സ്വല്പ്പം റേറ്റ് കൂടുതലാ! ജിംനി vs ഥാർ -വിലകൾ തമ്മിൽ ഒന്നു മാറ്റുരയ്ക്കാം
ഇന്ത്യയിൽ തങ്ങളുടെ എസ്‌യുവി വിഭാഗം ശക്തമാക്കാനും ഓഫ്-റോഡ് സെഗ്മെന്റിൽ കാര്യമായ ഒരു വിഹിതം കൈയ്യടക്കാനുമായി മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് (MSIL) അടുത്തിടെയാണ് രാജ്യം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ജിംനിയെ പുറത്തിറക്കിയത്. 12.74 ലക്ഷം രൂപ എക്സ്-ഷോറൂം വിലയ്ക്കാണ് ലൈഫ്‌സ്റ്റൈൽ ഓഫ്-റോഡ് എസ്‌യുവി ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തുന്നത്.
ഇപ്പോൾ ഈ സെഗ്‌മെന്റ് ഭരിക്കുന്ന മഹീന്ദ്ര ഥാറിനെ ലക്ഷ്യം വെച്ചാണ് ഏറ്റവും പുതിയ മാരുതി സുസുക്കി ജിംനി ഫൈവ് ഡോർ 4WD എസ്‌യുവി വരുന്നത്. അതിനാൽ, നമുക്ക് മാരുതി സുസുക്കി ജിംനിയുടെയും മഹീന്ദ്ര ഥാറിന്റെയും വിലകൾ ഒന്നു താരതമ്യം ചെയ്ത് നോക്കാം.

മഹീന്ദ്ര ഥാർ എസ്‌യുവിയുടെ വില 10.55 ലക്ഷം രൂപ മുതലാണ് ആരംഭിക്കുന്നത്. ഇത് ജിംനിയുടെ പ്രാരംഭ വിലയേക്കാൾ വളരെ കുറവാണ്, കൃത്യമായി പറഞ്ഞാൽ 2.19 ലക്ഷം രൂപയുടെ വ്യത്യാസമുണ്ട്. എന്നാൽ ഈ ആകർഷകമായ വിലയിൽ ഉപഭോക്താക്കൾക്ക് ഥാരിന്റെ RWD പതിപ്പ് മാത്രമേ ലഭിക്കൂ എന്നത് ശ്രദ്ധിക്കണം, അതേസമയം ജിംനിക്ക് ബേസ് മോഡൽ മുതൽ തന്നെ 4X4 സംവിധാനം ലഭിക്കുന്നു.
| Jimny Petrol | Price | Thar Petrol 4x4 | Price |
| Zeta MT | ₹12.74 Lakh | AX (O) MT Convert Top | ₹13.87 Lakh |
| Alpha MT | ₹13.69 Lakh | LX MT Hard Top | ₹14.56 Lakh |
| Zeta AT | ₹13.94 Lakh | LX AT Convert Top | ₹16.02 Lakh |
| Alpha AT | ₹14.89 Lakh | LX AT Hard Top | ₹16.10 Lakh |
| Alpha MT/AT Dual Tone | ₹13.85 Lakh / ₹15.05 Lakh | - |
എന്നിരുന്നാലും, ഥാർ RWD -യുടെ ഏറ്റവും ചെലവേറിയ വേരിയന്റ് അതായത് LX 2.0 പെട്രോൾ ഓട്ടോമാറ്റിക് പതിപ്പിന് 13.50 ലക്ഷം രൂപയാണ് എക്സ്-ഷോറൂം വില, ഇത് ജിംനി 4WD ആരംഭ ശ്രേണിയുടെ എക്സ്-ഷോറൂം വിലയായ 12.74 ലക്ഷത്തേക്കാൾ കൂടുതലാണ്. അതോടൊപ്പം ഏകദേശം ഇതേ വിലയ്ക്ക് ജിംനിയുടെ ടോപ്പ് സ്പെക്ക് ആൽഫ മാനുവൽ 4WD വേരിയന്റ് ലഭിക്കും എന്നതാണ് രസകരം.

ജിംനി ലൈനപ്പിന്റെ ടോപ്പ്-ഓഫ്-ദി-ലൈൻ ഫുള്ളി ലോഡഡ് വേരിയന്റ് ആൽഫ ഓട്ടോമാറ്റിക് 1.5 പെട്രോൾ 4WD ഡ്യുവൽ ടോൺ പതിപ്പ് 15.05 ലക്ഷം രൂപ എക്സ്-ഷോറൂം വിലയ്ക്ക് എത്തുന്നു. ഏതാണ്ട് സമാനമായ വിലയ്ക്ക്, ഥാർ എസ്‌യുവിയുടെ LX 2.0 മാനുവൽ 4WD ഹാർഡ് ടോപ്പ് പതിപ്പ് മാത്രമാണ് വാഗ്ദാനം ചെയ്യുന്നത്. മഹീന്ദ്ര ഥാറിന്റെ എക്സ്-ഷോറൂം വില ടോപ്പ് സ്പെക്ക് ഡീസൽ ഓട്ടോമാറ്റിക് 4WD വേരിയന്റിന് 16.77 ലക്ഷം രൂപ വരെ ഉയരുന്നു.
| Jimny Petrol | Price | Thar Diesel 4x4 | Price |
| Zeta MT | ₹12.74 Lakh | AX (O) MT Convert Top | ₹14.44 Lakh |
| Alpha MT | ₹13.69 Lakh | AX (O) MT Hard Top | ₹14.49 Lakh |
| Zeta AT | ₹13.94 Lakh | LX MT Convert Top | ₹15.26 Lakh |
| Alpha AT | ₹14.89 Lakh | LX MT Hard Top | ₹15.35 Lakh |
| Alpha MT/AT Dual Tone | ₹13.85 Lakh / ₹15.05 Lakh | LX AT Convert Top | ₹16.68 Lakh |
| LX AT Hard Top | ₹16.78 Lakh |
മറുവശത്ത്, ജിംനിയുടെ ടോപ്പ്-സ്പെക്ക് വേരിയന്റിന് 1.72 ലക്ഷം രൂപ കുറവാണ്. ഇരു എസ്‌യുവികളുടെയും ടോപ്പ്-സ്പെക്ക് പെട്രോൾ പതിപ്പുകൾ താരതമ്യം ചെയ്താൽ, ഥാർ ഇപ്പോഴും ചെലവേറിയ ഒരു ഓപ്ഷനാണ്. ഥാറിന്റെ പെട്രോൾ എഞ്ചിനേക്കാൾ കരുത്ത് കുറഞ്ഞ പെട്രോൾ പവർട്രെയിൻ മാത്രമാണ് മാരുതി സുസുക്കി ജിംനിക്ക് ലഭിക്കുന്നത് എന്നത് ഒരു വസ്തുതയാണ്.

ഇതിനുപുറമെ, ഡീസൽ എഞ്ചിൻ ഓപ്ഷനുമായാണ് ഥാർ വരുന്നത് എന്നത് ഒരു മേൽക്കൈയ്യുമാണ്. കൂടാതെ ഥാറിന്റെ ഓട്ടോമാറ്റിക് ഗിയർബോക്‌സ് ജിംനിയിൽ ലഭിക്കുന്നതിനേക്കാൾ മികച്ചതാണ്. അതോടൊപ്പം, ഉപഭോക്താക്കൾക്ക് കൺവെർട്ടിബിൾ, ഹാർഡ്‌ടോപ്പ് റൂഫ് ഓപ്ഷനുകളിൽ നിന്ന് തെരഞ്ഞെടുക്കാനുള്ള ഓപ്ഷൻ ഥാർ വാഗ്ദാനം ചെയ്യുന്നു, ഇത് ജിംനിയുടെ കാര്യത്തിൽ ഇല്ല.
ഫീച്ചറുകളുടെ കാര്യത്തിൽ, മഹീന്ദ്ര ഥാർ ലൈഫ്‌സ്റ്റൈൽ എസ്‌യുവി ജിംനി ഓഫ്-റോഡറിനെ അപേക്ഷിച്ച് വള്ളപ്പാട് പിന്നിലാണ് എന്ന് നിസംശയം പറയാം. ഹെഡ്‌ലാമ്പ് വാഷർ പോലെ പല സെഗ്മെന്റ് ഫസ്റ്റ് ഫീച്ചറുകളും എക്യുപ്മെന്റുകളുമായിട്ടാണ് ജിംനി ഫൈവ് ഡോർ പതിപ്പിനെ മാരുതി സുസുക്കി വിപണിയിൽ എത്തിച്ചിരിക്കുന്നത്. കൂടാതെ സെഗ്മെന്റിലെ ഫൈവ് ഡോർ മോഡൽ എന്ന ഒരു മേൽക്കൈയ്യും ജിംനിയ്ക്കുണ്ട്.


Click it and Unblock the Notifications