വരുന്നത് ഒന്നും രണ്ടുമല്ല, 6 ഇവികള്‍; മാരുതിയുടെ പ്ലാന്‍ കണ്ട് ഞെട്ടി ടാറ്റയും മഹീന്ദ്രയും
ഇന്ധന വില മാറ്റമില്ലാതെ തുടരുമ്പോള്‍ നമ്മുടെ നിരത്തുകളില്‍ ഇലക്ട്രിക് വാഹനങ്ങളുടെ (Electric Vehicles) എണ്ണം കൂടി വരികയാണ്. ഒപ്പം മത്സരിക്കുന്നവരെല്ലാം ഇവി പോര്‍ട്‌ഫോളിയോ വികസിപ്പിക്കുമ്പോള്‍ മിഥുനം സിനിമയിലെ ഇന്നസെന്റിന്റെ ലുക്കില്‍ നില്‍ക്കുകയാണ് മാരുതി സുസുക്കി. വൈദ്യുതവല്‍ക്കരണണത്തെ കുറിച്ച് ഇന്തോ-ജാപ്പനീസ് ബ്രാന്‍ഡിന് കൃത്യമായ പ്ലാനുകളുണ്ട്.
മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് (MSIL) ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്ന 2022-23 സാമ്പത്തിക വര്‍ഷത്തേക്കുള്ള 'മാരുതി സുസുക്കി 3.0' വാര്‍ഷിക സംയോജിത റിപ്പോര്‍ട്ടില്‍ ഇവി റൂട്ട്മാപ്പിനെ കുറിച്ച് കൃത്യമായി പറയുന്നുണ്ട്. ഒരു വര്‍ഷത്തില്‍ ഏകദേശം 20,000 കാറുകള്‍ നിര്‍മിച്ചിരുന്ന നിലയില്‍ 2022-23 സാമ്പത്തിക വര്‍ഷത്തില്‍ പ്രതിവര്‍ഷം 2 ദശലക്ഷത്തോളം കാറുകള്‍ നിര്‍മ്മിക്കുന്ന ലെവലിലേക്ക് കമ്പനി വളര്‍ന്നിരിക്കുകയാണ്. ഇന്ന് ആഭ്യന്തര വിപണിയിലും ലോകമെമ്പാടുമുള്ള 100 രാജ്യങ്ങളിലുമായി 27 ദശലക്ഷത്തിലധികം ഹാപ്പി കസ്റ്റമേഴ്‌സാണ് കമ്പനിക്കുള്ളത്.

'പൊതു സംരംഭമായിരുന്ന കാലമായിരുന്നു ഞങ്ങളുടെ ആദ്യ ഘട്ടം. കോവിഡ് മഹാമാരിയോടെ രണ്ടാമത്തെ ഘട്ടം അവസാനിച്ചു. ഇന്ത്യന്‍ കാര്‍ വിപണി ലോകത്തിലെ മൂന്നാമത്തെ വലിയ വിപണിയായി. 2 ദശലക്ഷം യൂണിറ്റ് നിര്‍മാണ ശേഷി കൈവരിക്കാന്‍ 40 വര്‍ഷമെടുത്തു. ഗുജറാത്ത് പ്ലാന്റ് സ്ഥാപിച്ചുകൊണ്ട് സുസുക്കി പ്രക്രിയയില്‍ സഹായിച്ചു. 9 വര്‍ഷത്തിനുള്ളില്‍ കമ്പനിക്ക് അടുത്ത 2 ദശലക്ഷം കൂട്ടിച്ചേര്‍ക്കേണ്ടതുണ്ട്' മാരുതി സുസുക്കി 3.0 ബിസിനസ് പ്ലാനിനെ കുറിച്ച് MSIL ചെയര്‍മാന്‍ ആര്‍സി ഭാര്‍ഗവ പറഞ്ഞു.
രാജ്യത്തെ ഏറ്റവും വലിയ വാഹന നിര്‍മാതാക്കള്‍ കയറ്റുമതിയുടെ കാര്യത്തിലും മുന്നിലാണ്. കഴിഞ്ഞ വര്‍ഷം 2.59 ലക്ഷം യൂണിറ്റാണ് മാരുതി കപ്പല്‍ കയറ്റിവിട്ടത്. ഡിമാന്‍ഡ് വര്‍ധിക്കുന്നതിനാല്‍ 2030-31 സാമ്പത്തിക വര്‍ഷത്തോടെ കയറ്റുമതി 7.50 ലക്ഷം മുതല്‍ 8 ലക്ഷം യൂണിറ്റ് വരെയാകുമെന്നാണ് പ്രതീക്ഷ. പുതിയ മോഡലുകളും സാങ്കേതികവിദ്യകളും കൊണ്ടുവരുന്നതിനൊപ്പം കാര്‍ബണ്‍ പുറംതള്ളല്‍ കുറക്കാനും ഉല്‍പ്പാദന ശേഷി കൂട്ടാനുമാണ് മാരുതി സുസുക്കി 3.0 പദ്ധതി വഴി കമ്പനി ലക്ഷ്യമിടുന്നത്.

ഇക്കാലയളവില്‍ മാരുതി സുസുക്കിയില്‍ നിന്ന് ഒരുപിടി ഇലക്ട്രിക് വാഹനങ്ങള്‍ വിപണിയില്‍ എത്തും. 2030-31 സാമ്പത്തിക വര്‍ഷത്തോടെ 1.5 ദശലക്ഷത്തിലധികം ഇലക്ട്രിക് വാഹനങ്ങള്‍ പുറത്തിറക്കാനാണ് മാരുതി സുസുക്കി ലക്ഷ്യമിടുന്നത്. മാരുതി സുസുക്കി 3.0 പദ്ധതി അവസാനിക്കുമ്പോള്‍ മാരുതി സുസുക്കിയുടെ ആഭ്യന്തര വാഹന ശ്രേണിയിലെ മെത്തം മോഡലുകളുടെ എണ്ണം 28 ആക്കി ഉയര്‍ത്തും. ഈ വമ്പന്‍ പ്രൊജക്ടുകളിലൂടെ പ്രതിവര്‍ഷം നാല് ദശലക്ഷത്തിലധികം വാഹനങ്ങള്‍ നിര്‍മ്മിക്കാനാണ് മാരുതിയുടെ പ്ലാനുകള്‍.
ഇതില്‍ 60 ശതമാനം പരമ്പരാഗത ഇന്ധനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങള്‍ ആയിരിക്കും. 25 ശതമാനത്തോളം അതായത് ഒരു ദശലക്ഷം വാഹനങ്ങള്‍ ഹൈബ്രിഡ് ആയിരിക്കും. ബാറ്ററി ഇവികളുടെ സംഭാവന 15 മുതല്‍ 20 ശതമാനം വരെ ആയിരിക്കും. 2030-31 സാമ്പത്തിക വര്‍ഷത്തോടെ ആറ് പുതിയ ഇലക്ട്രിക് വാഹനങ്ങള്‍ മാരുതി കൊണ്ടു വരുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ മാരുതി സുസുക്കി 3.0 ബിസിനസ് പ്ലാനില്‍ ഇത് ആവര്‍ത്തിക്കുകയാണ് ചെയ്തിരിക്കുന്നത്.
ആസൂത്രണം ചെയ്ത 4 ദശലക്ഷം യൂണിറ്റുകളില്‍, 3.2 ദശലക്ഷം യൂണിറ്റുകള്‍ ആഭ്യന്തര വിപണിയില്‍ അനുവദിക്കും. ഇക്കാലയളവില്‍ മാരുതി സുസുക്കി നിര്‍മിക്കാന്‍ പോകുന്ന വാഹനങ്ങളില്‍ 40 ശതമാനവും ഇലക്ട്രിക് അല്ലെങ്കില്‍ ഹൈബ്രിഡ് മോഡലുകളാണ്. മാരുതി സുസുക്കിയുടെ ആദ്യ ഇലക്ട്രിക് കാറായ eVX കണ്‍സെപ്റ്റ് 2023 ഓട്ടോ എക്‌സപോയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.
ഈ കാര്‍ 2025-ല്‍ പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. eVX കണ്‍സെപ്റ്റിന്റെ പ്രൊഡക്ഷന്‍ പതിപ്പായിരിക്കും കമ്പനിയുടെ ആദ്യ ഇലക്ട്രിക് കാര്‍. യൂറോപ്പില്‍ കാര്‍ പരീക്ഷണയോട്ടം നടത്തുന്നതിന്റെ ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇന്ത്യക്ക് പുറമെ ജപ്പാന്‍, യൂറോപ്പ്യന്‍ വിപണികള്‍ പിടിച്ചടക്കുക ലക്ഷ്യമിട്ട് മാരുതി സുസുക്കി പുതിയ ഇവി പ്ലാറ്റ്‌ഫോമില്‍ കൂടുതല്‍ മോഡലുകള്‍ പണികഴിപ്പിക്കും.

ഇലക്ട്രിക്കിലേക്ക് അതിവേഗം ചുവടുമാറുന്നതിന് പകരം ഹൈബ്രിഡ്, ബദല്‍ ഇന്ധനങ്ങള്‍ എന്നിവയിലും മാരുതി സുസുക്കി ശ്രദ്ധ പതിപ്പിക്കുന്നുണ്ട്. വിപുലമായ സിഎന്‍ജി ശ്രേണിക്കൊപ്പം എഥനോള്‍, കംപ്രസ്ഡ് ബയോഗ്യാസ് തുടങ്ങിയ ബദല്‍ ഇന്ധനങ്ങളിലും ബ്രാന്‍ഡ് വലിയ നിക്ഷേപം നടത്തുന്നു. ഏതായാലും ഇന്ത്യന്‍ വിപണിയെ നന്നായി അറിയാവുന്ന മാരുതി സുസുക്കിയുടെ ഓരോ ചുവടും സസൂക്ഷ്മമാണ്. അത് ഫലം കാണുമെന്ന് തന്നെയാണ് അവരുടെ പ്രതീക്ഷ.


Click it and Unblock the Notifications








