത് വന്നിരുന്നു.

അതുപോലെ, മുഖം മിനുക്കി എത്തുന്ന ഈ രണ്ട് എസ്‌യുവികളെയും കാണാന്‍ പലരും ആകാംക്ഷയിലാണ്. എസ്‌യുവി സെഗ്‌മെന്റില്‍ മഹീന്ദ്ര XUV700-നോട് മുട്ടിനില്‍ക്കാന്‍ ADAS ഫീച്ചര്‍ ഉള്‍ക്കൊള്ളിച്ചാകും ടാറ്റ മോഡലുകളെ കളത്തിലിറക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

ടൊയോട്ട ലാന്‍ഡ് ക്രൂയിസര്‍ LC300
2023 ഓട്ടോ എക്സ്പോയില്‍ ടൊയോട്ട പുതിയ ലാന്‍ഡ് ക്രൂയിസര്‍ LC300 പ്രദര്‍ശിപ്പിക്കും. ടൊയോട്ടയുടെ ഈ ഭീമന്‍ എസ്‌യുവി രാജ്യത്ത് ഏറ്റവും കൂടുതല്‍ കാത്തിരിക്കുന്ന മോഡലുകളിലൊന്നാണ്. കൂടാതെ, ടൊയോട്ട ലാന്‍ഡ് ക്രൂയിസര്‍ LC300 ടൊയോട്ട പവലിയനില്‍ ഏറ്റവും കൂടുതല്‍ ആളുകളെ ആകര്‍ഷിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.

ഹ്യുണ്ടായി ക്രെറ്റ
ക്രെറ്റ എസ്‌യുവിയുടെ അപ്ഡേറ്റ് ചെയ്ത പതിപ്പ് വരാനിരിക്കുന്ന ഓട്ടോ എക്സ്പോ 2023-ല്‍ പ്രദര്‍ശിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കൂടാതെ ക്രെറ്റ എസ്‌യുവിയുടെ ഫെയ്സ്ലിഫ്റ്റ് ആവര്‍ത്തനം ലെവല്‍ 2 ADAS ഉള്‍പ്പെടെ നിരവധി ഫീച്ചറുകളാല്‍ സമ്പന്നമായിരിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. ഈ എസ്‌യുവി ഓട്ടോ എക്‌സ്‌പോ നഗരിയില്‍ വന്‍ ജനക്കൂട്ടത്തെ ആകര്‍ഷിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.

BYD അറ്റോ 3
BYD ഇന്ത്യന്‍ ഇവി സ്പെയ്സിലെ ഏറ്റവും പുതിയ അംഗം ആണെങ്കിലും, 2023 ഓട്ടോ എക്സ്പോയില്‍ വാഹനപ്രേമികള്‍ക്കായി അറ്റോ 3 ഇലക്ട്രിക് എസ്‌യുവി പ്രദര്‍ശിപ്പിക്കാന്‍ ചൈനീസ് വാഹന നിര്‍മ്മാതാവ് കാത്തിരിക്കുകയാണ്. കൂടാതെ, ഈ ഇലക്ട്രിക് എസ്‌യുവി മികച്ച പവര്‍ട്രെയിന്‍ സജ്ജീകരണത്തിനൊപ്പം നിരവധി സവിശേഷതകളും നിറഞ്ഞതാണ്. ഇതോടൊപ്പം തന്നെ സീല്‍ ഇലക്ട്രിക് സെഡാനും BYD ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിക്കും.

ലോകമെമ്പാടുമുള്ള നിരവധി വാഹന നിര്‍മ്മാതാക്കള്‍ അവരുടെ വരാനിരിക്കുന്ന ഉല്‍പ്പന്നങ്ങളും അവരുടെ സമീപകാലത്ത് വികസിപ്പിച്ചെടുത്ത പുത്തന്‍ ടെക്‌നോളജിയും വെളിപ്പെടുത്തുന്നതിനാല്‍ വരാനിരിക്കുന്ന ഓട്ടോ എക്സ്പോ 2023 ഒരു ആവേശകരമായ സംഭവമായിരിക്കും. കൂടാതെ, വിവിധ നിര്‍മ്മാതാക്കളില്‍ നിന്ന് ഇന്ത്യയില്‍ വരാനിരിക്കുന്ന നിരവധി കാറുകള്‍ പ്രദര്‍ശിപ്പിക്കുകയും ധാരാളം സന്ദര്‍ശകരെ ആകര്‍ഷിക്കുകയും ചെയ്യുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.

ഇന്ത്യയില്‍ 2020-ലാണ് അവസാനമായി ഓട്ടോ എക്‌സ്‌പോ അരങ്ങേറിയത്. രണ്ട് വര്‍ഷത്തിലൊരിക്കല്‍ സംഘടിപ്പിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ മോട്ടോര്‍ ഷോയുടെ 2022 എഡിഷന്‍ കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗത്തെ തുടര്‍ന്നാണ് റദ്ദാക്കിയത്. മൂന്ന് വര്‍ഷത്തിന് ശേഷം എത്തുന്ന ഓട്ടോ എക്സ്പോ 2023 ജനുവരി 13 മുതല്‍ 18 വരെ നോയിഡയിലെ ഇന്ത്യ എക്‌സ്‌പോ മാര്‍ട്ടില്‍ വെച്ച് നടക്കും.

ജനുവരി 14 നും 15 നും രാവിലെ 11 നും രാത്രി 8 നും ഇടയില്‍ പൊതുജനങ്ങള്‍ക്ക് ഓട്ടോ എക്സ്പോ വേദി സന്ദര്‍ശിക്കാം. ജനുവരി 16, 17 തീയതികളില്‍ ക്ലോസിംഗ് സമയം വൈകീട്ട് 7 മണി വരെ പരിമിതപ്പെടുത്തിയിരിക്കുന്നു. അവസാന ദിവസം എക്സ്പോയിലെ സന്ദര്‍ശിക്കാനുള്ള സമയം വീണ്ടും കുറയും. 1 മണിക്കൂര്‍ കൂടി കുറഞ്ഞ് ക്ലോസിംഗ് സമയം വൈകുന്നേരം 6 മണിക്കായിരിക്കും. പ്രദര്‍ശന സ്റ്റാളുകള്‍ അതാത് ക്ലോസിംഗ് സമയത്തിന് 30 മിനിറ്റ് മുമ്പ് അടച്ചിടുമെന്നതും ശ്രദ്ധിക്കേണ്ടതാണ്. ഓട്ടോ എക്സ്പോയുടെ ടിക്കറ്റുകള്‍ ഇപ്പോള്‍ ബുക്ക് മൈ ഷോയില്‍ ലഭ്യമാണ്.


Click it and Unblock the Notifications








