ബ്രെസ സിഎന്‍ജി Vs ബ്രെസ പെട്രോള്‍; ഏത് തെരഞ്ഞെടുക്കണമെന്ന സംശയം തീർക്കാൻ വരൂ...
അടുത്തിടെ ബ്രെസ എസ്‌യുവിക്ക് സിഎന്‍ജി കിറ്റ് നല്‍കി കംപ്രസ്ഡ് നാചുറല്‍ ഗ്യാസില്‍ പ്രവര്‍ത്തിക്കുന്ന തങ്ങളുടെ മോഡല്‍ നിര മാരുതി സുസുക്കി വിപുലീകരിച്ചിരുന്നു. എന്നാല്‍ വിപണിയിലിറക്കിയതിന് പിന്നാലെ ഇന്ത്യയിലെ ഏറ്റവും വലിയ കാർ നിർമാതാക്കളുടെ ജനപ്രിയ എസ്‌യുവിയുടെ സിഎന്‍ജി പതിപ്പിന് വന്‍ ഡിമാന്‍ഡാണ് അനുഭവപ്പെടുന്നത്.
എസ്‌യുവിയുടെ സിഎന്‍ജി പതിപ്പിന് നിലവില്‍ 6 മാസത്തേളം കാത്തിരിപ്പ് കാലയളവുള്ളതായാണ് ഡീലര്‍ഷിപ്പുകളില്‍ നിന്ന് ലഭിക്കുന്ന വിവരം. ബ്രെസ എസ്‌യുവിയുടെ ബന്ധപ്പെട്ട പെട്രോള്‍ വേരിയന്റുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ കുറച്ച് വില കൂടുതലുണ്ട് സിഎന്‍ജി പതിപ്പിന്. ഇന്നത്തെ ലേഖനത്തില്‍ ബ്രെസ എസ്‌യുവിയുടെ പെട്രോള്‍, സിഎന്‍ജി വേരിയന്റുകളെ തമ്മില്‍ മാറ്റുരച്ചുനോക്കുകയാണ് നമ്മള്‍.

വില: പുതുതായി വിപണിയില്‍ എത്തിയ മാരുതി സുസുക്കി ബ്രെസ സിഎന്‍ജി എസ്‌യുവിയുടെ ബേസ് LXI വേരിയന്റിന് 9.14 ലക്ഷം രൂപ മുതലാണ് എക്‌സ്‌ഷോറൂം വില. 12.05 ലക്ഷം രൂപയാണ് ഡ്യുവല്‍-ടോണ്‍ ഷേഡുള്ള ടോപ്പ്-സ്‌പെക്ക് ZXI വേരിയന്റിന്റെ എക്‌സ്‌ഷോറൂം വില വരുന്നത്. ഇതിനര്‍ത്ഥം സബ്-4 മീറ്റര്‍ എസ്‌യുവിയുടെ പെട്രോള്‍ വേരിയന്റുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ മാരുതി സുസുക്കി ബ്രെസ എസ്‌യുവിയുടെ സിഎന്‍ജി പതിപ്പ് സ്വന്തമാക്കാന്‍ 95,000 രൂപ അധികം മുടക്കണം.
പവര്‍ട്രെയിന്‍: 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് മാരുതി സുസുക്കി ബ്രെസ എസ്‌യുവിയുടെ പെട്രോള്‍, സിഎന്‍ജി (ബൈ-ഫ്യൂവല്‍) പതിപ്പുകള്‍ക്ക് തുടിപ്പേകുന്നത്. ഈ എഞ്ചിന്‍ പെട്രോള്‍ മോഡില്‍ 99.2 bhp പവറും 136 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. അതേസമയം ഈ എഞ്ചിന്‍ സിഎന്‍ജി മോഡില്‍ 86.63 bhp പവറും 121.5 Nm ടോര്‍ക്കുമാണ് നല്‍കുക.

ഗിയര്‍ബോക്സ്: മാരുതി സുസുക്കി ബ്രെസ എസ്‌യുവിയുടെ പെട്രോള്‍ പതിപ്പ് നമുക്ക് 5 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ അല്ലെങ്കില്‍ 6 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനില്‍ വാങ്ങാന്‍ സാധിക്കും. അതേസമയം മാരുതി ബ്രെസ എസ്‌യുവിയുടെ സിഎന്‍ജി പതിപ്പിലേക്ക് വന്നാല്‍ 5 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ ഓപ്ഷനാണ് ഇതിന് ലഭിക്കുന്നത്. ബ്രെസ സിഎന്‍ജിക്ക് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് സംവിധാനം ലഭിക്കുമെന്ന് ലോഞ്ചിന് മുമ്പ് ചില അഭ്യൂഹങ്ങള്‍ പരന്നിരുന്നുവെങ്കിലും അത് യഥാര്‍ത്ഥ്യമായില്ല.
മൈലേജ്: ആദ്യം നമുക്ക് മാരുതി ബ്രെസ എസ്‌യുവിയുടെ മാനുവല്‍ ട്രാന്‍സ്മിഷന്‍ ഘടിപ്പിച്ച LXI, VXI വേരിയന്റുകളുടെ ഇന്ധനക്ഷമത നോക്കാം. ഈ വേരിയന്റുകള്‍ ലിറ്ററിന് 20.15 കിലോമീറ്റര്‍ മൈലേജ് നല്‍കുന്നതായി ARAI സാക്ഷ്യപ്പെടുത്തുന്നു. അതേസമയം എസ്‌യുവിയുടെ ടോപ്പ്-സ്‌പെക്ക് ZXI, ZXI+ വേരിയന്റുകള്‍ ലിറ്ററിന് 19.89 കിലോമീറ്റര്‍ മൈലേജാണ് വാഗ്ദാനം ചെയ്യുന്നത്.

മറുവശത്ത്, മാരുതി സുസുക്കി ബ്രെസ സിഎന്‍ജി മോഡില്‍ കിലോഗ്രാമിന് 25.51 കിലോമീറ്റര്‍ ഇന്ധനക്ഷമത നല്‍കുമെന്നാണ് വാഗ്ദാനം. ഇന്ധനക്ഷമതയുടെ കാര്യത്തില്‍ ബ്രെസ സിഎന്‍ജിയും മാരുതിയുടെ മറ്റ് സിഎന്‍ജി കാറുകളോട് കട്ടക്ക് നില്‍ക്കുന്നു. ഒപ്പം തന്നെ പെട്രോള്‍ പതിപ്പിനെ അപേക്ഷിച്ച് പോക്കറ്റിന് ലാഭം സിഎന്‍ജി കാറാണ്.
റണ്ണിംഗ് കോസ്റ്റ്: കേരളത്തിലെ പല നഗരങ്ങളിലും ഒരു ലിറ്റര്‍ പെട്രോളിന് പെട്രോളിന്റെ വില 106 രൂപയ്ക്ക് അടുത്താണ്. 107.60 ആണ് ഇന്ന് (22-03-2023) തലസ്ഥാന നഗരമായ തിരുവനന്തപുരത്തെ പെട്രോള്‍ വില. ബ്രെസ എസ്‌യുവിയുടെ പെട്രോള്‍ പതിപ്പ് കൊണ്ടുനടക്കുമ്പോള്‍ ഒരു കിലോമീറ്റര്‍ ഓടാനുള്ള റണ്ണിംഗ് കോസ്റ്റ് 5.33 രൂപയാണ്. അതേസമയം മാരുതി സുസുക്കി ബ്രെസ എസ്‌യുവിയുടെ സിഎന്‍ജി പതിപ്പിന് ഒരു കിലോമീറ്റര്‍ ഓടാന്‍ ഏകദേശം 3.41 രൂപ മാത്രം ചെലവാക്കിയാല്‍ മതി.

അതിനാല്‍ തന്നെ സാധാരണക്കാര്‍ക്ക് പോക്കറ്റ് ഫ്രണ്ട്‌ലിയായി കൊണ്ടുനടക്കാന്‍ പറ്റുന്ന ഓപ്ഷന്‍ സിഎന്‍ജി ആയി മാറുന്നു. പ്രതിദിനം അത്യാവശ്യം നല്ല ദൂരം ഓടുന്ന ആളുകള്‍ക്ക് സിഎന്‍ജി കാര്‍ ഒരു നല്ല ഓപ്ഷനായിരിക്കും. കാര്യങ്ങള്‍ ഇങ്ങനെ ഒക്കെ ആണെങ്കിലും ബ്രെസ സിഎന്‍ജി സ്വന്തമാക്കാന്‍ പെട്രോള്‍ പതിപ്പിനേക്കാള്‍ 95,000 രൂപ അധികം നല്‍കണ്ടേ എന്ന് ചിന്തിക്കുന്നവരുണ്ടാകാം.
എന്നാല്‍ ഏകദേശം 59,375 കിലോമീറ്റര്‍ ഓടിയാല്‍ നിങ്ങള്‍ക്ക് ഈ അധികം നല്‍കുന്ന തുക മുതലാകും. നിങ്ങള്‍ ഓരോ മാസവും 1,500 കിലോമീറ്റര്‍ കാറില്‍ ഓടുന്ന ആളാണെങ്കില്‍ വെറും 3 വര്‍ഷവും 4 മാസവും കൊണ്ട് എസ്‌യുവിയുടെ സിഎന്‍ജി പതിപ്പില്‍ നിന്ന് നിങ്ങള്‍ക്ക് ലാഭം നേടാനാകും. ഇന്ധന വിലയില്‍ വലിയ മാറ്റങ്ങള്‍ ഇല്ലെങ്കില്‍ 15 വര്‍ഷത്തിനുള്ളില്‍ ഒരു കസ്റ്റമര്‍ക്ക് 4.3 ലക്ഷം രൂപയില്‍ കൂടുതല്‍ ലാഭിക്കാന്‍ കഴിയുമെന്നാണ് കണക്കുകള്‍ പറയുന്നത്.


Click it and Unblock the Notifications








