മാരുതിയുടെ ആദ്യ ഇലക്ട്രിക് കാര്‍ 'ഓട്ടം' തുടങ്ങി; ടാറ്റയുടെ ഫ്യുസ് ഊരുമോ?
ഇന്ത്യയില്‍ ഇതിനോടകം നിരവധി ഇലക്ട്രിക് കാറുകള്‍ വിപണിയില്‍ എത്തുകയും പല മോഡലുകളും വരാന്‍ പോകുകയും ചെയ്യുന്നു. എന്നാല്‍ ഇന്ത്യ കാത്തിരിക്കുന്ന ഇലക്ട്രിക് കാര്‍ ഏതെന്ന് ചോദിച്ചാല്‍ നമ്മുടെ മാരുതിയുടെ ആദ്യത്തെ ഇലക്ട്രിക് കാറായ eVX ആണെന്ന് പറയാം. മാരുതി സുസുക്കി തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് കാര്‍ eVX കണ്‍സെപ്റ്റ് ഇലക്ട്രിക് എസ്‌യുവി 2025-ല്‍ പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഈ വര്‍ഷമാദ്യം 2023 ഓട്ടോ എക്സ്പോയില്‍ eVX കണ്‍സെപ്റ്റ് മാരുതി സുസുക്കി പ്രദര്‍ശിപ്പിച്ചിരുന്നു. ജനുവരിയില്‍ ആഗോളതലത്തില്‍ അവതരിപ്പിച്ച ശേഷം ഇവി പരീക്ഷണയോട്ടം നടത്തുന്നതിനിടെ ക്യാമറക്കണ്ണുകളില്‍ പതിഞ്ഞു. ആന്തരികമായി ഇതിന് YY8 എന്ന കോഡ് നാമമാണ് ഉള്ളത്. നിലവിലുള്ള കാറുകളെ ഇലക്ട്രിക് ആക്കി മാറ്റുന്ന മറ്റ് കമ്പനികളുടെ പാതയില്‍ നിന്ന് മാറി നടക്കുകയാണ് മാരുതി സുസുക്കി. കമ്പനിയുടെ ആദ്യത്തെ ബോണ്‍ ഇലക്ട്രിക് കാറായിരിക്കും ഇത്.

ലോഞ്ചിന് മുന്നോടിയായി പോളണ്ടിലെ ക്രാക്കോവിലുള്ള ഒരു ചാര്‍ജിംഗ് സ്റ്റേഷനില്‍ വെച്ചാണ് സുസുക്കി eVX ഇലക്ട്രിക് എസ്‌യുവി ക്യാമറയില്‍ പതിഞ്ഞത്. കറുപ്പില്‍ പൊതിഞ്ഞ നിലയിലായിരുന്നു ഇവി ടെസ്റ്റ് മ്യൂള്‍. ഓട്ടോ എക്സ്പോയില്‍ പ്രദര്‍ശിപ്പിച്ച പ്രോട്ടോടൈപ്പില്‍ നിന്ന് വ്യത്യസ്തമായി ടെസ്റ്റ് മ്യൂളില്‍ വ്യത്യസ്തമായ അലോയ് വീലുകളാണ് കാണപ്പെടുന്നത്. പ്രൊഡക്ഷന്‍ പതിപ്പില്‍ ഇത് മാറിയേക്കും. കണ്‍സെപ്റ്റ് പതിപ്പില്‍ എയ്‌റോഡൈനാമിക് അലോയ് വീലുകള്‍ ആയിരുന്നു ഉണ്ടായിരുന്നത്.
ഒപ്പം തന്നെ ഇത് പ്രൊഡക്ഷനോട് അടത്തതായ ലുക്കിലാണുള്ളത്. എന്നാല്‍ കാഴ്ചയില്‍ കണ്‍സെപ്റ്റ് പതിപ്പും ടെസ്റ്റ് മ്യൂളും തമ്മില്‍ കാര്യമായ മാറ്റങ്ങള്‍ ഒന്നുമില്ല. കണ്‍സെപ്റ്റിന് സമാനമായ ഫ്രണ്ട് ഫാസിയ, ബോണറ്റ് ഡിസൈന്‍, ബോഡി ക്ലാഡിംഗ് എന്നിവ ടെസ്റ്റ് മ്യൂളിലും നിലനിര്‍ത്തിയിട്ടുണ്ട്. ടാപ്പറിംഗ് റൂഫ്‌ലൈന്‍ ഇലക്ട്രിക് എസ്‌യുവിക്ക് സ്‌പോര്‍ട്ടിയര്‍ ഭാവം നല്‍കുന്നു. പിന്‍വശത്ത് ഇവിക്ക് ലെയേര്‍ഡ് സ്‌പോയിലറും പരുക്കന്‍ ബമ്പറും എല്‍ഇഡി സ്ട്രിപ്പോട് കൂടിയ എഡ്ജി ടെയില്‍ ലാമ്പുകളുമുണ്ട്.

സി പില്ലറില്‍ മൗണ്ട് ചെയ്തിരിക്കുന്ന റിയര്‍ ഡോര്‍ ഹാന്‍ഡില്‍, ഷാര്‍ക്ക് ഫിന്‍ ആന്റിന, റിയര്‍ വൈപ്പര്‍ എന്നിവയാണ് മറ്റ് ശ്രദ്ധിക്കപ്പെടുന്ന എക്‌സ്റ്റീരിയര്‍ ഫീച്ചറുകള്‍. അകത്ത് ഡാഷ്‌ബോര്‍ഡിന്റെ ഭൂരിഭാഗവും മറച്ചിരിക്കുന്നുണ്ടെങ്കിലും വളരെ ലളിതമായാണ് ഡിസൈന്‍. എന്നാല്‍ ടു സ്‌പോക്ക് ഫ്‌ലാറ്റ് ബോട്ടം സ്റ്റിയറിംഗ് വീല്‍, സ്റ്റിയറിംഗ് മൗണ്ടഡ് കണ്‍ട്രോള്‍, സെന്റര്‍ കണ്‍സോളിലെ കണ്‍ട്രോള്‍ ഡയല്‍ എന്നിവ സ്‌പൈ ചിത്രങ്ങളില്‍ ദൃശ്യമാണ്.
സമാന്തരമായി ഘടിപ്പിച്ച ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റവും ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററുമായിരുന്നും അകത്തളത്തിലെ പ്രധാന ആകര്‍ഷണം. ചെറുതും ഒതുക്കമുള്ള രീതിയിലുമാണ് മാരുതി തങ്ങളുടെ ആദ്യ ഇലക്ട്രിക് കാര്‍ ഒരുക്കുന്നത്. മാരുതിയുടെ മുന്‍നിര എസ്‌യുവിയായ ബ്രെസയുടെ വലിപ്പമായിരിക്കും ഇതിന് ലഭിക്കുക. കണ്‍സെപ്റ്റ് മോഡലിന് 4,300 mm നീളവും 1,800 mm വീതിയും 1,600 mm ഉയരവും ഉണ്ടെന്നാണ് കമ്പനി വ്യക്തമാക്കിയിരുന്നത്.

സമാന വലിപ്പത്തിലുള്ള വാഹനം തന്നെ പുറത്തിറങ്ങുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. നഗരപ്രദേശത്തുള്ള ജനങ്ങളെ ലക്ഷ്യമിട്ടാണ് ഇവി പ്രധാനമായും വിപണിയിലറങ്ങുക. ഒപ്പം തന്നെ ഇലക്ട്രിക് എസ്‌യുവി 4x4 ശേഷിയോടെയാകും വരവറിയിക്കുക. ഓട്ടോ എക്സ്പോയില്‍ പ്രദര്‍ശിപ്പിച്ച കണ്‍സെപ്റ്റ് പതിപ്പില്‍ സുസുക്കിയുടെ സിഗ്‌നേച്ചര്‍ എസ്‌യുവി ഡിസൈന്‍, എയറോഡൈനാമിക് സിലൗറ്റ്, നീളമുള്ള വീല്‍ബേസ്, ഷോര്‍ട്ട് ഓവര്‍ഹാംഗുകള്‍, ഒപ്റ്റിമല്‍ ഗ്രൗണ്ട് ക്ലിയറന്‍സ് എന്നിവ ദൃശ്യമായിരുന്നു.
വരാനിരിക്കുന്ന eVX ഇലക്ട്രിക് എസ്‌യുവിയുടെ സ്പെസിഫിക്കേഷനുകളെ കുറിച്ച് വളരെ കുറച്ച് വിവരങ്ങള്‍ മാത്രമേ ലഭ്യമായിട്ടുള്ളൂ. ഇതില്‍ 60kWh ബാറ്ററി പായ്ക്ക് ആയിരിക്കും സജ്ജീകരിക്കുകയെന്ന് ഇന്തോ-ജാപ്പനീസ് കാര്‍ നിര്‍മ്മാതാവ് നേരത്തെ സ്ഥിരീകരിച്ചിരുന്നു. ഇലക്ട്രിക് കാര്‍ ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 550 കിലോമീറ്റര്‍ വരെ ദൂരം സഞ്ചരിക്കാന്‍ സാധിക്കുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. 138-170 bhp പവര്‍ നല്‍കുന്ന ഇലക്ട്രിക് മോട്ടോര്‍ ആയിരിക്കും തുടിപ്പേകുക.

eVX കണ്‍സെപ്റ്റിന്റെ സമര്‍പ്പിത ഇവി പ്ലാറ്റ്ഫോം സേഫ് ബാറ്ററി സാങ്കേതികവിദ്യ വാഗ്ദാനം ചെയ്യുമെന്ന് മാരുതി സുസുക്കി സ്ഥിരീകരിച്ചതാണ്. തികച്ചും പുതിയ ഈ പ്ലാറ്റ്‌ഫോം ഭാവിയില്‍ ഒരു ഇവി ശ്രേണി വികസിപ്പിക്കാന്‍ ഉപയോഗിക്കും. വിവിധ കണക്റ്റഡ് ഫീച്ചറുകള്‍ ഉള്‍ക്കൊള്ളുന്ന ക്യാബിന്‍ സജ്ജീകരിക്കാന്‍ ഇതുവഴി സാധിക്കും. വലിപ്പം വെച്ച് നോക്കുമ്പോള്‍ വരാന്‍ പോകുന്ന ഹ്യുണ്ടായി ക്രെറ്റയടക്കമുള്ള എസ്‌യുവികളെയാണ് മാരുതി eVX നേരിടേണ്ടി വരിക.
Source: Autogaleria


Click it and Unblock the Notifications








