ഒറ്റദിവസം നിരത്തിലിറക്കിയത് 222 ആള്‍ട്ടോ; എസ്‌യുവികള്‍ക്കൊപ്പം ചെറുകാറുകളെയും ചേര്‍ത്തുപിടിച്ച് മാരുതി
മാരുതി സുസുക്കിക്ക് കന്യാകുമാരി മുതല്‍ അങ്ങ് കശ്മീരില്‍ വരെ പിടിയുണ്ടെന്ന് നമുക്കറിയാം. മെഗാ ഡെലിവറി ഇവന്റുകള്‍ നടത്തി കാര്‍ കമ്പനികള്‍ തലക്കെട്ടുകള്‍ സൃഷ്ടിക്കുന്ന സമയമാണിത്. ഇപ്പോള്‍ മാരുതി കശ്മീരില്‍ നടത്തിയ ഡെലിവറി ഇവന്റാണ് ശ്രദ്ധിക്കപ്പെടുന്നത്.
പലപ്പോഴും കമ്പനികള്‍ ഏറ്റവും പുതുതായി ലോഞ്ച് ചെയ്ത വാഹനങ്ങളുടെ മെഗാ ഡെലിവറി ഇവന്റുകള്‍ നടത്തിയാണ് ശ്രദ്ധ കവരുന്നത്. എന്നാല്‍ മാരുതി ഇവിടെ ഗ്രാന്‍ഡ് ഡെലിവറി ഫെസ്റ്റിലൂടെ 222 പുതുപുത്തന്‍ ആള്‍ട്ടോ K10 ആണ് ഉപഭോക്താക്കള്‍ക്ക് വിതരണം ചെയ്തത്. ഇന്ത്യന്‍ വാഹന വിപണിയില്‍ മാരുതിയുടെ സ്വാധീനം അടിവരയിടുന്ന ശ്രദ്ധേയമായ ഒരു നേട്ടമാണിതെന്ന് പറയാം. ഗുണനിലവാരമുള്ള വാഹനങ്ങള്‍ വിതരണം ചെയ്യുന്നതിനും അസാധാരണമായ ഉപഭോക്തൃ സേവനത്തിനും ഉള്ള അവരുടെ പ്രതിബദ്ധത ഉയര്‍ത്തിക്കാട്ടുന്നതും കൂടിയാണീ പരിപാടി.

പ്രദേശത്തെ പ്രദേശിക ഡീലര്‍മാരുമായി സഹകരിച്ചാണ് മാരുതി സുസുക്കി ഈ പരിപാടി സംഘടിപ്പിച്ചത്. ഹൈലാന്‍ഡ് ഓട്ടോ, ജംകാഷ് വെഹിക്കിള്‍ ലീഡ്സ്, കശ്മീര്‍ പ്രൈവറ്റ് ലിമിറ്റഡ്, പീക്സ് ഓട്ടോ പ്രൈവറ്റ് ലിമിറ്റഡ് എന്നീ ഡീലര്‍മാര്‍ മുഖേനയാണ് കാര്‍ ഡെലിവറി ഇവന്റ് ആഘോഷിച്ചത്. ജമ്മു-കശ്മീരിലെ ബ്രാന്‍ഡിന് കീഴില്‍ 54 വര്‍ക്ക്‌ഷോപ്പുകളും 27 ബോഡി ഷോപ്പുകളും ഉള്‍പ്പെടുന്ന 60 സെയില്‍സ് ഔട്ട്ലെറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
മാരുതി സുസുക്കിയുടെ വിപുലമായ മോഡല്‍ നിരയില്‍ ഹാച്ച്ബാക്കുകള്‍, പ്രീമിയം ഹാച്ച്ബാക്കുകള്‍, സെഡാനുകള്‍, എസ്‌യുവികള്‍, എംയുവികള്‍ എന്നിവ ഉള്‍പ്പെടുന്നു. കഴിഞ്ഞ വര്‍ഷമാണ് മാരുതി ആള്‍ട്ടോ K10 വമ്പന്‍ പരിഷ്‌കാരങ്ങളോടെ വിപണിയില്‍ എത്തിയത്. ഈ വര്‍ഷം ഏപ്രിലില്‍ പുതിയ എമിഷന്‍ മാനദണ്ഡങ്ങള്‍ പ്രാബല്യത്തില്‍ വന്നതോടെ മാരുതി ആള്‍ട്ടോ 800 നിര്‍ത്തലാക്കിയിരുന്നു. അതോടെ ഇന്താ-ജാപ്പനീസ് വാഹന നിര്‍മാതാക്കളുടെ എന്‍ട്രി ലെവല്‍ മോഡലായി ആള്‍ട്ടോ K10 മാറി.

വില്‍പ്പന ആരംഭിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ ഈ ജനപ്രിയ കാര്‍ 1 ലക്ഷത്തിലധികം യൂണിറ്റ് വില്‍പ്പനയാണ് നേടിയെടുത്തത്. വിലകുറവാണെന്നത് മാത്രമല്ല പരിപാലനച്ചെലവും കുറവാണെന്ന വസ്തുത സാധാരണക്കാരെ ഈ മോഡലിലേക്ക് അടുപ്പിക്കുന്നു. മാത്രമല്ല നല്ല മൈലേജ് ലഭിക്കുന്നതിനാല്‍ കീശയും കീറില്ലെന്ന ഉറപ്പുമുണ്ട്. ഇക്കാരണങ്ങള്‍ കൊണ്ടാണ് രാജ്യത്തെ സാധാരണക്കാര്‍ ആള്‍ട്ടോ K10-നെ നെഞ്ചിലേറ്റിയത്.
അതേ സമയം, വില കുറവാണെങ്കിലും ഈ കാര്‍ ഫീച്ചറുകളുടെ കാര്യത്തില്‍ ഒട്ടും പിറകിലല്ല കേട്ടോ. മാരുതി സുസുക്കി ആള്‍ട്ടോ K10 മൊത്തം ആറ് വേരിയന്റുകളിലാണ് വാഗ്ദാനം ചെയ്യുന്നു. STD, LXI, VXI, VXI Plus, VXI AMT എന്നീ വേരിയന്റുകളില്‍ ഈ എന്‍ട്രി ലെവല്‍ ഹാച്ച്ബാക്ക് വാങ്ങാന്‍ സാധിക്കും. മാത്രമല്ല ഈ കാര്‍ ഒരു സിഎന്‍ജി ഓപ്ഷനിലും വാഗ്ദാനം ചെയ്യുന്നുണ്ട്. ഫീച്ചറുകളുടെ കാര്യത്തിലും ഈ കാറും മികച്ചതായി തോന്നുന്നു.
മിക്ക വേരിയന്റുകളിലും മാനുവല്‍ എയര്‍ കണ്ടീഷനിംഗും ഫ്രണ്ട് പവര്‍ വിന്‍ഡോകളും ഉണ്ട്. ചില വേരിയന്റുകള്‍ ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ പിന്തുണയുള്ള ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം വാഗ്ദാനം ചെയ്യുന്നു. ഇതോടൊപ്പം ഡ്യുവല്‍ എയര്‍ബാഗുകള്‍, ആന്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റം, ഇബിഡി എന്നിവയും സുരക്ഷാ ഫീച്ചറുകളും കാറില്‍ വരുന്നു. ഈ കാറില്‍ അഞ്ച് പേര്‍ക്ക് സുഖകരമായി യാത്ര ചെയ്യാം.
998 സിസി 3 സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് കാറിന് തുടിപ്പേകുന്നത്. 65.71 bhp പവര്‍ നല്‍കുന്ന ഈ എഞ്ചിന്‍ മാനുവല്‍, എജിഎസ് ഗിയര്‍ബോക്‌സ് ഓപ്ഷനുകളിലാണ് വാഗ്ദാനം ചെയ്യുന്നത്. ആള്‍ട്ടോ K10-ന്റെ പെട്രോള്‍ എംടി 24.39 കിലോമീറ്ററും പെട്രോള്‍ എജിഎസ് ഓപ്ഷന്‍ 24.90 കിലോമീറ്ററും സിഎന്‍ജി പരമാവധി 33.85 കിലോമീറ്ററുമാണ് മൈലേജ് വാഗ്ദാനം ചെയ്യുന്നത്.
സാധാരണക്കാരന്റെ ആഡംബര കാറായ ആള്‍ട്ടോ K10-ന്റെ പ്രാരംഭ വിലയും വളരെ കുറവാണ്. 3.99 ലക്ഷം രൂപ മുതലാണ് ഇതിന്റെ എക്സ് ഷോറൂം വില ആരംഭിക്കുന്നത്. ആള്‍ട്ടോ K10-ന്റെ ജനപ്രിയതക്ക് തെളിവും മാരുതിയില്‍ ഇന്നും ജനങ്ങള്‍ക്കുള്ള വിശ്വാസ്യതയും തെളിയിക്കുന്നതാണ് കശ്മീരില്‍ നടന്ന വമ്പന്‍ ഡെലിവറി ഇവന്റ്. ഉത്സവ സീസണ്‍ ആയതിനാല്‍ ഇത്തരം പരിപാടികള്‍ ഇനിയും അരങ്ങേറാന്‍ സാധ്യതയുണ്ട്.


Click it and Unblock the Notifications








