അഴകിൽ നെക്‌സ? മാരുതി ഇന്നോവയുടെ ഗ്രില്ല് കണ്ടാൽ ദേ ഇങ്ങനെയിരിക്കും
ഇന്നോവ ഹൈക്രോസിന്റെ റീബാഡ്ജ് ചെയ്ത പതിപ്പ് മാരുതിയുടെ അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്, ബ്രാൻഡിന്റെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് മോഡലായിരിക്കും ഇത്. ഔദ്യോഗികമായി മോഡലിന്റെ പേര് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, സമീപകാല ട്രേഡ് സർട്ടിഫിക്കറ്റ് രജിസ്ട്രേഷൻ സൂചിപ്പിക്കുന്നത് എംപിവിയെ മാരുതി എൻഗേജ് എന്ന പേരിൽ ഇന്തോ ജാപ്പനീസ് നിർമ്മാതാക്കൾ അവതരിപ്പിച്ചേക്കാം എന്നാണ്.
പുത്തൻ എംപിവി ജൂലൈയിൽ അരങ്ങേറ്റം കുറിക്കുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്. നേർക്കുനേർ അല്ലെങ്കിലും കിയ കാർണിവൽ പോലുള്ള എതിരാളികളെയാണ് മാരുതി എൻഗേജ് നേരിടുക. മഹീന്ദ്ര XUV700, ടാറ്റ സഫാരി, എംജി ഹെക്ടർ പ്ലസ് എന്നിവയുമായും ഇതിന് മത്സരിക്കാം. മാരുതി എൻഗേജ് ടൊയോട്ടയാവും മാരുതി സുസുക്കിക്ക് നിർമ്മിച്ച് നൽകുന്നത്.

അടുവരുന്ന അരങ്ങേറ്റത്തിന് മുന്നോടിയായി, മാരുതി സുസുക്കിയുടെ ഇന്നോവ ഹൈക്രോസ് അടിസ്ഥാനമാക്കിയുള്ള എംപിവിയുടെ ഫ്രണ്ട് ഗ്രില്ല് ഡിസൈൻ ഇപ്പോൾ ഓൺലൈനിൽ ലീക്കായിരിക്കുകയാണ്. ഗ്രാൻഡ് വിറ്റാര, മാരുതി ഫ്രോങ്ക്സ് തുടങ്ങിയ നെക്സ കാറുകളിൽ കാണുന്നതിന് സമാനമായി, പുതിയ ഡിസൈൻ ശൈലിയാണ് ഇത് പിന്തുടരുന്നത് എന്ന് തോന്നുന്നു. ക്രോം സറൗണ്ടുകളുള്ള സിഗ്നേച്ചർ ഹെക്സഗണൽ ഗ്രില്ല് അതിനുള്ള മികച്ച തെളിവാണ്.
മുകൾ ഭാഗത്ത്, നടുക്കായി സുസുക്കി ലോഗോ വരുന്ന രണ്ട് വലിയ ക്രോം സ്ട്രിപ്പുകൾ ഉണ്ട്. മുകളിലെ സ്ട്രിപ്പിന് നീളം കുറവാണെങ്കിലും, താഴത്തെ രണ്ടാം സ്ട്രിപ്പ് ഹെഡ്‌ലാമ്പുകൾ വരെ നീളുമെന്ന് പ്രതീക്ഷിക്കുന്നു. വെബ്ബിൽ പ്രതക്ഷപ്പെട്ടിരിക്കുന്ന ചിത്രത്തിൽ വ്യക്തമല്ലെങ്കിലും ഗ്രില്ലിന്റെ എലമെന്റുകൾ വളരെ യുണീക്കായിരിക്കും.

മാരുതി എൻഗേജിന് ഫ്രോങ്ക്സിലും വിറ്റാരയിലും കാണാൻ കഴിയുന്നതിന് സമാനമായ ത്രീ പോയിന്റ് എൽഇഡി DRL-കൾ ലഭിക്കും. വാഹനത്തിന്റെ മറ്റ് ഫീച്ചറുകളും നെക്സയുടെ പുതിയ ഡിസൈൻ ശൈലിയെ അടിസ്ഥാനമാക്കിയുള്ളതാകാം. റോഡ് പ്രെസൻസിന്റെ കാര്യത്തിൽ, ടൊയോട്ട ഇന്നോവ ഹൈക്രോസിന്റെ അതേ നിലവാരത്തിലുള്ള ബോൾഡ് & സ്ട്രോംഗ് ലുക്ക് പ്രതീക്ഷിക്കാം.
മസ്കുലാർ ബമ്പർ, പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, സ്‌കൽപ്‌റ്റഡ് ബോണറ്റ്, സ്‌ക്വയറിഷ് വീൽ ആർച്ചുകൾ, ബോൾഡ് ബോഡി ക്ലാഡിംഗ്, ബ്ലാക്ക്‌ഡ്-ഔട്ട് പില്ലറുകൾ, സ്‌പോർട്ടി അലോയി വീലുകൾ, എഡ്ജി ടെയിൽ ലാമ്പുകൾ എന്നിവയും മാരുതി എൻഗേജിന്റെ മറ്റ് ചില ഡിസൈൻ ഹൈലൈറ്റുകളിൽ ഉൾപ്പെടുന്നു. എൻഗേജിന് ഇന്നോവ ഹൈക്രോസിന്റെ മുഴുവൻ വേരിയന്റുകളും ഉണ്ടാകുമോ അതോ ഹൈബ്രിഡ് വേരിയന്റുകളിൽ മാത്രം മാരുതി ശ്രദ്ധ കേന്ദ്രീകരിക്കുമോ എന്ന് ഇതുവരെ ഉറപ്പില്ല.

2.0 ലിറ്റർ പെട്രോൾ മോട്ടോറാണ് ടൊയോട്ട ഇന്നോവ ഹൈക്രോസ് നോൺ-ഹൈബ്രിഡ് വേരിയന്റുകൾക്ക് കരുത്തേകുന്നത്, യൂണിറ്റ് 172.99 bhp പരമാവധി കരുത്തും 209 Nm പീക്ക് torque ഉം സൃഷ്ടിക്കുന്നു. എഞ്ചിൻ CVT ഗിയർബോക്സുമായി കണക്ട് ചെയ്തിരിക്കുന്നു. 2.0 ലിറ്റർ പെട്രോൾ യൂണിറ്റുമായി വരുന്ന ഇന്നോവ ഹൈക്രോസ് ഹൈബ്രിഡ് വേരിയന്റുകൾ 183.7 bhp മാക്സ് പവറും 188 Nm പീക്ക് torque ഉം ഉത്പാദിപ്പിക്കുന്നു.
സീക്വൻഷ്യൽ ഷിഫ്റ്റ് സവിധാനമുള്ള ഒരു ഇ-ഡ്രൈവ് സിസ്റ്റവുമായി ഇത് ഇണചേർന്നിരിക്കുന്നു. ഇന്നോവ ഹൈക്രോസ് ഹൈബ്രിഡ് വേരിയന്റുകളിൽ 168 സെൽ നിക്കൽ മെറ്റൽ ഹൈഡ്രൈഡ് (Ni-MH) ബാറ്ററിയാണ് സജ്ജീകരിച്ചിരിക്കുന്നത്. മാരുതി എൻഗേജിന്റെ ഫീച്ചറുകളിൽ ഭൂരിഭാഗവും ഇന്നോവ ഹൈക്രോസിൽ നിന്ന് കടമെടുത്തതായിരിക്കും എന്നതിൽ സംശയമില്ല.
വെന്റിലേറ്റഡ് ലെതർ സീറ്റുകൾ, ലോംഗ് സ്ലൈഡുള്ള പവർഡ് ഓട്ടോമൻ സീറ്റുകൾ, റിയർ സൺഷേഡ്, 7.0 ഇഞ്ച് TFT ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, 360° സറൗണ്ട് വ്യൂ ക്യാമറ, 10 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, മെമ്മറി ഫംഗ്‌ഷനോടുകൂടിയ എട്ട് തരത്തിൽ പവർഡ് അഡ്ജറ്റ് ഡ്രൈവർ സീറ്റും ഇലക്‌ട്രോക്രോമിക് IRVM, മൾട്ടി സോൺ എസി എന്നിവയാണ് അകത്തളത്തിലെ പ്രധാന ഹൈലൈറ്റുകളിൽ ചിലത്.
റിമോട്ട് കമാൻഡുകൾ, ഫൈൻഡ് മൈ കാർ, റിമോട്ട് വെഹിക്കിൾ ഇഗ്നിഷൻ സ്റ്റാർട്ട്/സ്റ്റോപ്പ്, വെഹിക്കിൾ ഹെൽത്ത് റിപ്പോർട്ടുകൾ എന്നിങ്ങനെയുള്ള കണക്റ്റിവിറ്റി ഫീച്ചറുകളുടെ ഒരു നീണ്ട ലിസ്റ്റ് തന്നെ ഇന്നോവ ഹൈക്രോസ് വാഗ്ദാനം ചെയ്യുന്നു. സേഫ്റ്റിയുടെ കാര്യത്തിൽ ആറ് SRS എയർബാഗുകൾ, വെഹിക്കിൾ സ്റ്റെബിലിറ്റി കൺട്രോൾ, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, ഫ്രണ്ട് & റിവേഴ്സ് പാർക്കിംഗ് സെൻസറുകൾ, റിവേഴ്സ് പാർക്കിംഗ് ക്യാമറ എന്നിവ ഉൾപ്പെടുന്നു.
ടൊയോട്ട സേഫ്റ്റി സെൻസ് സംവിധാനത്തിൽ ഓട്ടോ ഹൈ ബീം, പ്രീ കൊളീഷൻ സിസ്റ്റം, ബ്ലൈൻഡ് സ്പോട്ട് മോണിറ്റർ, ലെയിൻ ട്രെയ്സ് അസിസ്റ്റ്, റിയർ ക്രോസ് ട്രാഫിക് അലേർട്ട്, ഡൈനാമിക് റഡാർ ബേസ്ഡ് ക്രൂയിസ് കൺട്രോൾ എന്നിവ ഉൾപ്പെടുന്നു.


Click it and Unblock the Notifications








