മൈലേജിന് മൈലേജ്, ഓട്ടോമാറ്റിക്ക് വേണ്ടവർക്ക് അതും; മാരുതി ബ്രെസ CNG ബുക്കിംഗ് ആരംഭിച്ചു
പെട്രോള്‍, ഡീസല്‍ വില കുതിച്ചുയര്‍ന്നതോടെ ഫാക്ടറി ഫിറ്റഡ് CNG കാറുകളുടെ ഡിമാന്‍ഡും കൂടിയിരുന്നു. ഇന്ത്യയില്‍ CNG കാര്‍ വിപണിയിലെയും കിരീടം വെക്കാത്ത രാജാവാണ് മാരുതി സുസുക്കി. ഇന്ന് രാജ്യത്ത് ഏറ്റവും വലിയ CNG കാര്‍ മോഡല്‍ നിരയുള്ളത് ഇന്തോ-ജാപ്പനീസ് വാഹന നിര്‍മാതാക്കള്‍ക്കാണ്.
അടുത്ത കാലത്തായി ഹ്യുണ്ടായിയും ടാറ്റ മോട്ടോര്‍സും മാരുതിക്ക് വെല്ലുവിളി ഉയര്‍ത്തി ബദല്‍ ഇന്ധനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തുടങ്ങിയിട്ടുണ്ട്. അവര്‍ സമീപ കാലത്തായി കൂടുതല്‍ CNG മോഡലുകള്‍ പുറത്തിറങ്ങാന്‍ തുടങ്ങിയിരുന്നു. എങ്കിലും കൃത്യമായ ഇടവേളകളില്‍ മോഡലുകളില്‍ CNG കിറ്റുകള്‍ നല്‍കുന്നത് വഴി മാരുതി ബഹുദൂരം മുന്നിലെത്തിയിരിക്കുന്നു. 2022 ഒക്ടോബറില്‍ മാരുതി നെക്സ മോഡലുകളായ ബലേനോ, XL6 എന്നിവയുടെ CNG പതിപ്പുകള്‍ പുറത്തിറക്കിയിരുന്നു.

അടുത്തതായി മാരുതിയുടെ മോഡല്‍ നിരയില്‍ CNG ഉടുപ്പ് അണിയാന്‍ പോകുന്നത് ബ്രെസ എസ്‌യുവി യാണ്. ജനുവരിയില്‍ ഗ്രേറ്റര്‍ നോയിഡയില്‍ നടന്ന 2023 ഓട്ടോ എക്‌സ്‌പോയില്‍ മാരുതി ബ്രെസ CNG തങ്ങളുടെ സ്റ്റാളില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ബ്രെസ CNG ഉടന്‍ വിപണിയില്‍ എത്തുമെന്ന് വിളംബരം ഉണര്‍ത്തി കാറിന്റെ ബുക്കിംഗ് ആരംഭിച്ചിരിക്കുകയാണ് കമ്പനി. മാരുതി ബ്രെസ CNG-ക്ക് നിലവില്‍ നേരിട്ടുള്ള എതിരാളികള്‍ ഇല്ല.
ടാറ്റ നെക്‌സണിന്റെയും കിയ സോനെറ്റിന്റെയും വരാനിരിക്കുന്ന CNG പതിപ്പുകളെ ആയിരിക്കും ഈ മോഡലിന് നേരിടേണ്ടി വരിക. നിലവില്‍ സബ്-4 മീറ്റര്‍ എസ്‌യുവി സെഗ്മെന്റില്‍ ഒരു മോഡലും CNG വാഗ്ദാനം ചെയ്യുന്നില്ല. നെക്‌സണിനെയും സോനെറ്റിനെയും മാറ്റിനിര്‍ത്തിയാല്‍ സബ് 4 മീറ്റര്‍ എസ്‌യുവി സെഗ്മെന്റിലെ മറ്റ് ജനപ്രിയരായ ഹ്യുണ്ടായി വെന്യു, മഹീന്ദ്ര XUV300, നിസാന്‍ മാഗ്നൈറ്റ്, റെനോ കൈഗര്‍ എന്നീ മോഡലുകള്‍ക്ക് ഉടനൊന്നും CNG ഓപ്ഷന്‍ ലഭിക്കാന്‍ സാധ്യതയില്ല.

ബേസ്, മിഡ്-സ്പെക് വേരിയന്റുകളില്‍ CNG ഓപ്ഷന്‍ വാഗ്ദാനം ചെയ്യുന്നതാണ് ഇതുവരെ കണ്ടുവന്ന ഒരു പ്രവണത. എന്നാല്‍ എല്ലാ രീതികളും തെറ്റിച്ച് ബ്രെസ CNG എല്ലാ ട്രിമ്മുകളിലും ലഭ്യമാക്കും. CNG വേരിയന്റുകള്‍ക്ക് അതേ പെട്രോള്‍ വേരിയന്റുകളേക്കാള്‍ വില കൂടും. അതിനാല്‍ ബേസ്, മിഡ്-സ്പെക്ക് ട്രിമ്മുകള്‍ക്കൊപ്പം CNG ഓപ്ഷന്‍ വാഗ്ദാനം ചെയ്യുന്നത് വില നിര്‍ണയത്തിന് സഹായിക്കുന്നു.
ബ്രെസ CNG-യില്‍ കാണാന്‍ സാധ്യതയുള്ള മറ്റൊരു മാറ്റം മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളുടെ ലഭ്യതയാണ്. പരമ്പരാഗതമായി, മാനുവല്‍ ട്രാന്‍സ്മിഷന്‍ ഓപ്ഷന്‍ മാത്രമാണ് സിഎന്‍ജി വേരിയന്റുകളില്‍ വാഗ്ദാനം ചെയ്യുന്നത്. CNG കാറുകളുമായി ബന്ധപ്പെട്ട പരിമിതികളും ബ്രെസ CNG മോഡലിലൂടെ മാരുതി ഇല്ലാതാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എസ്‌യുവിയില്‍ ലഭ്യമായ എല്ലാ ഫീച്ചറുകളും CNG ഓപ്ഷനിലും ഉള്‍ക്കൊള്ളിക്കാനാകും ശ്രമം. മാനുവല്‍ ട്രാന്‍സ്മിഷന്‍ താല്‍പര്യമില്ലാത്തവര്‍ക്ക് ഇനി അത് ഉപയോഗിക്കാന്‍ നിര്‍ബന്ധിതരാകേണ്ടി വരില്ല.
LXI 5MT, CNG VXI 5MT/6AT, CNG ZXI 5MT/6AT, CNG ZXI+ 5MT/6AT എന്നിങ്ങനെയാകാം പുതിയ മാരുതി ബ്രെസ CNG-യുടെ വേരിയന്റ് പട്ടിക. ബ്രെസയുടെ എല്ലാ ട്രിമ്മുകള്‍ക്കും CNG ഓപ്ഷന്‍ ലഭിക്കുന്നതിനാല്‍ മുഴുവന്‍ ഫീച്ചറുകളും ഉപയോക്താക്കള്‍ക്ക് ലഭിക്കാന്‍ അവസരം ഒരുങ്ങും.
സറൗണ്ട് സെന്‍സോടുകൂടിയ ARKAMYS പ്രീമിയം സൗണ്ട് സിസ്റ്റം, 9-ഇഞ്ച് ്സ്മാര്‍ട് പ്ലേ പ്രോ+ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഒടിഎ അപ്‌ഡേറ്റുകള്‍, ഇലക്ട്രിക് സണ്‍റൂഫ്, ക്രൂയിസ് കണ്‍ട്രോള്‍, പിറകിലെ സീറ്റില്‍ ടൈപ്പ് A, C യുഎസ്ബി ചാര്‍ജിംഗ്, മുമ്പില്‍ വയര്‍ലെസ് ചാര്‍ജിംഗ്, കൂള്‍ഡ് ഗ്ലോവ് ബോക്‌സ് എന്നിവയാണ് ബ്രെസ എസ്‌യുവി വാഗ്ദാനം ചെയ്യുന്ന ചില പ്രധാന ഫീച്ചറുകള്‍. സുസുക്കി കണക്ട് പ്ലാറ്റ്‌ഫോം വഴി കണക്റ്റിവിറ്റി ഫീച്ചറുകളും ലഭ്യമാകും.

K15C സ്മാര്‍ട്ട് ഹൈബ്രിഡ് 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിനായിരിക്കും പുതിയ ബ്രെസ CNG-ക്ക് കരുത്തേകുക. ഇതേ എഞ്ചിനാണ് മാരുതിയുടെ എര്‍ട്ടിഗയിലും XL6 CNG-യിലും ഉപയോഗിക്കുന്നത്. പെട്രോള്‍ മോഡില്‍ ഈ എഞ്ചിന്‍ 102 bhp പവറും 137 Nm പീക്ക് ടോര്‍ക്കും പുറപ്പെടുവിക്കുന്നു. അതേസമയം ഇത് XL6 CNG മോഡലില്‍ 88 bhp പവറും 121.5 Nm ടോര്‍ക്കും ആണ് നല്‍കുന്നത്.
മാരുതി ബ്രെസ CNG-യിലും ഈ കണക്കുകള്‍ തന്നെ പ്രതീക്ഷിക്കാം. കിലോഗ്രാമിന് 26.32 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ് XL6 CNG വാഗ്ദാനം ചെയ്യുന്നത്. ഇന്ധനക്ഷമതയുടെ കാര്യത്തില്‍ ബ്രെസയും ഏതായാലും മോശമാക്കില്ല. മാറ്റ് ബ്ലൂ നിറത്തിലുള്ള കാറായിരുന്നു ഓട്ടോ എക്സ്പോയില്‍ പ്രദര്‍ശനത്തിനെത്തിയത്. ഇത് പോലുള്ള പുതിയ കളര്‍ ഓപ്ഷന്‍സും കാറിന് ലഭിച്ചേക്കും. പെട്രോള്‍ വേരിയന്റിനേക്കാള്‍ 90,000 രൂപയോളമായിരിക്കും CNG ബ്രെസ ലഭിക്കാന്‍ അധികമായി മുടക്കേണ്ടി വരിക.


Click it and Unblock the Notifications








