ഹാവൂ... വാഗണ്‍ആറിനേക്കാള്‍ മെച്ചം; ക്രാഷ് ടെസ്റ്റില്‍ നിലംതൊടാതെ ആള്‍ട്ടോ K10

2023-ലെ ഇന്ത്യയിലെ സുരക്ഷിതമായ കാര്‍ കണ്ടെത്താനുള്ള ഗ്ലോബല്‍ NCAP ക്യാമ്പയിനിന്റെ ആദ്യ റൗണ്ട് ഫലങ്ങള്‍ പുറത്തു വന്നപ്പോള്‍ മാരുതി സുസുക്കിയുടെ കാറുകള്‍ നിരാശപ്പെടുത്തി. പരിഷ്‌കരിച്ച ചട്ടപ്രകാരം നടത്തിയ ക്രാഷ് ടെസ്റ്റില്‍ മാരുതിയുടെ വാഗണ്‍ആറും ആള്‍ട്ടോ K-10 ഉം നിരാശപ്പെടുത്തി. പുതിയ മാരുതി ആള്‍ട്ടോ K10 ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റില്‍ 2-സ്റ്റാര്‍ സുരക്ഷാ റേറ്റിംഗും കുട്ടികളുടെ സേഫ്റ്റിയില്‍ 0 സ്റ്റാര്‍ റേറ്റിംഗുമാണ് സ്വന്തമാക്കിയത്.

അതേസമയം വാഗണ്‍ആറിന് മുതിര്‍ന്നവരുടെ സേഫ്റ്റിയില്‍ 1 സ്റ്റാറും കുട്ടികളുടെ സുരക്ഷയില്‍ 0 സ്റ്റാര്‍ റേറ്റിംഗുമാണ് ലഭിച്ചത്. ഗ്ലോബല്‍ NCAP ഈ വര്‍ഷം ആദ്യം നടത്തിയ ക്രാഷ് ടെസ്റ്റുകളില്‍ ഒന്നില്‍ മാരുതി മോഡലുകള്‍ക്കൊപ്പം ഫോക്സ്വാഗണ്‍ വെര്‍ട്ടിസ്, സ്‌കോഡ സ്ലാവിയ എന്നിവയും ഉള്‍പ്പെട്ടിരുന്നു. ഇരു മോഡലുകളും 5 സ്റ്റാര്‍ റേറ്റിംഗുകളുമായി ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ സെഡാനുകള്‍ എന്ന് പേരെടുത്തു.

Maruti Alto K10 Global Crash Test

ഇന്ത്യയില്‍ നിര്‍മിച്ച സെഡാനുകളാണ് ടെസ്റ്റിന് വിധേയമാക്കിയത്. ഈ മോഡലുകളില്‍ ഡ്യുവല്‍ ഫ്രണ്ട് എയര്‍ബാഗുകളും സീറ്റ് ബെല്‍റ്റ് പ്രെറ്റെന്‍ഷനറുകളും ഫ്രണ്ട് സീറ്റ് ബെല്‍റ്റ് റിമൈന്‍ഡറുകളും സ്റ്റാന്‍ഡേര്‍ഡായി സജ്ജീകരിച്ചിരിക്കുന്നു. ഇതാദ്യമായല്ല ആള്‍ട്ടോ ഹാച്ച്ബാക്ക് ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റിന് വിധേയമാക്കുന്നത്. സേഫര്‍ കാര്‍സ് ഫോര്‍ ഇന്ത്യ പ്രോഗ്രാമിന് കീഴില്‍ പരീക്ഷിച്ച ആദ്യത്തെ കാറുകളില്‍ ഒന്നാണ് മുന്‍ തലമുറ ആള്‍ട്ടോ 800.

എന്നാല്‍ ഈ ജനപ്രിയ കാറിന് മുതിര്‍ന്നവരുടെ സംരക്ഷണയില്‍ 0 സ്റ്റാറും കുട്ടികളുടെ സംരക്ഷണത്തിന് 2 സ്റ്റാറുമാണ് റേറ്റിംഗ് നേടാന്‍ സാധിച്ചത്. പഴയ ചട്ടങ്ങള്‍ക്ക് കീഴിലായിരുന്നു ഈ റേറ്റിംഗ്. പുതിയ ആള്‍ട്ടോ K10 ഹാച്ച്ബാക്കിന്റെ ക്രാഷ്‌ടെസ്റ്റിലേക്ക് വിശദമായി കടന്നാല്‍ ഇത് മുതിര്‍ന്ന യാത്രക്കാരുടെ സുരക്ഷയില്‍ 34 പോയിന്റില്‍ 21.67 പോയിന്റ്് കരസ്ഥമാക്കി.

Maruti Alto K10 Global Crash Test

ഫ്രണ്ടല്‍ ഓഫ്സെറ്റ് ഡിഫോര്‍മബിള്‍ ബാരിയര്‍ ടെസ്റ്റില്‍ 8.2 പോയിന്റും സൈഡ് മൂവബിള്‍ ഡിഫോര്‍മബിള്‍ ബാരിയര്‍ ടെസ്റ്റില്‍ 12.4 പോയിന്റും നേടി. ഫ്രണ്ടല്‍ ഇംപാക്ട് ടെസ്റ്റില്‍ ആള്‍ട്ടോ K10 ഡ്രൈവറുടെയും യാത്രക്കാരന്റെയും തലയ്ക്കും കഴുത്തിനും നല്ല സംരക്ഷണം നല്‍കുന്നുണ്ടെന്ന് GNCAP അഭിപ്രായപ്പെട്ടു. എന്നിരുന്നാലും ഇരുയാത്രക്കാരുടെയും നെഞ്ചിനുള്ള സംരക്ഷണം നാമമാത്രമാണെന്നാണ് പറയുന്നത്.

ഡാഷ്ബോര്‍ഡിന് പിന്നിലെ ഭാഗവുമായി അപകടകരമായ രീതിയില്‍ സമ്പര്‍ക്കം പുലര്‍ത്തുന്നതിനാല്‍ ഡ്രൈവറുടെയും യാത്രക്കാരന്റെയും കാല്‍മുട്ടുകള്‍ക്ക് മോശം സംരക്ഷണം മാത്രമാണ് ലഭ്യമാകുന്നതെന്നാണ് കാണിക്കുന്നത്. സൈഡ് ഇംപാക്ട് ടെസ്റ്റില്‍, തലക്കും ഇടുപ്പിനുമുള്ള സംരക്ഷണം മികച്ചതാണെന്നാണ് അഭിപ്രായം. എന്നാല്‍ ഉദര സംരക്ഷണം തൃപ്തികരമാണെങ്കിലും നെഞ്ചിന്റെ സംരക്ഷണം മോശമാണെന്നാണ് ഫലം. ഫൂട്ട്വെല്‍ ഏരിയയും ബോഡിഷെല്ലും സ്ഥിരതയുള്ളതാണെന്നും ഗ്ലോബല്‍ NCAP അഭിപ്രായപ്പെട്ടു.

സൈഡ് എയര്‍ബാഗുകള്‍ നല്‍കാത്തതിനാല്‍ സൈഡ് പോള്‍ ഇംപാക്ട് ടെസ്റ്റിനായി ആള്‍ട്ടോ K10 പരീക്ഷിച്ചില്ല. ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ (ESC) സ്റ്റാന്‍ഡേര്‍ഡായി വരാത്തതിനാല്‍ സേഫ്റ്റി അസിസ്റ്റന്‍സ് സിസ്റ്റവും ടെസ്റ്റ് ചെയ്തില്ല. കാല്‍നടയാത്രക്കാര്‍ക്കുള്ള സംരക്ഷണ മാനദണ്ഡങ്ങളും ഇത് പാലിക്കുന്നില്ല. കുട്ടികളുടെ സുരക്ഷയുടെ കാര്യത്തില്‍ ആള്‍ട്ടോ K10 മോശം പ്രകടനമാണ് കാഴ്ചവെച്ചത്. 49 പോയിന്റില്‍ വെറും 3.52 പോയിന്റ് മാത്രമാണ് ഹാച്ച്ബാക്ക് നേടിയത്.

ചൈല്‍ഡ് റെസ്ട്രെയ്ന്റ് സിസ്റ്റം ഘടിപ്പിച്ചതിനാല്‍ മാത്രമാണ് ഈ സ്‌കോര്‍ ലഭിച്ചത്. അതേസമയം ഡൈനാമിക് സ്‌കോര്‍ 0 മാത്രമാണ്. അഞ്ച് യാത്രക്കാരുടെയും സംരക്ഷണത്തിനായുള്ള ത്രീ-പോയിന്റ് സീറ്റ് ബെല്‍റ്റ് സംവിധാനം ആള്‍ട്ടോ K10-ല്‍ ലഭ്യമല്ല. ശുപാര്‍ശ ചെയ്യുന്ന ചൈല്‍ഡ് റെസ്‌ട്രെയിന്റ് സിസ്റ്റങ്ങളും ISOFIX ആങ്കറേജുകള്‍ ലഭിക്കാത്തതിനാലാണ് കുട്ടികളുടെ സംരക്ഷണത്തില്‍ സ്‌കോര്‍ വളരെ കുറവായത്.

ക്രാഷ് ടെസ്റ്റികളില്‍ കുറഞ്ഞ സ്‌കോര്‍ ലഭിച്ചെങ്കിലും ഈ ഹാച്ച്ബാക്ക് ബജറ്റ് കാര്‍ വിഭാഗത്തില്‍ ഉള്‍പ്പെടുന്നുവെന്ന കാര്യം വിസ്മരിക്കാന്‍ സാധിക്കില്ല. സെഗ്മെന്റില്‍ എന്താണോ സ്റ്റാന്‍ഡേര്‍ഡായി വേണ്ടത് അത് മാത്രമാണ് ഇവയില്‍ സജ്ജീകരിച്ചിരിക്കുന്നത്. എന്നാല്‍ കാറിന്റെ ബോഡി സ്ഥിരതയുള്ളതാണെന്ന് അഭിപ്രായം ലഭിച്ചിട്ടുണ്ട്. സ്വിഫ്റ്റ്, ഇഗ്‌നിസ് തുടങ്ങിയ പ്രീമിയം മോഡലുകളേക്കാള്‍ മികച്ച അഭിപ്രായം ഇക്കാര്യത്തില്‍ ആള്‍ട്ടോ K10 നേടിയെന്ന കാര്യം കൈയ്യടി അര്‍ഹിക്കുന്നു.

ഇവ രണ്ടിനും 1-സ്റ്റാര്‍ റേറ്റിംഗ് മാത്രമാണുള്ളത്. സ്വിഫ്റ്റിനും ഇഗ്‌നിസിനും അല്‍പ്പം കാലപഴക്കമുണ്ടെങ്കിലും ആള്‍ട്ടോ താരതമ്യേന പുതിയ മോഡല്‍ ആണ്. ആള്‍ട്ടോ 800 നിര്‍ത്തലാക്കിയതിനാല്‍ മാരുതിയുടെ പുതിയ എന്‍ട്രി ലെവല്‍ മോഡല്‍ ആള്‍ട്ടോ K10 ആണ്. ബജറ്റ് മോഡലില്‍ സുരക്ഷിതത്വം ഒരുപടി കൂടി ഉയര്‍ന്നുവെന്നതും വലിയ കാര്യമാണ്. ESC, ISOFIX ആങ്കറേജുകള്‍, കൂടുതല്‍ എയര്‍ബാഗുകള്‍ എന്നീ ഫീച്ചറുകള്‍ ഉയര്‍ന്ന-സ്‌പെക്ക് വേരിയന്റുകളില്‍ എങ്കിലും നല്‍കാമായിരുന്നുവെന്ന് അഭിപ്രായം ഉയരുന്നുണ്ട്.

പുതിയ മാനദണ്ഡങ്ങള്‍ പ്രകാരമുള്ള ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ റേറ്റിംഗ് സ്വന്തമാക്കിയത് 5 കാറുകളാണ്. വെര്‍ട്ടിസിനും സ്ലാവിയക്കുമൊപ്പം ഫോക്‌സ്‌വാഗണും ടൈഗൂണ്‍ സ്‌കോഡ കുഷാഖ്, മഹീന്ദ്ര സ്‌കോര്‍പിയോ N എന്നിവയാണവ. പുതിയ പ്രോട്ടോക്കോള്‍ പ്രകാരമുള്ള ടെസ്റ്റില്‍ മാരുതിയുടെ എസ്‌പ്രെസോ, വാഗണ്‍ആര്‍, സ്വിഫ്റ്റ്, ഇഗ്‌നിസ് എന്നിവക്ക് 1 സ്റ്റാര്‍ മാത്രമാണ് സ്വന്തമാക്കാനായത്. ഇതില്‍ സ്വിഫ്റ്റിന് ഒഴികെ മറ്റ് മോഡലുകള്‍ക്കൊന്നും കുട്ടികളുടെ സേഫ്റ്റിയില്‍ റേറ്റിംഗ് ഇല്ല.

Article Published On: Wednesday, April 5, 2023, 11:50 [IST]
English summary
Maruti suzuki alto k10 safer than wagonr scored 2 star rating in global ncap crash test
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X